ഇന്ന് രണ്ട് നല്ല അനുഭവങ്ങൾ ഉണ്ടായ ദിവസമാണ്. അത് പറയുന്നതിന് മുൻപ് ഇന്നലെ രാത്രി ഉണ്ടായ ചില സംഭവ വികാസങ്ങൾ പറയാം.
സഫിഡോൻ കോട്ടയ്ക്കുള്ളിൽ ഇന്നലെ രാത്രി താങ്ങാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പർമൽ ജഗ്ലൻ്റെ റസ്റ്റോറന്റിന് മുന്നിൽ ഭാഗിയെ ഒതുക്കിയെങ്കിലും, ഞാൻ അങ്ങനെ റോഡിൽ കിടക്കുന്നത് അദ്ദേഹത്തിന് അത്ര സുഖകരമായി തോന്നിയില്ല. തൊട്ടടുത്തുള്ള മിഡ് ടൗൺ എന്ന ഹോട്ടലിന്റെ ഉടമയെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധിപ്പിച്ച്, അദ്ദേഹം ഞങ്ങളുടെ കിടപ്പ് ഹോട്ടലിന്റെ മുന്നിലേക്ക് മാറ്റി. അങ്ങനെ തെരുവിലെ തിരക്കുകളും തുറിച്ച് നോട്ടങ്ങളും ഇല്ലാതെ സുഖമായിത്തന്നെ ഇന്നലെ ഉറങ്ങി.
രാവിലെ പ്രഭാത കൃത്യങ്ങൾക്ക് ശേഷം ഭാഗിയുമായി ഞാൻ പർമലിൻ്റെ റസ്റ്റോറന്റിലേക്ക് ചെന്നു. അവിടന്ന് പ്രാതൽ കഴിച്ച ശേഷം കൈഥൽ എന്ന സ്ഥലത്തേക്ക് പുറപ്പെടാനായിരുന്നു പദ്ധതി. പക്ഷേ പർമലിന് മറ്റൊരു പദ്ധതി ഉണ്ടായിരുന്നു. ജീവന്‍ക്രാന്തി എന്ന ലോക്കൽ യൂട്യൂബ് ന്യൂസ് ചാനലിന്റെ റിപ്പോർട്ടറെ അദ്ദേഹം വിളിച്ചുവരുത്തി, ഭാഗിയുടെ ദൃശ്യങ്ങൾ എടുപ്പിച്ചു. റിപ്പോർട്ടർ അത് ലൈവ് ആണ് ചെയ്തിരുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് അത് പേർ അത് കണ്ടെന്ന് മനസ്സിലായി. കേരളത്തിലാണെങ്കിൽ ഭാഗിയെ എന്നെന്നേക്കുമായി പൂട്ടിക്കെട്ടാൻ ആ വീഡിയോ മാത്രം മതി.
ഭാഗിയുടെ ബാറ്ററി അല്പം മന്ദഗതിയിൽ ആയിട്ടുണ്ട്. ജനറേറ്റർ പുറത്തെടുത്ത് ബാറ്ററി ചാർജ് ചെയ്തു. അല്ലെങ്കിലും ആഴ്ചയിൽ ഒരിക്കൽ ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അതും തകരാറിലാകും.
കെട്ടിപ്പിടിച്ചാണ് പർമൽ എന്നെ യാത്രയാക്കിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, ഒരു കുടുംബാംഗത്തേക്കാൾ ഉപരിയാണ് പരമൽ എൻ്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്.
ഒന്നര മണിക്കൂറോളം യാത്രയുണ്ട് (60 കിലോമീറ്റർ) കൈഥൽ കോട്ടയിലേക്ക്. ഇന്ന് തങ്ങേണ്ടതും ആ പട്ടണത്തിൽ തന്നെ. ഒരുവിധം വലിയ നഗരമാണത്. നഗരത്തിരക്കിലൂടെ ഭാഗി ചെന്നുനിന്നത് പൊലീസ് സ്റ്റേഷന്റെ മുന്നിൽ.
എനിക്ക് കാര്യം പിടികിട്ടി.
പൊലീസ് സ്റ്റേഷൻ ഇരിക്കുന്നത് കോട്ടയ്ക്കുള്ളിൽ ആണ്. അതിനകത്തേക്ക് ഭാഗിയെ കയറ്റിയാൽ ശരിയാകില്ലല്ലോ. അവളെ വെളിയിൽ ഒരിടത്ത് ഒതുക്കി ഞാൻ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് ചെന്നു.
കോട്ടയുടേതെന്ന് പറയാവുന്ന പുരാതനമായ ചില കെട്ടിടങ്ങൾ അതിനകത്തുണ്ട്. അതിനകത്താണ് കൺട്രോൾ റൂമും പൊലീസ് സ്റ്റേഷനും എല്ലാം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, കാര്യമായ പടമെടുക്കലും വീഡിയോ പിടിക്കലും നടക്കില്ല എന്ന് തോന്നി. അവിടം വരെ ചെന്നതിന്റെ അടയാളമായി ആ പഴയ കെട്ടിടത്തിന്റെ ഒരു ചിത്രം ആരും ശ്രദ്ധിക്കാതെ മാറി നിന്ന് ഞാൻ എടുത്തു. അപ്പോഴേക്കും പിന്നിൽ നിന്ന് ഒരാൾ ശബ്ദമുയർത്തി.
“നിറയെ ക്യാമറകൾ പിടിപ്പിച്ചിരിക്കുന്നത് കണ്ടില്ലേ? പടമെടുത്ത് വെറുതെ കുഴപ്പത്തിലാകണ്ട.”
“പടമെടുക്കരുതെന്ന് നിഷ്കർഷയുണ്ടോ? ആരോട് അനുവാദം വാങ്ങിയാൽ പടം എടുക്കാൻ പറ്റും?”
“കൺട്രോൾ റൂമിൽ ചോദിച്ചു നോക്കൂ.”
ഞാൻ അദ്ദേഹം ചൂണ്ടിക്കാണിച്ച കെട്ടിടത്തിലേക്ക് നടന്നു.
അതിനകത്ത് വളരെ സീനിയറായ ഒരു പൊലീസ് ഓഫീസർ മാത്രമാണ് യൂണിഫോമിൽ ഉള്ളത്. ബാക്കി നാലഞ്ച് പേർ മഫ്റ്റിയിലാണ്. ഞാൻ സീനിയർ ഓഫീസറോട് കാര്യം പറഞ്ഞു. അവരെല്ലാവരും ചെറുതായി ചിരിച്ചു. എന്നിട്ട് അദ്ദേഹം വലതുവശത്ത് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ നേരെ നോക്കി.
” രാജേഷ്, നിങ്ങൾക്ക് ഇന്നത്തേക്ക് ജോലിയായി.”
രാജേഷ് എന്ന പേരുള്ള ആ ഉദ്യോഗസ്ഥൻ എന്നെപ്പോലെ കോട്ട ഭ്രാന്തനോ ചരിത്ര പ്രേമിയോ ആണെന്ന് തോന്നുന്നു. അതായിരിക്കാം അവരെല്ലാവരും ചിരിച്ചത്.
“ആദ്യം നിങ്ങൾ ഇരിക്കൂ, എന്നിട്ട് ചായ കുടിക്കൂ. അതിനുശേഷം രാജേഷ് എല്ലാം പറഞ്ഞ് തരും.” …സീനിയർ ഓഫീസർ അവർക്കിടയിലേക്ക് എനിക്കൊരു കസേര വലിച്ചിട്ടു.
ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലായി. അത്ഭുതവും ഭയവും ഒരേസമയത്ത് എന്നെ പിടികൂടി. പോലീസ് സ്റ്റേഷനിൽ ഇങ്ങനെയൊക്കെ സാധാരണക്കാരോട് പെരുമാറുമോ? ഹേയ് ഒരു സാദ്ധ്യതയുമില്ല.
“പ്രതിയെ പിടികിട്ടാത്ത ഏതോ ഒരു കേസിൽ, നിന്നെ പെടുത്താനുള്ള പരിപാടിയാണ് നിരക്ഷരാ.” … അന്തരംഗം നെഗറ്റീവ് അടിച്ചു.
ചായ വന്നു. മധുര പലഹാരങ്ങൾ പല ഇനങ്ങൾ നിരന്നു. അതിൽ ആരുടെയോ കല്യാണത്തിന്റെ പങ്ക് വന്നതാണ്. മൂന്ന് പലഹാരങ്ങൾ അവരെന്നെ നിർബന്ധിച്ച് തീറ്റിപ്പിച്ചു. എന്റെ ആശങ്ക ഇരട്ടിച്ചു. സ്വയം ഒന്ന് നുള്ളി നോക്കിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു.
അവർ എൻ്റെ കുറെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. രാവിലെ ലോക്കൽ ചാനലുകാരൻ പോസ്റ്റ് ചെയ്ത വീഡിയോ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു. അത് എല്ലാവർക്കും രസിച്ചു. കൂടുതൽ ചോദ്യങ്ങൾ വന്നു. ഞാൻ അതിനെല്ലാം മറുപടി നൽകി. എൻ്റെ ആശങ്കകളും അകന്നു.
ഓഫീസർ രാജേഷ് എന്നെ കോട്ടയുടെ എല്ലാ ഭാഗങ്ങളും കൊണ്ടുനടന്ന് കാണിച്ചു. കാര്യങ്ങൾ വിശദീകരിച്ചു തന്നു. അദ്ദേഹത്തിന് ഹരിയാനയിലേയും രാജസ്ഥാനിലേയും കോട്ടകളെപ്പറ്റി നല്ല അവഗാഹമുണ്ട്.
* 1969 മുതൽ പോലീസ് സ്റ്റേഷനും കൺട്രോൾ റൂമും ഇതിനകത്ത് പ്രവർത്തിക്കുന്നുണ്ട്.
* ആ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഭൂമിക്ക് അടിയിലേക്കും കെട്ടിടമുണ്ട്. അത് പക്ഷേ അടച്ചിട്ടിരിക്കുകയാണ്. ആ വഴി പോയാൽ തൊട്ടപ്പുറത്തുള്ള മൈതാനത്തിലേക്ക് ചെന്നിറങ്ങാം.
* മൈതാനത്തിന്റെ ചുറ്റുമുള്ള കോട്ടയുടെ ഭാഗങ്ങൾ പുതുക്കി പണിതിട്ടുണ്ട്. ഒരു സിനിമയുടെ സെറ്റ് ഇട്ടിരിക്കുന്നത് പോലെ. അഥവാ നാടകത്തിന്റെ രംഗപടം പോലെ.
* ഭായ് ഉദയ് സിങ്ങ് എന്നും കോട്ടയ്ക്ക് പേരുണ്ട്.
* അക്ബറിന്റെ കാലത്താണ് കോട്ട ഉണ്ടാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും വർഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
* സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം എന്ന വിശേഷ അവസരങ്ങളിൽ, ദേശീയ പതാക ഉയർത്തുന്നത് പോലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഫ്ലാഗ് പോസ്റ്റിലാണ്. പുറത്തുള്ള മൈതാനത്ത് നിന്ന് നോക്കിയാൽ ഇത് കാണാം.
* കോട്ടയ്ക്ക് വെളിയിൽ 28 ഏക്കറോളം വിസ്തൃതിയിൽ ബിഡ്കിയാർ തടാകം കാണാം.
പോലീസ് സ്റ്റേഷന്റെ ഒരു രഹസ്യ സ്വഭാവം മാനിച്ച്, അധികം പടങ്ങളോ വീഡിയോകളോ ഞാൻ രാജേഷ് എന്ന ഉദ്യോഗസ്ഥനൊപ്പം നടക്കുമ്പോൾ എടുത്തില്ല.
തിരിച്ച് കൺട്രോൾ റൂമിൽ എത്തിയപ്പോൾ, ഉച്ചഭക്ഷണം കഴിച്ചിട്ടേ പോകാൻ പറ്റൂ എന്ന് പൊലീസുകാർ. മധുരം കഴിച്ച വകയിൽ വയറും കോട്ടയിലെ ഇതുവരെയുള്ള അനുഭവങ്ങൾ വെച്ച് മനസ്സും നിറഞ്ഞ് നിൽക്കുകയാണ് ഞാൻ. പക്ഷേ പൊലീസുകാർക്ക് നിർബന്ധം.
അവർ എല്ലാവരും മാറി മാറിയാണ് ഓരോ ദിവസവും ഭക്ഷണം കൊണ്ടുവരിക. അത് എല്ലാവരും ഒരേ പാത്രത്തിൽ നിന്ന് കൈകൊണ്ട് എടുത്ത് കഴിക്കും. അങ്ങനെ ഭക്ഷണം പങ്കിട്ട് കഴിക്കുന്നത് അറബികളുടെ കൂട്ടത്തിലാണ് മുൻപ് ഞാൻ അനുഭവിച്ചിട്ടുള്ളത്. ഇന്നിതാ ഈ ആറ് പോലീസുകാർക്കൊപ്പം ഒരേ പാത്രത്തിൽ നിന്ന് ഞാനും ഉച്ചഭക്ഷണം കഴിക്കുന്നു. ഇങ്ങനേയും പോലീസുകാരോ? എനിക്ക് എന്തെന്നില്ലാത്ത സന്തോഷം.
രാത്രി സുരക്ഷിതമായി തങ്ങാൻ പറ്റിയ സ്ഥലം കൃത്യമായി ഓഫീസർ രാജേഷ് പറഞ്ഞു തന്നു. എല്ലാവരോടും ഉള്ളിന്റെയുള്ളിൽ നിന്ന് നന്ദി പറഞ്ഞ് ഞാൻ കോട്ടയാകുന്ന പൊലീസ് കൺട്രോൾ റൂം വിട്ടു.
രണ്ട് നല്ല അനുഭവങ്ങൾ. പ്രപഞ്ച ഗൂഢാലോചനയിൽ പൊലീസുകാരും!
അങ്ങോട്ടുള്ള യാത്രയിൽ നോട്ടമിട്ട് വെച്ചിരുന്ന ഒരു ഗ്യാസ് സ്റ്റേഷനിൽ ഞാൻ ഭാഗിയുമായി എത്തി. ഫുൾ ടാങ്ക് ഡീസൽ അടിക്കുന്നതിന് ഒപ്പം, “ഞാനിന്ന് ഇവിടെ കിടന്നോട്ടെ” എന്ന് ചോദിച്ചാൽ രാജസ്ഥാനിലോ ഹരിയാനയിലോ ഇതുവരെ ആരും എതിര് പറഞ്ഞിട്ടില്ല. ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഇറക്കി വിട്ടിട്ടുള്ളത് ഗോവയിൽ മാത്രം.
റോഡിന് എതിർവശത്ത് എന്തോ ചില ചെറു കടകൾ കാണുന്നുണ്ട്. അവിടുന്ന് എന്തെങ്കിലും കിട്ടിയാൽ വാങ്ങി കഴിക്കും. അല്ലെങ്കിൽ കയ്യിലുള്ള രണ്ട് ഓറഞ്ച് ആയിരിക്കും ഇന്നത്തെ അത്താഴം. രണ്ട് നേരത്തേക്കുള്ളതാണ് ഉച്ചയ്ക്ക് പൊലീസുകാർ നിർബന്ധിച്ച് കഴിപ്പിച്ചത്.
എറണാകുളത്ത് നിന്ന് ഇറങ്ങിയിട്ട് ഇന്നേക്ക് 3 മാസം (90 ദിവസം) ആകുന്നു. 10 ദിവസം കൂടി കഴിഞ്ഞാൽ സെഞ്ച്വറി തികയും. 120 കോട്ടകൾ ഇതിനകം കണ്ടുകഴിഞ്ഞു.
ഇനിയങ്ങോട്ട് വെല്ലുവിളി എന്ന് പറയുന്നത് കടുത്ത ശൈത്യം മാത്രമാണ്.
ഇന്ന് രാവിലെ 4 ഡിഗ്രി ആയിരുന്നു താപമാനം. നാളെയും അതുതന്നെയാണ് അവസ്ഥ. കിടപ്പിനേയും ഉറക്കത്തേയും അത് ബാധിക്കുന്നില്ല. പക്ഷേ, രാവിലെ പല്ല് തേക്കാൻ ഇത്തിരി വെള്ളം എടുക്കുമ്പോഴേക്കും കൈകൾ മരവിച്ചിട്ടുണ്ടാകും. യാത്രാമദ്ധ്യേ ഉച്ചയോടെയാണ് ഇന്ന് കുളിച്ചത്. വിയർക്കാത്തതുകൊണ്ട് എല്ലാദിവസവും കുളി എന്ന പദ്ധതി ഉപേക്ഷിച്ചാലും കുഴപ്പമില്ല എന്ന് തോന്നുന്നു. വസ്ത്രം മാറുക, അലക്കുക. അത്രതന്നെ.
ശുഭരാത്രി.