ഇന്നെന്റെ അവധി ദിവസമായിരുന്നു; ഭാഗിക്ക് ആശുപത്രി ദിവസവും. 11 മണിയോടെ അവളുടെ ഏ.സി. ശരിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. വയറിങ്ങിൽ ഒരു ലൂസ് കോൺടാക്ട്. അത്രയേ ഉള്ളൂ. ഇത് പക്ഷേ പത്താം തവണയാണ് വയറിങ്ങും റിലേയും ഫ്യൂസും എല്ലാം പ്രശ്നമുണ്ടാക്കുന്നത്.
റിപ്പയർ ജോലികൾ എല്ലാം തീർത്ത് ഭാഗിയെ റെയിൽവേ കോളനിയിൽ കൊണ്ടുചെന്ന് പാർക്ക് ചെയ്ത ശേഷം ഞാൻ തെരുവിലേക്ക് നടന്നിറങ്ങി.
റെയിൽവേ കോളനിയിൽ നിന്ന് 15 മിനിറ്റ് നടന്നാൽ സിവിൽ ലൈൻ എന്ന മെട്രോ സ്റ്റേഷനിൽ എത്താം. അവിടന്ന് ഛോട്ടി ചോപ്പട് എന്ന സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്തു. പഴയ ആത്തിഷ് മാർക്കറ്റിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. മാർക്കറ്റ് മുഴുവൻ അലഞ്ഞ് തിരിഞ്ഞ് നടന്നു. ഉച്ചഭക്ഷണം കഴിക്കാൻ പറ്റിയ നല്ല റസ്റ്റോറന്റുകൾ ഒന്നും ആ ഭാഗത്ത് കണ്ടില്ല. എല്ലാവരും സമൂസയും കച്ചോരിയും തന്നെയാണ് കഴിക്കുന്നത്. പരിപ്പിൽ മുക്കിയ ഒരു സമൂസയിൽ ഉച്ചഭക്ഷണം ഒതുക്കി.
ഇരുദിശയിലുമായി 6 കിലോമീറ്റർ ദൂരമെങ്കിലും നടന്നു. ഇരുവശത്തും മുമ്മൂന്ന് വരി പാത ഉണ്ടായിട്ടും, ഒരു വരിയിൽ പോലും വാഹനങ്ങൾക്ക് നേരെ ചൊവ്വേ പോകാൻ പറ്റുന്നില്ല. അതിന് കാരണമുണ്ട്. കടകൾ, അതിന് മുന്നിൽ നടപ്പാത, അതിന് മുന്നിൽ അനധികൃത വിൽപ്പന, പിന്നെ സ്കൂട്ടറുകൾ പാർക്ക് ചെയ്തിരിക്കുന്നു. അതും കഴിഞ്ഞാണ് ജനങ്ങൾക്ക് നടക്കാൻ പറ്റുന്നത്. നടപ്പാതയിൽ കച്ചവടം ആയതുകൊണ്ട് അതിലൂടെ നടക്കാൻ വയ്യ. യാതൊരു ലക്കും ലഗാനുമില്ലാതെ വരുന്ന വാഹനങ്ങൾ തട്ടാതെ നടക്കാനും റോഡ് മുറിച്ച് കടക്കാനും ഞാൻ വല്ലാതെ പണിപ്പെട്ടു. ഏറെ നടന്ന് ചെന്നെത്തിയത് റെയ്സർ പ്ലാസയുടെ മുന്നിൽ. എറണാകുളത്തെ പെന്റാ മേനക പോലെ മൊബൈൽ ഫോൺ കടകളുടേയും ഫോൺ റിപ്പയർ കടകളുടേയും സമുച്ചയം ആണ് ആ സൂപ്പർ മാർക്കറ്റ്.
ഒരു ചെറിയ ബാർബർ ഷോപ്പ് കണ്ടപ്പോൾ, അതിൽക്കയറി മുടിയും താടിയും ചെറുതായി വെട്ടിയൊതുക്കി. രാത്രി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി റെയിൽവേ കോളനിയിലേക്ക് മടങ്ങിയത് മെട്രോയിൽ തന്നെ.
ചൂട് കുറഞ്ഞത് പോലെ. അതോ ഞാൻ ചൂടുമായി താദാത്മ്യം പ്രാപിച്ചതാണോ? രണ്ടായാലും നല്ലത് തന്നെ.
ഒൿടോബർ 9ന് മഹാരാഷ്ട്രയിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ്, ഇന്നോ നാളെയോ ബുക്ക് ചെയ്യണം. ഭാഗിയേയും കൊണ്ട് മഹാരാഷ്ട്ര വരെ പോകാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ കാരണം സൂറത്ത് മുതൽ മുംബൈ വരെയുള്ള മോശം റോഡ് തന്നെ.
AMK (അലങ്ങ്, മദൻ, കുലങ്ങ്) ട്രക്കിങ്ങിന് വേണ്ടിയാണ് അങ്ങോട്ട് പോകുന്നത്. ഒക്ടോബർ 10, 11, 12 തീയതികളിൽ ആണ് ആ യാത്ര. 4 സീറ്റ് കൂടെ ഒഴിവുണ്ട്. താല്പര്യമുള്ളവർക്ക് ശ്രേയ മോഹനുമായി Shreya Mohan ബന്ധപ്പെടാം.
സത്യത്തിൽ ഇന്ന് അവധി ദിവസമാണെന്ന് പറഞ്ഞെങ്കിലും ഞാനിന്നും ജയ്പൂരിൽ യാത്ര ചെയ്തു. ഭാഗിക്ക് മാത്രമാണ് അവധിയും ശുശ്രൂഷയും കിട്ടിയത്.
ഓൺലൈൻ സുഹൃത്ത് പ്രദീപ് Pradeep MN ഈ യാത്രയുടെ ചില ചിത്രങ്ങൾ വരക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം വിനീത് Vineeth Edathil ഇതേ പരിപാടി ചെയ്തിട്ടുണ്ടായിരുന്നു. ഇതൊക്കെ ഈ യാത്രയിൽ കിട്ടുന്ന ബോണസ് സന്തോഷങ്ങളാണ്.
ശുഭരാത്രി കൂട്ടരേ.