ആദരാഞ്ജലി

ഇടതുപക്ഷം കൊലയാളി പക്ഷം ആകുമ്പോൾ


12
കേരളത്തിലെ ഏതെങ്കിലും ഒരു ക്യാമ്പസിൽ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ നീചകൃത്യമാണ് സിദ്ധാർത്ഥിൻ്റെ കൊലപാതകം.

പൂക്കോട് വെറ്റിനർറി കോളേജിൽ, സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ശേഷം, പ്രതികളിൽ 4 പേർ മാത്രമാണ് SFIക്കാർ, ബാക്കിയുള്ളവരുടെ രാഷ്ട്രീയം അന്വേഷിക്കാതെ SFIയെ മാത്രം വേട്ടയാടുന്നത് ശരിയാണോ….. എന്ന് തുടങ്ങി, സിദ്ധാർത്ഥ് ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന നിലയ്ക്കുള്ള വ്യാജ പാരാതി സൃഷ്ടിക്കുകയും സിദ്ധാർത്ഥിൻ്റെ വീടിന് മുന്നിൽ ‘ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ‘ എന്ന മട്ടിൽ, കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് SFI യുടെ വല്ല്യേട്ടന്മാർ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്ത് കൈ കഴുകാൻ ശ്രമിക്കുന്നതുമൊക്കെ കാണുമ്പോൾ പറയാതിരിക്കാൻ ആവുന്നില്ല. ഇത് പറയാതെ മറ്റൊരു പോസ്റ്റ് ഈ പ്രൊഫൈലിൽ ഇടാനുമാകില്ല.

അതിന് മുൻപ് അൽപ്പം ചരിത്രം പറയാം.

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം, പാവപ്പെട്ടവർക്കും കഷ്ടപ്പെടുന്നവർക്കും തൊഴിലാളികൾക്കും പീഡിപ്പിക്കപ്പെടുന്നവർക്കും വേണ്ടി രാജാക്കന്മാരോടും പ്രഭുക്കന്മാരോടും കുത്തക മുതലാളിമാരോടും മതമേധാവികളോടും പൊരുതുന്നവർ, അവിടത്തെ പാർലിമെൻ്റിൽ പോയി ഇരുന്നത് ഇടതുവശത്താണ്. ഇതാണ് ഇടതുപക്ഷം എന്ന പദത്തിൻ്റെ നിർവ്വചനം എന്നറിയുന്നവർ എത്രപേർ നിലവിൽ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവരിൽ ഉണ്ടാകുമെന്ന് സംശയമാണ്. ആ മനസ്സുള്ളവർ ലോകത്തിൻ്റെ ഏത് ഭാഗത്തുണ്ടെങ്കിലും അവർ ഇടതുപക്ഷമാണ്. ഏതെങ്കിലും സംഘടനയുടെ കൊടിക്കീഴിൽ നിരന്നാലേ ഇടതുപക്ഷമാകൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. കൊടിക്കീഴിൽ നിരന്നിട്ട് ഈ നിർവ്വചനപ്രകാരമല്ലാത്ത പ്രവർത്തികൾ ചെയ്താലും ഇടതുപക്ഷം ആകില്ല.

ഇടതുപക്ഷം തുല്യത ആഗ്രഹിക്കുന്നവരാണ്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ, സമന്മാരല്ലാതെ ആ മനുഷ്യനെ സൃഷ്ടിച്ചത് കൊണ്ടാണ്, ഇടതുപക്ഷക്കാർ ദൈവത്തെത്തന്നെ ചോദ്യം ചെയ്ത് ദൈവവിശ്വാസികളല്ലാതെ നീങ്ങിയിരുന്നത്. നിലവിലെ പ്രഖ്യാപിത ഇടതുപക്ഷക്കാരിൽ, അങ്ങനെ ദൈവത്തെ ചോദ്യം ചെയ്യുന്നവർ എത്രപേരുണ്ടെന്ന് കണക്കെടുത്താൽ നല്ല തമാശയാകും.

ഇടതുപക്ഷത്തിൻ്റെ മറുവശത്തുള്ളവർ ആരൊക്കെ ആയാലും അവർ വലതുപക്ഷമാണ്. എന്നുവെച്ചാൽ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന, മേൽപ്പറഞ്ഞ ആശയങ്ങൾക്കെല്ലാം എതിരായി പ്രവർത്തിക്കുന്നവർ.. ഇടതുപക്ഷത്തിൻ്റെ നിർവ്വചനം തിരക്കി പോയാൽ കണ്ടുകിട്ടുന്ന ഉത്തരം അതല്ലേ ? അപ്പോൾപ്പിന്നെ വലതുപക്ഷക്കാരനോട് പറഞ്ഞിട്ടെന്ത് കാര്യം?ഇടതുപക്ഷക്കാരനോട് മാത്രമേ പറയാനുള്ളൂ.

നാലല്ല ഒരാൾക്കെങ്കിലും സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പങ്കുണ്ടെങ്കിൽ, നിങ്ങൾ പിന്നെ ഇടത് പക്ഷമെന്ന് പറഞ്ഞ് നടക്കരുത്.

ആയതിനാൽ കൊലപാതകികളിൽ ബാക്കിയുള്ള 6 പേർ ആരായാലും അവരുടെ രാഷ്ട്രീയം നോക്കി അവർക്കെതിരേയും ആക്രോശിക്കൂ എന്ന് ‘പ്രഖ്യാപിത‘ ഇടതുപക്ഷക്കാരൻ നിർദ്ദേശം നൽകേണ്ടതില്ല. നിങ്ങൾ ഇടതുപക്ഷത്തിൻ്റെ ലക്ഷണങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചാൽ മാത്രം മതിയാകും. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്. അത് ഇല്ലാതാകുമ്പോൾ നിങ്ങൾക്ക് നേരെ മാത്രം വിരലുകൾ ചൂണ്ടപ്പെടുന്നത് അതുകൊണ്ടാണ്. അതിന് പറ്റുന്നില്ലെങ്കിൽ ഏതൊരു പക്ഷക്കാരനേയും പോലെ മറ്റൊരു പാർട്ടിയും കൂട്ടരുമാണെന്ന് സമ്മതിച്ചാലും മതിയാകും. കൂടുതൽ പ്രത്യയശാസ്ത്രങ്ങളും നിർവ്വചനങ്ങളും നിരത്താൻ നിൽക്കരുത്. ആരോട് പറഞ്ഞിട്ടും കാര്യമില്ല എന്ന നിസ്സഹായാവസ്ഥയിൽ ജനം സ്വയം സ്വാന്തനിച്ചോളും.

അധികാരത്തിൻ്റെ ഹുങ്കിൽ എല്ലാത്തരം തോന്ന്യാസങ്ങളും ചെയ്തിട്ട് അത് മറച്ച്പിടിക്കാനും അതിനെ ന്യായീകരിക്കാനും കോടികൾ ചിലവഴിച്ചും കള്ളത്തരങ്ങൾ കാണിക്കുകയും ചെയ്യുന്നതിന് പകരം, ഉള്ളിൽ കടന്നുകൂടിയ എല്ലാ ക്രിമിനലുകളേയും അഴിമതിക്കാരേയും തൂത്തെറിഞ്ഞ് തിരുത്തി മുന്നോട്ട് പോയാൽ എല്ലാവർക്കും നല്ലത്. അല്ലെങ്കിൽ നേതാക്കന്മാരും അവരുടെ കുടുംബങ്ങളും മാത്രം നല്ല നിലയിൽ വാഴും. കൊടിപിടിച്ചും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും പ്രസ്ഥാനത്തെ വലുതാക്കിയ യഥാർത്ഥ ഇടതുപക്ഷ മനുഷ്യർ അവിടെത്തന്നെ നിൽക്കും.

സിദ്ധാർത്ഥൻ്റെ കൊലപാതകത്തിൽ പ്രതികൾക്ക് വലിയ വലിയ വക്കീലന്മാരെ കൊണ്ടുവന്ന് ലക്ഷങ്ങൾ ചിലവാക്കി കേസ് വാദിക്കുന്നതിന് പകരം കോടതി കനിഞ്ഞ് നൽകുന്ന ഏതെങ്കിലും ഒരു വക്കീലേ വാദിക്കൂ എന്ന നിലപാടെടുക്കാൻ പറ്റുമോ? ഒരു തരത്തിലും കൊലപാതകികളെ ന്യായീകരിക്കാതെയും സഹായങ്ങൾ ചെയ്യാതെയുമുള്ള നിലപാട് സ്വീകരിക്കാൻ പറ്റുമോ? അപ്പോൾ ജനം മനസ്സിലാക്കും ഇടതുപക്ഷം സിദ്ധാർത്ഥിനൊപ്പം ആണെന്ന്.

ഒരു കാര്യം മറക്കരുത്. കേരളത്തിൽ ഏതെങ്കിലും ഒരു ക്യാമ്പസിൽ നാളിതുവരെ നടക്കാത്ത തരത്തിലുള്ള അതിക്രൂരമായ ഒരു കൊലപാതകമാണ് പൂക്കോട് ക്യാമ്പസിൽ നടന്നിരിക്കുന്നത്. അതിനെ റാഗിങ്ങ് എന്ന് ലഘൂകരിക്കാൻ ഞാൻ തയ്യാറല്ല. ക്യാമ്പസിന് പുറത്തെ കൊലപാതകൾ നോക്കിയാൽ ടീ.പി. വധത്തേക്കാൾ ക്രൂരമായത്. കുറച്ച് നിമിഷങ്ങൾ കൊണ്ട് ടീ.പി. കൊല്ലപ്പെട്ടെങ്കിൽ, ഇവിടെ മൂന്ന് ദിവസമാണ് സിദ്ധാർത്ഥിന് നരകിക്കേണ്ടി വന്നത്.അത്തരം ഒരു കൊലപാതകത്തിലെ പ്രതികൾക്ക് എന്തെങ്കിലും സഹായം ചെയ്യുകയോ അവരെ ന്യായീകരിക്കുകയോ, അവരെ രക്ഷപ്പെടാൻ സമ്മതിക്കുകയോ ചെയ്താൽ, നിങ്ങൾ പിന്നെ ഇടതുപക്ഷമല്ല. ലക്ഷ്യം നിറവേറ്റി കഴിഞ്ഞപ്പോൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഓവുചാലിലേക്ക് പോയത് പോലെ കേരളമെന്ന അവസാനകേന്ദ്രത്തിലും അത് സംഭവിക്കുക തന്നെ ചെയ്യും.

വാൽക്കഷണം:- ഒരു വിദ്യാർത്ഥിയെ മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെ തല്ലിക്കൊന്നതിന് ശേഷം, ഒട്ടനവധി ന്യായീകരണങ്ങളും കള്ളത്തരങ്ങളും നിരത്തുന്നതുകൊണ്ട് പറയേണ്ടി വന്നതാണ്. വീണ്ടും അതേ പരിപാടി ആരെങ്കിലും ഈ പോസ്റ്റിന് കീഴെ തുടർന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതായിരിക്കും. അത്രയ്ക്ക് വിഷമമുണ്ടെന്ന് കൂട്ടിക്കോളൂ.