ഞാൻ ജീവിതത്തിൽ ഇതുവരെ വാഹനം ഓടിച്ചിട്ടുള്ള ഏറ്റവും മോശം റൂട്ട് ഏതാണെന്ന് ചോദിച്ചാൽ, മുംബൈ മുതൽ സൂറത്ത് വരെയുള്ള റോഡ് ആണെന്ന് നിസ്സംശയം പറയും.
കഴിഞ്ഞ പ്രാവശ്യം രാജസ്ഥാനിലേക്ക് പോയപ്പോൾ അനുഭവിച്ചതിനേക്കാളും വലിയ കഷ്ടപ്പാടുകൾ ഇപ്രാവശ്യവും ഇതേ റൂട്ടിൽ അനുഭവിച്ചു. അങ്ങോട്ടുമിങ്ങോട്ടുമായി ആറുവരി പാതയുള്ളതിൽ, കണ്ടെയ്നർ ലോറികളാണ് മിക്കവാറും എല്ലാ ട്രാക്കിലും ഓടുന്നത്. ഭാഗിയെ പോലെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് വേണ്ടി ഫാസ്റ്റ് ട്രാക്കിൽ നിന്ന് മാറിത്തരുക പോലുമില്ല ലോറിക്കാർ. ഈ റൂട്ടിൽ ലൈൻ ബസ്സോ പ്രൈവറ്റ് ബസ് ഒന്നും കണ്ടില്ല. ആഡംബര കാറുകളും തുലോം തുച്ഛം.
സർവ്വം ലോറി മയം. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കൂടെ ആകുമ്പോൾ ദുരിതത്തിൻ്റെ ആക്കം കൂടുന്നു.
കാർപാളെയിൽ നിന്ന് സൂറത്തിലേക്ക് 350 കിലോമീറ്ററോളം ദൂരമുണ്ട്. എന്റെ ദീർഘകാല സുഹൃത്തുക്കളായ ആഷയുടേയും സതീഷിൻ്റേയും സൂറത്തിലെ വീട്ടിലാണ് ഇന്ന് തങ്ങാൻ ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ രാജസ്ഥാൻ യാത്രയിലും ഒരു രാത്രി അവിടെയാണ് തങ്ങിയത്.
ഇന്നത്തെ യാത്രയിൽ വലിയ സന്തോഷമുള്ള ഒരു കാര്യം, അടൽ സേതു പാലത്തിലൂടെ സഞ്ചരിച്ചു എന്നതാണ്.
ഈ പാലത്തിന്റെ പ്രത്യേകതകൾ…..
* 17840 കോടി രൂപ നിർമ്മാണ ചിലവ്.
* 21.8 കിലോമീറ്റർ ദൈർഘ്യമുള്ള പാലം.
* രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം.
* 16.5 കിലോമീറ്റർ കടലിൽ, 5.3 കിലോമീറ്റർ കരയിൽ.
* ടോൾ തുക 250 രൂപ.
* ഓട്ടോറിക്ഷകളും ബൈക്കുകളും പാലത്തിൽ അനുവദനീയമല്ല.
* ഫോട്ടോഗ്രാഫി അനുവദനീയമല്ല.
* ഹോൺ അടിക്കാൻ പാടില്ല.
* പരമാവധി വേഗത 100 കിലോമീറ്റർ.
* കുറഞ്ഞ വേഗത 40 കിലോമീറ്റർ.
* മുംബൈയും നവി മുംബൈയും തമ്മിലുള്ള സമയം 2.5 മണിക്കൂറിൽ നിന്ന് 20 മിനിറ്റ് ആക്കി കുറക്കുന്നു ഈ കൂറ്റൻ പാലം.
* വളവും തിരിവും ഉള്ള പാലം ആയതുകൊണ്ട്, അതിലൂടെ സഞ്ചരിക്കുമ്പോൾ ദൂരെയുള്ള പാലത്തിന്റെ പൂർണ്ണ ദൃശ്യം സാദ്ധ്യമാകുന്നു.
അതിരാവിലെ ആയതുകൊണ്ട് തീരെ തിരക്കില്ലാതെ ഞാൻ പാലത്തിലൂടെ കടന്നുപോയി. കരയോട് അടുക്കുമ്പോൾ അംബരചുംബികളായ കെട്ടിടങ്ങൾ, മൂടൽമഞ്ഞിന് വെളിയിൽ വന്നെന്ന മട്ടിൽ കാഴ്ചയിലേക്ക് കടന്ന് വരുന്ന ദൃശ്യം അതി മനോഹരമാണ്.
ഉച്ചഭക്ഷണത്തിനുശേഷം ഭാഗിയുടെ ഡ്രൈവർ സീറ്റിൽ 2 മണിക്കൂർ ചാരിക്കിടന്ന് ഉറങ്ങി. വൈകീട്ട് 6:30 മണിയോടെ സൂറത്തിൽ എത്തി.
ഗുജറാത്തിലെ പ്രത്യേക ഭക്ഷണങ്ങൾ എന്നു പറയാവുന്ന ചില ഇനങ്ങൾ (ഇടട, കാന്ത്വി, ചണദാൽ സമൂസ) വാങ്ങി വെച്ചിട്ടുണ്ടായിരുന്നു ആശ. അത്താഴം ആശയ്ക്കും ആഹാനക്കും സതീഷിനും ഒപ്പം കഴിച്ചു.
ഭക്ഷണത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഇന്ന് കഴിച്ച വേറെ രണ്ട് ഭക്ഷണ പദാർത്ഥങ്ങളുടെ കാര്യം ഓർമ്മ വന്നത്.
1. കഴിഞ്ഞ രാജസ്ഥാൻ യാത്രയിൽ, വാപിക്ക് മുന്നേയുള്ള മനോർ എന്ന സ്ഥലത്തെ ‘ഡ്രീം’ ഹോട്ടലിന് മുന്നിൽ ഒരു രാത്രി തങ്ങിയിരുന്നു. ഇന്ന് പ്രാതലിന് അതേ ഹോട്ടലിൽ നിർത്തിയപ്പോൾ, 80 രൂപയ്ക്ക് അവിടുന്ന് കിട്ടിയ സീതാഫൽ ക്രീം അത്യുഗ്രനായിരുന്നു. (ചിത്രം നോക്കുക)
2. ഉച്ചയ്ക്ക് പുരോഹിത് എന്ന ധാബയിൽ കയറിയപ്പോൾ, ഭക്ഷണത്തിനൊപ്പം എല്ലാ മേശയിലും സൗജന്യമായി നൽകുന്ന സാലഡ് ഇനങ്ങൾ ഗംഭീരമായിരുന്നു. (ചിത്രം നോക്കുക)
ഇന്ന്, കയറ്റിറക്കങ്ങൾ ധാരാളമുള്ള മേൽപ്പറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോൾ, ഭാഗിയിൽ കേട്ട ഒരു പാട്ടിന്റെ വരികൾ സന്ദർഭത്തിന് ചേർന്നതായിരുന്നു. കാവാലം ശ്രീകുമാറാണ് പാടുന്നത്.
” പോയി പോയി
ചെല്ലുമ്പോളുണ്ടേ
കേറുന്നു ഭൂമി
ഇറങ്ങുന്നു ഭൂമി.”
പല പല പെൻ ഡ്രൈവുകളിൽ, പല സന്ദർഭങ്ങൾക്കനുസരിച്ച് പല ഭാഷകളിലുള്ള, ധാരാളം പാട്ടുകളുടെ സ്റ്റോക്കുമായാണ് എൻ്റെ ഈ സഞ്ചാരം. ഓൺലൈനിൽ പ്ലേ ലിസ്റ്റുകൾ വരുന്നതിന് മുന്നേയുള്ള ശീലമാണത്.
ശുഭരാത്രി കൂട്ടരേ…