
ഇന്ന് (21.09.2025) വൈകീട്ട് സമയം 06:55 മണി. കാക്കനാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന എന്റെ കാറിന്റെ പിന്നിൽ, കലൂർ ഭാഗത്ത് വെച്ച് ഒരു സ്ക്കൂട്ടർ വന്നിടിക്കുന്നു. ട്രാഫിക് ബ്ലോക്കിൽ നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ കുത്തിത്തിരുകി വന്ന സ്ക്കൂട്ടറാണ് ഇടിക്കുന്നത്. 25 വയസ്സിൽ താഴെയുള്ള ഒരു ചെറുപ്പക്കാരനാണ് മുന്നിൽ; പിറകിൽ ഇരിക്കുന്നത് ആ പ്രായത്തിൽ താഴെയുള്ള ഒരു പെൺകുട്ടി.
ട്രാഫിക് ബ്ലോക്കിനിടയിൽ, ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും എനിക്ക് പറ്റാത്ത അവസ്ഥയാണ്. ആ തിരക്കിനിടയിലൂടെ സ്കൂട്ടർ ഓടിച്ച് ചെറുപ്പക്കാർ രക്ഷപ്പെട്ടു.
മോശമായിപ്പോയി പിള്ളേരെ. ഒരു അപകടം നടന്നാൽ വാഹനം നിർത്തി പരസ്പരം സംസാരിച്ച് ആരുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒത്തുതീർപ്പുകൾ നടത്തേണ്ടതാണ്. നിങ്ങൾക്ക് അതിനൊന്നും സമയമില്ല. ഒരു മനുഷ്യന്റെ ശരീരത്തിൽ നിങ്ങളുടെ വാഹനം ഇടിച്ചിരുന്നെങ്കിലും നിങ്ങൾ ഇതു തന്നെയല്ലേ ചെയ്യുക? Hit & Run ആണ് നിങ്ങൾ ചെയ്തിരിക്കുന്നത്. മോശം പെരുമാറ്റവും സംസ്ക്കാരവും കുറ്റകരമായ നീക്കവും ആണത്.
എന്നുവെച്ച് പുതുതലമുറയെ മുഴുവൻ അടച്ച് കുറ്റം പറയാൻ ഞാൻ തയ്യാറല്ല. അതിന് കാരണമുണ്ട്.
ട്രാഫിക്ക് ബ്ലോക്കിൽ നിന്ന് ഞാൻ അല്പം മുന്നോട്ട് നീങ്ങിയതും വലത് വശത്ത് ബൈക്കിൽ വന്ന ഒരു ചെറുപ്പക്കാരൻ എന്നോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടറിന്റെ പടം വേണമോ എന്ന് അയാൾ എന്നോട് ചോദിച്ചു. ആ ചെറുപ്പക്കാരൻ തന്ന പടമാണ് ഇതോടൊപ്പം ഉള്ളത്.
യുവതലമുറയ്ക്ക് പറഞ്ഞാൽ മനസ്സിലാകുന്ന ഒരു കാര്യം പറയാം. CCTVആയും മൊബൈൽ ഫോണുകൾ ആയും ഒരു പൗരൻ്റെ ചുറ്റിനും ക്യാമറകൾ ഉണ്ട് ഇക്കാലത്ത്. തന്ത വൈബുകാരോട് ഇത് പറഞ്ഞാൽ അവർക്ക് മനസ്സിലാകണമെന്നില്ല. പക്ഷേ നിങ്ങൾ ന്യൂജനറേഷൻ പിള്ളേർക്ക് അത് തീർച്ചയായും മനസ്സിലാകും, മനസ്സിലായേ തീരൂ. ഒരു കുറ്റകൃത്യം ചെയ്ത ശേഷം എളുപ്പത്തിൽ രക്ഷപ്പെടൽ ഇനിയുള്ള കാലത്ത് ബുദ്ധിമുട്ടാണ്.
സൈക്കിളിൽ പിന്നിലൂടെ ചെന്ന് ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ച പതിനൊന്നാം ക്ലാസുകാരനെ CCTVയുടെ സഹായത്തോടെ ആ പെൺകുട്ടി പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്, റീലുകൾ വഴി കഴിഞ്ഞയാഴ്ച്ച നിങ്ങൾ കണ്ടുകാണുമല്ലോ. തൻ്റെ സൈക്കിൾ മോഷ്ടിച്ച് കടന്നു കളഞ്ഞ ഒരാളെ CCTVയുടെ സഹായത്തോടെ ഒരു നാലാം ക്ലാസുകാരൻ പിടികൂടിയതും നിങ്ങൾ ചിലപ്പോൾ കണ്ടുകാണും.
നിങ്ങൾ മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്ന് കരുതരുത്. ഒന്ന് പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരുമ്പോൾ നിങ്ങൾ ഈ ലോകത്തെ സാധാരണ പൊതുജനങ്ങളുടെ മുൻപിൽ തലകുനിച്ച് നിൽക്കേണ്ടിവരും; ചിലപ്പോൾ നിങ്ങളുടെ രക്ഷിതാക്കളും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങൾക്ക് നല്ല കൗൺസിലിങ്ങ് ആവശ്യമുണ്ട്. ഒന്നുകിൽ സ്കൂളുകളിൽ നിന്ന് അല്ലെങ്കിൽ പോലീസ് സ്റ്റേഷനുകളിൽ നിന്ന്.
പൊതുബോധമുള്ള നല്ല ചെറുപ്പക്കാരും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. അത്തരത്തിൽ ഒരു ചെറുപ്പക്കാരനാണ് ഈ ഫോട്ടോയെടുത്ത് എനിക്ക് തന്നത്. അയാളെപ്പോലുള്ളവർക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്.
നിങ്ങളുടെ RC നമ്പർ വെച്ച് വണ്ടി ഉടമയെ കണ്ടുപിടിച്ച് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. തൽക്കാലം ഞാനത് ചെയ്യുന്നില്ല. പക്ഷേ എല്ലായ്‌പ്പോഴും ഇങ്ങനെ രക്ഷപ്പെടുമെന്ന് കരുതരുത്. എല്ലാത്തിനും കൂടെ ചേർത്ത് എപ്പോഴെങ്കിലും തെരുവിൽ നിന്ന് തന്നെ നിങ്ങൾക്ക് കിട്ടും. ജാഗ്രതൈ!
വാൽക്കഷണം:- ഏറ്റവും ചുരുങ്ങിയ പ്രതികരണമാണ് ഈ പോസ്റ്റും ആ വരിയും. രണ്ടാഴ്ച മുൻപ്, കാലിന് സുഖമില്ലാത്ത എന്റെ ഒരു സുഹൃത്ത് റോഡ് ക്രോസ് ചെയ്യുമ്പോൾ, ഇടിച്ച് വീഴ്ത്തി ഒരു ബൈക്കുകാരൻ നിർത്താതെ പോയ്ക്കളഞ്ഞു. അയാളെ റോഡിലിട്ട് ആരെങ്കിലും ഒന്ന് പൊട്ടിച്ചാൽ എങ്ങനെയിരിക്കും. അത്രയേ ഞാൻ പറഞ്ഞുള്ളൂ. ഒരു മുന്നറിയിപ്പ് മാത്രം.