വയറ്റിലെ അണയാത്ത തീ


ഹറിൻ കേരളീയ സമാജം വാർത്താ മാസികയിൽ അച്ചടിച്ചുവന്ന ഒരു കുറിപ്പ് സ്കാൻ കോപ്പിയടക്കം ഇവിടെ പങ്കുവെക്കുന്നു.  നന്ദി ശ്രീദേവി എം.മേനോൻ (എഡിറ്റർ-ജാലകം).

4

1

2

3

ഡോൿടർ ബാലകൃഷ്ണനെ ഞാൻ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായ കൃഷേട്ടൻ വഴിയാണ്. കൃഷേട്ടനെ പരിചയപ്പെടുന്നത് അക്ഷരങ്ങളിലൂടെയും. അക്ഷരാഭ്യാസമില്ലാത്ത എന്നെപ്പറ്റി കൃഷേട്ടൻ പറഞ്ഞുകൊടുത്തത് പ്രകാരം വല്ലതും നാലക്ഷരം വായിച്ച് രക്ഷപ്പെട്ടോട്ടെ എന്ന് കരുതീട്ടാവും ഡോൿടർ അദ്ദേഹത്തിന്റെ A passion called life എന്ന പുസ്തകം എനിക്ക് കൃഷേട്ടൻ വഴി എത്തിച്ചുതന്നത്.

മുസ്‌രീസിന്റെ ചരിത്രമറിയാൻ ചരിത്രകുതുകിയായ ഡോൿടർക്കും താൽ‌പ്പര്യമുണ്ട്, പുസ്തകമിറങ്ങുമ്പോൾ ഒരു കോപ്പി എത്തിച്ചുകൊടുക്കണമെന്ന് കൃഷേട്ടൻ പറഞ്ഞതനുസരിച്ച്, പുസ്തകവുമായാണ് മരടിലുള്ള ഡോൿടറുടെ വീട്ടിൽ ഞാനെത്തിയത്. നിറയെ മരങ്ങൾ വളർന്നു നിൽക്കുന്ന പഴയൊരു തറവാടാണത്.
ചിരപരിചിതരെപ്പോലെ ഏറെ നേരം ഞങ്ങളിരുന്ന് സംസാരിച്ചു.

എൺപതുകളിലേക്ക് കടന്നതുകൊണ്ട് കഴിഞ്ഞ ഒന്നുരണ്ട് കൊല്ലം മുൻപ് അദ്ദേഹം പ്രാൿറ്റീസ് നിർത്തിയിരിക്കുകയാണ്. എങ്കിലും അദ്ദേഹത്തിന്റെ ‘വയറ്റിലെ തീ’ ഇപ്പോഴും കെട്ടിട്ടില്ല. വെറുതെയിരിക്കാൻ അദ്ദേഹത്തിനാവുന്നില്ല; ഇത്രയും നാൾ കർമ്മനിരതനായിരുന്ന ഒരാൾക്ക് ആവുകയുമില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹമിപ്പോൾ എഴുത്തിലേക്ക് കടന്നിരിക്കുന്നത്. ഇതുവരെയുള്ള ജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങൾ അദ്ദേഹം പുസ്തരൂപത്തിൽ പുറത്തിറക്കിക്കഴിഞ്ഞു. അതിൽ രണ്ടാമത്തെ പുസ്തകവും കൈയ്യോടെ ഒപ്പിട്ട് എനിക്ക് തന്നു. പുസ്തകത്തിന്റെ പേര് Fire in my belly. ഇനിയും സസ്‌പെൻസ് നീട്ടിക്കൊണ്ട് പോകുന്നത് ശരിയാകില്ല.

എന്താണ് അദ്ദേഹത്തിന്റെ വയറ്റിലെ ആ തീ ? വിശദമാക്കാം.

ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ആദ്യ ഗ്യാസ്‌ട്രോ‌എൻ‌ട്രോളജിസ്റ്റ് എന്ന് ഡോ:ബാലകൃഷ്ണനെ പരിചയപ്പെടുത്തുന്നതാകും എളുപ്പം. അദ്ദേഹത്തിനൊപ്പം അതേ പദവി അലങ്കരിച്ചിരുന്ന ഡോ: മൊഹമ്മദ് ഹബീബുള്ള ഇപ്പോൾ ജീവിച്ചിരുപ്പില്ല. രണ്ട് പേരും പഠിച്ചിറങ്ങിയത് PGI (Post Graduate Institute of Medical Science) ചണ്ടിഗഡിൽ നിന്നാണ്. ആ ബാച്ചിൽ ആകെയുണ്ടായിരുന്ന രണ്ടുപേരാണ് ഡോ:ബാലകൃഷ്ണനും ഡോ:ഹബീബുള്ളയും. കേരളത്തിലെ ഗ്യാസ്‌ട്രോ‌എൻ‌ട്രോളജി വൈദ്യവിഭാഗത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്നതും ഡോൿടർ ബാലകൃഷ്ണനെത്തന്നെ.

ഒരു സംസ്ഥാനത്ത് ആദ്യമായി ഒരു മെഡിക്കൽ സ്പെഷ്യാലിറ്റി ഉടലെടുക്കുമ്പോൾ, അല്ലെങ്കിൽ അത് കെട്ടിപ്പടുത്ത് കൊണ്ടുവരുമ്പോൾ ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികൾ പലതുണ്ടല്ലോ ? അതിനെയാണ് ഡോ:സ്വന്തം ഭാഷയിൽ ‘വയറ്റിലെ തീ’ എന്ന് വിശേഷിപ്പിക്കുന്നത്. വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പുസ്തക രൂപത്തിൽ വന്നപ്പോൾ അതിന് Fire in my belly എന്നതിനേക്കാൾ ഇണങ്ങുന്ന മറ്റൊരു പേരിടാനുമില്ല.

തുടക്കത്തിൽ ആർമിയിൽ മേജർ ആയിട്ടും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുദ്ധകാലത്തെ (1970 ഇന്ത്യാ-പാക്ക് യുദ്ധം) നിർബന്ധിത സേവനമായിരുന്നു അതെങ്കിലും എല്ലാ ചെറുപ്പക്കാരും അൽ‌പ്പകാലമെങ്കിലും പട്ടാളത്തിൽ ചേരണമെന്നും ദേശസ്നേഹം എന്താണെന്ന് എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും ഡോൿടർ പറയുന്നു. സത്യത്തിൽ, യുദ്ധം പ്രഖ്യാപിച്ച അന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിവാഹവും. മധുവിധുവിലേക്ക് കടക്കേണ്ട സമയത്ത് ഡോൿടർ ചെന്നുകയറിയത് പട്ടാള പരിശീലന ക്യാമ്പിലേക്കാണ്. എല്ലാത്തരത്തിലും, അദ്ദേഹത്തിന്റെ ആദ്യകുടുംബം ആതുരസേവനമാണെന്നും പിന്നീടേ ഭാര്യയും മക്കളും വരൂ എന്നൊക്കെ, വീട്ടിൽ എല്ലാവരും കളിയായി പറയുന്നത് സസന്തോഷമാണ് ഡോൿടർ ശരിവെക്കുന്നത്. താൻ രാഷ്ട്രത്തിന് വേണ്ടി ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തിന്റെ ഗൌരവം കൃത്യമായിത്തന്നെ അദ്ദേഹം ഉൾക്കൊള്ളുകയും ‘വയറ്റിലെ തീ’ കെടാതെ കൊണ്ടുനടക്കുകയും ചെയ്തു. പട്ടാളത്തിൽ നിന്നിറങ്ങിയശേഷം 45 കൊല്ലത്തെ അദ്ദേഹത്തിന്റെ സേവനം ഗ്യാസ്‌ട്രോ‌എൻ‌ട്രോളജിസ്റ്റ് എന്ന നിലയ്ക്ക് മാത്രമുണ്ട്.

സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച ശേഷം മറ്റ് പല ആശുപത്രികളിലും സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിക്കുന്നത് കൊച്ചിയിലെ അമൃത സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്നാണ്. ഇന്നദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ ഇതേ വിഭാഗത്തിന്റെ തലവന്മാരായി ജോലി ചെയ്യുന്നത്.

ഒരു സ്പെഷ്യാലിറ്റി ചികിത്സാസമ്പ്രദായത്തിന്റെ തുടക്കക്കാരനെന്ന നിലയ്ക്ക് സ്വാഭാവികമായും അദ്ദേഹത്തെ തേടിവന്നിട്ടുള്ള സ്ഥാനമാനങ്ങൾ നിരവധിയാണ്. 1974-75 ൽ WHO (World Health Organization) ന്റെ ഫെല്ലോഷിപ്പ്, 1985ൽ ഫ്രഞ്ച് ഹെൽത്ത് ആന്റ് മെഡിക്കൾ റിസർച്ച് കൌൺസിലിന്റെ വിസിറ്റിങ്ങ് ഫെല്ലോഷിപ്പ്, 1987-88ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ‌എൻ‌ട്രോളജിയുടെ പ്രസിഡന്റ്, എന്നിവയെല്ലാം അതിൽ എടുത്ത് പറയേണ്ടതാണ്.

1989ൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഡോ:ബി.സി.റോയ് നാഷണൽ അവാർഡ്, 2010ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ‌എൻ‌ട്രോളജിയിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവയൊക്കെ അദ്ദേഹത്തെ തേടിവന്നിട്ടുള്ള അംഗീകാരങ്ങളിൽ ചിലത് മാത്രം.

ആദ്യപുസ്തകത്തിൽ സ്വന്തം ജീവിതത്തിൽ നിന്നുള്ള ഏടുകളാണ് അദ്ദേഹം വായനക്കാർക്ക് നൽകുന്നത്. രണ്ടാമത്തെ പുസ്തകത്തിൽ പ്രൊഫഷണൽ രംഗത്തുനിന്നുള്ള അനുഭവങ്ങളും. വൈദ്യശാസ്ത്രരംഗത്തുള്ളവർ ഒരു കൈപ്പുസ്തകമായി സൂക്ഷിക്കേണ്ടതാണ് Fire in my belly. ഇതിനെല്ലാം പുറമേ നാല് മെഡിക്കൽ പുസ്തകങ്ങളുടെ എഡിറ്ററായി അദ്ദേഹം വർത്തിച്ചിട്ടുണ്ട്. എണ്ണമറ്റ മെഡിക്കൽ ജേർണലുകൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാക്കാര്യങ്ങളും ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന സ്വഭാവമുള്ള വ്യക്തിയായതുകൊണ്ട് ചികിത്സാ രംഗത്തുനിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ രചനകൾ വായനക്കാരിലേക്ക് എത്തുവാൻ ആ ഡയറികളെല്ലാം സഹായിക്കുന്നു. തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ രചനയിലാണ് അദ്ദേഹം ഇപ്പോൾ. പുസ്തകം അച്ചടിച്ചിറക്കി അതിൽ നിന്ന് ലാഭം കൊയ്യണമെന്നൊന്നും അദ്ദേഹത്തിനില്ല. പുസ്തകരൂപത്തിൽ ലഭ്യമാകാത്തവർക്ക് വേണ്ടി Fire in my belly പീഡീഎഫ് രൂപത്തിൽ സൌജന്യമായി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട് അദ്ദേഹം. വളരെ ലളിതമായ ഭാഷയിലാണ് സങ്കീർണ്ണമായ തന്റെ ഔദ്യോഗിക ജീവിതം വായനക്കാർക്ക് മുൻപിൽ അദ്ദേഹം വരച്ചിടുന്നത്.

അക്ഷരങ്ങളുടെ ലോകത്ത് വന്ന് ചേർന്നില്ലായിരുന്നെങ്കിൽ വള്ളത്ത് ബാലകൃഷ്ണനെന്ന അനുഗ്രഹീത വ്യക്തിത്വത്തെ പരിചയപ്പെടാനും പരസ്പരം പുസ്തകങ്ങൾ കൈമാറാനും, അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാനും, കുറെനേരം സ്വസ്ഥമായിരുന്ന് സംസാരിക്കാനുമൊക്കെ എനിക്കൊരിക്കലും കഴിയില്ലായിരുന്നു. എന്റെ വയറ്റിൽ രോഗാവസ്ഥയിൽ ആ തീ എന്നെങ്കിലും വന്നാൽ ചിലപ്പോൾ അത് കെടുത്താൻ അദ്ദേഹത്തിന്റെ ശിഷ്യന്മാരെ ആരെയെങ്കിലും സമീപിക്കേണ്ടി വന്നാലും ആ ചികിത്സാസമ്പ്രദായത്തിന് വേണ്ടി ജീവിതം തന്നെ സമർപ്പിച്ച ഡോൿടറുടെ ചരിത്രം ഞാനൊരിക്കലും അറിയാൻ സാദ്ധ്യതയുണ്ടായിരുന്നില്ല. തൊട്ടടുത്ത് ജീവിക്കുന്ന ഒരു മഹത് വ്യക്തിത്വത്തെ അടുത്തറിയാനും സൌഹൃദം സ്ഥാപിക്കാനുമെല്ലാം ഇടയാക്കിയ സാഹചര്യങ്ങൾ എന്തൊക്കെയായാലും അതിനെല്ലാം നന്ദി. അദ്ദേഹത്തിന്റെ വയറ്റിലെ തീ ഒരിക്കലും അണയാതിരിക്കട്ടെ. രോഗികളുടെ വയറ്റിലെ തീ അണയ്ക്കാൻ അദ്ദേഹത്തിനെന്നും കഴിയുമാറാകട്ടെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>