Monthly Archives: January 2023

സൗദി വെള്ളക്ക


66
ളരെ നല്ല അഭിപ്രായങ്ങൾ മാത്രമാണ് ഓൺലൈനിൽ സൗദി വെള്ളക്കയെപ്പറ്റി കണ്ടത്. അതുകൊണ്ടുതന്നെ എന്തായാലും കാണുമെന്ന് തന്നെ തീരുമാനിച്ചിരുന്നു. മാത്രമല്ല തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു. ആ കഴിവ് മികവുകൾ വീഴ്ച്ചയില്ലാതെ അദ്ദേഹം നിലനിർത്തിയിട്ടുണ്ടെങ്കിൽ സൗദി വെള്ളക്ക നല്ലൊരു സിനിമ തന്നെ ആകാതെ തരമില്ല എന്ന് കണക്ക് കൂട്ടലും ഉണ്ടായിരുന്നു.

പതിയ താളത്തിൽ തുടങ്ങി അന്ത്യമായപ്പോഴേക്കും പിടിച്ചുലച്ച് കളയുന്ന രീതിയിലേക്കാണ് ചിത്രം പുരോഗമിച്ചത്. കണ്ണ് നനയാതെ അവസാനഭാഗങ്ങൾ കണ്ടിരിക്കാനാവില്ല.

തരുൺ മൂർത്തി ഓർമ്മിപ്പിക്കുന്നത് ഹിന്ദിയിലെ മധുർ ഭണ്ഡാകർ എന്ന സംവിധായകനെയാണ്. സിനിമ, ബിസിനസ്സ്, ഫാഷൻ, മീഡിയ എന്നിങ്ങനെയുള്ള മേഖലകളിൽ നമുക്കറിയാത്ത പിന്നാമ്പുറ കഥകളാണ് മധുർ ഭണ്ഡാകർ സ്ക്രീനിലെത്തിച്ചത്. രണ്ട് സിനിമകളിലൂടെ തരുൺ മൂർത്തി ചെയ്തതും അത് തന്നെയല്ലേ? ആദ്യ സിനിമയായ ഓപ്പറേഷൻ ജാവയിൽ സൈബർ സെല്ലും കേസന്വേഷണവുമൊക്കെ ആയിരുന്നു വിഷയമെങ്കിൽ സൗദി വെള്ളക്കയിൽ അത് കോടതിയുടെ പിന്നാമ്പുറ കഥകളാണ്. ഇന്ത്യയിൽ കെട്ടിക്കിടക്കുന്ന 47 മില്ല്യൺ കേസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന സിനിമ കാണിക്കുന്നത് ഒട്ടും ഏച്ചുകെട്ടില്ലാത്ത കോടതി രംഗങ്ങളാണ്. ഒരിക്കലെങ്കിലും കേരളത്തിലെ ഏതെങ്കിലും ഒരു കോടതിയിൽ ഒരു ദിവസമെങ്കിലും കാത്തുകെട്ടി നിന്നിട്ടുള്ള ഒരാൾക്ക് ഒരു തരത്തിലും വിയോജിക്കാനാവാത്ത കോടതി രംഗങ്ങൾ.

നീണ്ട് നീണ്ട് പോകുന്ന കേസുകൾ. വാദിക്ക് പോലും മടുക്കുന്ന അവസ്ഥയിലെത്തി കേസ് തോറ്റിട്ടായാലും ഒഴിവാകാൻ നടത്തുന്ന നീക്കങ്ങൾ. അതിനിടയിൽ രംഗത്ത് വരുന്ന പച്ചയായ ജീവിതങ്ങൾ. സ്വാഭാവികമായ സംഭാഷണങ്ങൾ. നാട്യങ്ങളില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ. ഇത്ര നാളും എവിടായിരുന്നു തരുൺ എന്ന് ആത്മാർത്ഥമായും ചോദിക്കേണ്ട അവസ്ഥ.

കൊച്ചിയിലെ സൗദി എന്ന പ്രദേശത്തെ മുൻ നിർത്തിയുള്ള സിനിമയാകുമ്പോൾ കൊച്ചിക്കാരുടെ സ്ലാങ്ങും രീതികളും കൃത്യമായി പിന്തുടരുന്നുണ്ട് കഥാപാത്രങ്ങൾ. താരബാഹുല്യമില്ലാതെ അഭിനേതാക്കൾ എന്ന് പോലും തോന്നിക്കാതെ, നേർ ജീവിതങ്ങൾ മാത്രം രംഗത്ത് വരുന്ന ഇത്തരം കൊച്ച് വലിയ സിനിമകൾ, പത്ത് ഇക്ക-ഏട്ടൻ സിനിമകൾ കണ്ടതിനേക്കാൾ വലിയ സന്തോഷമാണ് നൽകുന്നത്.

സൗദി വെള്ളക്ക കാണാതെ പോയാൽ നഷ്ടമാകും എന്ന് ശക്തമായി ശുപാർശ ചെയ്യുന്നു.

ഉള്ളിലിപ്പോഴും കുടുങ്ങിക്കിടക്കുന്ന ചില സംഭാഷണങ്ങൾ എടുത്ത് പറയാതെ വയ്യ.

സംഭാഷണം 1:- മഴ കഴിഞ്ഞാൽ കുട എല്ലാവർക്കും ഒരു ബാദ്ധ്യതയാ.

സംഭാഷണം 2:- ഉമ്മയുടെ ബസ്സിൻ്റെ സമയമെത്രയാണ്. ഉമ്മയുടെ സമയമാകെ തെറ്റി നിൽക്കയല്ലേ മോനേ?

സംഭാഷണം 3:- ഇത്രേയുള്ളല്ലേ മനുഷ്യർ? ഇത്രേമുണ്ടടോ മനുഷ്യർ.

എന്തെങ്കിലും ഒന്നുരണ്ട് കുറവുകൾ പറഞ്ഞില്ലെങ്കിൽ മോശമല്ലേ എന്നതുകൊണ്ട് മാത്രം പറയട്ടേ?

പോളിച്ചേച്ചിയുടേം സൃന്ദയുടേം ശബ്ദം വളരെ പരിചിതമായതുകൊണ്ട്, പകരം പരിചിതമല്ലാത്ത മറ്റേതെങ്കിലും ശബ്ദം മതിയായിരുന്നു എന്ന് തോന്നി. ഏതെങ്കിലും ഒരു സിനിമയിൽ മോഹൻലാലിൻ്റെ കഥാപാത്രത്തിന് മമ്മൂട്ടി ഡബ്ബ് ചെയ്താൽ തോന്നുന്ന ഒരു പ്രശ്നം.

മലയാള സിനിമയിൽ ഗർഭിണികൾക്കുള്ള വയറ് വെച്ചുകെട്ടൽ അൽപ്പം പോലും പുരോഗമിച്ചിട്ടില്ല എന്നത് ഈ സിനിമയിൽ മാത്രമല്ല, മിക്കവാറും എല്ലാ സിനിമകളുടേയും പ്രശ്നമാണ്. ഇപ്പറഞ്ഞ വയറ് അത്ര വലിയ മേക്കപ്പ് സംഭവമല്ലെന്നിരിക്കേ വിദേശത്ത് നിന്ന് ‘ഗർഭം‘ ഇറക്കുമതി ചെയ്തിട്ടോ കൃത്യമായ ‘ഗർഭം‘ ഇവിടെത്തന്നെ ഉണ്ടാക്കിയെടുത്തിട്ടോ 100% കൃത്യത വരുത്താൻ ഏതെങ്കിലുമൊരു മേക്കപ്പ്മാനോ മേക്കപ്പ് വുമണോ മേക്കപ്പ് കമ്പനിയോ മുൻകൈ എടുത്തിരുന്നെങ്കിൽ!

അറിയിപ്പ്:- ഇതൊരു സമ്പൂർണ്ണ സിനിമാ അവലോകനമല്ല. ഞാൻ ആ ടൈപ്പ് ആളല്ല