മൊഹബത്ത് ഹെ ക്യാ?


22
ഗരത്തിലെ ഭോജനശാലകളിലെ, പുതിയ ഒരു ചൂട് പാനീയമാണ് മൊഹബത്ത്.

നമ്മുടെ സുലൈമാനിയുടെ വല്യേട്ടൻ എന്ന് വേണമെങ്കിൽ പറയാം. കട്ടൻ ചായയിൽ നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുന്നതാണ് സുലൈമാനി അഥവാ ലൈം ടീ. നാരങ്ങ നീരിന് പുറമേ ധാരാളമായി ഇഞ്ചി ചിരകി ഇടുന്നതും പോരാഞ്ഞ് മിന്റ് ഇലകളും ചേർത്താൽ മൊഹബത്ത് ആയി. ചെറുതായി തൊണ്ട അടപ്പ് ഉള്ളവർക്ക് ഗംഭീര മരുന്നാണ് മൊഹബത്ത്.

പനമ്പിള്ളി നഗറിലെ ‘മന്ന’ റസ്റ്റോറന്റിൽ വെച്ച് എനിക്കാദ്യമായി മൊഹബ്ബത്തിനെ പരിചയപ്പെടുത്തിയത് ഗീതിയാണ് Geethi Sangeetha. പിന്നീടങ്ങോട്ട് മൊഹബത്ത് കിട്ടാൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്ന എല്ലാ റസ്റ്റോറന്റുകളിലും ഞാൻ അതേപ്പറ്റി തിരക്കി വാങ്ങി കുടിക്കാറുണ്ട്. ഇടപ്പള്ളി വഴി പോകുമ്പോൾ ഇഫ്താർ റസ്റ്റോറന്റിൽ നിന്നും ഞാനത് കുടിച്ചിട്ടുണ്ട്.
തൃക്കാക്കരയിൽ ഞാൻ താമസിക്കുന്നതിന് തൊട്ടടുത്തുള്ള പലാരം റസ്റ്റോറന്റിൽ കയറിയപ്പോൾ, അവിടെ മൊഹബത്ത് കിട്ടുമോ എന്ന് അന്വേഷിക്കുകയുണ്ടായി. പക്ഷേ ആ അന്വേഷണത്തിൽ ഒരു പാളിച്ച സംഭവിച്ചു!

എന്റെ മകളുടെ പ്രായം പോലുമില്ലാത്ത ഒരു ഇതര സംസ്ഥാന പെൺകുട്ടിയാണ് ഓർഡർ എടുക്കാൻ വന്നത്.

“മൊഹബ്ബത്ത് ഹെ ക്യാ?” എന്നായിരുന്നു എന്റെ ചോദ്യം.

അവളുടെ മുഖഭാവം മാറി. ‘ഈ കിളവൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരുന്ന ആളാണല്ലോ; ഇത്തരക്കാരനായിരുന്നോ ഇയാൾ?’…… എന്ന് അവളുടെ മുഖത്തെഴുതി വെച്ചിട്ടുണ്ട്.

എന്ത് പറയണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് അവൾ. പെട്ടെന്ന് എനിക്ക് കാര്യഗൗരവം പിടികിട്ടി. അവൾ എന്തെങ്കിലും നടപടി എടുക്കുന്നതിന് മുൻപ് ഞാൻ കരുതലോടെ പ്രവർത്തിച്ചു.
“ലൈം ടീയിൽ ഇഞ്ചിയും മിൻ്റും ഇട്ട് ഉണ്ടാക്കുന്ന പാനീയമാണ് മൊഹബ്ബത്ത് “.. എന്ന് ഒറ്റയടിക്ക് ഞാൻ പറഞ്ഞു തീർത്തു.

അവളുടെ മുഖം വിടർന്നു. നാണത്തിൽ കുതിർന്ന ഒരു ചിരിയും മേമ്പൊടിയായിട്ടുണ്ട്.
ഹോ… രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരിയുടെ തല്ല് കൊള്ളേണ്ടി വന്നില്ല. മാനം കപ്പല് കയറാതെ കാത്തു.

വീട്ടിൽ തിരിച്ചെത്തിയ ഉടനെ, മൊഹബത്ത് എന്ന വാക്കുള്ള സകല പാട്ടുകളും ശേഖരത്തിൽ നിന്ന് ഡിലീറ്റ് ചെയ്തു. ഈ പ്രായത്തിൽ ഇനി റിസ്ക്ക് എടുക്കാൻ വയ്യ. “ഹാ, ഹം കോ മൊഹബത്ത് ഹേ… മൊഹബത്ത് ഹേ… മൊഹബത്ത് ” എന്നൊക്കെ ഹമീത് ബച്ചൻ ഡയലോഗ് അടിക്കുന്ന സിൽസില എന്ന സിനിമയിലെ ലതാജിയുടെ ഗാനവും അക്കൂട്ടത്തിൽ ഡീലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. (ചുമ്മാ)

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>