ചിത്രങ്ങൾ തന്നെ കഥ പറയും. എന്നാലും രണ്ട് വാക്ക് പറയാതെ വയ്യ.
പാതയോരങ്ങളും കുന്നുകളും മലകളുമൊക്കെ ഇത്തരം കൂറ്റൻ കട്ടൗട്ടുകളും പരസ്യപ്പലകകളും കൊണ്ട് മലീമസമായിട്ട് കാലം ഏറെയായി. പുഴകളും നദികളുമൊക്കെ ചാക്കിൽ കെട്ടിയ മാലിന്യം തള്ളാനുള്ള ഇടങ്ങൾ തന്നെയായിട്ടാണ് പ്രബുദ്ധ കേരള ജനത ഉപയോഗിക്കുന്നതെങ്കിലും അൽപ്പം ദൂരെ മാറി നിന്ന് നോക്കിയാൽ ആ വൃത്തികേടും നാറ്റവുമൊന്നും അറിയില്ലായിരുന്നു.
ഇപ്പോൾ ദാ അവിടന്നും പോയി കാര്യങ്ങൾ. നദികളും പുഴകളും കായലുകളും പോലും, സ്വാഭാവികവും നൈസർഗ്ഗികവുമായ പ്രകൃതി സൗന്ദര്യം ഇനി നമുക്ക് നൽകില്ല.
അതിന് കാരണം തിരഞ്ഞെടുപ്പുകളാകാം, പത്താം ക്ലാസ്സ് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാഫലങ്ങളാകാം, ലോകകപ്പ് ഫുട്ബോൾ ആകാം, ലോകകപ്പ് ക്രിക്കറ്റ് ആകാം, സിനിമകളാകാം, താരാരാധനയാകാം, നമ്മുടെ വന്യമായ ചിന്തകളിൽപ്പോലും ഇല്ലാത്ത മറ്റെന്തെങ്കിലും ഒരു കാരണമാകാം.
കാരണമെന്തായാലും ഇതിൽ നിന്നൊരു തിരിച്ചു പോക്ക് ഇനിയാരും പ്രതീക്ഷിക്കേണ്ടതില്ല.
മൂന്നാമത്തെ ചിത്രത്തിൽ, മുഖ്യമന്ത്രി പറയുന്നത്, അദ്ദേഹത്തിന്റെ ആരാധകർക്കും അണികൾക്കും നടപ്പിലാക്കാൻ കഴിഞ്ഞെങ്കിലെന്ന് വൃഥാ ആഗ്രഹിച്ച് പോകുന്നു. കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ ചിത്രമെങ്കിലും ഇത്തരം ഏർപ്പാടുകളിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിൽ!
ആരെങ്കിലുമൊക്കെ കാണാൻ വരുമ്പോൾ, വലിയ വാചകക്കസർത്തുകൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് അവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല, സംസ്ഥാനത്ത് അതൊക്കെ നടപ്പിലാക്കുന്നതെന്ന കാര്യം മുഖ്യമന്ത്രിയും മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
വാൽക്കഷണം:- വേറൊരു ഫുട്ബോൾ താരത്തിന്റെ കൂറ്റൻ കട്ടൗട്ടും നദിക്കരയിൽ ഉയർന്നിട്ടുണ്ട്. ഇനിയും ഉയരും പല തലകൾ. എല്ലാം തിരഞ്ഞ് പിടിച്ച് നിരത്തുന്നത് എൻ്റെ ജോലിയല്ല. കാര്യം മനസ്സിലാക്കാൻ ഇത് മതിയാകും.