കേരളത്തിലെ റോഡുകൾ

ചോര വീഴുന്ന സീബ്രാ ക്രോസ്സിങ്ങുകൾ


33
ചെറുവണ്ണൂരിൽ (കോഴിക്കോട്) സീബ്രാ ലൈൻ മുറിച്ച് കടക്കുമ്പോൾ അതി വേഗത്തിൽ വന്ന ബസ്സ് വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ കണ്ട് നടുങ്ങിപ്പോയി.

അത്തരമൊരു അപകടത്തിൽ നിന്ന് ആ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. വിദ്യാർത്ഥിനി സീബ്രാ ക്രോസിങ്ങിലേക്ക് വരുന്നതും ഇരുവശത്തേയും പോകുന്ന വാഹനങ്ങൾ പലവട്ടം വീക്ഷിച്ച ശേഷം റോഡ് മുറിച്ച് കടക്കാൻ ആരംഭിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബസ്സ് ഇടിക്കുമെന്ന് കണ്ട് ഓടുന്നതും കാണാം. പക്ഷേ, ബസ്സ് എന്നിട്ടും ഇടിച്ച് തെറിപ്പിക്കുകയാണ്.

അത്രയൊക്കെ ആ കുട്ടി ചെയ്തിട്ടും ബസ്സ് ഡ്രൈവർക്ക് അപകടം ഒഴിവാക്കാനാവുന്നില്ല. അതിന്കാരണങ്ങൾ പ്രധാനമായും മൂന്നാണ്.

കാരണം 1:- അമിത വേഗത. നിർത്തണമെന്ന് ആഗ്രഹിച്ചാലും, ബ്രേക്ക് വഴങ്ങാത്ത അത്രയും വേഗത. ഇത്തരം വലിയ വാഹനങ്ങൾ ബ്രേക്ക് ചവിട്ടിയാലും നിശ്ചിതദൂരം സഞ്ചരിച്ചേ നിൽക്കൂ. വേഗത കുറക്കാതെ ബ്രേക്ക് മാത്രം ചവിട്ടിയതുകൊണ്ട് ഒരു കാര്യവുമില്ല. ടൺ കണക്കിന് ഭാരം മുന്നോട്ട് കുതിക്കുമ്പോൾ അതിന് വന്നുചേരുന്ന സ്വാഭാവികമായ പ്രവേഗം (Velocity) ബ്രേക്ക് കൊണ്ട് മാത്രം നിയന്ത്രിക്കാനാവില്ല. യന്ത്രം വഴി ആ ഭാരത്തിന് നൽകുന്ന വേഗം കുറയ്ക്കുക തന്നെ വേണം.

കാരണം 2:- സീബ്രാ ക്രോസിങ്ങ് എന്താണെന്നും എന്തിനാണെന്നും ഡ്രൈവർക്ക് അറിയില്ല. അവിടെ എത്തുമ്പോൾ എങ്ങനെ പെരുമാറണമെന്ന് അജ്ഞത. കാൽനട യാത്രക്കാർക്ക് കടന്ന് പോകാനുള്ള അടയാളമാണത്. അല്ലാതെ റോഡിന് ഭംഗി കൂട്ടാൻ കുറുകെ വരച്ച വെളുത്ത ഡിസൈൻ വരകളല്ല.

കാരണം 3:- സീബ്രാ ക്രോസ്സിങ്ങിൽ എങ്ങനെ പെരുമാറണമെന്ന് അറിയാമെങ്കിലും അങ്ങനെ പെരുമാറാൻ തയ്യാറല്ലാത്ത, ബസ്സുകാർ നിരത്തിൽ കാണിക്കുന്ന സ്ഥിരം ധാർഷ്ട്യം, തോന്ന്യാസം.

സ്വകാര്യ വാഹനങ്ങൾ ഉള്ളവർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാം, ചെയ്ത് തീർക്കാം. ബസ്സിൽ സഞ്ചരിക്കുന്നവർക്ക് പോലും ബസ്സ് എത്തുന്ന സമയത്തിനെത്തി കാര്യങ്ങൾ നടത്താം. കാൽനടക്കാരന് നടന്ന് തന്നെ പോയി വേണം കാര്യങ്ങൾ നടത്താൻ. വാഹനമുള്ളവരെല്ലാം മിടുക്കന്മാരും നടന്ന് പോകുന്നവർ കീടങ്ങളുമാണെന്നുള്ള മനോഭാവമാണ് വളയത്തിന് പിന്നിലിരിക്കുന്ന ഓരോരുത്തരും ആദ്യം ദൂരെക്കളയേണ്ടത്.

വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് പലർക്കും വിഷമമുള്ള കാര്യമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ വിഷമമുള്ളവരെ കാര്യമാക്കാതെ പറയുകയാണ്. ഒരു വിദേശരാജ്യത്തായിരുന്നെങ്കിൽ ഈ ബസ്സ് ഡ്രൈവർ പിന്നെ വാഹനമോടിച്ചെന്ന് വരില്ല. വിദേശരാജ്യങ്ങളിലേത് പോലെ പെരുമാറാൻ ആകുന്നില്ലെങ്കിൽപ്പിന്നെ എന്തിനാണ് റോഡിൽ അവർ ചെയ്യുന്നത് പോലെ സീബ്ബ്രാ ക്രോസ്സിങ്ങുകൾ വരച്ചിടുന്നത്?

ഏതൊരു പ്രശ്നത്തിനും പരിഹാരം ആവശ്യമാണല്ലോ? ഇക്കാര്യത്തിൽ രണ്ട് പരിഹാരങ്ങൾ നിർദ്ദേശിക്കാം.

പരിഹാരം 1:- ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാരെ ഒന്നൊന്നായി വിളിച്ചു വരുത്തിയോ കൂട്ടത്തോടെ വിളിച്ചു വരുത്തിയോ, സീബ്രാ ക്രോസ്സിങ്ങിനെപ്പറ്റി ബോധവൽക്കരണം നടത്തുക. കൂട്ടത്തിൽ റൗണ്ട് എബൗട്ടിൽ വാഹനം ഓടിക്കുന്നത് എങ്ങനെയെന്ന് കൂടെ പഠിപ്പിച്ചാൽ നന്ന്. റോങ്ങ് സൈഡിലൂടെ ഓവർ ടേക്ക് ടേക്ക് ചെയ്യുന്നത് അടക്കമുള്ള എല്ലാ മര്യാദകേടും ഒട്ടയടിക്ക് തിരുത്തി ഇക്കൂട്ടരെ രായ്ക്ക് രാമാനം മഹാന്മാരാക്കാമെന്ന വ്യാമോഹം അരുത്.

പരിഹാരം 2:- സീബ്രാ ക്രോസ്സിങ്ങിൽ വാഹനം നിർത്തിക്കൊടുക്കാത്ത ഡ്രൈവർമാരെ എ. ഐ. ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തി, അവരെ എല്ലാ സീബ്രാ ക്രോസ്സിങ്ങുകളിലും ചെന്ന് നിന്ന്, ജനങ്ങളെ റോഡ് മുറിച്ച് കടക്കാനും ക്രോസ്സിങ്ങ് അനുവദിക്കാതെ തിരക്ക് കൂട്ടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ബോധവൽക്കരിക്കാനുമുള്ള ‘സോഷ്യൽ സർവ്വീസ് ശിക്ഷ‘ കുറഞ്ഞത് 90 ദിവസത്തേക്കെങ്കിലും നൽകുക. അയാളത് ചെയ്യുന്നുണ്ടെന്ന് ഏതെങ്കിലും ഒരു ഹോം ഗാർഡ് വഴി ഉറപ്പ് വരുത്തുക. ചെയ്യുന്നില്ലെങ്കിൽ ലൈസൻസ് എന്നെന്നേക്കുമായി റദ്ദ് ചെയ്യുക.

പരിഹാരം 3:- സീബ്രാ ക്രോസ്സിങ്ങുകൾ അടക്കമുള്ള റോഡ് അടയാളങ്ങൾ എന്താണെന്ന് റോഡ് ടെസ്റ്റ് നടത്തുമ്പോൾ പരീക്ഷാർത്ഥിയോട് ചോദിച്ച് മനസ്സിലാക്കുക. എഴുത്ത് പരീക്ഷയിൽ അവർ അതിന് കൃത്യമായ ഉത്തരം നൽകിയത് കാര്യമാക്കേണ്ട. പ്രാക്റ്റിക്കലാണ് മുഖ്യം. സീബ്രാ ക്രോസ്സിങ്ങ് കാണുമ്പോൾ പരീക്ഷാർത്ഥി വേഗത കുറക്കുന്നില്ലെങ്കിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ പരാജയപ്പെടുത്തുക.

മറ്റ് സംസ്ഥാനങ്ങളെപ്പോലെ അല്ല കേരളം. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും ഉള്ളതുകൊണ്ട് ഇനിയങ്ങോട്ട് കൂടുതൽ വികസിക്കാനോ റോഡുകൾക്ക് വീതി കൂട്ടാനോ സാദ്ധ്യമല്ല. ഉള്ള സ്ഥലത്ത് തന്നെ കുടുംബങ്ങൾ വികസിക്കുന്നതിന് അനുസരിച്ച് പുതിയ വീടുകൾക്കുള്ള സ്ഥലം പോളും തികഞ്ഞെന്ന് വരില്ല, വരും കാലങ്ങളിൽ. എന്നുവെച്ച് വാഹനങ്ങൾക്ക് ഒരു കുറവും ഉണ്ടാകുന്നുമില്ല. നൂറു കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസം ഓരോ RT ഓഫീസുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. നടപ്പാതകളാകട്ടെ, തട്ടിട്ട് മീൻ വിൽക്കുന്നവർ (അത് മറ്റൊരു ചർച്ചയ്ക്കുള്ളതുണ്ട്) അടക്കം വഴിവാണിഭക്കാർ കയ്യടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാൽനട എന്നത് പേടി സ്വപ്നമാണ്. കുട്ടികളായാലും മുതിർന്നവരായാലും വീട്ടിൽ നിന്നിറങ്ങി, പോയ കാര്യം ചെയ്ത് തീർത്ത് വരുന്നത് വരെ വീട്ടിലുള്ളവർക്ക് ആധിയായിരിക്കും.

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലെ ഡ്രൈവർ തൽക്ഷണം മരിച്ച് പോകുകയും ബസ്സ് പാതയോരത്തേക്ക് ഇടിച്ച് കയറുന്നതും നമ്മൾ കണ്ടത് ഈ ആഴ്ച്ചയിൽ തന്നെയാണ്. അതൊന്നും അശ്രദ്ധ കാരണമല്ല. മനുഷ്യസഹജം മാത്രം.

പക്ഷേ, അത്തരം അപകടങ്ങളും പതിയിരിക്കുന്ന വഴികളിലൂടെയാണ് ഇനിയുള്ള കാലം മലയാളിക്ക് സഞ്ചരിക്കാനുള്ളത്. പട്ടണങ്ങളിലേക്ക് പോകുമ്പോൾ മാത്രമല്ല ഈ പ്രശ്നങ്ങൾ കാത്തിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. അത്രയ്ക്കുണ്ട് വാഹനപ്പെരുപ്പം. അശ്രദ്ധമായി വാഹനം ഓടിക്കലും മദ്യപിച്ച് വാഹനമോടിക്കലും മയക്കുമരുന്ന് അടിച്ച് വാഹനമോടിക്കലും ലൈസൻസ് ഇല്ലാത്ത കുട്ടികൾ അടക്കമുള്ളവർ വാഹനമോടിക്കലുമൊക്കെ വേറെയും.

ഇതിനിടയിൽക്കൂടെ സുരക്ഷിതമായി ജനങ്ങൾ വീട്ടിൽ തിരികെ എത്തണമെങ്കിൽ ഇതുപോലുള്ള ഡ്രൈവർമാർക്ക് എതിരെയെങ്കിലും കർശന നിയമം നടപ്പിലാക്കുക തന്നെ വേണം.