സെപ്റ്റംബർ മാസം 25ന് അരുണേഷിന്റെ ഒരു മെയിൽ വന്നു. ഓൺലൈനിലൂടെ പരിചയപ്പെടുകയും പിന്നീട് ഓഫ്‌ലൈൻ ആകുകയും ചെയ്ത സുഹൃത്താണ് അരുണേഷ്.
*********************************
“ ഹായ് മനോജേട്ടന്‍….
എങ്ങനെ പോകുന്നു ജീവിതവും ജീവിതാന്വേഷണങ്ങളും? വെർച്ച്വൽ & ഓണ്‍ലൈന്‍ ജീവിതം നന്നായി പോകുന്നു എന്ന് പോര്‍ട്ടലില്‍ നിന്നും മനസ്സിലാക്കുന്നു. സന്തോഷം. ജൂത ജീവിതാന്വേഷണങ്ങള്‍, ഗ്രീന്‍വെയിന്‍ പ്രവര്‍ത്തനങ്ങള്‍, ശങ്കുണ്ണിയേട്ടന്‍ സീരീസ് വിപുലീകരണം എന്നിവയൊക്കെ ഭംഗിയായി മുന്നേറുന്നു എന്നുതന്നെ കരുതുന്നു. ഇനി കത്തിന്റെ ഉദ്ദേശ്യത്തിലേക്ക്….
കൂടെയുള്ള ചിത്രത്തിലെ കല്ലറ തിരിച്ചറിയാന്‍ കഴിയുമോ? ഉത്തരം കൃത്യമാണെങ്കില്‍ ‘കല്ലറകളുടെ തോഴന്‍’ എന്ന പേര് ചാര്‍ത്തി നല്‍കുന്നതായിരിക്കും.
സസ്നേഹം
- അരുണേഷ്
കല്ലറയുടെ ചിത്രങ്ങൾ
********************************
ഞാനൊരു ശ്മശാനം നിരങ്ങിയാണെന്ന് അരുണേഷ് എങ്ങനെയോ ഗ്രഹിച്ചിരിക്കുന്നു. ചത്തുപോയവർ ഉപദ്രവം ഒന്നും ഉണ്ടാക്കില്ലെന്ന് മാത്രമല്ല അൽപ്പം മനഃസമാധാനവും തരും എന്നതുകൊണ്ടാണ് ശ്മശാനങ്ങളോട് കൂടുതൽ അടുപ്പം. എന്തായാലും ‘കല്ലറ നിരങ്ങി‘ എന്ന പദവി കിട്ടിയാൽ അതുവെച്ച് ഒന്ന് വിലസാമല്ലോ ? ഒരു കൈ ശ്രമിക്കാൻ തന്നെ തീരുമാനിച്ച് തലച്ചോറും ചകിരിച്ചോറും വലിച്ച് വെളിയിലിട്ട് ചികഞ്ഞു തുടങ്ങി.
കണ്ടിട്ടുള്ളതും ഒരുപാട് നേരം ചാരി ഇരുന്നിട്ടുള്ളതുമായ കല്ലറയൊന്നുമല്ല ഇത്. ജൂതന്മാരുടെ കല്ലറകളിൽ കുരിശ് കാണില്ല. പകരം നക്ഷത്രമായിരിക്കും. ചരിത്രപ്രാധാന്യമുള്ള ഏതെങ്കിലും കല്ലറയെപ്പറ്റിയാകാം അരുണേഷ് ചോദിക്കുന്നത്. എനിക്ക് ഈ കല്ലറയുടെ ചരിത്രം അറിയാമെന്ന് അരുണേഷ് കരുതുന്നുമുണ്ടാകാം. അതായിക്കൂടേ എന്നോട് ചോദിക്കാനുള്ള കാരണം ? ആ വഴിക്ക് പോയി ആദ്യ ചിന്തകൾ.
അങ്ങനെയാണെങ്കിൽ അതേത് കല്ലറയായിരിക്കും ? കൂടുതലുള്ള ചകിരിച്ചോറിനിടയിൽ കുറവുള്ള തലച്ചോറ് പിടിതരാതെ തെന്നിക്കളിച്ചു, ഏറെ നേരം.
പിന്നൊരു ഊഹം മാത്രം വെച്ചുകൊണ്ട് മറുപടി കൊടുത്തു.
“ ജൂതന്മാരുടെ കല്ലറയാണെന്ന് തോന്നുന്നില്ല. കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജറായിരുന്ന സായിപ്പിന്റെ, ഭാര്യ ഇസബെല്ലിനെ മൂന്നാറിലെ സി.എസ്.ഐ. പള്ളിക്ക് പുറകിലുള്ള സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുണ്ടെന്നറിയാം. ഞാനത് അടുത്ത് ചെന്ന് കണ്ടിട്ടില്ല. അതാണോ ? അത് ആയാലും അല്ലെങ്കിലും കല്ലറകളുടെ തോഴൻ എന്ന പട്ടത്തിന് യോഗ്യത കൈവരിക്കാൻ ഇനീം സമയമെടുക്കും “
ഉടനെ തന്നെ അരുണേഷിന്റെ മറുപടി വന്നു.
കലക്കി മറിച്ചു… സംഗതി ദതന്നെ. സമ്മതിച്ചിരിക്കുന്നു.
അപ്പോൾ അത് തന്നെ സംഭവം. ശ്മശാനത്തിൽ അട്ട ശല്യമുണ്ടെന്ന് പറഞ്ഞ് വാച്ച്മാൻ കടത്തിവിട്ടില്ല ഒരിക്കൽ ആ വഴി പോയപ്പോൾ. പിന്നീട് പലവട്ടം മൂന്നാറ് പോയിട്ടുണ്ടെങ്കിലും സെമിത്തേരിയിൽ കടക്കാൻ സൌകര്യപ്പെട്ടിട്ടുമില്ല. എന്നാലെന്താ ഒരു സുഹൃത്ത് വഴി എനിക്കാ കല്ലറയുടെ പടം കാണാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു !!
ഒരു കുന്നിന്റെ ചരുവില്‍ നില്‍ക്കുന്ന പുരാതനമായ സി.എസ്.ഐ. പളളിയുടെ ചരിത്രം കൌതുകം ജനിപ്പിക്കുന്നതും അതേസമയം ചെറുതായി നൊമ്പരപ്പെടുത്തുന്നതുമാണ്. ഈ പള്ളി വരുന്നതിനും 17 വര്‍ഷത്തിന് മുന്‍പ് തന്നെ അവിടത്തെ സെമിത്തേരി വന്നിരുന്നു. അതാണ് ആ പള്ളിയുടെ കഥയിലെ കൌതുകരമായ ഭാഗം.
കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജറായിരുന്ന ഹെന്‍റി മാന്‍സ് ഫീല്‍ഡ് നൈറ്റ് എന്ന സായിപ്പിന്റെ, 23 കാരിയായ ഭാര്യയായ എലനര്‍ ഇസബെല്‍ മൂന്നാറിലെത്തിയപ്പോള്‍ ആ സ്ഥലത്തിന്റെ ഭംഗി കണ്ടിട്ട് …
“ഞാന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്റെ മുകളില്‍ അടക്കം ചെയ്യണം” എന്ന് പറയുന്നു.
അത് പറഞ്ഞ് മൂന്നാം ദിവസം എലനര്‍ ഇസബെല്‍ കോളറ വന്ന് മരിക്കുന്നു. അവരെ ആ കുന്നിന്റെ മുകളില്‍ ഇപ്പോള്‍ പള്ളിയിരിക്കുന്നതിന്റെ പുറകിലായി അടക്കം ചെയ്യുന്നു. പിന്നീട് 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുന്നിന്‍ ചെരുവില്‍ പള്ളി വന്നത്. സെമിത്തേരിയിലാകട്ടെ വിദേശികളുടേയും സ്വദേശികളുടേയുമായി കൂടുതല്‍ ശവമടക്കുകള്‍ നടക്കുകയും ചെയ്തു.
ഇപ്പോഴിത് പറയാൻ കാരണമെന്താണെന്നാവും ?!
ഈ മാസം 23ന് കൊളുക്കുമലൈ ട്രക്കിങ്ങിനായി മധു തങ്കപ്പനും കൂട്ടർക്കുമൊപ്പം മൂന്നാറിലേക്ക് പോകുന്നുണ്ട്. സി.എസ്.ഐ. പള്ളിക്ക് മുന്നിലൂടെയാണ് കടന്നുപോകേണ്ടത്. 10 മിനിറ്റ് സമയം വാഹനം അവിടെ നിർത്തിക്കിട്ടിയാൽ, 23കാരി ഇസബെല്ലിനോട് അൽപ്പം ലോഹ്യം പറഞ്ഞ് വരാമായിരുന്നു. അരുണേഷ് അയച്ചുതന്ന ഫോട്ടോ കണ്ടപ്പോൾ മുതൽ, “ഇവിടെ അന്തിയുറങ്ങണം” എന്നുപറഞ്ഞ ഇസബെല്ലിനെ കാണണമെന്ന ആഗ്രഹം വല്ലാതെയുണ്ട്.
കാട് കയറിക്കിടക്കുന്ന കല്ലറകൾ, കായ്ച്ചുലഞ്ഞ് നിൽക്കുന്ന പ്ലാവുകൾ, തേനൂറുള്ള ചക്കച്ചുളകൾ എന്നിവയുടെയൊക്കെ പടങ്ങൾ അയച്ചുതന്ന് സ്നേഹ പരീക്ഷണങ്ങൾ നടത്തുന്ന സുഹൃത്തുക്കൾക്കെല്ലാം നന്ദി. ഒരു കല്ലറ കാണുമ്പോഴും ഒരു ചുള ചക്ക കാണുമ്പോളും ഈയുള്ളവനെ ഓർക്കുന്നുണ്ടല്ലോ ? അതിൽപ്പരം എന്ത് വലിയ സന്തോഷമാണ് വേണ്ടത് ? ഏത് പട്ടമാണ് ചാർത്തിക്കിട്ടേണ്ടത് ?
വാൽക്കഷണം:- ചരിത്രപ്രാധാന്യമുള്ള ഒരു കല്ലറയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവുന്നില്ല. ഇതേ കിടപ്പാണെങ്കിൽ അധികം വൈകാതെ അത് പൂർണ്ണമായും നാശമാകും. അതിന് മുന്നേ ഒന്ന് പോയി കാണണം ഇസബെല്ലിനെ.
ഈ കല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന പലരും നമ്മുടെ ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം ഉള്ളവരായിരിക്കും അല്ലെ? ആ കല്ലറകൾ ശരിയായവിധം സംരക്ഷിച്ചാൽ ഇനി വരുന്ന തലമുറകൾ ആ മഹദ്‌വ്യക്തികളെ ഓർത്തിരിക്കും. അല്ലെങ്കിൽ അവർ നമുക്കായി ചെയ്തകാര്യങ്ങൾ ആ കല്ലറകൾക്കൊപ്പം കാലത്തിന്റെ പ്രവാഹത്തിൽ മാഞ്ഞുപോകും. അത് നമ്മൾ അവരോട് ചെയ്യുന്ന നന്ദികേടായിരിക്കും.
(ശ്മശാനം അല്ലെ മനോജേട്ടാ ശരി)
@മണികണ്ഠൻ – എന്താ സംശയം ? ശ്മശാനം തന്നെ. എനിക്ക് തെറ്റിയതാണ്. എല്ലായിടത്തും ഉടനെ തിരുത്തുന്നു. നന്ദി മണീ.
Such a charming kallara! Ithu vayichappol, thangale pole kallarakal thiranju pokaan oru agraham.
ഹും ഡിറ്റക്റ്റീവ് ഷെർലക് ഹോംസ് മനോജ്
while taking kannan devan tea….sure i will remember ………