കടല്‍

കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പും കോമഡിയാകുമ്പോൾ


hqdefault

ഫാനി ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്താൻ പോകുന്നതിനാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ തലത്തിൽ നിന്ന് ലഭിച്ച ജാഗ്രതാ മുന്നറിയിപ്പ് ഒന്നുമാത്രമാണ് ഈ കുറിപ്പിനാധാരം.

വളരെ വിശദമായ ഒരു ജാഗ്രതാ നിർദ്ദേശമായിരുന്നു ലഭിച്ചത്. അതിൽ മൂന്ന് കാര്യങ്ങൾ വ്യക്തമായിത്തന്നെയുണ്ട്. അഥവാ മൂന്ന് പ്രത്യേക സ്ഥലങ്ങളിൽ ജീവിക്കുന്നവരെയോ ബാധിക്കുന്ന കാര്യങ്ങളാണ് മുന്നറിയിപ്പിൽ പറയുന്നത്.

1. കടൽത്തീരത്ത് താമസിക്കുന്നവർ, മത്സ്യബന്ധനത്തിന് പോകുന്നവർ. അവർക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ. കൊള്ളാം നല്ലത് തന്നെ.

2. നദിക്കരയിൽ ജീവിക്കുന്നവർക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്. മുൻപ് വെള്ളം കയറിയ പ്രദേശത്തുള്ളവർ അത്യാവശ്യം വേണ്ട സാധനങ്ങൾ ചേർത്ത് ഒരു പൊതി ഉണ്ടാക്കി വെക്കുന്നതിനെപ്പറ്റി വരെ നിർദ്ദേശിക്കുന്നുണ്ട്. എന്നുവെച്ചാൽ ഈ കാറ്റ് കാരണം ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ വരെ മുന്നറിയിപ്പായി നൽകിയിരിക്കുന്നു. നല്ലത്, വളരെ നല്ലത്, ഇങ്ങനെ തന്നെ വേണം.

3. മലമ്പ്രദേശത്ത് ജീവിക്കുന്നവർക്കും ആ പ്രദേശങ്ങളിൽ ഉല്ലാസ സവാരി പോകാനിരിക്കുന്നവർക്കും വേണ്ടി നൽകുന്ന മുന്നറിയിപ്പ്. ഉരുൾ‌പൊട്ടൽ അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകാം. ശ്രദ്ധിക്കുക. നല്ലത്..

ഇനി ഒരുകാര്യം ചോദിക്കട്ടെ. ഒന്നുകിൽ കടലോരം, അല്ലെങ്കിൽ മലയോരം, അല്ലെങ്കിൽ നദീതടങ്ങൾ. ഈ മൂന്ന് സ്ഥലങ്ങളല്ലാതെ വേറെ മറ്റേത് സ്ഥലമാണ് കേരളത്തിലുള്ളത് ?

എന്നുവെച്ചാൽ, ഇപ്പോൾ സർക്കാരിൽ നിന്ന് കിട്ടുന്ന മുന്നറിയിപ്പ്. ഓഖി വന്നാലും പ്രളയം വന്നാലും സുനാമി വന്നാലും ഒരുപോലെ എടുത്തുപയോഗിക്കാൻ പറ്റുന്ന ഒരു മുന്നറിയിപ്പ് മാത്രമാണ്. മുൻ‌കാലങ്ങളിൽ ചില പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായപ്പോൾ മുന്നറിയിപ്പ് നൽകിയില്ല എന്ന പരാതി ഇനിയങ്ങോട്ട് സർക്കാരിനെതിരെ ഉണ്ടാകാൻ പോകുന്നില്ല. പതിവ് വിട്ട് പ്രകൃതി എന്തെങ്കിലും അനക്കമുണ്ടാക്കുമെന്ന് തോന്നിയാലുടനെ ഈ മുന്നറിയിപ്പ് എല്ലാവർക്കും കിട്ടുന്നതാണ്. പിന്നെ സർക്കാരും
ഉദ്യോഗസ്ഥന്മാരും സുരക്ഷിതർ. ആനന്ദലബ്ദ്ധിക്കിനി എന്തുവേണം ? ഈ ചുഴലിക്കാറ്റ് വന്നതിന്റെ പേരിൽ ഇവിടെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? വെള്ളപ്പൊക്കം ഉണ്ടാകാൻ എത്ര ദിവസം എത്രത്തോളം മഴ പെയ്തെന്നും മറ്റ് ഘടകങ്ങളും എല്ലാവർക്കും ബോദ്ധ്യമുള്ളതാണല്ലോ. പിന്നെന്തിന് ഈ മുന്നറിയിപ്പിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ?

എല്ലാ പ്രകൃതിക്ഷോഭങ്ങൾക്കും ഇങ്ങനെ ഒരേ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നാൽ ഒരു കുഴപ്പമുണ്ട്. പുലി വരുന്നേ പുലി എന്ന കഥ പോലെയാകും. കൂടുതൽ വിശദമാക്കണ്ടല്ലോ ? ജനം ഇത്തരം മുന്നറിയിപ്പുകൾക്ക് പുല്ലുവില പോലും കൊടുക്കില്ല. അല്ലെങ്കിലും വില കൊടുക്കാറില്ല. പക്ഷെ പ്രളയത്തിന്റെ ചുവടുപിടിച്ച് ഒന്ന് ശ്രദ്ധിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. അതാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.

ഇനി ഇപ്പോൾ ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ അല്ലെങ്കിൽ ഫാനി ചുഴലിക്കാറ്റിന്റെ കാര്യമെടുക്കാം. 28, 29, 30 തീയതികളിൽ ആഞ്ഞ് വീശുമെന്ന് പറഞ്ഞെങ്കിലും അതിന്റേതായ ഒരനക്കവും ഇന്നലെ വരെ കാണിച്ചില്ല, ഇന്നും കാണിക്കുന്നില്ല. അപ്പോഴേക്കും മറ്റൊരു നിരീക്ഷണം വന്നു.  കാറ്റ് തീരത്തെത്താൻ മെയ് 2 എങ്കിലുമാകും. ഏറ്റവും പുതിയ നിരീക്ഷണം കുറേക്കൂടെ കേമമാണ്. ചുഴലിക്കാറ്റ് ദിശമാറി, തീരം വിട്ട് ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് കടക്കുന്നു. എങ്ങനെയുണ്ട് കാലാവസ്ഥാ നിരീക്ഷണം ?

ചില വിദേശരാജ്യങ്ങളിൽ അന്നന്നത്തെ കാലാവസ്ഥ ഒരു മണിക്കൂറിന്റെ പോലും വ്യത്യാസമില്ലാതെ കൃത്യം കൃത്യമായി പറയുന്നത് അനുഭവത്തിലുണ്ട്. അവിടങ്ങളിൽ ജനങ്ങൾ പുറത്ത് പോകുമ്പോൾ കുടയെടുക്കണോ കോട്ടിട്ട് പോകണോ എന്നൊക്കെ തീരുമാനിക്കുന്നത് കാലാവസ്ഥാ നിരീക്ഷണത്തെ ആശ്രയിച്ചാണ്.

സാങ്കേതിക വിദ്യ ഇത്ര പുരോഗമിച്ചിട്ടും ചൊവ്വയിലേക്ക് വരെ വിക്ഷേപണം നടത്തിയിട്ടും ഉപഗ്രഹങ്ങളെ വരെ തകർക്കാൻ പോന്ന മുന്നേറ്റമുണ്ടാക്കിയിട്ടും സാധാരണമായ ഒരു മഴ പ്രവചിക്കുന്ന കാര്യത്തിൽ വരെ നമുക്കിപ്പോഴും തപ്പിപ്പിഴയാണ്. ഉപഗ്രഹങ്ങളുടെ കുഴപ്പമാണോ ഉപകരണങ്ങളുടെ കുഴപ്പമാണോ അതൊക്കെ പ്രവർത്തിപ്പിക്കുന്നവരുടെ കുഴപ്പമാണോ അതോ പൊതുജനത്തിന്റെ കുഴപ്പമാണോ, എന്തരോ എന്തോ ?

പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട് എന്നുള്ള ആ പഴയ നിരീക്ഷണമുണ്ടല്ലോ ? അതിന് ഇതിനേക്കാൾ പതിന്മടങ്ങ് അന്തസ്സും ആഭിജാത്യവുമുണ്ട്.

എന്നെങ്കിലും നന്നാകുമായിരിക്കും അല്ലേ ? പരാജയപ്പെടുന്നതിന്റെ തൊട്ട് മുൻപുള്ള നിമിഷം വരെ,…. ക്ഷമിക്കണം പ്രതീക്ഷകൾ അസ്ഥാനത്താണെന്ന് മനസ്സിലാക്കുന്നതിന് തൊട്ട് മുൻപുള്ള നിമിഷം വരെ പ്രതീക്ഷയുണ്ടാകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ ? ഓരോരോ പ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് !

വാൽക്കഷണം:- പശ്ചിമഘട്ടത്തിലൂടെ ഒരു ദീർഘയാത്ര പുറപ്പെടാനിരുന്നവന്റെ വഴി മുടക്കിയ കാലാവസ്ഥാ മുന്നറിയിപ്പിനോടുള്ള കലിപ്പായിട്ട് ഈ കുറിപ്പിനെ കണ്ടാലും തെറ്റ് പറയാനാവില്ല.

ചിത്രം:- Media Graamam