രാവിലെ സൂറത്ത് നഗരത്തിൽ നിന്നും 30 കിലോമീറ്റർ മാറിയുള്ള കാമറേജ് എന്ന സ്ഥലത്തുള്ള വർക്ക്ഷോപ്പിലേക്ക് ഭാഗിയെ കൊണ്ടുപോയി. അവളെ മടക്കയാത്രയ്ക്ക് സജ്ജയാക്കേണ്ടതുണ്ട്. ബറോഡയിൽ വെച്ച് ലീഫുകൾ മാറ്റിയ അന്ന് മുതൽക്കുള്ള പ്രശ്നങ്ങൾ തീർക്കണം. ബ്രേക്ക് അല്പം കുറവായി കാണുന്നു. അത് പരിഹരിക്കണം.
സുരേഷ് മാപ്രാണം ഇതിനെല്ലാം വേണ്ട സൗകര്യങ്ങൾ ചെയ്തു തന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭാഗി മിടുമിടുക്കിയായി വർക്ക് ഷോപ്പിൽ നിന്നും പുറത്തു വന്നു. സുരേഷിന് ഒരുപാട് നന്ദി.
ഉച്ചയ്ക്ക് ശേഷം ആഷയ്ക്കൊപ്പം മൂന്ന് സെമിത്തേരികളും ഒരു പടിക്കിണറും കാണാൻ പദ്ധതി ഇട്ടിരുന്നു. ഇതെല്ലാം നഗരപരിധിക്കുള്ളിൽ തന്നെയാണ് വരുന്നത്.
അർമേനിയൻ സെമിത്തേരിയും ഡച്ച് സെമിത്തേരിയും ഒരുപാട് കെട്ടിടങ്ങൾക്ക് നടുക്കുള്ള ഒരു വളപ്പിലാണ് ഉള്ളത്. അതിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ഞങ്ങൾ എത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. സമീപത്തുള്ള കുട്ടികൾ അവിടെ ക്രിക്കറ്റ് കളിക്കുന്നു. എത്ര പ്രൗഢഗംഭീരമായ ശവകുടീരങ്ങൾ ആണതെന്നോ! 2012 കാലഘട്ടത്തിൽ ചില മിനുക്ക് പണികൾ നടന്നിട്ടുണ്ട് എന്നതൊഴിച്ചാൽ കാര്യമായ സംരക്ഷണമൊന്നും ഈ ശവക്കല്ലറകൾക്ക് ലഭിക്കുന്നില്ല. സൂറത്തിലെത്തുന്ന സഞ്ചാരികൾ ഇങ്ങോട്ട് വരുകയോ, ഈ കല്ലറകൾ കാണാൻ വേണ്ടി തന്നെ സൂറത്തിലേക്ക് വരുന്നവരോ വിരളമാണ്.
* അർമേനിയക്കാരുടെ ഇന്ത്യൻ ചരിത്രം പറയാൻ പോയാൽ ഒരുപാടുണ്ട്. അക്ബറിന്റെ ഭാര്യമാരിൽ ഒരാൾ അർമേനിയക്കാരി ആയിരുന്നു.
* 14-16 നൂറ്റാണ്ടുകളിൽ അർമേനിയക്കാർ ധാരാളമായി ഇന്ത്യയിൽ ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ അവരുടെ ഇന്ത്യയിലെ ജനസംഖ്യ ഉന്നതിയിലേക്ക് എത്തുകയും ചെയ്തു.
* രത്നങ്ങളും അമൂല്യമായ കല്ലുകളും സിൽക്കും ഒക്കെ ഇന്ത്യയിൽ നിന്ന് അവർ കയറ്റുമതി ചെയ്തിരുന്നു.
* കുടുംബത്തോടെ ഇന്ത്യയിൽ വന്ന് സ്ഥിരതാമസം ആക്കിയവരായിരുന്നു പല അർമേനിയക്കാരും.
* പഴയ അർമേനിയൻ ഭാഷയിൽ എഴുതിയ ശിലാഫലങ്ങൾ അവരുടെ ശവകുടീരങ്ങളിൽ ഉണ്ട്.
* കുട്ടികളുടേത് അടക്കം ചെറുതും വലുതുമായി അൻപതിൽ അധികം ശവകുടീരങ്ങൾ ഇവിടെയുണ്ട്.
അര്‍മേനിയൻ സെമിത്തേരിയിൽ നിന്ന് 200 മീറ്റർ മാറിയാണ് ബ്രിട്ടീഷ് സെമിത്തേരി. ശരാശരി 30 വയസ്സിൽ മരിച്ചു പോയിട്ടുള്ള ഒരുപാട് ബ്രിട്ടീഷുകാരുടെ ശവകുടീരങ്ങൾ ഉണ്ട് അവിടെ. അതിൽ ധാരാളം പട്ടാളക്കാരുടെ കല്ലറകളും ഉണ്ട്.
പല കല്ലറകളും നശിച്ചിരിക്കുന്നു. പരിപാലനം തീരെ കുറവാണ് ഇവിടെയും. ഇന്ത്യയിൽ പല ബ്രിട്ടീഷ് സെമിത്തേരികളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഗംഭീരമായത് ആദ്യമായാണ് കാണുന്നത്. പൂർണ്ണമായും നശിച്ചു പോകുന്നതിനു മുൻപ് കുറേക്കൂടെ ഭംഗിയായി രീതിയിൽ സംരക്ഷിക്കപ്പെടേണ്ടതാണ് ഈ സ്മാരകങ്ങൾ. കൂടുതൽ സഞ്ചാരികളുടേയും ചരിത്ര കുതുകികളുടേയും സാന്നിദ്ധ്യം ഈ സ്മാരകങ്ങൾ അർഹിക്കുന്നുണ്ട്.
അടുത്തതായി ഖമ്മാവതി പടിക്കിണറിലേക്കാണ് പോയത്. ഇടുങ്ങിയ ഒരു തെരുവിലേക്കാണ് ഗൂഗിൾ മാപ്പ് നയിച്ചത്. അവിടെ ഒരു പടിക്കിണറിന്റെ സാദ്ധ്യത എങ്ങനെ ഉണ്ടാകാനാണ് എന്നാണ് ആദ്യം ചിന്തിച്ചത്. തെരുവിൽ ഇരിക്കുന്ന ഒന്ന് രണ്ടു പേരോട് വഴി തിരക്കി. അവർ കാണിച്ചുതന്ന വഴി ശരിക്കും അത്ഭുതപ്പെടുത്തി. തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുൻ വാതിൽ തുറന്ന് അകത്തേക്ക് കടന്നാൽ ഒരു കിടപ്പുമുറിയിലാണ് ചെല്ലുക. അതിന്റെ പുറകുവശത്തെ കവാടത്തിലൂടെ ചെന്നാൽ പടിക്കിണർ കാണാം. നല്ല ഒന്നാന്തരം കയ്യേറ്റം.
കിണറിനുള്ളിൽ പുതുതായി ഒരു ക്ഷേത്രവും പണിത് വച്ചിട്ടുണ്ട്. കിണറിന്റെ ഭാഗങ്ങളാകട്ടെ ചുള്ളിക്കമ്പുകളും മറ്റ് മാലിന്യങ്ങളും കൊണ്ട് വൃത്തിഹീനമായി കിടക്കുന്നു. ഇതുവരെ കണ്ടതിൽ ഏറ്റവും ശോചനീയ അവസ്ഥയിലുള്ള ഒരു പടിക്കണർ. ഇതിലും ഭേദം അതങ്ങ് മൂടി ഇല്ലാതാക്കുകയായിരുന്നു. ചരിത്രത്തിനോട് ഇത്രയും വലിയ അവഹേളനം പാടില്ല.
ഇന്നും ഇന്നലെയും ചില വ്യത്യസ്ത ഭക്ഷണങ്ങൾ പരീക്ഷിച്ചിരുന്നു. ലോച്ചോ എന്ന പലഹാരമാണ് അതിലൊന്ന്. ഉണ്ടാക്കിയപ്പോൾ വെള്ളത്തിന്റെ അളവ് കൂടിപ്പോയ ഒരു പലഹാരമാണ് ലോച്ചോ. മിസ്റ്റേക്ക് അഥവാ അബദ്ധം എന്നാണ് ലോച്ചോ എന്ന ഗുജറാത്തി പദത്തിന്റെ അർത്ഥം.
ശുഭരാത്രി.