ഇന്നലെ രാത്രി ഞാൻ ഉറക്കത്തിലേക്ക് വീഴുന്നതിന് മുൻപ്തന്നെ എലിക്കെണിയിൽ ഒരു എലി വീണു. ഇത് ഞാൻ ഭാഗിയിൽ നിന്ന് പിടിക്കുന്ന അഞ്ചാമത്തെ എലിയാണ്.
അപ്പോൾത്തന്നെ അവനെ ദൂരെ കൊണ്ടുപോയി കളഞ്ഞ് വീണ്ടും എലിക്കെണി തയ്യാറായി. പക്ഷേ രാവിലെ പുതിയ എലികൾ ഒന്നും വീണിട്ടുണ്ടായിരുന്നില്ല.
എലിശല്യം ഇതോടെ തീർന്നെന്ന് ഞാൻ കരുതുന്നില്ല. തുടർന്നുള്ള എല്ലാ ദിവസവും രാത്രി എലിക്കെണി വെക്കാനാണ് തീരുമാനം.
ഇന്ന് കുറെക്കൂടെ ഭേദപ്പെട്ട ഒരു വിശ്രമ ദിനമായിരുന്നു. നവരത്ന റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് എങ്ങും പോയില്ല. രാവിലെ ലിസക്കൊപ്പം ഓൺലൈനിൽ ഇരുന്ന് ഗുജറാത്തിലെ ഹബ്ബുകൾ തീരുമാനമാക്കി.
12 മണി കഴിയും ഈ റസ്റ്റോറന്റിലെ പാചകക്കാരും തൊഴിലാളികളും ഉറക്കമുണരാൻ. വെളുപ്പിന് 4 മണിവരെ അവർ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് രാവിലെ ഇവിടന്ന് ഭക്ഷണം ഒന്നും കിട്ടില്ല. ഇന്നലെ വാങ്ങിയ മുട്ടയും ബ്രഡും പ്രാതലിന് കഴിച്ചു.
ഇന്ന് കാര്യമായി മറ്റു വിശേഷങ്ങൾ ഒന്നും പറയാനില്ലാത്തതുകൊണ്ട് രാജസ്ഥാനിലെ ഭക്ഷണ സമ്പ്രദായത്തെപ്പറ്റി പറയാം.
പ്രാതൽ അഥവാ ബ്രേക്ക്ഫാസ്റ്റ് എന്ന ഒരു സമ്പ്രദായം ഇവർക്ക് ഇല്ല. ഒരുവിധം റസ്റ്റോറൻ്റുകളിൽ നിന്ന് രാവിലെ 10 -11 മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. അഥവാ കിട്ടിയാലും ഒരു കച്ചോരി; അല്ലെങ്കിൽ ഒരു സമോസ. അത്രേയുള്ളൂ.
മറുനാട്ടുകാരും വിദേശികളും വന്ന് താമസിക്കുന്ന ഹോട്ടലുകൾക്കുള്ളിലെ റസ്റ്റോറന്റിൽ, ജീവനക്കാരുടെ ഗതികേടുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നുണ്ടാകാം. അത് അവരുടെ ബിസിനസിന്റെ ഭാഗമായിട്ടാണ്. പൊതു രീതിയായി കണക്കാക്കരുത്.
വഴിനീളെയുള്ള റസ്റ്റോറന്റുകളും ചായക്കടകളും ഒക്കെ തുറന്ന് വെച്ചിട്ടുണ്ടാകും. വല്ലതും കഴിക്കാം എന്ന് കരുതി നിർത്തിയാൽ ബിസ്ക്കറ്റ് ഉണ്ടെന്ന് പറയും. ആ കടകളിലെല്ലാം പാക്കറ്റിൽ വരുന്ന ഭക്ഷണ സാധനങ്ങൾ മാലപോലെ തൂങ്ങി കിടക്കുന്നുണ്ടാകും. മുതിർന്നവരും കുട്ടികളും ഒക്കെ അത് വളരെ കാര്യമായി വാങ്ങി കഴിക്കുകയും ചെയ്യും. അത്തരം ഫാസ്റ്റ് ഫുഡ് സാധനങ്ങളെ നമ്മൾ ബ്രേക്ഫാസ്റ്റ് എന്ന് വിളിക്കുമോ? അത് കഴിച്ചാൽ നമുക്ക് വല്ലതും കഴിച്ചതായി തോന്നുമോ?
ഇത്തരം പാക്കറ്റ് ഭക്ഷണങ്ങൾ വരുന്നതിന് മുൻപ് എങ്ങനെയായിരുന്നു രാജസ്ഥാനിലെ സാമാന്യ ജനങ്ങൾ പ്രാതൽ കഴിച്ചിരുന്നതെന്ന് ഞാൻ ഒന്നുരണ്ട് രാജസ്ഥാനികളോട് അന്വേഷിച്ചു.
പാലിന് ഒരു ക്ഷാമവും ഇല്ലാത്ത നാടാണിത്. തലേന്ന് രാത്രി ഉണ്ടാക്കുന്ന റൊട്ടി പാലിൽ കുതിർത്തി കഴിക്കും. തലേന്ന് രാത്രിയിലെ എന്തും അങ്ങനെ കഴിക്കും. അതാണ് ബ്രേക്ക്ഫാസ്റ്റ്. പാക്കറ്റ് ഭക്ഷണങ്ങൾ വന്നതിനുശേഷം കുറച്ച് പേരെങ്കിലും അതിലേക്ക് മാറി, പരിഷ്ക്കാരികളായി. എന്നിരുന്നാലും ഗ്രാമപ്രദേശങ്ങളിൽ തലേന്ന് ഉണ്ടാക്കിയ റൊട്ടി കുതിർത്തി തിന്നുന്ന ശീലം തന്നെ ഇപ്പോഴും തുടരുന്നു.
ഇത് ഞാൻ രാജസ്ഥാൻ മുഴുവൻ സർവ്വേ നടത്തി പറയുന്ന കാര്യങ്ങൾ അല്ല. എന്റെ ജിജ്ഞാസ കാരണം ഒന്നോ രണ്ടോ പേരോട് മാത്രം അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ ആണ്. ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
എന്തായാലും, 11 മണിക്ക് മുൻപ് ഏതെങ്കിലും റസ്റ്റോറന്റിൽ ചെന്ന് പ്രാതൽ കഴിക്കാമെന്ന് കരുതിയാൽ നടക്കില്ല, എന്നത് എൻ്റെ അനുഭവമാണ്. അതിൽ ഒരു മാറ്റവുമില്ല. ഒരുപാട് സഞ്ചാരികൾ വന്ന് മറിയുന്ന രൺധംബോർ എന്ന സ്ഥലത്തുള്ള ചൗപ്പാത്തി എന്ന റസ്റ്റോറന്റ് സമുച്ചയം പോലും 11 മണിക്കാണ് തുറന്ന് കണ്ടത്.
സമ്പത്തുള്ളവൻ ഇവിടെ രാജാവ് ആണ്. അവൻ രാജാവിന്റെ ജീവിതം ജീവിക്കുന്നുണ്ടാകാം; നാലുനേരം ഭക്ഷണം കഴിക്കുന്നുണ്ടാകാം. പക്ഷേ സാധാരണക്കാരന് രണ്ട് നേരം ഭക്ഷണം എന്നത് തന്നെ വലിയ കാര്യമാണ്.
കേരളത്തിൽ ഒരു ശരാശരി മനുഷ്യൻ അല്ലെങ്കിൽ ഇടത്തരം കുടുംബത്തിലുള്ളവർ മൂന്നുനേരം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ രാജസ്ഥാനിൽ അങ്ങനെയില്ല എന്ന് വേണം മനസ്സിലാക്കാൻ. ഇവരിൽ കൂടുതൽ പേരും രണ്ടുനേരം ഭക്ഷണം കഴിക്കുന്നവരാണ്; ഉച്ചക്കും രാത്രിയും.
നമ്മൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന വിഷയം ഓൺലൈനിൽ കാണിച്ചുതരുന്ന കാലമാണല്ലോ. ഇവിടത്തെ ഈ ഭക്ഷണരീതികളെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ, രണ്ടു ദിവസം മുൻപ് എനിക്കൊരു മലയാളം ലേഖനം കിട്ടി അതിന്റെ സ്ക്രീൻഷോട്ട് താഴെ ചേർക്കുന്നുണ്ട്. അത് പ്രകാരം, ഇന്ത്യക്കാർ ബ്രേക്ഫാസ്റ്റ് കഴിക്കാൻ തുടങ്ങിയത്, സായിപ്പന്മാർ വന്നതിനുശേഷമാണത്രേ!
കിലോമീറ്ററോളം നടക്കുന്ന മനുഷ്യരാണ് രാജസ്ഥാനികൾ. വലിയൊരു സംസ്ഥാനമാണിത്.
റോഡുകൾ പലതും അങ്ങോട്ടുമിങ്ങോട്ടും ഉണ്ട്. പക്ഷേ, ആ വഴിയിലൂടെ എല്ലായ്പ്പോഴും പൊതുഗതാഗതം ഇല്ല. ഒരു അച്ഛനും അമ്മയും രണ്ട് കുട്ടികളേയും തോളിലേറ്റി ഒരുപാട് ദൂരം ചേർന്ന് നടക്കുന്നത് കാണാം. ഭക്ഷണ സമയം ആകുമ്പോൾ, അവർ റോഡിന്റെ ഷോൾഡറിൽ തുണി വിരിച്ച് കുന്തിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടിട്ടുണ്ട്. അവർക്ക് കസേരയോ മേശയോ ഒന്നും ഭക്ഷണ സമയത്ത് ആവശ്യമില്ല. കഴിഞ്ഞ ദിവസം ഞാനൊരു കല്യാണ വിരുന്നിൽ പങ്കെടുത്തിരുന്നു. വളരെ കുറച്ച് കസേരകളും മേശകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷം മനുഷ്യരും ആ ഹോട്ടലിന്റെ പുൽത്തകടിയിൽ കുത്തിയിരുന്ന് ഭക്ഷണം കഴിക്കുന്നു. കേരളത്തിൽ അത്തരം ഒരു വിവാഹ സൽക്കാരം ആലോചിക്കാൻ പോലും വയ്യ.
ഭക്ഷണം വിളമ്പുന്നതിലെ ചില മനംപിരട്ടലുകൾ കൂടെ പറയാതെ വയ്യ. രണ്ട് ചപ്പാത്തി കഴിച്ചതിനുശേഷം മൂന്നാമതൊരു ചപ്പാത്തി ചോദിച്ചാൽ അതൊരു പ്ലേറ്റിൽ കൊണ്ടുവരും. എന്നിട്ട് അവരുടെ കൈകൊണ്ട് എടുത്ത് നമ്മുടെ പ്ലേറ്റിലേക്ക് ഇടും.
ദാൽ- ബാട്ടി-ചുർമ എന്ന ഇവരുടെ സിഗ്നേച്ചർ ഭക്ഷണത്തിലെ ബാട്ടിയെ, സപ്ലയർ അയാളുടെ കൈ കൊണ്ട് പൊടിച്ച് ഇട്ട് ഇട്ടുകൊടുക്കുന്നത് കണ്ടത്, സാമാന്യം മുന്തിയ ഒരു ഹോട്ടലിലാണ്.
ധാബകളിലെ കാര്യം ഞാൻ വിവരിക്കാൻ പോയാൽ, നിങ്ങളിൽ ചിലർ ചിലപ്പോൾ ഇത് വായിച്ച ശേഷം ഭക്ഷണം കഴിച്ചെന്ന് വരില്ല. അതുകൊണ്ട് ആ വിഷയത്തിലേക്ക് വിശദമായി കടക്കുന്നില്ല. ഒരുവിധം ധാബകളിൽ വൃത്തി തീരെ കുറവായിരിക്കും എന്ന് മാത്രം മനസ്സിലാക്കുക.
ഒരു ധാബയിൽ, എന്റെ മേശപ്പുറത്ത് വെച്ചിരിക്കുന്ന വെള്ളം പാത്രം, കുടിവെള്ളം സംഭരിച്ചിരിക്കുന്ന ഡ്രമ്മിൽ നേരിട്ട് മുക്കിയെടുത്ത് വീണ്ടും വൃത്തിഹീനമായ ആ മേശപ്പുറത്ത് കൊണ്ടുവന്ന് വെക്കുന്നത് കണ്ടതിനുശേഷം, കുപ്പിവെള്ളം അല്ലാതെ ഞാൻ കുടിച്ചിട്ടില്ല.
ബഹുഭൂരിപക്ഷം ജനങ്ങളും സസ്യഭുക്കുകൾ ആണ്. ചിക്കൻ കഴിക്കുന്നവർ പോലും മീൻ കഴിക്കുന്നത് ചുരുക്കമാണ്. മീൻ അവർക്ക് ദൈവമാണ്; ചിക്കൻ ദൈവം അല്ല. മീനിന്റെ മണം തന്നെ പല മാംസഭുക്കുകൾക്കും ഇഷ്ടമല്ല.
കട്ടൻ ചായ ഉണ്ടാക്കാൻ ഇവർക്ക് അറിയില്ല. ഇത്രയും ദിവസങ്ങൾക്കിടയിൽ, അജ്മീറിലെ ഒരു ധാബയിൽ നിന്ന് മാത്രമാണ് എനിക്ക് മര്യാദയ്ക്ക് ഒരു കട്ടൻ ചായ ഉണ്ടാക്കി കിട്ടിയത്. അതും ചായ ഉണ്ടാക്കലിന്റെ മേൽനോട്ടം ഞാൻ നിർവഹിച്ചത് കൊണ്ട്. ഇവരുടെ കട്ടൻ ചായ ഒരു കലക്ക് വെള്ളമായിരിക്കും. സുതാര്യത ഉണ്ടാകില്ല. എങ്ങനെയാണ് അത് അമ്മാതിരി കലക്കി എടുക്കുന്നതെന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ വർഷങ്ങളായി കട്ടൻചായ ആണ് കുടിക്കുന്നത്. ഈ കലക്ക് വെള്ളം സഹിക്കാൻ പറ്റാത്തതുകൊണ്ട് സ്വന്തമായി സുലൈമാനി ഉണ്ടാക്കി കുടിച്ച് പോകുന്നു.
ബ്രഡ്ഡ് എന്ന ഒരു സാധനം ഇവിടത്തെ വലിയ നഗരങ്ങളിലെ ബേക്കറികളിൽ പോലും ലഭിക്കില്ല. അഥവാ അപൂർവ്വമായേ കാണും. ആൽവാറിൽ ഒരു വലിയ സൂപ്പർമാർക്കറ്റിൽ മാത്രമാണ് ഞാൻ ബ്രഡ്ഡ് കണ്ടത്. പറഞ്ഞുവന്നത്… ബ്ലഡ് ഇവരുടെ ഒരു ന്യൂനപക്ഷത്തിന്റെ പോലും ഭക്ഷണമല്ല എന്നാണ്.
ഞാൻ ശ്രദ്ധിക്കാൻ ഇടയായ കുറച്ച് കാര്യങ്ങൾ പറഞ്ഞെന്ന് മാത്രം. ഇതൊരു സമ്പൂർണ്ണ രാജസ്ഥാൻ ഭക്ഷണ രീതി സംബന്ധമായ ലേഖനമല്ല. ഇതിലൂടെ ഇവരുടെ ഭക്ഷണരീതിയെയോ അത് വിളമ്പുന്ന രീതിയോ അധിക്ഷേപിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അനുഭവിച്ച വസ്തുതകൾ അത് അതേപടി പറഞ്ഞെന്ന് മാത്രം.
ഇപ്പറഞ്ഞ ഭക്ഷണമൊക്കെ കഴിച്ച് തന്നെയാണ് ഇക്കഴിഞ്ഞ 75 ദിവസം ഞാൻ മുന്നോട്ട് പോയത്. പ്രാതൽ അല്ലാതെ മറ്റൊരു നേരവും ഞാൻ ഭാഗിയിൽ ഭക്ഷണമുണ്ടാക്കിയിട്ടില്ല. അങ്ങനെയാകുമ്പോൾ എത്ര കുറ്റം പറഞ്ഞാലും ഇവരുടെ ഭക്ഷണം വയറിന് ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്ന് വേണം സമ്മതിക്കാൻ.
ഞാനൊരു ചപ്പാത്തി പ്രിയനാണ്. മൂന്നുനേരവും ഗോതമ്പ് കഴിക്കും. ചോറ് വേണമെന്നേയില്ല. അതുകൊണ്ടൊക്കെ ആവാം ഇത്ര ദിവസമായിട്ടും ഭക്ഷണം ഈ സംസ്ഥാനത്ത് എനിക്ക് ഒരു പ്രശ്നമായിട്ടില്ല.
വിശക്കുമ്പോൾ എന്തെങ്കിലും കിട്ടണം. അതിന്റെ രുചിയൊന്നും എനിക്ക് പ്രശ്നമല്ല. നന്നായി എരിവ് കഴിക്കും. അതുകൊണ്ടുതന്നെ എരിവ് കൂടിപ്പോയി, ഉപ്പ് കുറഞ്ഞുപോയി എന്നിങ്ങനെ ഭക്ഷണത്തിൽ എനിക്ക് പരാതികളും കുറവാണ്. അതുകൊണ്ടുതന്നെ നല്ല ഭക്ഷണം തിരിച്ചറിഞ്ഞ് അഭിനന്ദിക്കാനും എനിക്കറിയില്ല.
രാവിലെ എഴുന്നേറ്റാൽ ഒരു മണിക്കൂറിനകം ഭക്ഷണം കഴിക്കണമെന്ന ഒരു കുഴപ്പം മാത്രമേ ഉള്ളൂ. അതും കിട്ടാനില്ലെങ്കിൽ, സഹിച്ച് പോകാൻ ഒരു ബുദ്ധിമുട്ടുമില്ല.
പൊതുവേ ഇറച്ചി കുറവാണ് കഴിക്കുക. കേരളത്തിൽ ജനിച്ച് വളർന്ന ഒരാൾ, പ്രത്യേകിച്ച് മുനമ്പം പോലുള്ള ഒരു സ്ഥലത്ത് നിന്നുള്ള ഒരാൾ, ധാരാളം മീൻ കഴിക്കുന്നത് സ്വാഭാവികം മാത്രം.
പക്ഷേ ഈ യാത്രയിൽ നല്ലൊരു പങ്കും ഞാൻ വെജിറ്റേറിയൻ ആയിരുന്നു. രണ്ടേ രണ്ട് പ്രാവശ്യം, ചില ഹെറിറ്റേജ് ഹോട്ടലുകളിൽ നിന്ന് മാത്രമാണ് മീനും ചിക്കനും അല്പാല്പം രുചിച്ചത്. അവിടയേ അത് കണ്ടുള്ളൂ.
ഭക്ഷണകാര്യം കുറെ അധികം പറഞ്ഞെന്ന് തോന്നുന്നു. എന്റെ മീനവിയൽ എന്തായോ ആവോ?
ശുഭരാത്രി.
വാൽക്കഷണം 1:- ഇതുപോലെ തിരക്കൊഴിഞ്ഞ് കിട്ടുന്ന ഒരു ദിവസം, ഇന്നാട്ടിലെ ഗതാഗത സംസ്ക്കാരത്തെക്കുറിച്ച് കൂടെ ഒരു കുറിപ്പ് പ്രതീക്ഷിക്കാം.