ലക്ഷപ്രഭുക്കളായ ആദിവാസികൾ !!!


33

ട്ടിണി കാരണം ആദിവാസി ഒരാൾ മോഷ്ടിച്ചെന്നോ ? അതിന്റെ പേരിൽ അയാളെ തല്ലിക്കൊന്നെന്നോ ? പ്രത്യേകിച്ചും കോടികൾ അവർക്കായി ചിലവഴിക്കപ്പെടുന്ന സാക്ഷരകേരളത്തിലോ ? അസംഭവ്യം !!!!

വയനാട്ടിൽ ആദിവാസികളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന കുഞ്ഞഹമ്മദിക്ക, വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച് അയച്ചുതന്ന ചില ആദിവാസി പുനരധിവാസ ചിലവ് കണക്കുകൾ ഈ കുറിപ്പിന്റെ ഏറ്റവും കീഴെ ചേർക്കുന്നു. കണ്ടോളൂ; കണ്ണ് തള്ളിപ്പോകും.

100 ആദിവാസികൾക്ക് 10 ലക്ഷം രൂപ വീതവും 37 ആദിവാസികൾക്ക് 6 ലക്ഷം വീതവും ആദ്യഗഡു നൽകിയിട്ടുണ്ടെന്ന്. പിന്നെയുമുണ്ട് വിവിധ വകുപ്പുകളിൽ നിന്നായി ചിലവഴിച്ച കോടികൾ. അവരുടെ വിദ്യാഭ്യാസം കായികം പൊതുക്ഷേമം എന്നിങ്ങനെ മറ്റ് കാര്യങ്ങൾക്കായി ചിലവഴിച്ച കോടികളുടെ കണക്ക് ഇക്കൂട്ടത്തിൽ ഇല്ല. ഇത് പുനഃരധിവാസം ചിലവ് കണക്ക് മാ‍ത്രം.

ഇത്രയും കോടികൾ ചെന്ന് ചേർന്നിട്ടുണ്ടെങ്കിൽ വയനാട്ടിലെ ആദിവാസികളെല്ലാം ഇന്ന് ലക്ഷപ്രഭുക്കളാണ്. ഇതിൽ എത്രപണം അവരുടെ കൈയ്യിൽ കിട്ടി എന്നുകൂടെ അന്വേഷിക്കണം. ഈ പണം ഉപയോഗിച്ച് അതിൽ എത്രപേർ വീട് വെച്ച് കാട്ടിൽ നിന്ന് നാട്ടിലേക്ക് മാറി എന്നന്വേഷിക്കണം. അതിനുള്ള കെൽ‌പ്പുള്ളവരാണോ അവരെന്ന് അന്വേഷിക്കണം. അതിനിടയ്ക്ക് അവരെ ആരെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്നന്വേഷിക്കണം. അപ്പോഴാകും ശരിക്കും കണ്ണ് തള്ളുക.

ഇതൊന്നും അവരിലേക്ക് എത്തുന്നില്ല എന്ന് മനസ്സിലാക്കണമെങ്കിൽ അവിടെപ്പോയി അവരുടെ അവസ്ഥ കാ‍ണുക തന്നെ വേണം. ഒന്നിലധികം രേഖകളിൽ ഒപ്പിടീച്ച് വാങ്ങി പണം തട്ടുന്നവരുണ്ട് ആദിവാസികൾക്കും ഈ  പണത്തിനുമിടയിൽ. ഈ കോടികളെല്ലാം ആരൊക്കെയോ വിഴുങ്ങുകയാണ്. നമുക്കവരെ അറിയാൻ പാടില്ലാഞ്ഞിട്ടൊന്നുമല്ല. അവരെ തെളിവടക്കം കൃത്യമായി കണ്ടെത്താനായാൽ മധുവിനെപ്പോലുള്ളവരുടെ പട്ടിണിക്കും കൊലപാതകങ്ങൾക്കും കൂടെ തടയിടാനാവും. ഇതേ നില തുടരുകയാണെങ്കിൽ ആദിവാസികളുടെ നില ഇനിയും പരിതാപകരമാകും. “വിശന്നിട്ട് വയ്യ, ഒന്ന് കൊന്നുതരാമോ?” എന്നവർ നമുക്ക് മുന്നിൽ നിന്ന് കെഞ്ചുന്ന കാഴ്ച്ചയും കാണേണ്ടി വരും.

ഫേസ്ബുക്കിൽ മാത്രം മധുവിന്റെ മരണത്തിനെതിരെ പ്രതികരിച്ചവരുടെ എണ്ണമെടുത്താൽ ആയിരങ്ങൾ വരും. അതോ പതിനായിരങ്ങളോ ?  അതിൽ പത്ത് പേർ ചേർന്ന് കഷ്ടതയനുഭവിക്കുന്ന ഒരു ആദിവാസി കുടുംബത്തെ കണ്ടെത്താൻ ശ്രമിക്കൂ. അല്ലെങ്കിൽ പഠിക്കാൻ പുസ്തകമില്ലാത്ത ഒരു കുട്ടിയെ എങ്കിലും കണ്ടെത്തൂ. അവരുടെ കാര്യങ്ങൾക്ക് നിരന്തരമായി സഹായം ചെയ്യൂ. മീൻ പിടിച്ച് കൊടുക്കുക മാത്രമല്ല, മീൻ പിടിക്കാൻ പഠിപ്പിക്കുക കൂടെ ചെയ്യൂ. സ്വയം വരുമാനം ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കൂ. അവർക്ക് സർക്കാരിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളുടെ കാര്യം വരുമ്പോൾ അതിന്റെ വിവിധ വശങ്ങൾ അന്വേഷിക്കാനും സഹായിക്കാനും അവർ പറ്റിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താനും ശ്രമിക്കൂ. അവരെ ആരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ അത് വെളിയിൽ കൊണ്ടുവരാൻ ശ്രമിക്കൂ.

അങ്ങനെ ഓരോ ആദിവാസിക്കും പിന്നിൽ, അല്ലെങ്കിൽ ഓരോ ആദിവാസി കുടുംബങ്ങൾക്കും പിന്നിൽ പത്ത് പേരെങ്കിലും ഉറച്ച് നിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാൽ ആദിവാസികളെ കരണ്ടുതിന്ന് ജീവിക്കുന്ന പരാന്നഭോജികളായ ഉദ്യോഗസ്ഥരും പാർട്ടിക്കാരുമെല്ലാം മെല്ലെ പിൻ‌വലിയാൻ തുടങ്ങും.  കളവ് നടത്തി ശീലമായിപ്പോയ ഇക്കൂട്ടർ ചിലപ്പോൾ  അതിശക്തമായി ആഞ്ഞടിച്ചെന്നും വരും. കാരണം, അവർക്ക് ആർഭാടജീവിതം നയിക്കാനായി കൈയ്യിട്ട് വാരി സമ്പാദിച്ചിരുന്ന പണമാണ് ഇല്ലാതാകുന്നത്. തിരിച്ചടി നീക്കങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായാൽ അതും നേരിടാൻ തയ്യാറായിരിക്കണം. അതല്ലാതെയുള്ള ഓൺലൈൻ പ്രതികരണങ്ങളെല്ലാം മറ്റൊരു പുതിയ വാർത്ത വരുമ്പോൾ അസ്തമിക്കാൻ പോന്നതേയുള്ളൂ.

പതിനഞ്ചോളം ആദിവാസി കുടുംബങ്ങൾക്ക് മരുന്ന് വാങ്ങാനും, ഓണക്കാലമാകുമ്പോൾ ഓണക്കിറ്റ് വാങ്ങാനും, സ്ക്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പുസ്തകവും യൂണിഫോമും ബാഗും കുടയുമൊക്കെ വാങ്ങാനും തണുപ്പധികമാകുമ്പോൾ പ്രായമായവർക്ക് കമ്പിളിയൊരെണ്ണം വാങ്ങാനും ഒരു വർഷത്തിൽ 50,000 രൂപയിൽ താഴെയേ ചിലവ് വരൂ. വെറുതെ പറയുന്നതല്ല. കുഞ്ഞഹമ്മദിക്കയ്ക്ക് ഇതിനായി വരുന്ന  പണച്ചിലവിനെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ട് പറയുന്നതാണ്. ഇത്രേം ലക്ഷങ്ങളുടേയും കോടികളുടെ പലിശമാത്രം മതിയാകും യാതൊരു അല്ലലുമില്ലാതെ ഓരോ ആദിവാസിക്കും ആർഭാടമായിട്ട് ജീവിക്കാൻ.

അതുകൊണ്ട് ഒന്നുകിൽ ആദിവാസികൾക്കെന്ന പേരിൽ ചിലവഴിക്കുന്ന പണമെല്ലാം കൃത്യമായി അവരിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ബന്ധപ്പെട്ടവരോ പൊതുജനങ്ങളോ ഉറപ്പ് വരുത്തുക. അല്ലെങ്കിൽ ആദിവാസിക്ഷേമ വകുപ്പ് അടക്കമുള്ള എല്ലാ വെള്ളാന ഡിപ്പാർട്ട്മെന്റുകളും അടച്ചുപൂട്ടുക. കായോ കിഴങ്ങോ ഞണ്ടോ ഞവിണിയോ ഒക്കെ തിന്ന് പഴയതുപോലെ തന്നെ അവരെങ്ങനെയെങ്കിലും കാട്ടിൽത്തന്നെ ജീവിച്ച് പൊയ്ക്കോളും.

വാൽക്കഷണം:- ആദ്യം മുതൽക്കേ ഇവിടെയുണ്ടായിരുന്നവർ, ഇക്കണ്ട കാടുകളുടെയൊക്കെ കാവലാളുകൾ, അതിനെ സംരക്ഷിച്ച് അതിൽ ജീവിച്ചിരുന്നവർ. അതല്ലേ ആദിവാസികൾ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നുള്ളൂ. അത് നല്ല നിലയ്ക്കല്ലേ കാണേണ്ടത് ? എല്ലാത്തിനും ഒന്നാമതാകാനും ആദ്യമെത്താനും മത്സരിക്കുന്ന നമുക്ക്, ആദ്യം മുതൽക്കിവിടെ ഉണ്ടായിരുന്ന മനുഷ്യരെ ‘ആദിവാസികൾ‘ എന്ന് വിശേഷിപ്പിക്കുന്നത് മാത്രമെന്തിന് അശ്ലീലമാകണം ? ശരിയാണ് അവർക്കൽ‌പ്പം പരിഷ്ക്കാരം കുറവാണ്. ഓ… പച്ചപ്പരിഷ്ക്കാരികളായ നമ്മളുടെ കാര്യം ബഹുകേമമാണല്ലോ.

—————————————————————————

22.73 Cra

img831img832

6 Cr

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>