സമരങ്ങളും പ്രതിഷേധങ്ങളും ഇതാദ്യമായിട്ടൊന്നും അല്ലല്ലോ തലസ്ഥാനത്ത് ? മകന്റെ മരണത്തിൽ ഊർജ്ജിതമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒരമ്മയും അച്ഛനും ബന്ധുക്കളും തെരുവിലിറങ്ങുമ്പോൾ അവരെ വലിച്ചിഴച്ച് മർദ്ദിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസ് ഏമാന്മാർ അനുസ്മരിപ്പിക്കുന്നത്, പണ്ട് അടിയന്തിരാവസ്ഥക്കാലത്ത് ജിഷ്ണുവിനെപ്പോലൊരു എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർത്ഥിയായിരുന്ന രാജനെ ഉരുട്ടിക്കൊന്ന ജയറാം പടിക്കലിനേയും പുലിക്കോടൻ നാരായണനേയുമാണ്.
പ്രശ്നം പൊലീസിൽ ആണെങ്കിൽ അത് പരിഹരിക്കപ്പെടണം. പ്രശ്നം പൊലീസ് മന്ത്രിയിലാണെങ്കിൽ അതിനും പരിഹാരമുണ്ടാകണം. പക്ഷേ, കാലഹരണപ്പെട്ടതും ജനദ്രോഹപരവുമായ ഹർത്താൽ എന്ന പ്രതിഷേധം നടത്തി ഇന്നുവരെ ഒരു പ്രശ്നത്തിനും ഇവിടെ പരിഹാരമുണ്ടായിട്ടില്ല. ഉണ്ടാകാൻ പോകുന്നുമില്ല.
മുൻപ് പലപ്പോഴും ഹർത്താലിനെതിരെ ശബ്ദമുയർത്തിയ KPCC താൽക്കാലിക പ്രസിഡന്റ് എം.എം. ഹസ്സന് വേണമെങ്കിൽ ഇത് കോൺഗ്രസ്സിന്റെ ഹർത്താലല്ല യു.ഡി.എഫ്.ന്റെ ഹർത്താലാണ് എന്ന് പറഞ്ഞ് കൈയ്യൊഴിയാൻ സാധിച്ചേക്കുമായിരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹർത്താലിനെതിരെ ബില്ല് പാസ്സാക്കാൻ നടന്നിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതേ കാര്യം തന്നെ പറഞ്ഞ് തടിയൂരാൻ കഴിഞ്ഞെന്ന് വരും. പക്ഷേ, നിങ്ങളൊക്കെ ഹർത്താൽ എന്ന ജനദ്രോഹപരമായ നടപടിയെ എത്രത്തോളം മനസ്സിൽ താലോലിക്കുന്നുണ്ടെന്ന സത്യം മറനീക്കി പുറത്ത് വന്നിരിക്കുകയാണ് നാളെ കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തതിലൂടെ.
എന്തുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മലപ്പുറത്തെ മാത്രം ഹർത്താലിൽ നിന്ന് ഒഴിവാക്കി ? ജനാധിപത്യം എന്ന സംവിധാനത്തെ നിങ്ങൾ ഭയക്കുന്നതും സ്നേഹിക്കുന്നതും പോളിങ്ങ് ബൂത്തിലേക്ക് ജനം എത്തുന്നത് വരെ മാത്രം എന്നതിന്റെ തെളിവല്ലേ ഈ ഒഴിവാക്കൽ ? ഒരു ദിവസം വോട്ടിരക്കാൻ പോയില്ലെങ്കിൽ വല്ലതും തേഞ്ഞ് പോകുമോ ? ഒരു ദിവസം മലപ്പുറം സ്തംഭിച്ചെന്ന് വെച്ച് ആരെങ്കിലും തിരഞ്ഞെടുപ്പ് ദിവസം പോളിങ്ങ് ബൂത്തിൽ എത്താതിരിക്കുമോ ? ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾ പാർട്ടിക്കാരുടെ ജീവനോപാധി നിലനിർത്താനുള്ള ഇടങ്ങളിൽ ഹർത്താൽ വേണ്ട. ബാക്കിയുള്ളവൻ അന്നം തേടാൻ നെട്ടോട്ടമോടുമ്പോൾ അവന്റെ വയറ്റിപ്പിഴപ്പിനും ജീവനും പുല്ലുവില !! അതെവിടുത്തെ ന്യായമാണ് ഹേ?
അതെന്തൊക്കെ ആയാലും, വാഹനം കിട്ടാതെ വലയുന്ന പൊതുജനങ്ങളേയും അന്യദേശക്കാരേയും വിദേശികളേയും രോഗികളേയുമൊക്കെ പറ്റുന്നത് പോലെ സഹായിക്കാനും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനും വാഹനങ്ങളുമായി ഞങ്ങൾ Say NO to Harthal പ്രവർത്തകർ പതിവ് പോലെ തെരുവിലുണ്ടാകും. അതിനൊരു മുടക്കവുമില്ല. മുടക്കാൻ ആരൊക്കെ ശ്രമിച്ചിട്ടും കാര്യമില്ല. കാരണം, ഞങ്ങൾ ജിഷ്ണുവിന്റെ അമ്മയ്ക്ക് ഒപ്പം മാത്രമല്ല നിലകൊള്ളുന്നത്. ഇന്ന് നിരത്തിൽ പെട്ടുപോകുന്ന എല്ലാ അമ്മമാർക്കും സഹജീവികൾക്കും ഒപ്പമാണ്.
വാൽക്കഷണം:- ഇക്കൊല്ലം ഇതുവരെ എത്ര ഹർത്താലുകൾ കേരളത്തിൽ നടന്നുവെന്ന് അറിയാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് ഹർത്താൽ വിക്കിപീഡിയ വായിക്കുന്നത് നന്നായിരിക്കും.