ഇന്ധനവില വർദ്ധനയ്ക്കെതിരെ പ്രതിഷേധം പോലുമില്ല !


swami
തുടർച്ചയായി 13 ദിവസം ഇന്ധനവില വർദ്ധിപ്പിച്ചുകഴിഞ്ഞു. അതിനിയും തുടരും. മൂന്നും അഞ്ചും പൈസയൊന്നുമല്ല. മുപ്പതിനും ഇരുപതിനും മുകളിലാണ് ഓരോ ദിവസത്തേയും വർദ്ധനകൾ. ഒന്നുരണ്ട് സംസ്ഥാനങ്ങളിൽ 100 രൂപയ്ക്ക് മുകളിൽ വില ഉയർന്ന് കഴിഞ്ഞെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും 100 രൂപ തികച്ചിട്ടേ നിർത്തൂ എന്ന മട്ടിലാണ് പോക്ക്. ഒച്ചപ്പാടുണ്ടാക്കിയും സമരം ചെയ്തും ജനങ്ങളും പ്രതിപക്ഷവും പ്രതിഷേധിച്ചിരുന്ന കാലം പോലും അന്യമായി. അഥവാ എല്ലാവർക്കും ഇതൊരു മരവിപ്പായിക്കഴിഞ്ഞു. ഇനിയും മരവിച്ചിട്ടില്ലാത്തവർക്കായി പാചകവാതക വിലയും മറ്റൊരു വശത്ത് വർദ്ധിപ്പിച്ച് തകർക്കുന്നുണ്ട്.

വന്നുവന്ന് ഭരിക്കുന്നവർക്ക് തന്നെ ഈ വിലവർദ്ധന അസഹനീയമായിത്തുടങ്ങി എന്നതിന്റെ തെളിവാണ് ബി.ജെ.പി. മന്ത്രിമാരുടേയും നേതാക്കന്മാരുടേയും പ്രസ്താവനകൾ.

രാമന്റെ ഇന്ത്യയിൽ 93,
സീതയുടെ നേപ്പാളിൽ 53,
രാവണന്റെ ലങ്കയിൽ 51 ………എന്നായിരുന്നു സുബ്രഹ്ബണ്യൻ സ്വാമിയുടെ ട്വീറ്റ്. പിന്നീട് നേപ്പാളിലേയും ലങ്കയിലേയും കറൻസി നിലവാരപ്രകാരം അവിടത്തെ വിലകൾ കൂടുതലാണെന്ന് സമർത്ഥിക്കാൻ സ്വാമിയൊരു ശ്രമം നടത്തിയെങ്കിലും ബി.ജെ.പി.ക്കാർക്ക് പോലും ഈ വിലവർദ്ധനവ് തൊന്തരവായിരിക്കുന്നു എന്നതിന്റെ തെളിവാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി  ധർമ്മേദ്ര പ്രധാനിന്റെ പ്രതികരണം. ഇന്ധനവിലക്കയറ്റം വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നാണ് അദ്ദേഹം പറയുന്നത്. കരുതലോടെ തന്നെ കൈകാര്യം ചെയ്തോളൂ മന്ത്രി പുംഗവാ. ജനങ്ങൾക്ക് ഒരെതിർപ്പുമില്ല. ജനത്തിനോട് നിങ്ങൾക്കൊരു കരുതലുമില്ല എന്നതിന് വേറേ പ്രത്യേക തെളിവൊന്നും ഹാജരാക്കേണ്ടതില്ലല്ലോ. പിന്നെ മറ്റാരോടോ നിങ്ങൾക്ക് കരുതലുള്ളതുകൊണ്ടാണ് വിലയിങ്ങനെ വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. പാവപ്പെട്ട ആ കോടീശ്വരന്മാരോട് നിങ്ങൾക്ക് നല്ല കരുതലുള്ള കാലത്തോളം ഈ പോക്കിന് ഒരന്ത്യം ആരും പ്രതീക്ഷിക്കുന്നുമില്ല.

50 രൂപയ്ക്ക് ഇന്ധനം കൊടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറി അഞ്ച് വർഷം കഴിഞ്ഞ് രണ്ടാമത്തെ അവസരവും കിട്ടിക്കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി പറയുന്നു മുൻ യു.പി.എ.സർക്കാറിന്റെ കുഴപ്പം കൊണ്ടാണ് ഇന്ധന വില കുറയ്ക്കാൻ പറ്റാത്തതെന്ന്. എന്തോ ഭാഗ്യത്തിന് ജവഹർലാൽ നെഹ്രുവിന്റെ ആദ്യമന്ത്രിസഭയെ പേരെടുത്ത് പറഞ്ഞ് കുറ്റം ചാരിയിട്ടില്ല. അത്രയെങ്കിലും ആശ്വാസം.

നാടാകെ ശുചിമുറികൾ ഉണ്ടാക്കാനാണെന്നും അതിൽ മാർബിൾ വിരിക്കാനുമാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നതെന്നും ഇനി പറയാനാവില്ല. ഇതുവരെ വർദ്ധിപ്പിച്ച പണമുണ്ടായിരുന്നെങ്കിൽ ഓരോ കിലോ മീറ്ററിലും മാർബിൾ വിരിച്ച ശൌചാലയങ്ങൾ ഉണ്ടാക്കാൻ ആകുമായിരുന്നു.

രാജ്യാന്തര വിപണിയിൽ വിലവർദ്ധിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലും വർദ്ധിക്കുന്നതെന്ന ന്യായീകരണവും നല്ല ഒന്നാന്തരം എമ്പോക്കിത്തരമാണെന്ന് പലവട്ടം തെളിയിച്ചു കഴിഞ്ഞു. രാജ്യാന്തര വിപണിയിൽ റെക്കോഡ് വിലയിടിവ് ഉണ്ടായപ്പോൾപ്പോലും ഇന്ത്യയിൽ വിലവർദ്ധന ഉണ്ടായിട്ടുണ്ട് എന്നതുതന്നെ കാരണം.

ഇപ്പോൾ ദാ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നു ഇന്ധനവില GST പരിധിയിൽ കൊണ്ടുവരാൻ കഴിയുമെന്ന് ! എങ്കിൽ കൊണ്ടുവരണം മാഡം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിച്ചാലേ നടക്കൂ എന്നും മന്ത്രി പറഞ്ഞുവെക്കുന്നുണ്ട്. ഇതൊക്കെ ആരെതിർക്കുന്നു മാഡം? ഒരു സംസ്ഥാനസർക്കാരും എതിർക്കില്ല. എതിർത്താൽപ്പിന്നെ അവരും അവരുടെ പാർട്ടിയും ഇല്ല. കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് നടപ്പിലാക്കണം ഹേ. കുറഞ്ഞപക്ഷം ബാക്കിയുള്ള നാല് വർഷത്തെ ഫാൻസി ഡ്രസ്സ് കഴിയുന്നതിന് മുൻപെങ്കിലും നടപ്പിലാക്കിയാൽ മതി.

എന്തായാലും ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രസ്താവന എടുത്ത് കാണിക്കുന്നത്, ഭരിക്കുന്നവർക്കും പോലും ഇതൊരു അനീതിയാണെന്ന് ബോദ്ധ്യമാ‍ണെങ്കിലും എണ്ണക്കമ്പനികൾക്കെതിരെ നീങ്ങാൻ അത്ര എളുപ്പമല്ലെന്നോ എണ്ണയുടെ നികുതിയിനത്തിൽ ഇപ്പോൾ പിടുങ്ങിക്കൊണ്ടിരിക്കുന്ന കനത്ത തുക ഒഴിവാക്കാൻ മനസ്സനുവദിക്കുന്നില്ലെന്നോ ആണ്. എന്തായാലും തുടർന്നങ്ങോട്ട് കേന്ദ്രം സംസ്ഥാനങ്ങളേയും സംസ്ഥാനങ്ങൾ കേന്ദ്രങ്ങളേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചില പൊറാട്ട് നാടകങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതായിരിക്കും.

ഒരു കാര്യം ഉറപ്പാണ്. കേരളത്തിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ നിലവിലെ ഈ വിലക്കയറ്റത്തിന് താൽക്കാലിക അറുതി വരും. വോട്ട് കിട്ടണമല്ലോ ? അത് കളഞ്ഞൊരു കളിയില്ലല്ലോ ? 300 ദിവങ്ങളിൽ 60 പ്രാവശ്യത്തിലധികം വില വർദ്ധിക്കുന്ന ഒരു രാജ്യത്ത്, ഏതെങ്കിലുമൊക്കെ സംസ്ഥാനങ്ങളിൽ ഏതെങ്കിലുമൊക്കെ തിരഞ്ഞെടുപ്പുകൾ എന്നുമുണ്ടാകണേ എന്ന് ജനം പ്രാർത്ഥിക്കാൻ തുടങ്ങുന്ന കാലവും വിദൂരമല്ല.

അടുത്ത ലോൿസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ GST പരിധിയിൽ ഇന്ധനവില കൊണ്ടുവരുന്ന പാർട്ടിക്കേ വോട്ട് ചെയ്യൂ എന്ന് ഉറച്ച് തീരുമാനമെടുത്ത് നടപ്പിലാക്കാൻ ജനം തയ്യാറാണെങ്കിൽ നിന്ന നിൽപ്പിൽ ഈ പകൽകൊള്ളക്കാരെ വരുതിയിൽ കൊണ്ടുവരാൻ കഴിയും. എന്റെ പാർട്ടി ചെയ്യുന്നതെന്തും മഹത്തരമെന്ന് വാദിച്ച് കീ ജെയ് വിളിക്കുന്ന വിവരംകെട്ട അണികൾ ഉള്ളയിടത്തോളം കാലം അതിനുള്ള സാദ്ധ്യതയും മങ്ങുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇതിൽ നിന്ന് ഇന്ത്യയ്ക്കൊരു മോചനമുണ്ടാകണമെങ്കിൽ മഹാത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കണം. അല്ലെങ്കിൽ ജനങ്ങൾ മുഴുവൻ പെട്രോളിയം ഇന്ധനേതര ഉപയോഗത്തിലേക്ക് ചുവടുവെക്കേണ്ടിയിരിക്കുന്നു.

വാൽക്കഷണം:- ഇന്ധനത്തിന് വിലവർദ്ധിപ്പിക്കുന്നത് പോലെ ചൂടിക്കയറിനും പാഷാണത്തിനും വിലവർദ്ധിപ്പിക്കരുത് പുംഗവന്മാരേ. ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ വേണ്ട; വിലകുറഞ്ഞ മരണമെങ്കിലും എതിർക്കരുത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>