രാവിലെ നവരത്ന റസ്റ്റോറന്റിന്റെ ഉടമയുടെ ഭാര്യ പതിവുപോലെ ചായ കൊണ്ടുവന്ന് തന്നു. ഇന്നലെ കർണ്ണി മാതയെ(എലി) പശ വെച്ച് പിടിച്ചതിൽ അവർക്ക് എന്നോട് നീരസമില്ല എന്ന് സാരം.
ആൽവാറിൽ നിന്ന് 166 കിലോമീറ്റർ ദൂരമേയുള്ളൂ ഡൽഹിയിലേക്ക്. വേണമെങ്കിൽ രാജസ്ഥാന് ശേഷം ഡൽഹിയിൽ പോയി വരാവുന്നതാണ്. അതേപ്പറ്റി ആലോചനയുണ്ട്.
എന്തായാലും ഇന്ന് പോകാൻ തീരുമാനിച്ചിരിക്കുന്നത് 75 കിലോമീറ്റർ ഹരിയാന ഭാഗത്തേക്കുള്ള നീംറാണ കോട്ടയിലേക്കാണ്. രണ്ട് മണിക്കൂർ യാത്രയുണ്ട്. പക്ഷേ ഞാൻ വഴിയിലുള്ള കൃഷിയിടങ്ങളിലൊക്കെ കയറിയിറങ്ങി അത് നാല് മണിക്കൂർ ആക്കിയെടുത്തു.
ഉള്ളി പാടങ്ങൾ, അത്രയും അടുത്ത് ഞാൻ ആദ്യമായി കാണുകയാണ്. മനോജ് എന്ന ഒരു കൃഷിക്കാരന്റെ തോട്ടങ്ങളിൽ നിന്ന് ഉള്ളിയും ക്യാരറ്റും അദ്ദേഹം തന്നു. പ്രാതൽ കഴിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്നേഹപൂർവ്വം ഞാൻ നിരസിച്ചു.
നീംറാണ കോട്ട ഇപ്പോൾ ഒരു വലിയ ഹെറിറ്റേജ് ഹോട്ടലാണ്. അവിടം വരെ ചെന്നാൽ പ്രവേശനം അനുവദിക്കുമോ എന്ന് ഫോൺ ചെയ്ത് ചോദിച്ചിരുന്നു. പ്രവേശനത്തിന് തടസ്സം ഒന്നുമില്ല. പ്രവേശന ഫീസ് 2250 രൂപയാണ് എന്ന് മാത്രം. അവിടെ നിന്നുള്ള ഉച്ചഭക്ഷണം അതിൽ ഉൾപ്പെടും.
* 1464 ൽ ആണ് കോട്ടയുടെ നിർമ്മാണം ആരംഭിച്ചത്.
* സ്വാതന്ത്ര്യത്തിന് ശേഷം കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലായി. 1947 കോട്ടയ്ക്ക് കേടുപാടുകൾ സംഭവിച്ചതോടെ രാജ രജീന്ദ്ര സിംഗ് വിജയ് ബാഗ് എന്ന കൊട്ടാരത്തിലേക്ക് താമസം മാറ്റി.
* 1986 ൽ പുനർനിർമ്മാണം ചെയ്ത് 1991ൽ ഹോട്ടൽ ആയി പ്രവർത്തനം ആരംഭിച്ചു.
* 14 തലങ്ങളിലായാണ് ഈ ഹോട്ടലിലെ മുറികൾ പരന്ന് കിടക്കുന്നത്. കയറിയിറങ്ങി വിഷമിച്ച് പോകും.
* നീന്തൽ കുളം, കോൺഫറൻസ് ഹാൾ, ബാർ, ആംഫി തീയറ്റർ, രണ്ട് റസ്റ്റോറന്റുകൾ, ജിംനേഷ്യം, ഹാങ്ങിങ്ങ് ഗാർഡൻ എന്നിങ്ങനെ സകല സൗകര്യങ്ങളും ഈ ഹോട്ടലിൽ ഉണ്ട്.
* 15 മുറികൾ ആയിട്ടായിരുന്നു ഹോട്ടലിൻ്റെ തുടക്കം.
* ശീഷ് മഹൽ അടക്കമുള്ള പല മുറികളും അതിഥികൾക്ക് താമസിക്കാനുള്ള മുറികളാണ്.
* 2000ൽ പുനർനിർമ്മാണത്തിനുള്ള Intach Satte അവാർഡ് ഹോട്ടൽ നേടി.
* 2004 ൽ ഈ ഹോട്ടൽ ആഗാ ഖാൻ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു.
പഴയ കോട്ടയുടെ ഭാഗങ്ങളും പുതുക്കിപ്പണിത ഭാഗങ്ങളും കൃത്യമായി മനസ്സിലാക്കാനാകും. എങ്കിലും അത് വളരെ ഭംഗിയായി സമ്മേളിപ്പിച്ചിട്ടുണ്ട്.
കോട്ടയിൽ ചെന്ന് കയറി അത് മുഴുവൻ നടന്ന് കണ്ടപ്പോൾ ₹2250 നഷ്ടമല്ലെന്ന് ബോദ്ധ്യമായി. ഉച്ചഭക്ഷണത്തിന്റെ ഗംഭീര ബുഫെ സ്പ്രെഡ് കൂടെ ആയപ്പോൾ തികഞ്ഞു.
നീംറാണ പട്ടണം എന്നു പറയാൻ കാര്യമായിട്ട് ഒന്നുമില്ല. എങ്കിലും അതിലൂടെ ഒന്ന് ചുറ്റിയടിച്ച ശേഷം ആൽവാറിലേക്ക് മടങ്ങി.
ആൽവാറിലേക്ക് 25 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ ഒരു കവലയിൽ 4 പൊലീസുകാർ കൈകാണിച്ചു. അവർക്ക് ലിഫ്റ്റ് വേണം. പൊലീസുകാരല്ലേ; കയറ്റാതിരിക്കാൻ പറ്റില്ല. പക്ഷേ, ഒരാൾക്കേ കയറാൻ പറ്റൂ എന്ന് ഞാൻ അറിയിച്ചു. കൂട്ടത്തിൽ മുതിർന്ന പൊലീസുകാരൻ സമ്മതിച്ചു. രണ്ടാമത്തെ സീറ്റിലെ സാധനങ്ങൾ എടുത്ത് പുറകിലേക്ക് വെച്ച് ഞാൻ സ്ഥലം ഉണ്ടാക്കി.
തുടർന്ന് ഇങ്ങോട്ട് വളരെ മോശം അനുഭവമായിരുന്നു. ഒരാൾക്ക് പകരം രണ്ട് പൊലീസുകാർ എൻ്റെ ഇടതുവശത്ത് ഇടിച്ചു കയറി. “സ്നേഹത്തോടെ സഹകരിച്ചാൽ സുഖമായി രണ്ടാൾക്ക് കയറാം” എന്ന് മുതിർന്ന പൊലീസുകാരൻ്റെ ചതിയിൽ പൊതിഞ്ഞ തത്വജ്ഞാനം. ഫെവിക്കോളിന്റെ പഴയ രാജസ്ഥാൻ പരസ്യം ഞാൻ കണ്ടിട്ടുള്ളതാണ്. അവർ വേണമെങ്കിൽ നാലുപേര് ആ സ്ഥലത്ത് ഒട്ടിയിരിക്കും.
വളരെ കഷ്ടപ്പെട്ടാണ് ഡോർ അടച്ചത് തന്നെ. ഗിയർ മാറ്റാൻ ഞാൻ ബദ്ധപ്പെട്ടു കൊണ്ടിരുന്നു. കേരളത്തിൽ എത്ര മുസ്ലീങ്ങൾ ഉണ്ട്, എത്ര ഹിന്ദുക്കൾ ഉണ്ട്, കേരള സ്റ്റോറി എന്ന സിനിമ സത്യമാണോ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു പിന്നീട്. ആ നാശം പിടിച്ച സിനിമയെപ്പറ്റി ഇതിനകം മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ രാജസ്ഥാനികളുടെ ചോദ്യങ്ങൾ നേരിടുന്നത്.
50 വർഷത്തിനുള്ളിലെങ്കിലും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ, വളരെയെളുപ്പം ഇത് മുസ്ലീം രാഷ്ട്രമായി മാറും എന്നൊക്കെയാണ് രണ്ട് പൊലീസുകാരും തമ്മിലുള്ള ചർച്ച. ഭാഗിയുടെ ഒരു ടയർ പഞ്ചറായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. ആ രണ്ട് പൊലീസുകാർക്കും ട്രെയിൻ പിടിക്കാനുള്ളതാണ്. ടയർ പഞ്ചറായാൽ അവര് വേറെ വണ്ടി പിടിച്ച് പൊയ്ക്കോളും. പക്ഷേ, അതുണ്ടായില്ല.
ഇതിനിടയ്ക്ക് പോലീസുകാർ കാണാതെ ഞാൻ ഗൂഗിൾ മാപ്പിൽ ഇന്നലെ ഗ്രോസറി വാങ്ങാൻ പോയ കടയുടെ ലൊക്കേഷൻ ഇട്ടു. അത് നഗരത്തിലേക്ക് എത്തുന്നതിന് അല്പം മുൻപാണ്. അവിടെ അവരെ ഇറക്കിവിടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അത് ഫലിച്ചു. അവിടെ ഭാഗിയെ നിർത്തിയതും രണ്ടെണ്ണവും നന്ദി പോലും പറയാതെ ഓട്ടോ പിടിക്കാൻ ഇറങ്ങി ഓടി.
ഇതോടെ ഒന്ന് ഞാൻ തീരുമാനിച്ചു. ഇനി പൊലീസുകാരെയും എൻ്റെ വാഹനത്തിൽ കയറ്റില്ല. അതിന്റെ പേരിൽ അവരെന്ത് പ്രശ്നമുണ്ടാക്കിയാലും നേരിടും.
ഇരുട്ട് വീണതും തണുപ്പ് കനത്തു. റസ്റ്റോറന്റ് ഉടമ ഹുക്ക വെച്ച് നീട്ടിയപ്പോൾ അതെടുത്ത് വലിച്ചു. ഞാനിതുവരെ ഹുക്ക വലിച്ചിട്ടില്ല. ഇനി അതായിട്ട് എന്തിന് കുറക്കണം.
റെസ്റ്റോറന്റിന് മുന്നിൽ നിന്ന് ഉടമയുടെ ബന്ധുവിന്റെ കല്ല്യാണ ബാരാത്ത് ആരംഭിച്ചിട്ടുണ്ട്. ഇന്നെനിക്ക് ഭക്ഷണം ആ കല്യാണ വീട്ടിൽ നിന്നാണ്. ഇപ്രാവശ്യം രാജസ്ഥാനിൽ വന്നിട്ട് രജപുത്ര കല്യാണം ഒന്നും കൂടിയിട്ടുണ്ടായിരുന്നില്ല. ആ കുറവ് ഇന്ന് പരിഹരിക്കപ്പെടും. വിളിക്കാത്ത കല്യാണങ്ങളുടെ സദ്യക്ക് ഒരു പ്രത്യേക രുചിയാണ്.
ശുഭരാത്രി.