ഇന്നലെ രാത്രി ഖോഗയിലെ ദീൻദയാൽ തുറമുഖത്ത് ഉറക്കം തീരെ ശരിയായില്ല. രാത്രി മുഴുവൻ തുറമുഖത്ത് വാഹനങ്ങൾ വന്നും പോയും ഇരുന്നു. സൂറത്തിലേക്ക് മാത്രമല്ല മറ്റ് പലയിടങ്ങളിലേക്കും ഇവിടന്ന് സർവ്വീസ് ഉണ്ട്. അപ്രകാരം വരുന്ന വാഹനങ്ങളുടെ ബഹളമായിരുന്നു. വലിയ ട്രക്കുകളും മറ്റും ധാരാളമായി വന്നുകൊണ്ടിരുന്നു. വെളുപ്പിന് ഒരു മണിക്ക് ഞാൻ ഉറക്കമുണർന്നു. പിന്നെ ഉറങ്ങാൻ കഴിഞ്ഞതേയില്ല. രാവിലെ സമയത്ത് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫെറി കിട്ടില്ലെങ്കിലോ എന്ന ആശങ്കയായിരുന്നു.
എന്തായാലും രാവിലെ ആറുമണി കഴിഞ്ഞതും ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഗേറ്റിലൂടെ ഭാഗിയെ ഞാൻ പോർട്ടിന് അകത്ത് കടത്തി. വാഹനം കയറ്റാൻ ₹1000 നിരക്ക്. സഞ്ചാരികൾക്ക് ₹500, ₹800, ₹1200 എന്നീ നിരക്കുകൾ വേറെയും. ഞാൻ ₹800 ടിക്കറ്റാണ് എടുത്തിരുന്നത്.
ഇത് വോയേജ് സിംഫണി എന്ന കമ്പനിയുടെ ഒരു ഇടത്തരം കപ്പൽ ആണ്. 125 കാറുകൾക്കും 32 ട്രക്കുകൾക്കും പറമേ 500 യാത്രക്കാർക്കും ഇതിൽ സഞ്ചരിക്കാം. ഭാവ്നഗറിൽ നിന്ന് സൂറത്തിലേക്കുള്ള ദൂരം 225 കിലോമീറ്ററോളം കുറയും ഈ കപ്പൽ യാത്രയിലൂടെ. നാലഞ്ച് മണിക്കൂർ സമയത്തിനുള്ളിൽ ഖോഗയിൽ നിന്ന് കപ്പൽ സൂറത്തിലെ ഹസീറ പോർട്ടിൽ എത്തും. ഞാൻ കയറിയിരിക്കുന്ന കപ്പൽ പഴയത് ആയതുകൊണ്ട് 5 നാലര മണിക്കൂർ എടുക്കും. വൈകിട്ട് 5 മണിക്ക് പോകുന്ന കപ്പൽ പുതിയതും വേഗത കൂടിയതും ആണ്. അത് 4 മണിക്കൂർ കൊണ്ട് എത്തും. റോ – റോ ഫെറി എന്നാണ് ഈ സർവ്വീസ് അറിയപ്പെടുന്നത്.
വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക് ഇംഗ്ലീഷ് ചാനലിൽ ഇപ്രകാരം വാഹനം കപ്പലിൽ കടത്തി പോയ അനുഭവം ഓർമ്മ വന്നു. എണ്ണപ്പാടത്തെ നിരവധി കപ്പൽ യാത്രകൾ വേറെയും. കടൽ ഇളകി മറിയുന്ന ദിവസങ്ങളിലെ അത്തരം ചില എണ്ണപ്പാട യാത്രകൾ ഇന്നും പേടിയോടെയാണ് ഓർക്കുന്നത്.
സത്യത്തിൽ ഈ കപ്പൽ യാത്ര എനിക്കൊരു അനുഗ്രഹമാണ്. രാവിലെ നഷ്ടപ്പെട്ട ഉറക്കം, വേണമെങ്കിൽ കപ്പലിൽ ഇരുന്ന് പൂർത്തിയാക്കാം. ഉൾക്കടലിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ പ്രത്യേകിച്ച് കാഴ്ചകൾ ഒന്നുമില്ല എന്നുള്ളതാണ് കപ്പൽ യാത്രയുടെ ഒരു വിരസത.
മൂന്ന് ദിവസത്തെ ഡാറ്റ ബാക്കപ്പ്, ഈ സമയത്ത് ചെയ്യാം. ഉറക്കം വരുന്നില്ലെങ്കിൽ ലോഞ്ചിലിരുന്ന് സിനിമ കണ്ട് സമയം കളയാം. ഉറക്കം വന്നില്ല. അതുകൊണ്ട് ആദ്യം പറഞ്ഞ കാര്യം ചെയ്തു.
എന്തായാലും ഈ കപ്പൽ യാത്ര ഒരു മനോഹരമായ അനുഭവമായിരുന്നു. ഒരു ചെറിയ കപ്പൽ യാത്ര ചെയ്യണമെന്നുള്ളവർക്ക് ഖോഗ-ഹസീറ കപ്പൽ റൂട്ട് ആകാവുന്നതാണ്.
ഹസീറ തുറമുഖത്തേക്ക് അടുക്കുന്നതോടെ കടലിൽ ചിലയിടത്ത് ഓയൽ ഫീൽഡിന്റെ പ്ലാറ്റ്ഫോമുകൾ കാണാം. ഗുജറാത്തിലെ തപ്ത്തി എന്ന ഫീൽഡിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഈ കാണുന്നത് ഏത് ഫീൽഡ് ആണ് എന്ന് കപ്പലിലെ ഫ്ലോർ മാനേജരോട് അന്വേഷിച്ചെങ്കിലും അദ്ദേഹത്തിന് അറിയില്ല. ക്യാപ്റ്റനോട് തിരക്കി വരാൻ പറഞ്ഞു. പക്ഷേ ക്യാപ്റ്റനും അറിയില്ല. ഹസീറ തുറമുഖത്തിന് തൊട്ടടുത്ത തന്നെ അദാനിയുടെ തുറമുഖവും കാണാം. റോഡ് മാർഗ്ഗം നാല് കിലോമീറ്റർ ദൂരമേ ഈ രണ്ട് തുറമുഖങ്ങളും തമ്മിലുള്ളൂ.
കപ്പൽ കരയ്ക്ക് അടുക്കുന്നതോടെ എല്ലാ യാത്രക്കാരോടും ടെക്കിൽ നിന്ന് ക്യാബിനുകളിലേക്ക് കടക്കാൻ ആവശ്യപ്പെട്ടു. വിമാനം താഴത്തിറങ്ങുന്നതിന് മുൻപ്, സീറ്റ് ഇടാൻ പറയുന്നതുപോലെ. 12:30 മണിയോടെ ഞാൻ ഹസീറ തുറമുഖത്ത് ഇറങ്ങി.
ഒരു മണിക്ക് സൂറത്തിൽ ആശ Asha Revamma -സതീഷ് മാക്കോത്ത് Sathees Makkoth ദമ്പതികളുടെ സുഹൃത്ത് (ഇപ്പോൾ എൻ്റേയും) സജിമോൻ Saji Mon ക്ഷണിച്ചത് പ്രകാരം മലയാളി സമാജത്തിലേക്ക് ചെന്നു. അവിടെ സമാജം ഭാരവാഹികൾ ബൊക്കെ തന്നാണ് സ്വീകരിച്ചത്. സമാജത്തിൽ മുത്തപ്പൻ വെള്ളാട്ടവും ഉണ്ടായിരുന്നു.
ആഷയും സതീഷും ഒരു ബന്ധുവിന്റെ കല്യാണത്തിന് നാട്ടിൽ പോയിരിക്കുകയാണ്. അവരുടെ അയൽവാസിയും ഗുജറാത്തുകാരിയുമായ പ്രിയങ്കയുടെ ഫ്ലാറ്റിൽ ചെന്ന് ആശയുടെ ഫ്ലാറ്റിന്റെ താക്കോൽ വാങ്ങി അകത്ത് കടന്ന് കുളിച്ച്, വസ്ത്രങ്ങളെല്ലാം അലക്കി, അല്പനേരം ഉറങ്ങി.
അപ്പോഴേക്കും സജിമോൻ എത്തി. അടുത്ത ഒരാഴ്ച കാണേണ്ട സ്ഥലങ്ങളുടെ റൂട്ടുകൾ ഞങ്ങൾ ഏറെക്കുറെ തയ്യാറാക്കി. ചിലയിടങ്ങളിൽ സജിമോൻ എനിക്കൊപ്പം വരാമെന്ന് ഏറ്റിട്ടുണ്ട്. ചിലയിടങ്ങളിൽ ആശയും സതീഷും ഉണ്ടാകും. സതീഷിന്റെ ഗ്ലാസ് ഫാക്ടറിയിൽ ഒരു സന്ദർശനവും ഏർപ്പാട് ചെയ്തിട്ടുണ്ട്.
രാത്രി ഭക്ഷണത്തിന് എത്തണമെന്ന് പ്രിയങ്ക സ്നേഹപൂർവ്വം ക്ഷണിച്ചത് തള്ളിക്കളഞ്ഞില്ല. ഭക്ഷണം റെഡിയാണെന്ന് പറഞ്ഞ് 9 മണിക്ക് പ്രിയങ്ക വീണ്ടും വിളിച്ചു. ഒരു മുൻപരിചയവുമില്ലാത്ത ഒരു ഗുജറാത്തി വീട്ടുകാർ കാണിക്കുന്ന ആ സ്നേഹം നിരസിക്കുന്നത് ശരിയല്ല. ഭക്ഷണം കഴിച്ച് ഒരുപാട് സമയം പ്രിയങ്കയ്ക്കും കുടുംബത്തിനും ഒപ്പം സംസാരിച്ചിരുന്നത് കൊണ്ട് ഇതെഴുതാൻ ഇത്രയും വൈകി.
സൂറത്ത് ഹബ്ബിൽ എട്ട് കോട്ടകളോളം ഉണ്ട്. അതിൽ രണ്ടെണ്ണം നാളെ കാണാൻ പരിപാടിയുണ്ട്.
ശുഭരാത്രി.