കഴിഞ്ഞ രണ്ട് ദിവസമായി ഭാഗിയിൽ വീണ്ടും എലിശല്യം ഉണ്ട്. 2 എലികളെ ഇതിനകം പിടിച്ചിരുന്നു. കൂടുതൽ എലികൾ കണ്ണി മാതാ ക്ഷേത്രത്തിൽ നിന്ന് തന്നെ വണ്ടിയിൽ കയറിയതാണോ അതോ പുതുതായി വന്ന മൂഷികരാണോ എന്ന് ഉറപ്പില്ല. ഇന്നലെ രാത്രി എൻ്റെ ശരീരത്തിലൂടെ എലി ഓടി. ഇങ്ങനെ എലികൾക്കിടയിൽ ജീവിച്ചാൽ എലിപ്പനി പോലെ എന്തെങ്കിലും രോഗം പിടിപെടാൻ സാദ്ധ്യതയുണ്ട്. എനിക്ക് മതിയായി ഈ ‘എലിജീവിതം’.
എലിക്കെണി വെച്ചിട്ടാണ് പിന്നീട് കിടന്നുറങ്ങിയത്. രാവിലെ മൂഷികൻ കെണിയിൽ പെട്ടിട്ടുണ്ട്. അതിനെ റോഡിനപ്പുറം കൊണ്ടുപോയി കളഞ്ഞ ശേഷം 63 കിലോമീറ്റർ മാറിയുള്ള ഭയ്ൻസ്രോഗഡ് കോട്ടയിലേക്ക് പുറപ്പെട്ടു. ഒന്നര മണിക്കൂർ ഓട്ടത്തിൽ അവസാനത്തെ അരമണിക്കൂർ കാട്ടിലൂടെയാണ്. വന്ന് വന്ന് ആരവല്ലി മലനിരകളിലെ ഹെയർപിന്നുകളിലൂടെ വളഞ്ഞ് തിരിഞ്ഞ്, ആ മല മുറിച്ച് കടക്കാത്ത ഒരു ദിവസത്തിന് തീരെ രസമില്ല എന്നായിരിക്കുന്നു.
അക്കണ്ട ദൂരം ഓടി കോട്ടയിലേക്കുള്ള ഇടുങ്ങിയ ഗളികൾ താണ്ടി കോട്ടയ്ക്ക് മുന്നിൽ എത്തിയപ്പോൾ, അങ്ങോട്ട് പ്രവേശനം ഇല്ലെന്ന് ബോർഡ് ഇരിക്കുന്നത്. വാച്ച്മാൻ പെട്ടെന്ന് ബൈക്കിൽ വന്ന് ഗേറ്റ് തുറന്നു. ഒരു തരത്തിലും അകത്തേക്ക് കടക്കാൻ പറ്റില്ല എന്നാണ് അദ്ദേഹം പറയുന്നത്. കോട്ടയിൽ മിനുക്ക് പണികൾ നടക്കുകയാണത്രേ.
” 7 ദിവസം കൊണ്ട് 10 കോട്ടകൾ കണ്ടെന്ന് അഹങ്കരിക്കാം” എന്ന് ഇന്നലെ പറഞ്ഞതിന് വിപരീതമായി സംഭവിച്ചിരിക്കുന്നു.
“ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെടോ അക്ഷരം തീണ്ടാത്തവനേ” എന്ന് അന്തരംഗം പരിഹസിച്ചു.
അതിന് മുൻപ്, രാവിലെ മറ്റൊരു മോശം സംഭവവും ഉണ്ടായിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിച്ച് ലാപ്പ്ടോപ്പ് ചാർജ്ജ് ചെയ്യാൻ നോക്കിയപ്പോൾ ജനറേറ്ററിന് ഒരു ചെറിയ തുമ്മലും ചീറ്റലും. അര മണിക്കൂർ കഴിഞ്ഞ് അത് പണിമുടക്കുകയും ചെയ്തു. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ കാർബറേറ്റർ ഇങ്ങനെ ചില ഏനക്കേടുകൾ കാണിക്കുക സ്വാഭാവികം. അവസാനം ജനറേറ്റർ ഓടിച്ചത് 58 ദിവസം മുൻപാണ്; കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ്.
“ആഴ്ച്ചയിൽ ഒരിക്കൽ യാത്ര ഒഴിവാക്കി, ഇത്തരം പരിപാടികൾ ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇപ്പോൾ മനസ്സിലായില്ലേ?” എന്ന് അന്തരംഗം വക വീണ്ടും പരിഹാസം.
ഭയ്ൻസ്രോഗഡ് കോട്ടയിൽ നിന്ന് നേരെ കോട്ട നഗരത്തിലെ ഹോണ്ട ജനറേറ്റർ ഡീലറുടെ വർക്ക് ഷോപ്പിലേക്ക് തിരിച്ചു. ഒരു മണിക്കൂറിനകം അവർ കാർബറേറ്റർ സർവ്വീസ് ചെയ്ത് തന്നു. പരിചയമില്ലാത്ത ഒരു നഗരത്തിൽ ഹോണ്ട ഡീലറെ കണ്ടുപിടിക്കാൻ സാധിച്ചത് ഇന്റർനെറ്റ് ഉള്ളതുകൊണ്ട്. അങ്ങോട്ടുള്ള വഴി കാട്ടിത്തന്നത് ജീപിഎസ് സംവിധാനം. ഈ രണ്ട് സംഭവങ്ങളും ഇല്ലെങ്കിൽ ഇങ്ങനെ ഒരു യാത്ര ആലോചിക്കുക പോലും വയ്യ.
നഗരത്തിലെ വഴിയിൽ മിക്കതും എനിക്കിപ്പോൾ ഗൂഗിൾ മാപ്പ് ഇടാതെ തന്നെ അറിയാം. അത് അപകടമാണ്. വഴികൾ പഠിക്കുന്നതോടെയാണ് ഒരു നഗരവുമായി ഞാൻ പ്രണയത്തിൽ ആവുക. പ്രണയം മുറുകുന്നതിന് മുന്നേ കോട്ട ജില്ല വിടണം.
147 കിലോമീറ്റർ മാറിയുള്ള രൺധംബോർ കോട്ട മാത്രമാണ് ഈ ഹബ്ബിൽ ഇനി അവശേഷിക്കുന്നത്. നാളെ രാവിലെ അങ്ങോട്ട് പുറപ്പെടുന്നു. അവിടന്ന് അടുത്ത ഹബ്ബായ ബാര (Baran).
ഭരത്പൂർ, അൽവാർ എന്നീ ഹബ്ബുകൾ കൂടെ കഴിയുന്നതോടെ രാജസ്ഥാനിലെ കോട്ടകൾ തേടിയുള്ള പര്യടനം ഏറെക്കുറെ അവസാനിക്കുകയാണ്; പ്രതീക്ഷിച്ചതിനേക്കാൾ ഒരു മാസം മുൻപ് തന്നെ.
പക്ഷേ, അൽവാർ ഹബ്ബിൽ ഒരുഗ്രൻ വെല്ലുവിളി കാത്തിരിക്കുന്നുണ്ട്. അത് ഞാൻ എങ്ങനെ നേരിടുമെന്ന് കാണാൻ കാത്തിരിക്കുന്ന സുഹൃത്തുക്കൾ ഉണ്ട് ഇവിടെ.
ആൽവാറിലെ ഭാൻഗഡ് കോട്ടയിൽ പ്രേതബാധ ഉണ്ട് പോലും! അതിനാലാകാം, ഇരുട്ട് വീണ് കഴിഞ്ഞാൽ ആരെയും കോട്ടയ്ക്കകത്ത് കറങ്ങാൻ വിടില്ല. ഞാനാണെങ്കിൽ എങ്ങനെയാണ് അതിനകത്ത് ഒരു രാത്രി തങ്ങാനുള്ള അനുമതി ലഭിക്കുക എന്നാണ് ആലോചിക്കുന്നത്.
ഇന്നേവരെ ഒരു പ്രേതത്തിനേയോ യക്ഷിയേയോ ചുടേലയേയോ നേരിട്ട് കണ്ടിട്ടില്ല എന്നത് എന്തൊരു മോശം അവസ്ഥയാണ്. അതിനൊരു അറുതി വരുത്തണ്ടേ? അഥവാ അവളുമാർ ആരെങ്കിലും വന്നാൽ, ഭാഗിയുടെ അടുക്കള സജീവമാക്കി ഓരോ കട്ടൻചായ ഇട്ട് കുടിച്ച്, അവരുടെ കഥകളും പ്രശ്നങ്ങളും സംസാരിച്ച് നേരം വെളുക്കുവോളം ഇരിക്കാമല്ലോ?
രാജസ്ഥാനിലെ പ്രേതങ്ങളെപ്പറ്റി ആകെയുള്ള അറിവ് ‘സ്ത്രീ’ എന്ന ഹിന്ദി സിനിമയിലൂടെയാണ്. പ്രേതം, ഒരു ഗ്രാമത്തിലെ പുരുഷന്മാരെയെല്ലാം നഗ്നരാക്കി പിടിച്ചു കൊണ്ടുപോയി, ഒരു കോട്ടയിൽ അടക്കുന്നതാണ് ആ സിനിമയുടെ ഇതിവൃത്തം. ‘ स्त्री कल आना’ (നാളെ വരൂ സ്ത്രീയേ) എന്ന് വീടിന് മുന്നിൽ എഴുതി വെച്ചാൽ യക്ഷി ആ വഴി വരുകയില്ല. ഈ സിനിമാ കഥയ്ക്ക് ആസ്പദമായ അന്ധവിശ്വാസം ശരിക്കുമുള്ളത് കർണ്ണാടകത്തിലെ ഒരു ഗ്രാമത്തിലാണ്. ഗ്രാമത്തിന്റെ പേര് മറന്നു. അവിടത്തെ വീടുകളുടെ പുറംചുമരുകളിലും മതിലുകളിലും ‘നാളെ വരൂ സ്ത്രീയേ’ എന്ന് കന്നടയിൽ എഴുതി വെച്ചിട്ടുമുണ്ട്.
ഡോ:എ.ടി.കോവൂരിൻ്റെ ആനമറുത എന്ന പുസ്തകം വായിച്ചിട്ടുണ്ടെങ്കിൽ ഇത്തരം അന്ധവിശ്വാസങ്ങളുടെ പിന്നാമ്പുറ കളികൾ പെട്ടെന്ന് പിടികിട്ടും.
ഭാൻഗഡ് കോട്ടയിൽ യക്ഷികളുമായി സഹവസിക്കാൻ പറ്റിയാലും ഇല്ലെങ്കിലും ഇത്തരം പ്രേതബാധയോ പിശാച് ബാധയോ ഉള്ള ഒരു സ്ഥലത്തോ കെട്ടിടത്തിലോ താമസിക്കണമെന്നത് എൻ്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു കാര്യമാണ്.
പറഞ്ഞ് പറഞ്ഞ് കാടുകയറി.
ശുഭരാത്രി.