devadasi-2B-2Bp.surendran

ദേവദാസി തെരുവുകളിലൂടെ


ദേവദാസികൾ എന്നാൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിരുന്ന കുറേ സ്ത്രീകൾ എന്നതിലപ്പുറം, കാര്യമായ വിവരമൊന്നും എനിക്കില്ലാതെ പോയത് നിരക്ഷരൻ ആയതുകൊണ്ടും വായനയുടെ കുറവുകൊണ്ടും തന്നെ. 2010 ഡിസംബറിൽ എറണാകുളത്തുവെച്ച് നടന്ന രാജ്യാന്തര പുസ്തകമേളയിൽ, ഗ്രീൻ ബുക്സിന്റെ സ്റ്റാളിൽ നിന്നാണ് ശ്രീ.പി.സുരേന്ദ്രന്റെ ‘ദേവദാസി തെരുവുകളിലൂടെ’ ഒരു കോപ്പി സ്വന്തമാക്കിയത്. യാത്രാവിവരണം എന്ന ലേബലുള്ള പുസ്തകമായതുകൊണ്ടാകണം 108 പേജ് ഒറ്റയടിക്ക് വായിച്ച് തീർക്കുകയും ചെയ്തു.

അന്ധവിശ്വാസത്തിന്റേയും വിദ്യാഭ്യാസമില്ലായ്മയുടേയും കൂടെ പുരുഷവർഗ്ഗത്തിന്റെ ചൂഷണമനോഭാവം കൂടെ ചേർന്നപ്പോൾ പിറവികൊണ്ട ദേവദാസി കുലത്തിന്റേയും, കുഞ്ഞുന്നാളിലേ തന്നെ അന്യർക്കായി സ്വശരീരം വിട്ടുകൊടുത്ത് ജീവഛവങ്ങളായി കാലം തള്ളിനീക്കേണ്ടിവന്ന അമ്മപെങ്ങന്മാരുടേയും നേർക്കാഴ്ച്ചയാണ് ഈ ഗ്രന്ഥം.

പരശുരാമന്റെ മാതാവും ജമദഗ്നി മഹർഷിയുടെ പത്നിയുമാണ് രേണുക. പാതിവ്രത്യത്തിന് പേരുകേട്ടവൾ. ആ പാതിവ്രത്യം കളങ്കപ്പെട്ടെന്ന് മനസ്സിലാക്കിയ മഹർഷി, പരശുരാമനോട് സ്വന്തം അമ്മയെ നിഗ്രഹിക്കാൻ പറയുന്ന പുരാണമുണ്ടല്ലോ? അതുമായി ബന്ധപ്പെട്ടുകിടക്കുന്നു ദേവദാസി കുലത്തിന്റെ ആരംഭവും വിശ്വാസങ്ങളും. തന്റെ ആജ്ഞ ശിരസ്സാവഹിച്ച മകനിൽ സം‌പ്രീതനായ മഹർഷി, പരശുരാമന് ഒരു വരം നൽകുന്നു. മരിച്ചുപോയ മാതാവിനെ പുനരുജ്ജീവിപ്പിക്കണമെന്നായിരുന്നു പരശുരാമൻ ആവശ്യപ്പെട്ട വരം. മഹർഷി ധർമ്മസങ്കടത്തിലാവുന്നു. കളങ്കപ്പെട്ട ഭാര്യയുടെ മുഖത്തെങ്ങനെ നോക്കും. ആശ്രമപരിസരത്തുണ്ടായിരുന്ന ഒരു ദളിത് സ്ത്രീയുടെ തലയറുത്ത് രേണുകാ ദേവിയുടെ ഉടലുമായി ചേർത്ത് ( ഈ കഥയുടെ മറ്റ് രൂപഭേദങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.) പ്രശ്നം പരിഹരിക്കപ്പെടുന്നു. ദളിത് (മാതംഗ) സ്ത്രീയുടെ തലയുമായി രേണുക ജീവിക്കുന്നു. സ്വന്തം സമുദായത്തിന്റെ മുഖം മുനിപത്നിയിൽ കണ്ട് ആനന്ദിച്ച മാതംഗർ, രേണുകാ ദേവി ചെയ്ത അതേ കുറ്റം ചെയ്യാൻ വേണ്ടി പെൺ‌മക്കളെ സജ്ജരാക്കിക്കൊണ്ട്, യെല്ലമ്മ എന്ന ദേവീസങ്കല്‍പ്പവും ആരാധനയും ആരംഭിക്കുന്നിടത്ത് ദേവദാസി സമ്പ്രദായത്തിന് തുടക്കം കുറിക്കപ്പെടുന്നു.

രേണുകാദേവി പാതിവ്രത്യത്തിന്റെ പര്യായമായിരുന്നു. ആശ്രമത്തിനടുത്തുള്ള നദിയിൽ നിന്ന് വെള്ളമെടുത്തുകൊണ്ടുവരുവാൻ അവർക്ക് പാത്രങ്ങൾ ആവശ്യമില്ലായിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിമൂലം, ആവശ്യത്തിനുള്ള ജലം ഉരുട്ടി കൈയ്യിലെടുത്ത് കൊണ്ടുപോരാനും നദിയിൽ കഴുകിയെടുക്കുന്ന വസ്ത്രങ്ങൾ അഴയൊന്നും ഇല്ലാതെ അന്തരീക്ഷത്തിൽ നിർത്തി ഉണക്കാനും അവർക്കാകുമായിരുന്നു. ഒരിക്കൽ നദിയിലെ കണ്ണാടിപോലെ നിശ്ചലമായ ജലത്തിൽ ഒരു ഗന്ധർവ്വർ അപ്സരസ്സുമായി രമിക്കുന്നതിന്റെ പ്രതിബിംബം രേണുകാദേവി കാണുകയും ഗന്ധർവ്വന്റെ നേർക്ക് അവരുടെ മനസ്സൊന്ന് പതറുകയും ചെയ്തതാണ് പാതിവ്രത്യം ഭംഗപ്പെടാൻ കാരണം. അക്കാരണത്താൽ അന്ന് ജലം ഉരുട്ടിയെടുക്കാനോ വസ്ത്രങ്ങൾ അന്തരീക്ഷത്തിൽ നിർത്തി ഉണക്കുവാനോ അവർക്കാവുന്നില്ല. ഇതാണ് പുരാണം.

ആ പുരാണത്തിന്റെ ചുവടുപിടിച്ച് വിവരമില്ലാത്ത മനുഷ്യർ ചെയ്തതെന്താണ് ? വേശ്യാവൃത്തിക്കായി ഒരു കുലം തന്നെ സൃഷ്ടിച്ചെടുത്തു. അച്ഛനാരെന്ന് അറിഞ്ഞിട്ടും അത് പുറത്ത് പറയാൻ അർഹതയില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളേയും രോഗബാധിതരായ അവരുടെ അമ്മമാരേയും സമൂഹത്തിന് സമ്മാനിച്ചു. നിയമം മൂലം ദേവദാസി സമ്പ്രദായം നിർത്തലാക്കപ്പെട്ടിട്ടും ഇന്നും, മേല്‍പ്പറഞ്ഞ അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തുകടക്കാനാവാതെ യെല്ലമ്മ (എല്ലാവരുടേയും അമ്മ) എന്ന ദേവതയുടെ പേരിൽ രഹസ്യമായി ഡെക്കാനിലെ പല ഗ്രാമങ്ങളിലും നടക്കുന്ന ദേവദാസി സമർപ്പണത്തിന്റേയും മറ്റ് അനാചാരങ്ങളുടേയുമൊക്കെ പാതകളിലൂടെ ലേഖകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു, നടുക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നു.

ഹിന്ദുപുരാണത്തിന്റെ ചുവടുപിടിച്ച് ഉണ്ടായി വന്ന കുലവും സമ്പ്രദായവുമൊക്കെയാണ് ഇതെങ്കിലും ലൈംഗികതയുടെ കാര്യം വരുമ്പോൾ ജാതിമത ഭേദമൊന്നും ഇല്ലാതെ ദേവദാസികൾ സൃഷ്ടിക്കപ്പെട്ടിരുന്നെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അനിസ്ലാമിക രീതിയാണെങ്കിലും, ബീജാപ്പൂരിലെ ഒരു മസ്‌ജിദിനെ കേന്ദ്രീകരിച്ച് അപൂർവ്വമായാണെങ്കിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നെന്ന് പുസ്തകം പറയുന്നു. പക്ഷെ, പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന മട്ടിൽ ഈ സമ്പ്രദായം മായ്ച്ചുകളയുന്നതിൽ മുസ്ലീം സമൂഹം വിജയിച്ചിരിക്കുമ്പോൾ, ഹിന്ദു സമൂഹം അന്ധവിശ്വാസങ്ങളുടെ നിലയില്ലാക്കയത്തിൽ ഇപ്പോഴും കൈകാലിട്ടടിച്ചുകൊണ്ടിരിക്കുന്നു.

പെൺകുട്ടികൾക്ക് തലമുടിയിൽ ജഢ പിടിക്കാൻ തുടങ്ങിയാൽ അവളെ ദേവദാസികളുടെ കുലദേവതയായ യെല്ലമ്മ ദേവി ആഗ്രഹിക്കുന്നു എന്നതാണ് അന്ധവിശ്വാസം. അത്യാവശ്യത്തിന് പോലും ശുദ്ധജലം ലഭ്യമല്ലാത്ത, പട്ടിണിയും പരിവട്ടങ്ങളുമൊക്കെ നിത്യക്കാഴ്ച്ചയായ വൃത്തിഹീനമായ ഗ്രാമങ്ങളിൽ, ഒരു പെൺകുട്ടിയുടെ നീളമുള്ള മുടി ജഢ പിടിക്കാനാണോ ബുദ്ധിമുട്ട് ! ഇതൊന്നുമല്ലെങ്കിലും കുടുംബത്തിലെ മൂത്ത പെൺകുട്ടി യെല്ലമ്മ ദാസിയാക്കപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ ഒരു പെൺകുട്ടിയെ ദേവദാസിയായി സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്നു. അവൾക്ക് പ്രായപൂർത്തിയായാൽ ആദ്യമായി അവളെ പ്രാപിക്കാനുള്ള അവകാശം ക്ഷേത്രപുരോഹിതനുള്ളതാണ്. കർണ്ണാടകത്തിലടക്കമുള്ള ഗ്രാമങ്ങളിൽ പൂജാരികൾ ഗ്രാമമുഖ്യന്മാരുടേയോ ജന്മിമായുടേയോ ശിങ്കിടികളായതുകൊണ്ട്, മിക്കവാറും പെൺകുട്ടികൾ പൂജാരിമാർ മുഖേന ജന്മിമാരായ ഗൗണ്ടർമാർക്കും മറ്റും കാഴ്ച്ചവെക്കപ്പെടുന്നു. വെപ്പാട്ടിയായും ഗ്രാമവേശ്യയായും നീറിത്തീരാനായി നിസ്സഹായയായ ഒരു പെൺകുട്ടി ബലികഴിക്കപ്പെടുന്ന ഒരു കാഴ്ച്ചയാണത്.

ആദ്യകാലത്ത് ദേവദാസികൾ എന്നാൽ സമൂഹത്തിൽ ‘അന്തസ്സുള്ള’ ഒരു വിഭാഗമായിരുന്നു. അവർ കലാനിപുണരായിരുന്നു. ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ട് താലിക്കല്യാണ ചടങ്ങ് നടന്നാൽ ഉടനെ തന്നെ നട്ടുവൻ അവളെ കലയുടെ പാഠങ്ങൾ പഠിപ്പിച്ച് തുടങ്ങും. രതിയുടെ പാഠങ്ങൾ പഠിപ്പിക്കാൻ പ്രായം ചെന്ന ജോഗിതി എന്ന ദേവദാസിമാരും ഉണ്ടായിരിക്കും. സംഗീതം നൃത്തം (ഭരതനാട്യം തമിഴ്‌നാട്ടിലെ ദേവദാസികളുടെ നൃത്തമായിരുന്നു.) എന്നതൊക്കെ കൂടാതെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനുമൊക്കെ അറിയുന്നവരായിരുന്നു ദേവദാസികൾ.  സമൂഹത്തിലെ ഉന്നതർ വരെ ദേവദാസി വീടുകളിൽ അഭിമാനത്തോടെ ചെല്ലുകയും പ്രാപിക്കുകയും ചെയ്തിരുന്ന ഒരുകാലമുണ്ടായിരുന്നു. രാജാ രവിവർമ്മയ്ക്ക് മോഡലായിരുന്ന, ലാൽ‌വാഡിയിലെ ബഡാബായി എന്ന അഞ്ജനീബായിയേയും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഗായികയും നർത്തകിയുമായ ധനാഢ്യയായ ഒരു ദേവദാസി ആയിരുന്നവർ. തന്നെ വിഷയാസക്തിയില്ലാത്ത കണ്ണുകളോടെ നോക്കിയ ഒരേയൊരു വ്യക്തി രവിവർമ്മ ആയിരുന്നെന്ന് അവർ പറയുന്നുണ്ട്.

കാലം കടന്നുപോയതോടെ ദേവദാസികൾക്ക് കലയുമായുള്ള ബന്ധമൊക്കെ വിച്ഛേദിക്കപ്പെടുന്നു. ദേവദാസിയായി സമർപ്പിക്കപ്പെടുന്ന പെൺകുട്ടികൾ ഗോവയിലേയും മറ്റ് നഗരങ്ങളിലേയും വേശ്യാഗൃഹങ്ങളിലേക്ക് കയറ്റി അയക്കപ്പെടാൻ തുടങ്ങുന്നു. ലേഖകന്റെ സഞ്ചാരം കർണ്ണാടക, ഹൈദരാബാദ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയെല്ലാം ദേവദാസിത്തെരുവുകളിലൂടെയും വേശ്യാത്തെരുവുകളിലൂടെയും മുന്നോട്ട് നീങ്ങുമ്പോൾ വേദനിക്കുന്ന ദൃശ്യങ്ങളാണ് നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.  ബ്‌ളാക്ക് & വൈറ്റ് ചിത്രങ്ങൾ എട്ടെണ്ണം  പുസ്തകത്തിന്റെ നടുക്കുണ്ടെങ്കിൽ, പുസ്തകത്തിലെ വരികളിലുള്ളതൊക്കെയും ചവിട്ടിത്താഴ്ത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ നിറം മങ്ങിയ ചിത്രങ്ങളാണ്.

കേരളത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റിയും അത് നിലനിന്നിരുന്ന കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, തെക്കൻ തിരുവിതാംകൂർ എന്നീ സ്ഥലങ്ങളെപ്പറ്റിയും, 1931ൽ മഹാറാണി ലക്ഷ്മീഭായി നിയമം മൂലം ദേവദാസി സമ്പ്രദായം നിരോധിച്ചപ്പോൾ നട്ടുവന്മാരും ആട്ടക്കാരികളും അവിടന്ന് പാലായനം ചെയ്ത് തൃശൂരിലെ കടവല്ലൂർ ക്ഷേത്രപരിസരത്ത് കുടിയേറിയതായുമൊക്കെ പരാമർശിക്കുന്നുണ്ട് പുസ്തകത്തിൽ.

തേവിടിശ്ശി എന്ന പദം ഉരുത്തിരിഞ്ഞ് വന്നതെങ്ങനെ? ഹിജഡകളിൽ ചിലരുടെയെങ്കിലും തുടക്കം എവിടെ നിന്ന് ? ഗ്രാമങ്ങളിലെ സാമൂഹികമായ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്ത് ജീവിക്കുന്ന നേതാക്കന്മാർ. ദേവദാസി സമ്പ്രദായത്തിന്റെ വേരുകൾ അറുത്തുമാറ്റാതെ നിലനിർത്തുകയും അതേസമയം പുറം ലോകവുമായി അവരുടെ ബന്ധം നിയന്ത്രിക്കുകയും അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റ് ചില സംഘടനകളുടേയും പൊള്ളത്തരങ്ങൾ. ദേവദാസി കുലത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായിട്ടും യെല്ലമ്മയുടെ കോപം ഉണ്ടായാലോ എന്ന് ഭയന്ന്, വൃത്തിഹീനമായ ഈ പാതയിലൂടെ നടക്കേണ്ടി വരുകയും, അടുത്ത തലമുറയേയും അതേ വഴിക്കുതന്നെ തെളിച്ച് വിടുകയും ചെയ്യുന്ന അരപ്പട്ടിണിക്കാരായ സ്ത്രീജന്മങ്ങൾ. അന്ധവിശ്വാസങ്ങളുടെ കെട്ടുപൊട്ടിച്ച് പുറത്തുചാടി മക്കളെയെങ്കിലും രക്ഷിച്ചെടുക്കാൻ ധൈര്യം കാണിച്ച ചുരുക്കം ചില ദേവദാസികൾ. കനം കുറഞ്ഞ കീശയുമായി കിട്ടുന്ന സൗകര്യത്തിൽ ഉണ്ടും ഉറങ്ങിയും പ്രശസ്ത ഫോട്ടോഗ്രാഫർ കണ്ണൻ സൂരജിനൊപ്പം ലേഖകൻ നടത്തുന്ന അസൂയപ്പെടുത്തുന്ന യാത്രയിലൂടെ, നൊമ്പരമുളവാക്കുന്ന കാഴ്ച്ചകൾക്കൊപ്പം, വേശ്യകൾ അല്ലെങ്കിൽ സ്യൂളകൾ എന്ന് നാമൊക്കെ പുച്ഛിച്ച് തള്ളുന്ന ഒരു സമൂഹത്തിന്റെ ജീവിതവും ചരിത്രവുമൊക്കെയാണ് വിവരിക്കപ്പെടുന്നത്. ഇന്ത്യയെ കാണണമെങ്കിൽ, മനസ്സിലാക്കണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്ന മഹത്‌വചനം ഈ യാത്രയിൽ പാലിക്കപ്പെടുന്നുണ്ട്. എത്രത്തോളം തിളങ്ങുന്നുണ്ട് ഇന്ത്യയെന്ന് പി.സുരേന്ദ്രൻ എടുത്തുകാണിക്കുകയാണ് ഈ സഞ്ചാരകൃതിയിലൂടെ.

ഒരു യാത്രയ്ക്കിടയിൽ ലേഖകനെ കണ്ടുമുട്ടിയപ്പോൾ – ചിത്രം:- സജി മാർക്കോസ്

അദ്ദേഹം പോയ വഴികളിൽ ചിലതിലൂടെയെങ്കിലും ഞാനും സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം കണ്ട കാഴ്ച്ചകളൊന്നും ഞാൻ കണ്ടിട്ടില്ല. പല പ്രാവശ്യം ഗോവയിൽ പോയിട്ടുണ്ടെങ്കിലും, ഈ പുസ്തകം വായിക്കുന്നതുവരെ, ഗോവൻ സർക്കാർ തേച്ചുമാച്ച് കളയാൻ ശ്രമിക്കുന്ന വേശ്യാത്തെരുവുകളുള്ള ബൈന ബീച്ചിനെപ്പറ്റി എനിക്കൊന്നുമറിയില്ല. കർണ്ണാടകത്തിലെ പലയിടങ്ങളിലേയും കാര്യത്തിൽ എന്റെ അവസ്ഥ അതുതന്നെ. പോയ സ്ഥലങ്ങളിൽത്തന്നെ ഒന്നോ രണ്ടോ ആവർത്തി എനിക്കിനിയും പോകാനുണ്ടെന്ന് ഈ പുസ്തകം ബോദ്ധ്യപ്പെടുത്തിത്തന്നു.

മറ്റ് പലരേയും പോലെ താനും ഈ ദേവദാസികളെ ചൂഷണം ചെയ്യുകയല്ലേ എന്ന് പുസ്തകത്തിൽ ഒരിടത്ത് ലേഖകൻ ആശങ്കപ്പെടുന്നുണ്ട്. അവരുടെ കഥ പഠിച്ച് മനസ്സിലാക്കി അത് പുസ്തകമാക്കി ഇറക്കുമ്പോൾ അങ്ങനൊരും ചൂഷണം നടന്നിട്ടുണ്ടെങ്കിൽ അതിന് പ്രായശ്ചിത്തമായി പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം, ദേവദാസികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കർണ്ണാടകത്തിലെ കുട്‌ലികിയിലെ സ്‌നേഹ (SNEHA – Society for Needful Education & Health Awareness) എന്ന സംഘടനയ്ക്കായി നീക്കിവെക്കുന്നുണ്ട് അദ്ദേഹം.

പുസ്തകം ഒരുപാട് വായിക്കപ്പെടണം. അതാത് സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും മാത്രം ഒതുങ്ങുനിൽക്കുന്ന ഇത്തരം സമൂഹങ്ങളേയും സംഭവങ്ങളേയും പറ്റി ഭൂലോകർ അറിയണം.  ഇതിനൊക്കെ എതിരായി ചലനങ്ങൾ സൃഷ്ടിക്കപ്പെടണം. അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന ഇത്തരം സമൂഹങ്ങളെ, വിദ്യാഭ്യാസവും ധൈര്യവും അർത്ഥവുമൊക്കെ കൊടുത്ത് കൈപിടിച്ചുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Comments

comments

53 thoughts on “ ദേവദാസി തെരുവുകളിലൂടെ

  1. ദേവദാസികൾ എന്നാൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിരുന്ന കുറേ സ്ത്രീകൾ എന്നതിലപ്പുറം, കാര്യമായ വിവരമൊന്നും എനിക്കില്ലാതെ പോയത് നിരക്ഷരൻ ആയതുകൊണ്ടും വായനയുടെ കുറവുകൊണ്ടും തന്നെ.

  2. അന്ധവിശ്വാസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍!!ഒരു പെണ്ണായതു കൊണ്ട്, ഈ വിധത്തില്‍ ജീവിക്കാന്‍ വിധിക്കപെട്ട ആ പെണ്‍കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ തന്നെ എനിക്ക് ഭയമാകുന്നു.”Memoirs of a Geisha” എന്ന ഒരു ബുക്ക്‌ വായിച്ചിരുന്നു ഞാന്‍.Geisha എന്ന ജപ്പാനീസ് വാക്കിനു ഇവിടെ പറഞ്ഞ ദേവദാസി എന്ന അതേ അര്‍ഥം തന്നെ. ലോകത്തു എല്ലായിടത്തും പെണ്ണുങ്ങളുടെ അവസ്ഥ ഒന്ന് തന്നെ അല്ലെ…

  3. കുറെ ഒക്കെ കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്. ഇല്ലാതാക്കേണ്ട ഒരു അനാചാരം കൂടി. മഞ്ജു പറഞ്ഞ Memoirs of a Geisha സിനിമ ആയി വന്നത് കണ്ടിട്ടുണ്ട്.

    ആശംസകള്‍!!

  4. നന്ദി, ദേവദാസി സമ്പ്രദായത്തിന്റെ ബാക്ൿഗ്രൌണ്ട് അറിയില്ലായിരുന്നു.
    ഞാന്‍ ഇതൊന്നു എന്റെ ബസ് ഫ്രണ്ട്‌സുമായി ഷെയര്‍ ചെയ്യട്ടെ?

  5. പലയിടത്തു നിന്നായി ഇവരെക്കുറിച്ച് വായിച്ചിട്ടുണ്ട്.വിദ്യാഭ്യാസത്തിലൂടെയ ല്ലാതെ ഇവര്‍ ഏതെങ്കിലും കാലത്ത് രക്ഷപെടുകയില്ലെന്നു തോന്നുന്നു.
    അറിവിന്‍റെ ചക്രവാളം വികസിക്കുന്തോറും അന്ധവിശ്വാസങ്ങള്‍ ചെറുതായി വരികയും കാലക്രമേണ ഇത്തരം മൂഢവിശ്വാസങ്ങള്‍ ഒരുകഥമായിത്തീരുകയും ചെയ്യും.

    ഭാരതീയ പൗരോഹിത്യം അധഃകൃതരോടും,അതുവഴി ഭാരതത്തോടുതന്നെയും ചെയ്തിട്ടുള്ള അക്ഷന്തവ്യമായ അപരാധത്തിന്‍റെ ജീവിക്കുന്ന ഇരകളാണ് ഈ വിഭാഗം എന്നു പറയാതെ വയ്യ.

    എന്തായാലും നിരക്ഷരാ നല്ല ലേഖനം അഭിനന്ദനങ്ങള്‍.സജിയച്ചായനും ഒരു അഭിനന്ദനം, ചുമ്മാ ഇരിക്കട്ടേന്നെ :)

  6. പണ്ടുണ്ടായിരുന്ന പല സമ്പ്രദായങ്ങളും അതേപടി തുടരുന്ന പല ജനവിഭാഗങ്ങളും ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്.ദേവദാസി സമ്പ്രദായവും അതുപോലെ തന്നെ. ദേവദാസികളായി സ്വയം എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന പെണ്‍കൊടിമാരെ നല്ലൊരു ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരുന്നതിനും ഇത്തരം തെമ്മാടിത്തരങ്ങള്‍ അവസാനിപ്പിക്കുവാനും അതിശക്തമായ ബോധവത്ക്കരണ്‍ആവും മറ്റും നടത്തേണ്ടതുണ്ട്.അല്ലെങ്കില്‍ ദേവദാസികള്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടേയിരിക്കും.

    നിരക്ഷരനു നന്ദി.ഒരു നല്ല ലേഖനത്തിനും ഒരു നല്ല പുസ്തകം പരിചയപ്പെടുത്തിയതിനും.

  7. @ കരീം മാഷ് – ബസ്സിൽ ഈ ലേഖനം ഷെയർ ചെയ്യാൻ ചോദിക്കേണ്ട കാര്യമെന്തിരിക്കുന്നു ? സസന്തോഷം വിട്ടുതന്നിരിക്കുന്നു :)

  8. പണ്ട് കാലത്തുള്ള ഈ അനാചാരം ഒക്കെ സൗകര്യം ആയി കരുതുന്ന കുറെ ക്രിമിനല്‍സ് ഉണ്ടല്ലോ
    അത് കൊണ്ട് തന്നെ പാവം പെണ്‍കുട്ടികള്‍ക്ക് രെക്ഷപെടാന്‍ പറ്റുന്നില്ല

    Geisha is often mistaken for prostitution – Wiki says; but we cant understand what the real role a geisha plays – I too feel Geisha is Japanese Devadasi sampradaya

    Recently Discovery channel has a show on a Geisha attending training in a geisha home in Kyoto

    Good post Niraksharan

    Regards
    Renuka Arun

  9. ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും “Memoirs of a Geisha” ആണ് ഓര്‍മ്മ വന്നത്. ആ ബുക്ക് വായിച്ചപ്പോള്‍ നമ്മുടെ നാട്ടിലെ ദേവദാസികളെയും ഓര്‍മ്മ വന്നിരുന്നു. ഇവിടെ ദൈവത്തിന്റെ ഒരു മറയുമുണ്ട് ഈ അതിക്രമത്തിനൊക്കെ. ശ്രീ പി.സുരേന്ദ്രന്റെ ‘ദേവദാസി തെരുവുകളിലൂടെ’ബുക്കിന് എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിയും എന്നാഗ്രഹിക്കുന്നു.

  10. കേരളമൊഴിച്ചുള്ള ഇന്ത്യ സാംസ്കാരികമായി അധപതിച്ച ഒരു ജനസമൂഹമാണ്..അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കൂത്തരങ്ങ്…

    ആംസ്റ്റർഡാമിലെ റഡ് ലൈറ്റ് സ്ട്രീറ്റിലും നടക്കുന്ന പരിപാടി ഇതുതന്നെ..അവർ അത് ഒരു പ്രൊഫഷനായി കാണുന്നു ഇന്ത്യയിൽ ദൈവകോപം ബ്ലോക്ക് ചെയ്യാനുള്ള വഴിയായും..നേരായ വഴി കാണിച്ചുകൊടുത്താൽ‌പ്പോലും താത്പര്യമില്ലാത്ത ജനങ്ങളാണത്…

  11. Manju chechi paranjathu sariya, i too read that book & saw the movie, but as of i know, Geisha’s got more respect from the society because of their knowledge in art and other subjects while comparing to Devdasi in India. The geisha who worked within the pleasure quarters were essentially imprisoned and strictly forbidden to sell sex in order to protect the business of the Oiran. While licensed courtesans existed to meet men’s sexual needs. The WW2 and the invasion made them look like prostitutes.

    The geisha system was founded, actually, to promote the independence and economic self-sufficiency of women. And that was its stated purpose, and it actually accomplished that quite admirably in Japanese society, where there were very few routes for women to achieve that sort of independence.
    —Mineko Iwasaki(reportedly the most successful geisha of all time)
    She is used her story to write the book Memoirs of a Geisha -By Artur Golden.
    You can see all these details in internet & there is a book “Geisha of Gion” real story of Mineko Iwasaki,

    There remains some confusion about the nature of the geisha profession. Geisha are regarded as prostitutes by many non-Japanese. However, legitimate geisha do not engage in paid sex with clients. Their purpose is to entertain their customer, be it by dancing, reciting verse, playing musical instruments, or engaging in light conversation. Geisha engagements may include flirting with men and playful innuendos; however, clients know that nothing more can be expected.
    And i think may be our Devdasi system also having a history like this, the real purpose of which is misunderstood by next generations. I am trying to get some details regarding Devdasi system, let me see, and Niruchetta thanks for this post. :)

  12. ദേവദാസികളെ കുറിച്ചു വിശദമായൊന്നും അറിയില്ലായിരുന്നു.വൈശാലി സിനിമയില്‍ കണ്ടതൊഴികെ..നിരക്ഷരന്റെ ഈ പോസ്റ്റ് വഴി കൂടുതല്‍ അറിഞ്ഞു..നന്ദി..

  13. ദേവദാസി………..
    ദൈവത്തിന്റെ പേരില്‍ മറ്റാര്‍ക്കെങ്കിലും ദാസവ്രത്തി ചെയ്യാന്‍ വിധിക്കപ്പെട്ടിരുന്നവര്‍…………
    അന്നു ‘ദേവദാസി’ എന്നൊരു മറയുണ്ടായിരുന്നെങ്കില്‍ ഇന്ന് മറനീക്കി പുറത്ത് വന്നിരിക്കുന്നു.

    വിവരങ്ങള്‍ നല്കിയതിന്‍ വളരെ നന്ദി………..

  14. രാജാക്കന്മാരുടെ സ്വകാര്യ സ്വത്ത് എന്ന നിലയ്ക്ക് പല രാജഭരണകാലങ്ങളിലും ദേവദാസികൾ സമൂഹത്തിൽ മുന്തിയ നിലയിൽ അംഗീകരിക്കപ്പെട്ടിരുന്നു. നൃത്ത സംഗീതാദികളിൽ ഇവർ പ്രഗത്ഭരായിരുന്നെന്നും, ‘മോഹിനി’യാട്ടം തുടങ്ങിയ നൃത്ത രൂപങ്ങൾ രൂപപ്പെട്ടത് ദേവദാസി സമ്പ്രദായത്തിലൂടെയാണെന്നുമൊക്കെ വായിച്ചത് ഓർക്കുന്നു.

    ലോമപാദ രാജാവ് വാഗ്ദാന ലംഘനം ചെയ്തപ്പോൾ, ആ ദേവദാസി അമ്മയുടെയും മകളുടെയും നിസ്സഹായ അവസ്ഥ ഇപ്പോഴും മനസ്സിൽ ഉടക്കി നില്ക്കുന്നു. എന്തൊക്കെയായിരുന്നാലും, ശരിക്കും പറഞ്ഞാൽ അത്രയേ ഉണ്ടായിരുന്നുമുള്ളൂ അവരുടെ ‘വില’

    മനോജ്, നല്ല കുറിപ്പ്

  15. പരശുരാമനുമായി ബന്ധപ്പെട്ട ഈ പുരാണം തന്നെ പുരോഹിതര്‍ക്ക് അധസ്ഥിതരെ ചൂഷണം ചെയ്യാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു വ്യക്തം. ഹിന്ദുമതം മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു അഴുക്കുചാലാണ് .. ഈ കാലത്തും അതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു.

  16. geisha ക്ക് കിട്ടുന്ന ആ റെസ്പെക്റ്റ്‌ ഒക്കെ നമ്മുടെ നാട്ടിലും പണ്ട് കാലത്ത് ദേവദാസികള്‍ക്ക് കിട്ടിയിരുന്നു.രാജാക്കന്മാരെയും അത് പോലുള്ള പ്രഭുക്കന്മാരെയും അല്ലെ അവരും സേവിചിരുന്നത്.പിന്നെയല്ലേ അത് വേറെ രീതിയിലേക്ക് മാറിപ്പോയത്. Memoirs of geisha വായിക്കുമ്പോള്‍ അത് ശെരിക്കും മനസ്സിലാവും. ഇപ്പോഴും ക്യോട്ടോയില്‍ geisha ഉണ്ട്.ഇപ്പോഴും അതിനു വേണ്ടി പ്രാക്ടീസ് ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്. ആ ബുക്ക്‌ വായിച്ചിട്ട് മൂവി കാണുമ്പോള്‍ യാതൊരു രസവും ഇല്ല.ബുക്കില്‍ വായിക്കുന്നത് ഒന്നും തന്നെ ഇല്ല അതില്‍.

  17. ‘ദേവദാസികൾ എന്നാൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിരുന്ന കുറേ സ്ത്രീകൾ എന്നതിലപ്പുറം, കാര്യമായ വിവരമൊന്നും‘ ഇതുവരെ എനിക്കുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ചാനൽ4ഇൽ ഹൈദരാബാദിലെ ദേവദാസികളെകുറിച്ചൊരു പരിപാടിക്കിടെ കണ്ടിരുന്നു. നല്ല ലേഖനം, മനോജേട്ടാ. അഭിനന്ദനങ്ങൾ.

  18. ഈ പുസ്തകത്തെ പറ്റി കേട്ടിട്ടില്ലായിരുന്നു. നല്ല വിവരണം. പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. ദേവദാസികളെ പറ്റി മലയാളത്തില്‍ വന്ന ഒരു നല്ല സിനിമയുണ്ടായിരുന്നു. അതായിരുന്നു അവരെ പറ്റിയുള്ള ആകെയുള്ള അറിവ്..

  19. ദേവദാസി സമ്പ്രദായത്തേകുറിച്ച് കൂടുതൽ ആറിയാൻ കഴിഞ്ഞു. നന്ദി. ദേവദാസീ എന്നവിളിപ്പേർ ഉപേക്ഷിക്കപ്പെടുമ്പോഴും അത് മറ്റു പല പേരുകളും രൂപങ്ങളുമായി അവതരിച്ചുകൊണ്ടിരിക്കുന്നു.

  20. കേട്ടിട്ടുണ്ട്, ഈ ദേവദാസികളെ കുറിച്ച്. ഇപ്പൊ കുറേക്കൂടി വ്യക്തവുമായി.പിന്നെ മനുവേട്ടന്‍ പറഞ്ഞ സിനിമ ഇതായിരുന്നു എന്ന് വ്യക്തമല്ല. പേരുകൂടി പറഞ്ഞാല്‍ നന്നായിരുന്നു.

  21. നന്നായി.ഏറ്റവും പഴയെതെന്നു പറയാവുന്ന സംഘടിത തൊഴിലാണിത്.ഹിന്ദുമതം ഇതിനെ ദൈവവുമായി കണക്റ്റ് ചെയ്ത് നിയമവിധേയമാക്കി.അതുകൊണ്ടാണ്’ദേവദാസി’ എന്നപേരുവന്നതെന്നു മാത്രം.ചൂഷണം,അത് തൊഴിലിടത്തിൽ മാത്രമല്ല.

  22. നന്ദി നിരക്ഷരന്‍..ഈ അക്ഷരകൂട്ടങ്ങളെ കാണിച്ച് തന്നതിനു..നാട്ടിലെത്തിയാല്‍ ആദ്യം ഇതു വായിച്ചിട്ടെ ഒള്ളൂ കാര്യം

  23. @ കൊച്ചു കൊച്ചീച്ചി – താങ്കളുടെ കമന്റ് വ്യക്തമല്ല.

    1.ഇവിടെ ഞാനാണോ നിസ്സംഗമായത്, അതോ….
    2.എന്റെ അക്കാഡമിക്ക് ഇന്ററസ്റ്റ് ആണോ നിസ്സംഗമായത്?

    ആദ്യത്തെ കേസിൽ ആണെങ്കിൽ, താങ്കൾ ഇട്ടത് ഇകഴ്‌ത്തിയുള്ള ഒരു കമന്റായും, രണ്ടാമത്തെ കേസിൽ പുകഴ്‌ത്തിയുള്ള കമന്റായും ഞാൻ വായിക്കുന്നു.

    ഒന്നാമത്തെ കേസിൽ കൂടുതലായി ഞാനെന്ത് ചെയ്യണം, താങ്കൾ എന്ത് ചെയ്യണം, നമ്മൾ എല്ലാവരും എന്ത് ചെയ്യണം എന്ന് അറിയാൻ ഒരു ആഗ്രഹം തോന്നുന്നു. ആ കേസല്ല താങ്കൾ ഉദ്ദേശിച്ചതെങ്കിൽ ഈ ചോദ്യം അവഗണിച്ചേക്കൂ.

    എന്തായാലും അഭിപ്രായത്തിന് നന്ദി.

  24. താങ്കളുടെ ചോദ്യം എനിക്കും മനസ്സിലായില്ല, കേട്ടോ. :) ഞാന്‍ എന്തിന് താങ്കളെപ്പോലെ അറിയപ്പെടുന്ന സമര്‍ത്ഥനായ ഒരു ലേഖകനെ ഇകഴ്ത്തണം, മാഷേ? ഇത് ഒരു വളരെ ഉയര്‍ന്ന intellectual levelല്‍ വിശകലനാത്മകമായി എഴുതിയ ലേഖനമാണ്, അതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ.

    ഈ പുസ്തകം ഞാന്‍ ഒരിക്കലും വായിക്കില്ല, അഥവാ വായിച്ചു മുഴുമിക്കില്ല. ഇനി വായിച്ചാല്‍ തന്നെ ഇറച്ചിക്കുവേണ്ടി വളര്‍ത്തപ്പെടുന്ന മനുഷ്യരുടെ കഥ എന്നെ ആഴത്തില്‍ അസ്വസ്ഥമാക്കുകയല്ലാതെ ഒരു അന്വേഷണത്തിനോ വിശകലനത്തിനോ ഒട്ടും പ്രേരിപ്പിക്കില്ല. എന്നാല്‍, ഈ ലോകത്തില്‍ ക്രൂരതകള്‍ ശാസ്ത്രീയമായി വിചാരണ ചെയ്യുന്ന ജഡ്ജിമാരുണ്ട്, നാസികളുടെ ചരിത്രം പഠിക്കുന്ന anthropologists ഉണ്ട്. ഒരു പക്ഷെ അവര്‍ക്കും താങ്കള്‍ക്കുമൊക്കെ എനിക്കില്ലാത്ത ഒരു emotional fortitude ഉണ്ടായിരിക്കാം. അത്രയേ ഉദ്ദേശിച്ചുള്ളൂ.

    എന്റെ അഭിപ്രായം ഏതെങ്കിലും തരത്തില്‍ അലോസരപ്പെടുത്തുന്നുവെങ്കില്‍ മാപ്പ് , അറിയിച്ചാല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്തുകൊള്ളാം.

  25. @ കൊച്ചു കൊച്ചീച്ചി – ഇകഴ്ത്തിയതല്ല എന്ന് താങ്കൾ വ്യക്തമാക്കിയപ്പോൾ മനസ്സിലായി :)

    ഇകഴ്ത്തിയാലും കുഴപ്പമൊന്നും ഇല്ല. എഴുതുന്ന ആൾ എല്ലാ തരത്തിലുമുള്ള അഭിപ്രായങ്ങളും കേൾക്കാൻ ബാദ്ധ്യസ്ഥനാണ്. പക്ഷെ, ആ അഭിപ്രായങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ, ലേഖനത്തിലുള്ള കുറവുകൾക്ക് പുറമേ ലേഖകനിലുള്ള കുറവുകളും പരിഹരിച്ച് മുന്നോട്ട് നീങ്ങുവാൻ പ്രയോജനപ്പെട്ടെന്ന് വരും. അതുകൊണ്ടാണ് അഭിപ്രായം കൃത്യമായി മനസ്സിലാക്കാൻ പറ്റാതെ വന്നപ്പോൾ അത് അന്വേഷിച്ച് അറിയാമെന്ന് വെച്ചത്. തെറ്റിദ്ധരിക്കില്ലല്ലോ ?

    ക്രൂരതകൾ ചുറ്റുപാടും നടക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് മാറിനിന്നാൽ അത്തരം ക്രൂരതകൾ തടസ്സമൊന്നും ഇല്ലാതെ തുടർന്ന് പോകില്ലേ ? അതുകൊണ്ട് എല്ലാം വായിക്കപ്പെടണം, മനസ്സിലാക്കപ്പെടണം, പഠിക്കപ്പെടണം, വിലയിരുത്തപ്പെടണം. എന്നിട്ടതിന് എതിരേ ശബ്ദമുയർത്തപ്പെടണം. അതൊന്നും ഒരിക്കലും ക്രൂരതയുടെ ഭാഗമാകില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. താങ്കളുടെ വിശ്വാസത്തെ ഖണ്ഡിക്കുകയല്ല. എല്ലാവർക്കും ഒരേ മനസ്ഥിതി ഉണ്ടാകണമെന്നില്ല എന്ന് മനസ്സിലാക്കുന്നു, അറിയുന്നു.

    അഭിപ്രായത്തിനും, അത് വിശദീകരിച്ചതിനും നന്ദി :) അഭിപ്രായം അലോസരപ്പെടുത്തിയിട്ടില്ല, അത് ഡീലീറ്റ് ചെയ്യരുതെന്ന് അറിയിക്കുന്നു.

  26. സുരേന്ദ്രൻ സാറിന്റെ പുസ്തകത്തെപറ്റിയും അതിന്റെ ഉള്ളക്കത്തിന്റെ രത്നച്ചുരുക്കവും‌ അറിയിച്ചുതന്നതിനു നന്ദി.

  27. ദേവദാസികളെക്കുറിച്ച് ആദ്യമായിട്ടാണ് വായിക്കുന്നത്. വൈശാലിയാണ് ഇത്തരം ഒരു വർഗ്ഗത്തെക്കുറിച്ച് കൂടുതൽ അറിവു തന്നത്. അതിനു ശേഷം ഇപ്പോഴാണ് വായിക്കുന്നത്..
    പുതിയ അറിവു പങ്കു വച്ചതിനു നന്ദി.

  28. മറ്റ് പലരേയും പോലെ താനും ഈ ദേവദാസികളെ ചൂഷണം ചെയ്യുകയല്ലേ എന്ന് പുസ്തകത്തിൽ ഒരിടത്ത് ലേഖകൻ ആശങ്കപ്പെടുന്നുണ്ട്. അവരുടെ കഥ പഠിച്ച് മനസ്സിലാക്കി അത് പുസ്തകമാക്കി “ഇറക്കുമ്പോൾ അങ്ങനൊരും ചൂഷണം നടന്നിട്ടുണ്ടെങ്കിൽ അതിന് പ്രായശ്ചിത്തമായി പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം, ദേവദാസികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കർണ്ണാടകത്തിലെ കുട്‌ലികിയിലെ സ്‌നേഹ (SNEHA – Society for Needful Education & Health Awareness) എന്ന സംഘടനയ്ക്കായി നീക്കിവെക്കുന്നുണ്ട് അദ്ദേഹം.“

    അതൊത്തിരി ഇഷ്ടാ‍യി! താങ്കളും ബ്ലോഗിലൂടെ ദേവദാസികളെ ചൂ‍ഷണം ചെയ്യുകയാണെന്ന് ആരോപിക്കുന്നില്ല.കാരണം ബ്ലോഗ്പോസ്റ്റിനു കാശുകിട്ടില്ലല്ലൊ, പുനരധിവാസത്തിന് കൊടുക്കാൻ. ഇത്തരം നല്ല പോസ്റ്റുകൾ ബൂലോകത്തിന്റെ നിലവാരം കൂട്ടും. ആശംസകൾ! ഈ പോസ്റ്റ് വയിച്ച സ്ഥിതിയ്ക്ക് ഇനി പുസ്തകം വായിക്കണ്ടല്ലോ! എങ്കിലും വാങ്ങുന്നുണ്ട്!

  29. വളരെ നല്ല ഒരു പോസ്റ്റ്‌. യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശി.

    പിന്നെ ഒരു സംശയം. താങ്കള്‍ ശരിക്കും നിരക്ഷരന്‍ തന്നെയാണോ.. ഇതൊക്കെ ഭാര്യയോട് പറഞ്ഞു കൊടുത്ത് എഴുതിക്കുന്നതായിരിക്കും അല്ലെ. :)

  30. @ ഇ.എ.സജിം തട്ടത്തുമല – ഞാൻ ഇവിടെ ചൂഷണം ചെയ്യുന്നില്ലെന്ന് മാത്രമല്ല അല്‍പ്പം സേവനം കൂടെയല്ലേ ചെയ്യുന്നത് ? :) :) (തമാശിച്ചതാണ് കേട്ടോ) :)

    ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നു. അതാരെങ്കിലും വായിച്ചാൽ അതിൽ ലേഖകൻ നൽകുന്ന SNEHA എന്ന ദേവദാസി പുനരധിവാസ സംഘടനയുടെ അഡ്രസ്സിലേക്ക് പണം അയച്ച് കൊടുക്കാൻ തോന്നിയാലോ ? ഇതൊന്നുമല്ലെങ്കിലും ഈ അനാചാരങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും അതിനെതിരെ ചിന്തിക്കാനെങ്കിലും ഒരു എളിയ ശ്രമം നടത്തുന്നില്ലേ ? നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ. നേരിട്ട് അവിടെ ചെന്ന് പ്രവർത്തിക്കാൻ ജീവിതസാഹചര്യം അനുവദിക്കുന്നില്ലല്ലോ ? നമ്മുടെ നാട്ടിലോ മറ്റോ ആയിരുന്നെങ്കിൽ അതിനും തയ്യാറായിരുന്നു.

    @ ഷുക്കൂർ – പൊണ്ടാട്ടി മലയാളം എഴുതുന്ന കാര്യത്തിൽ എന്നെ വെല്ലുന്ന നിരക്ഷരയാണ്. ഇത് കൊട്ടേഷൻ കൊടുത്ത് പുറത്ത് നിന്ന് ചെയ്യിക്കുന്നതല്ലേ ? വീണ്ടും തമാശിച്ചതാണേയ്.. :)

    ദേവദാസി തെരുവുകളിലൂടെ കടന്നുവന്ന എല്ലാവർക്കും നന്ദി :)

  31. വായിക്കാന്‍ ഒരുപാട് സമയം എടുത്തെങ്കിലും വലിയൊരു അറിവ് നേടിയപോലെ ദേവദാസികളെ തിരിച്ചറിയാന്‍ കഴിഞ്ഞു.
    പുസ്തകം വായിച്ചു കിട്ടിയ സമ്പാദ്യം ഞങ്ങള്‍ക്കും പങ്ക്‌ വെച്ചതില്‍ സന്തോഷം

  32. നിരക്ഷരന്‍,
    വളരെ നല്ല ലേഖനം.. വളരെ പ്രയോജനപ്പെട്ടു…
    ഈ പുസ്തകം ഉടനെ വാങ്ങി വായിക്കുന്നതാണ്..
    ഞാന്‍ ഇപ്പോള്‍ ഹിജഡകളെ കുറിച്ചുള്ള ഒരു ചെറിയ ഗവേഷണത്തില്‍ ആണ്..
    അതിനുശേഷം ദേവദാസികളെ കുറിച്ച് പഠിക്കാം എന്ന് വിചാരിക്കുന്നു..
    ഈ പോസ്റ്റ്‌ അതിനുള്ള ഒരു വഴികാട്ടി ആയി…
    താങ്കള്‍ പറഞ്ഞപോലെ, പോകാത്ത സ്ഥലങ്ങള്‍ അല്ലെങ്കില്‍ പോയിട്ടും കാണാത്ത കാഴ്ചകള്‍ ഇനിയും ഒരുപാട് ഉണ്ട്.. യാത്ര ഒരിക്കലും അവസാനിക്കുന്നില്ലല്ലോ..

  33. വായിക്കുംതോറും അറിവു കൂടുന്നു, അറിവു കൂടുമ്പോള്‍ അറിയാനുള്ളവ ഏറുന്നു. അറിയുവാനുള്ള ആഗ്രഹങ്ങള്‍ കൂടുന്നു.
    ഇങ്ങനെയുള്ള ചില രചനകള്‍ വായിച്ചു കഴിയുമ്പോള്‍ ഇനിയും ഏറെ അറിയണമെന്നുള്ള ആഗ്രഹം നമ്മെ വീണ്ടും വീണ്ടും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കുന്നു.

    ഇത് ഇവിടെ വിവരിച്ചതിനു നന്ദി മനോജേട്ടാ…

  34. ഉത്തരേന്ത്യയിൽ അനവധി ദേവദാസികുടുംബങ്ങളെ പരിചയപ്പെടാൻ ഇടയായിട്ടുണ്ട്.സാമ്പത്തികമായി അല്പം നല്ലനിലയിൽ തന്നെ ജീവിക്കുന്ന ഇവർ പതിനേഴും,പതിനെട്ടും വയസ്സുള്ള മകളെയൊക്കെ അച്ചനും,അമ്മയും ചേർന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്നുപോയിട്ടുണ്ട്.
    പിന്നീടാണു അറിഞ്ഞത് ഇവർ ദേവദാസികളാണെന്ന്.
    ഏതായാലും നിരക്ഷരൻ ഈ പുസ്തകത്തെ പരിചയപ്പെടുത്തിയത് നന്നായി.

  35. ദേവദാസി സമ്പ്രദായത്തിന്റെ കഥയിലൂടെ പുസ്തക പരിചയം നടത്തിയത് നന്നായി.
    ഈ ചൂഷണത്തില്പെടാതെ പുറത്തു ചാടി സംഗീതത്തിനു ദാസിയായ ഒരു വലിയ ഗായിക നമുക്കില്ലേ എം എസ് എന്ന രണ്ടക്ഷരത്തിലറിയപ്പെടുവർ.

  36. @ Kalavallabhan – ഹിന്ദിയിലെ വളരെ പ്രശസ്ത ഗായികാ സഹോദരിമാരുടെ ദേവദാസി ബന്ധങ്ങളും പുസ്തകത്തിൽ വിവരിക്കപ്പെടുന്നുണ്ട്.

  37. വളരെ നന്നായിത്തന്നെ പുസ്തകത്തെ പരിചയപ്പെടുത്തി
    .പുസ്ത്കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചൊരു
    വിവരണം കിട്ടി..ദേവദാസികളുടെ ചരിത്രത്തെക്കുറിച്ചു
    പറഞ്ഞത് ആദ്യമായിട്ടു കേള്‍ക്കുകയാണ്..സമൂഹത്തിലെ
    അനാചാരങ്ങള്‍ തുടച്ചെറിയണമെങ്കില്‍ കൂട്ടായ ശ്രമം
    തന്നെ വേണം.അന്ധമായ വിശ്വാസങ്ങളില്‍ തളച്ചിടപ്പെടുമ്പോഴാണ്
    ഇത്തരം നീചമായ സമ്പ്രദായങ്ങളും തഴച്ചു വളരുന്നത്

  38. first time anu ivide oru comment idunnathu.Nalla post.
    ithu vayichapool Vaisali cinema orthu. Devadasikale patti akeyulla arivu athil ninnu kittiyathanu. P. Surendrante bookinu ithilum nalla oru introdution kittanilla.

  39. മനുഷ്യർ മത തത്വങ്ങളിൽ വെള്ളം ചേർക്കുമ്പോൾ ഇത്തരം വൃത്തികേടുകളാണ് കൂടുതലായും വന്നുചേരുക.

  40. വളരെ നന്നായിരിക്കുന്നു ലേഖനം .ദേവദാസി സമ്പ്രദായത്തിനു പിന്നിലുള്ള പുരാണം അറിയില്ലായിരുന്നു .നന്ദി

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>