നിയമലംഘനം

AI ക്യാമറകൾ മിഴി തുറക്കുന്നത് പക്ഷപാതത്തോടെ!


44
റോഡിൽ സാധാരണ ക്യാമറകൾ താൽക്കാലികമായി സ്ഥാപിച്ച്, അത് വഴി നിയമലംഘനം (പ്രധാനമായും അമിതവേഗം) കണ്ടെത്തി പിഴ ചുമത്തിയിരുന്ന ഒരു തുടക്കകാലം കേരളത്തിൽ എത്രപേർക്ക് ഓർമ്മയുണ്ടെന്ന് നിശ്ചയമില്ല.

അന്ന് ആ ചടങ്ങ് നടപ്പാക്കിയിരുന്നത് പ്രൈവറ്റ് ഏജൻസികൾ ആയിരുന്നു. വൈകുന്നേരം ആകുന്നതോടെ സിസ്റ്റത്തിൽ പതിഞ്ഞ നിയമലംഘനങ്ങളിൽ നിന്ന് ഏമാന്മാരുടേയും മീശയുള്ള അപ്പന്മാരുടേയും പടങ്ങൾ നീക്കം ചെയ്ത് ബാക്കിയുള്ള അപ്പാവികളുടെ കേസുകളാണ് ചാർജ്ജ് ചെയ്തിരുന്നത്.

തമാശ എന്താണെന്ന് വെച്ചാൽ, ദീർഘദൂരം ഓടുന്ന മൾട്ടി ആക്സിൽ പ്രൈവറ്റ് ബസ്സുകളുടെ നിയമലംഘനവും ഇത്തരത്തിൽ ഒഴിവാക്കി കൊടുക്കുമായിരുന്നു. അവരൊക്കെ മറ്റ് പല വകുപ്പുകളിലായി എല്ലാ മാസവും കൃത്യമായി മാസപ്പടി എത്തിക്കുന്ന കാറ്റഗറികളിൽ പെടുന്നവരാണ് എന്നതു തന്നെ ഈ സൗജന്യത്തിന് കാരണം.

മേൽപ്പറഞ്ഞ ആരോപണത്തിന് തെളിവൊന്നും സമർപ്പിക്കാനില്ല. അന്ന് ഈ ജോലി ചെയ്തിരുന്ന സ്വകാര്യ ഏജൻസിയിലെ ജീവനക്കാർ ഇന്നും ജീവനോടെയുണ്ട്. അവരോട് തിരക്കിയാൽ ഇതിൽക്കൂടുതൽ വിവരങ്ങൾ കിട്ടും എന്ന സൂചന മാത്രമേ തരാനുള്ളൂ.

പറഞ്ഞുവന്നത്, ഏത് ലോകോത്തര സംവിധാനം കൊണ്ടുവന്നാലും, പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ട് തരം പൗരന്മാർ ഇവിടെയുണ്ട്. പ്രിവിലേജ് ഉള്ളവർക്ക് ഈ നിയമമൊന്നും ബാധകമല്ല.

രാജഭരണം എന്ന് വിശേഷിപ്പിക്കാവുന്ന UAE യിലെ ഒരു ഭരണാധികാരി വാഹനാപകടം ഉണ്ടാക്കിയാൽ, പൊലീസ് വന്ന് പേപ്പർ ഉണ്ടാക്കുന്നത് വരെ ആ ഭരണാധികാരി റോഡിൽ കാത്തുനിൽക്കും. രാജാവാണെന്ന പരിഗണന പോലും നൽകാതെ, പോലീസുകാരൻ വന്ന് ചീട്ടെഴുതും. (ഷേക്ക് ഷാഹിദ് അന്തരിക്കുന്നതിന് മുന്നേ, അദ്ദേഹം ഒരിക്കൽ അങ്ങനെ നടുറോഡിൽ പൊലീസിനെ കാത്ത് നിൽക്കുന്നതിന് സാക്ഷിയാണ് ഈയുള്ളവൻ.)

പക്ഷേ നമുക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുത്ത മന്ത്രിമാർ ഭരിക്കുന്ന രാജ്യത്ത് അവർക്കെന്തുമാകാം. അധികാരത്തിന്റെ ശീതളഛായയിൽ വിരാജിക്കുന്നവർക്കെല്ലാം നിയമം വേറെയാണ്.

ഇത്തരം ഇരട്ടത്താപ്പ് ഏർപ്പാടുകൾ നിർത്തലാക്കാതെ കേരളം നമ്പർ, ഇന്ത്യ നമ്പർ വൺ, എന്നൊക്കെ ഗീർവാണം അടിക്കുന്നിടത്തോളം കാലം നമ്പർ വൺ എന്നത് ബാലികേറാ മലയായി തുടരും.

AI ക്യാമറകളെ സ്വാഗതം ചെയ്യുന്നു. അതിൽ നിന്ന് പ്രിവിലേജുകാരെ ഒഴിവാക്കുമെന്നും അറിയാം. പക്ഷേ, 6 മാസം കഴിയുന്നതോടെ ഈ ക്യാമറകൾ പ്രവർത്തന രഹിതമാകുകയും അതിൻ്റെ മെയ്ൻ്റനൻസ് നടത്തുകയും ചെയ്യുന്നില്ലെങ്കിൽ ഈ AI ക്യാമറകളെ അനുകൂലിക്കുന്നില്ല. സിഗ്നൽ ലൈറ്റുകൾ പരിപാലിക്കാൻ പണമില്ല എന്ന് പറയുന്ന സർക്കാർ സംവിധാനമാണ് നമ്മുടേത് എന്ന മുൻ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയുന്നത്.

15 വർഷത്തെ റോഡ് ടാക്സ് അടക്കുന്നവർക്ക് ഒരു കൊല്ലത്തെ റോഡെങ്കിലും നല്ല നിലയ്ക്ക് കൊടുക്കുന്നുണ്ടോ? അത് കൂടെ ചെയ്യാനുള്ള ശുഷ്കാന്തി കാണിക്കണം. അല്ലാതെ ഖജനാവിൽ കാശില്ലാതെ വരുമ്പോൾ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനോടും വിയോജിപ്പാണ്.

എങ്കിലും AI ക്യാമറകളെ സ്വാഗതം ചെയ്യുന്നു. അത് എക്കാലവും നടപ്പിലാക്കപ്പെടുമെങ്കിൽ മാത്രം.

വാൽക്കഷണം:- പണമില്ലാത്തത് കാരണം, എറണാകുളം ജില്ലയിലെ ചേരാനല്ലൂർ സിഗ്നൽ നടത്തിക്കൊണ്ട് പോകുന്നത് ആസ്റ്റർ മെഡിസിറ്റി എന്ന ആശുപത്രിക്കാരാണ്. അതുകൊണ്ട് തന്നെ സ്ഥലപ്പേരുകൾക്ക് പകരം ആശുപത്രിയുടെ പേരാണ് ആ സിഗ്നൽ ബോർഡ് നിറയെ. ഇങ്ങനെയുള്ള നാട്ടിൽ AI ക്യാമറകളുടെ ഭാവി കണ്ടറിയണം.