Monthly Archives: November 2018

അൽ‌പ്പം കോപ്പിറൈറ്റ് വിശേഷങ്ങൾ


stop-plagiarism-content-protect-your-blog-content

ന്ത്യൻ ഭരണഘടനാപരമായ അൽ‌പ്പം കോപ്പിറൈറ്റ് വിശേഷങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പലപ്പോഴായി എഴുതണമെന്ന് കരുതിയതാണെങ്കിലും ഓരോരോ തിരക്കുകൾക്കിടയിൽ സാധിച്ചില്ല. ഇപ്പോൾ അത് പറയാവുന്ന ഒരു സാഹചര്യം വീണ്ടും ഉണ്ടായതുകൊണ്ട് പറയുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു.

ഇംഗ്ലണ്ടിൽ സ്ഥിരതാമസക്കാരനായ ചാരുമ്മൂടുകാരൻ കാരൂർ സോമൻ എന്ന ഡാനിയൽ സാമുവൽ എന്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് (ആ കഥയുടെ ലിങ്ക് ഇവിടെ ) മാതൃഭൂമി ബുക്ക്സ് വഴിയും കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ട് വഴിയും പുസ്തകങ്ങൾ ഇറക്കിയതിന്റെ പേരിൽ ഞാൻ നൽകിയിട്ടുള്ള കേസ് ഇപ്പോൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ആ കേസുമായി ബന്ധപ്പെട്ട് എന്റെ വക്കീൽ ഹരിരാജ് മാധവുമായി സംസാരിച്ച് എനിക്ക് കിട്ടിയിട്ടുള്ള പരിമിതമായ ജ്ഞാനം മാത്രമാണ് പകർന്ന് തരുന്നത്. ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർക്ക് അതിവിടെ പങ്കുവെക്കാം. എന്റെ അറിവ് അപൂർണ്ണമാണെങ്കിൽ പൂർണ്ണമാക്കാം, തെറ്റാണെങ്കിൽ തിരുത്താം.

മലയാള ഭാഷയേയും സാഹിത്യത്തേയും, കോപ്പിയടി എന്ന ക്യാൻസർ വളരെ മോശമായി ഗ്രസിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ എഴുത്തുകാർക്ക് അവരുടെ കോപ്പിറൈറ്റ് അവകാശങ്ങളെപ്പറ്റി മിനിമം ധാരണയെങ്കിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കോപ്പിയടിക്കുന്നവർക്കും ആ ധാരണ ഉണ്ടാകാൻ തുടങ്ങിയാൽ ഈ മോശം പ്രവണതയ്ക്ക് അൽ‌പ്പമെങ്കിലും അയവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും കോപ്പിയടിക്കപ്പെട്ടവർ സംഘടിച്ച് പോരാടേണ്ട ഒരു സാഹചര്യം നിലവിലുണ്ടെന്നും ഞാൻ കരുതുന്നു. കോപ്പിയടിക്കുന്നവർ വളരെ പ്രമുഖരായ വ്യക്തികളായതുകൊണ്ട് അവർക്കെതിരെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പോരാട്ടങ്ങൾ എഴുത്തുകാരെ പരിക്ഷീണിതരാക്കിക്കളയും എന്നതുകൊണ്ടാണ് ഈ ചിന്ത. ഇനി വസ്തുതകളിലേക്ക് കടക്കാം. അധികമൊന്നുമില്ല; നാലേ നാലെണ്ണം മാത്രം.

2593832_stopcopypaste_jpeg76135ef96cc9d145b2dd680c2aabed4f

വസ്തുത 1:- ഒരു എഴുത്തുകാരൻ അദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടി നടത്തിക്കഴിയുന്നതോടൊപ്പം കോപ്പിറൈറ്റ് അഥവാ പകർപ്പവകാശം സ്വാഭാവികമായി ജന്മം കൊള്ളുന്നു. ലേഖനത്തിനടിയിലോ അത് പബ്ലിഷ് ചെയ്ത് വന്നിരിക്കുന്നിടത്തോ, “പകർപ്പവകാശം ലേഖകന് മാത്രം അല്ലെങ്കിൽ പ്രസാധകർക്ക് മാത്രം“ എന്ന് പ്രത്യേകമായി പറയണമെന്നില്ല. എഴുതിയ ആളുടെ പേര് ലേഖനത്തോടൊപ്പം ഉണ്ടെങ്കിൽ കോപ്പിറൈറിന് അത് തന്നെ ധാരാളം.

വസ്തുത 2:- എഴുത്തുകാരുടെ പബ്ലിഷ് ചെയ്ത സർഗ്ഗസൃഷ്ടിക്കും പബ്ലിഷ് ചെയ്യാത്ത സർഗ്ഗസൃഷ്ടിക്കും മേൽ‌പ്പറഞ്ഞ വസ്തുത ബാധകമാണ്. അതായത് എഴുത്തുകാർ സ്വന്തം ഡയറിയിൽ എഴുതി വെച്ചിരിക്കുന്ന സൃഷ്ടികൾക്ക് പോലും കോപ്പിറൈറ്റ് സ്വാഭാവികമായും ബാധകമാണ്. ഡയറി സ്വന്തമാണെന്നുള്ളതിന് തെളിവ് വേണമെന്ന് മാത്രം. (അട്ടത്ത് കിടക്കുന്ന ഡയറികളിൽ എണ്ണം പറഞ്ഞ സർഗ്ഗസൃഷ്ടികൾ എന്തെങ്കിലുമുണ്ടെങ്കിൽ ഒന്ന് പൊടിതട്ടി വെച്ചേക്കൂ. ആക്രിക്കാരൻ എടുത്തുകൊണ്ടുപോയി പിന്നീട് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ച് വരുമ്പോൾ മാറത്തടിച്ച് നിലവിളിക്കുന്നതിനേക്കാൾ ഗുണം ചെയ്യും.)

വസ്തുത 3:- ഇന്ത്യൻ ഭരണഘടന പ്രകാരം എഴുത്തുകാരൻ/എഴുത്തുകാരി ഇന്ത്യക്കാരൻ ആയിരിക്കുന്നിടത്തോളം കാലം ആ വ്യക്തിയുടെ സർഗ്ഗസൃഷ്ടികൾ എല്ലാം ഇന്ത്യൻ കോപ്പിറൈറ്റ് നിയമത്തിന് കീഴിൽ വരുന്നതാണ്. അതായത് എഴുത്തുകാരൻ/എഴുത്തുകാരി ഇന്ത്യൻ പാർസ്സ്പ്പോർട്ട് കൈവശമുള്ള ആളാണെങ്കിൽ അയാൾ മറ്റേത് രാജ്യത്ത് താമസിച്ചാലും ഓൺലൈനോ പ്രിന്റോ അടക്കമുള്ള ഏത് എഴുത്തിടങ്ങളിൽ ഏത് രാജ്യത്ത് സർഗ്ഗസൃഷ്ടികൾ പ്രസിദ്ധീകരിച്ചാലും, എഴുത്തുകാരൻ/കാരി ഇന്ത്യക്കാരൻ/കാരി ആയിരിക്കുന്നിടത്തോളം കാലം, ആ സൃഷ്ടികൾ ഇന്ത്യൻ വർക്ക് അഥവാ ഇന്ത്യൻ സൃഷ്ടികളായിത്തന്നെ കണക്കാക്കപ്പെടും. അതിനെല്ലാം ഇന്ത്യൻ കോപ്പിറൈറ്റ് ആൿറ്റ് ബാധകമാവുകയും ചെയ്യും.

വസ്തുത 4:- പുസ്തകം, പത്രങ്ങൾ, ആഴ്ച്ചപ്പതിപ്പ്, ബ്ലോഗ്, ഓൺലൈൻ പോർട്ടലുകൾ, ഡയറി, കൈയെഴുത്ത് മാസിക, സോവനീർ പുസ്തകം, ശിലാഫലകം എന്നിങ്ങനെ എഴുത്തുകാരന്റെ സൃഷ്ടികൾ വരുന്ന എന്തും അയാളുടെ സ്വന്തമാണെന്നോ അല്ലെങ്കിൽ പ്രസാധകന്റെ സ്വന്തമാണെന്നോ മാത്രം തെളിയിച്ചാൽ കോപ്പിറൈറ്റ് ആൿറ്റ് സ്വാഭാവികമായും അവർക്കൊപ്പമായിരിക്കും.

ഇത്രയും കാര്യങ്ങൾ എഴുത്തുകാരുടെ ശക്തമായ അവകാശങ്ങളായി ഓരോ എഴുത്തുകാരും നെഞ്ചേറ്റിയിരിക്കണം. ഇത്രയുമൊക്കെ എഴുത്തുകാർക്ക് നല്ല  ബോദ്ധ്യമുണ്ടെന്നും തുടർന്നങ്ങോട്ട് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന് ഓരോ കോപ്പിയടിക്കാരും മനസ്സിലാക്കുകയും  ചെയ്താൽ അത്രയും നന്ന്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കോപ്പിയടികൾ പലതും മലയാള സാഹിത്യത്തിലും പ്രസാധനരംഗത്തും നടന്നിട്ടുണ്ടെങ്കിലും അതിനെതിരെ കാര്യമായ നടപടികളൊന്നും ഇന്നുവരെ മലയാളത്തിൽ ഉണ്ടായതായി അറിയില്ല. വല്ല വിദേശരാജ്യത്തോ മറ്റോ ആയിരുന്നെങ്കിൽ കോപ്പിയടിച്ചവൻ ജയിലിൽക്കിടന്ന് ഉണ്ട തിന്ന് തിന്ന് അജീർണ്ണം പിടിച്ച് ചത്തുപോകുമായിരുന്നു. സംശയമുണ്ടെങ്കിൽ സായിപ്പിന്റെ ഏതെങ്കിലും ഒരു സൃഷ്ടി കോപ്പിയടിച്ച് നോക്കൂ. ആസനത്തിൽ തീ പിടിച്ച അവസ്ഥയായിരിക്കും അവിടന്നങ്ങോട്ട്.

2018-04-08-01-18-42

എന്തുകൊണ്ട് മലയാളത്തിൽ കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല എന്ന് ചോദിച്ചാൽ ഒരുപാട് ഉത്തരങ്ങളാണുള്ളത്.

ഉത്തരം 1:- കോപ്പിയടിക്കപ്പെട്ടവൻ പരാതിയും കേസുമൊക്കെ മുൻപോട്ട് നീക്കാനുള്ള ശുഷ്ക്കാന്തി കാണിക്കുന്നില്ല. സോഷ്യൽ മീഡിയ വന്നതിന് ശേഷം ഒരു ഓൺലൈൻ പോസ്റ്റിൽ ഒതുങ്ങുന്ന പ്രതിഷേധമായി അത് ഒതുങ്ങിപ്പോകുന്നു. ഉദാഹരണങ്ങൾ പറഞ്ഞാൽ, കാരൂർ സോമൻ, ചന്ദ്രയാൻ എന്ന പുസ്റ്റകം മാതൃഭൂമി വഴി പ്രസിദ്ധീകരിച്ചത് സി.രാധാകൃഷ്ണൻ അടക്കമുള്ള അനേകം പ്രമുഖരുടെ ശാസ്ത്രലേഖനങ്ങൾ കോപ്പിയടിച്ചാണ്. മറുനാടൻ മലയാളി എന്ന പ്രമുഖ ഓൺലൈൻ പത്രമടക്കം 38 പേരുടേത് കോപ്പിയടിച്ചെന്ന് തെളിവ് സഹിതം ഞാൻ പിടിച്ച് കൊടുത്തിട്ടും കേസുമായി മുന്നോട്ട് പോകാൻ എനിക്കൊപ്പം സഹകരിച്ചത് സജി തോമസ്, സുരേഷ് നെല്ലിക്കോട്, വിനീത് എടത്തിൽ എന്നിങ്ങനെ മൂന്നേ മൂന്ന് പേർ മാത്രമാണ്. അതിപ്രശസ്തനായ സി.രാധാകൃഷ്ണൻ സാർ ചിന്തിക്കുന്നത് ഇതുപോലുള്ള ചീള് കേസുകൾക്ക് പിന്നാലെ പോയിട്ടെന്ത് കാര്യം എന്നായിരിക്കാം. അതിനുള്ള സമയവും അദ്ദേഹത്തിനില്ലായിരിക്കാം. പക്ഷെ അദ്ദേഹം കടുപ്പിച്ചൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഏതെങ്കിലും ഒരു ആഴ്ച്ചപ്പതിപ്പിലെങ്കിലും കോപ്പിയടിയെന്ന ഈ മോശം പ്രവണതയെപ്പറ്റി പറഞ്ഞിരുന്നെങ്കിൽ അത് പലരും ഏറ്റെടുക്കുമായിരുന്നു, ഈ വിഷയത്തിന്റെ ചർച്ചയുടെ തലം തന്നെ മാറിപ്പോകുമായിരുന്നു. ഇത്രയും നാളും ഇപ്പോഴും അദ്ദേഹത്തിന്റെ സൃഷ്ടികളുടെ വിളനിലമായിരുന്ന മലയാളസാഹിത്യത്തോട് അദ്ദേഹം ചെയ്യേണ്ടിയിരുന്ന ചെറിയൊരു കടമയായിരുന്നു അതെന്ന് അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയാൻ ആഗ്രഹിക്കുന്നു. പക്ഷെ, ഈ വിഷയം അറിഞ്ഞിട്ടും നിർഭാഗ്യവശാൽ അങ്ങനൊരു നീക്കം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഉത്തരം 2:- കോപ്പിയടിക്കപ്പെട്ട പ്രശസ്തനോ അതി[പശസ്തനോ അല്ലാത്ത ഒരാൾ ചിന്തിക്കുന്നത് മറ്റൊരു തരത്തിലാണ്. ഞാനൊരു വളർന്ന് വരുന്ന എഴുത്തുകാരനാണ്. എനിക്ക് ഇത്തരം വലിയ പ്രസാധകരുടെ സഹായമില്ലാതെ മുന്നോട്ട് കേറിവരാനാകില്ല. അവർ കോപ്പിയടിച്ചിരിക്കുന്നു എന്ന് ഉത്തമബോദ്ധ്യമുണ്ടെങ്കിലും അവരെ വെറുപ്പിക്കുന്നത് എനിക്ക് സ്വയം പാരയാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ മൌനം വിദ്വാന് ഭൂഷണമാക്കുക. സാഹിത്യ അക്കാഡമി അവാർഡുകൾ വരെ കിട്ടിയ ചെറുപ്പക്കാരായ എഴുത്തുകാർ പോലും ഇങ്ങനെ ചിന്തിക്കുന്നുണ്ടെന്നും പ്രതികരിക്കുന്നില്ല എന്നതും വ്യസനാജനകമാണ്.

ഉത്തരം 3:- ഒരു കേസ് നടത്തിക്കൊണ്ട് പോകുന്ന എന്നാൽ ചെറിയ കാര്യമൊന്നും അല്ല. പ്രത്യേകിച്ചും ഇന്ത്യയെന്ന രാജ്യത്ത്. വർഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടി വരും. അതിന്റെ ചിലവുകൾ വേറേയും. അതൊക്കെ താങ്ങാനുള്ള സാമ്പത്തിക പ്രാപ്തിയും മനസ്സാന്നിദ്ധ്യവും എല്ലാവർക്കും ഉണ്ടാകണമെന്നില്ല. സാമ്പത്തികം ഉണ്ടായാലും ഇങ്ങനൊരു പൊല്ലാപ്പ് കൊണ്ടുനടക്കാൻ അവർക്ക് താൽ‌പ്പര്യമുണ്ടാകണമെന്നില്ല. ഇത് കോപ്പിയടിക്കാർക്കുള്ള രാസവളവും രാസത്വരകവുമായി പരിണമിക്കുന്നു.

ഉത്തരം 4:- കോപ്പിയടിക്കെതിരെ കേസ് കൊടുക്കാമെന്ന് വെച്ചാൽത്തന്നെ രണ്ട് തരം കേസുകൾ ഉണ്ട്. ഒന്ന് സിവിൽ കേസ്. രണ്ട് ക്രിമിനൽ കേസ്. ക്രിമിനൽ കേസ് നടത്താൽ വക്കീൽഫീസും കോടതിച്ചിലവും മാത്രം മതിയാകും. സിവിൽ കേസ് നടത്തുന്നത് പ്രധാനമായും നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ കൂടെയാണ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന എഴുത്തുകാരൻ/കാരി ഏകദേശം 8 ലക്ഷം രൂപയ്ക്ക് മുകളിൽ കോടതിയിൽ കെട്ടിവെക്കണം. കേസ് തോറ്റാൽ ആ പണം നഷ്ടമാകുകയും ചെയ്യും. ഇത് പലരേയും സിവിൽ കേസിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അത്രയ്ക്ക് കാശ് ചിലവാക്കി ആരും സിവിൽ കേസ് നടത്തില്ല എന്നത് കോപ്പിയടിക്കാരന് വീണ്ടും രാസവളവും രാസത്വരകവുമാകുന്നു. അത്തരക്കാർ യാതൊരു ജാള്യതയുമില്ലാതെ തഴച്ച് വളർന്നുകൊണ്ടേയിരിക്കും.

ഉത്തരം 5:- എഴുത്തുകാർക്ക് പ്രത്യക്ഷമായും പരോക്ഷമായും സന്തോഷം തരുന്ന ഒരു കോപ്പിയടി കൂടെ കാലാകാലങ്ങളായി ഓൺലൈനിലും പ്രിന്റിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിപ്രകാരമാണ്. എഴുത്തുകാർ അവരുടെ സ്വന്തം ഫേസ്ബുക്ക്, ബ്ലോഗ് മുതലായ ഇടങ്ങളിൽ എഴുതിയിടുന്ന നിലവാരമുള്ള ഒരു പാരഗ്രാഫിലൊതുങ്ങുന്ന കുറിപ്പുകൾ മുതൽ പേജുകളോളം നീളുന്ന ലേഖനങ്ങൾ വരെ, കോപ്പിയടിക്കാർ അനുവാദമൊന്നും കൂടാതെ എടുത്തുകൊണ്ടുപോയി അവരുടെ പത്രത്തിലോ മാസികയിലോ ആഴ്ച്ചപ്പതിപ്പിലോ സോവനീറിലോ ഓൺലൈൻ പത്രത്തിലോ പ്രസിദ്ധീകരിക്കും. മുൻപ് മറ്റെവിടെയും സ്വന്തം ലേഖനം പ്രസിദ്ധീകരിച്ച് കാണാത്ത എഴുത്തുകാരൻ പെട്ടെന്ന് ആനന്ദത്തിൽ ആറാടും. അയാൾ തന്റെ ലേഖനം വന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ലിങ്ക് ഫേസ്ബുക്കിലിട്ട് ആഘോഷമാക്കും. അച്ചടിച്ച് വന്ന ലേഖനം സ്ക്കാൻ ചെയ്ത് പോസ്റ്റാക്കി ആത്മനിർവൃതിയടയും.

പക്ഷെ അതിന്റെ മറുവശം ചിന്തിച്ചിട്ടുണ്ടോ ? ലേഖനം അനുവാദമില്ലാതെ കൊണ്ടുപോകുന്ന പ്രസാധകർ പരസ്യത്തിൽ നിന്നോ വിറ്റഴിക്കലായോ ചെറിയ തോതിലെങ്കിലും വരുമാനമുണ്ടാക്കുന്നുണ്ട്. എഴുത്തുകാർക്ക് ഒന്നും കിട്ടുന്നതുമില്ല. പലതുള്ളി പെരുവെള്ളം എന്ന നിലയ്ക്ക് പല എഴുത്തുകാരുടേത് ഇപ്രകാരം കൊണ്ടുപോയി പ്രസിദ്ധീകരിക്കുമ്പോൾ പ്രസാധകൻ പെരുവെള്ളം തന്നെയാണുണ്ടാക്കുന്നത്. എഴുത്തുകാരന്റെ ആത്മനിർവൃതിയുടെ മറപിടിച്ച് നടക്കുന്ന ഈ പരിപാടിക്ക് അന്ത്യമുണ്ടാകണമെങ്കിൽ എഴുത്തുകാരൻ നൈമിഷികമായ ചില ചില്ലറ സന്തോഷങ്ങൾ ത്യജിക്കാൻ തയ്യാറാകണം. സ്വന്തം ലേഖനം അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയി പ്രസിദ്ധീകരിച്ചാൽ അതിനെതിരെ പ്രതികരിക്കണം. അത്തരം പ്രതികരണങ്ങൾ സ്ഥിരമായി വരാൻ തുടങ്ങിയാൽ പ്രസാധകർക്ക് ലജ്ജ കിളിർക്കാൻ വിരളമായ ഒരു സാദ്ധ്യതയെങ്കിലുമുണ്ട്. ഈയിടെ അരുദ്ധതി എന്ന സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനടയിൽ അവർ എഴുതിയ വാചകം ഇപ്രകാരമാണ്.

“അനുവാദമില്ലാതെ ഈ പോസ്റ്റിലെ ഒരു വരി പോലും ഒരു ഓണ്‍ലൈന്‍ മാധ്യമവും ഉപയോഗിക്കാന്‍ പാടുള്ളതല്ല.“

ഇങ്ങനെയൊരു നിലപാട് എല്ലാ എഴുത്തുകാരും സ്വീകരിക്കുക എന്നതും ഒരു ചെറിയ പ്രതിവിധിയാണ്. ചോദിച്ചിട്ട് എടുക്കുക എന്ന ഒരു സാ‍മാന്യമര്യാദ ജേർണ്ണലിസ്സ്റ്റുകൽ അടക്കമുള്ള വലിയ പ്രസാധകരെ പഠിപ്പിക്കാൻ പല കടുംവെട്ടുകളും സ്വീകരിക്കേണ്ടി വന്നേക്കും. ഞാനേതായാലും ഈ ലേഖനത്തിനടിയിൽ അരുദ്ധതിയുടെ ആ വരികൾ എന്റേതായ നിലയ്ക്ക് മാറ്റി എഴുതിച്ചേർത്തിട്ടുണ്ട്.

ആലോചിച്ച് പറഞ്ഞാൽ ഇനിയും ഒരുപാട് കാര്യങ്ങൾ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട് കണ്ടേക്കാം. വായനക്കാർക്കോ നിയമജ്ഞർക്കോ ഈ ലേഖനം കമന്റുകളിലൂടെ പൂർത്തീകരിക്കാം.

സാഹിത്യചോരണം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. ഒറ്റയ്ക്ക് നേരിടാൻ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഇതിനകം ബോദ്ധ്യമായിക്കാണുമല്ലോ ? അവിടെയാണ് സംഘടിത സ്വഭാവത്തിന്റെ ആവശ്യകത ഉയർന്ന് വരുന്നത്. അത്തരം ചില നീക്കങ്ങളുടെ പിന്നാമ്പുറ പ്രവർത്തനങ്ങൾ ചില സൂരജ് കെന്നോത്തിനെപ്പോലുള്ള ചില സൃത്തുക്കൾ ആരംഭിച്ചിട്ടുണ്ട്. ഞാനും അതിന്റെ ഭാഗമായുണ്ടാകും. ഓരോ കോപ്പിയടിക്കാരേയും തുറന്ന് കാണിക്കുകയും, അവരേയും സമൂഹത്തെയും നിരന്തരം അതോർമ്മിപ്പിക്കയും ചെയ്യുക എന്നതാണ് ലക്ഷ്യമാക്കുന്നത്. നാല് ദിവസം കഴിഞ്ഞ് മറ്റൊരു വാർത്ത വരുമ്പോൾ വിസ്മരിക്കപ്പെടുന്ന ഒരു അവസ്ഥയുണ്ടാകാതെ നോക്കും. അതുകൊണ്ട് ഇനിയെങ്കിലും കോപ്പിയടിക്കാർ അൽ‌പ്പം ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.

അക്കൂട്ടത്തിൽ മറ്റൊന്ന് കൂടെ പറയട്ടെ. കോപ്പിയടിക്കപ്പെട്ടവർ സംഘടിക്കാൻ പിന്നോട്ടാണെങ്കിലും കോപ്പിയടിക്കുന്നവർ അതിൽ നിന്ന് നല്ല വരുമാനം കൂടെ ഉണ്ടാക്കുന്നവരായതുകൊണ്ട് സാമാന്യം ഭേദപ്പെട്ട ഒരു മാഫിയ കൂടെയാണ് അവർ. ചുരുക്കിപ്പറഞ്ഞാൽ, എന്റെ ഈ പോസ്റ്റ് ഫേസ്ബുക്കിലാണെങ്കിൽ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിപ്പിക്കാൻ പോന്ന അത്ര ശേഷിയുള്ളവർ. അങ്ങനെ എന്തെങ്കിലും നീക്കമുണ്ടായാൽ എന്റെ ഈ സൈറ്റിൽ ഈ ലേഖനം ആർക്കും കേറി നിരങ്ങാൻ പറ്റാത്ത പാകത്തിലും കിടപ്പുണ്ടെന്ന് വിസ്മരിക്കരുത്.

വാൽക്കഷണം:- സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയും പുനത്തിൽ കുഞ്ഞബ്ദ്ദുള്ളയും വരെ കോപ്പിയടിച്ചിരിക്കുന്നു. പിന്നെന്താ ഞങ്ങൾക്ക് കോപ്പിയടിച്ചാൽ എന്ന് ചോദിക്കുന്നവരോട് ഒറ്റ മറുപടിയേ ഉള്ളൂ. അപ്പുറത്തെ വീട്ടിലെ ചേട്ടൻ കക്കുന്നുണ്ടല്ലോ, പിന്നെന്താ ഞങ്ങൾക്ക് കട്ടാൽ, എന്നതാണ് നിങ്ങളുടെ നിലപാടെങ്കിൽ‌പ്പിന്നെ എത്ര ബോധവൽക്കരിച്ചിട്ടും ഒരു കാര്യവുമില്ല. കിണ്ടി കട്ടാലും സാഹിത്യം കട്ടാലും ക്രിമിനൽ കുറ്റമാണെന്ന് മാത്രം മനസ്സിലാക്കുക. ശിക്ഷ കിട്ടിയേ അടങ്ങൂ എന്നാണെങ്കിൽ എന്നെപ്പോലെ ചുരുക്കം ചിലരെങ്കിലും ആ വഴിയിലൂടെ നീങ്ങിയിരിക്കുമെന്ന് ഉറപ്പ് തരുന്നു.

മുന്നറിയിപ്പ്:- എന്റെ അനുവാദമില്ലാതെ ഈ ലേഖനം പൂർണ്ണമായോ ഭാഗികമായോ, വരുമാനം ഉണ്ടാക്കുന്ന ഏതെങ്കിലുമൊരു ഓൺലൈൻ മാദ്ധ്യമമോ പ്രിന്റ് മാദ്ധ്യമമോ പകർത്തിയെഴുതാനോ ഉപയോഗിക്കാനോ പാടുള്ളതല്ല. സാധാരണ വായനക്കാരൻ ഇത് ഷെയർ ചെയ്യുന്നതിന് യാതൊരു വിലക്കുകളും ഇല്ലെന്ന് പ്രത്യേകം അറിയിക്കുന്നു.

ചിത്രങ്ങൾക്ക് കടപ്പാട്:-ഗൂഗിളിനോട്
Picture Courtesy:- Google