Monthly Archives: October 2013

55

ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ


ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സുകൊണ്ട് അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതിന് മുന്നേ അതേയളവിൽ വലിയൊരു നന്ദി ശ്രീ.പെരുമ്പടവം ശ്രീധരനോട് പറയണമെന്നാണ് തോന്നിയത്. ‘അത്രയ്ക്കൊക്കെ ഉണ്ടോ ഈ ജീവിതം‘ എന്ന് സംശയിച്ച് നിന്നിരുന്ന ഐരൂരിനെ, പെരുമ്പടവം നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും സംഭവബഹുലമായ ജീവിതാനുഭവങ്ങൾ വായനക്കാരിലേക്ക് എത്തുമായിരുന്നില്ല. ‘ആത്മകഥ എഴുതണമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിൽ ജീവിതം കുറേക്കൂടെ സംഭവബഹുലമാക്കുമായിരുന്നു ഞാൻ‘ എന്ന് നടൻ ശ്രീനിവാസൻ നർമ്മരൂപേണ പറഞ്ഞിട്ടുണ്ട്. അക്കണക്കിന് നോക്കിയാൽ, ഒന്നിനുപുറകെ ഒന്നായി പത്ത് വാല്യങ്ങളായി എഴുതാൻ പോന്ന അനുഭവങ്ങളുള്ള ഒരാളാണ് മടിച്ചുനിന്നിരുന്നത്.

സ്വന്തം വസ്തുവകകൾ പോലും വിറ്റുപെറുക്കി പെന്തക്കോസ്ത് സഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു പാസ്റ്ററുടെ മകൻ യുക്തിവാദിയും നിരീശ്വരവാദിയുമായത്, ജനിച്ചുവളർന്ന ചട്ടക്കൂടുകൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ആർജ്ജവം കാണിച്ചതുകൊണ്ടുമാത്രമാണ്. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുകയും സ്വയം പര്യാപ്തത കൈവരിക്കാത്തതുമായ ഒരു കാലത്ത് ചെയ്ത കാര്യമാണെന്നുള്ളതാണ് ആ കർമ്മത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. അതേ സമയം, നിരീശ്വരവാദിയുടെ മകനായിപ്പിറന്നിട്ടും പെന്തക്കോസ്തുകാരനായി മാറിയ മറ്റൊരു വ്യക്തിയെപ്പറ്റിയും പുസ്തകത്തിൽ പരാമർശമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യമനസ്സിന്റെ പിടികിട്ടാത്ത പല ഇടവഴികളിലൂടെയും ജോൺസൺ ഐരൂരിന്റെ അനുഭവക്കുറിപ്പുകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

ജ്ഞാനസ്നാനം ഏൽക്കാത്തവന് നരകത്തിലാണ് സ്ഥാനം എന്ന മിഷണറി പ്രചരണവും വിശ്വാസവും, ഗാന്ധിജിയെപ്പറ്റി പഠിക്കാൻ തുടങ്ങിയതോടെ വഴിമാറുന്നു. ക്രിസ്ത്യാനിയല്ലാത്ത ഗാന്ധിജി നരകത്തിൽ പോകുമെന്നോ ? അദ്ദേഹത്തെപ്പോലൊരാൾക്ക് കിട്ടാത്ത സ്വർഗ്ഗം തന്നെപ്പോലുള്ളവർക്ക് കിട്ടാൻ സാദ്ധ്യതയുണ്ടോ ? അങ്ങനെ പോകുന്ന ബാല്യകാലത്തെ സ്വതന്ത്രചിന്തകൾ തന്നെയാകാം എഴുത്തുകാരന്റെ ജീവിതത്തെ മാറിമറിച്ചത്.

പതിനഞ്ച് വയസ്സിലാണ് യുക്തിവാദി പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പിന്നങ്ങോട്ട് പ്രശസ്ത വ്യക്തികളുമായി ഉണ്ടാക്കിയ സൌഹൃദങ്ങൾ, ബുക്ക് സ്റ്റാളിലെ ജോലി,  പുസ്തകങ്ങളുമായും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ അടുപ്പം, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കൽ, അങ്ങനെയങ്ങനെ കഥാനായകന്റെ ജീവിതത്തിലുണ്ടാകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നത് യൌവ്വനാരംഭത്തിലാണ്. സി.കെ.സെബാസ്റ്റ്യൻ, പി.ജെ.ആന്റണി, എം.പ്രഭ, കുറ്റിപ്പുഴ കൃഷ്ണപിള്ള, എന്നീ പ്രമുഖരുമായി ബന്ധങ്ങളുണ്ടാക്കിയ ആ കാലഘട്ടം, അവരെയൊക്കെ അടുത്ത് പരിചയപ്പെടുന്ന അനുഭവം കൂടെയാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്.

അർ.എം.എസ്.ലെ കേന്ദ്രസർക്കാർ ജോലി നഷ്ടപ്പെടാനുണ്ടായ കാരണം ഇക്കാലത്താണെങ്കിൽ ഒരു കാരണമേയല്ല. സമൂഹത്തിലും ജോലിസ്ഥലത്തുമെല്ലാം ഒരുപാട് ബുദ്ധിമുട്ടുകൾ സാധാരണവ്യക്തികൾക്ക് പോലും ഉണ്ടാകുന്ന ഒരു കാലഘട്ടത്തിൽ നീതിക്കും ന്യായത്തിനും വേണ്ടി ഏത് കടുത്ത നിലപാടും സ്വീകരിക്കുന്ന ഐരൂരിനെപ്പോലുള്ളവർക്ക് പ്രതിസന്ധികൾ ഏറെയുണ്ടാകുന്നതിൽ അതിശയമൊന്നുമില്ല.

വിവാഹ ശേഷം ചാത്തന്റെ ഉപദ്രവമുള്ളതും ഒരാൾ ആത്മഹത്യ ചെയ്തതുമായ വീട്ടിൽ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുകയും ‘ചാത്തനെ‘ പിടികൂടുകയുമൊക്കെ ചെയ്യുന്നത് വായിച്ചപ്പോൾ, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആവേശത്തോടെ വായിച്ചുതീർത്ത, ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ യാണ് ഓർത്തുപോയത്. യുക്തിവാദികൾ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കിയതല്ലാതെ മറിച്ചൊരനുഭവം ഉണ്ടായതായി കേട്ടറിവോ വായിച്ചറിവോ ഇതുവരെയില്ല. എന്നിട്ടും അന്ധവിശ്വാസികളേക്കാൾ എണ്ണത്തിൽ കുറവായിപ്പോകുന്നത് എതിർപക്ഷത്തുള്ളവരാണെന്നുള്ളത് ഇപ്പോഴും അത്ഭുതമായി അവശേഷിക്കുന്നു.

കേരളത്തിലെ ഇന്നത്തെ സാമൂഹികസാഹചര്യത്തിൽ വല്ലാതെ ആവശ്യമാണെന്ന് തോന്നുന്ന മിശ്രവിവാഹം പോലുള്ള കാര്യങ്ങൾ നാൽ‌പ്പതുകളുടെ അവസാനം തൊട്ടിങ്ങോട്ട് ഒരുപാടുകാലം വാർത്താപ്രാധാന്യമില്ലാത്ത ഒരു വിഷയമാക്കിയിട്ടുള്ളവരാണ് ഐരൂരും വി.കെ.പവിത്രനും ചൊവ്വര പരമേശ്വരനും ടി.കെ.സി. വടുതലയുമൊക്കെ. സ്വന്തം വിവാഹവും മക്കളുടെ വിവാഹങ്ങളുമൊക്കെ ഇപ്രകാരം നടത്തി മാതൃക കാണിച്ചിട്ടുള്ള ഐരൂനെപ്പോലുള്ളവരുടെ മഹനീയ മാതൃക പിന്തുടരുന്നതിൽ ഇന്നത്തെ കേരളസമൂഹം സത്യത്തിൽ പരാജയപ്പെട്ടിരിക്കുകയല്ലേ ? ലേഖകനും സുഹൃത്തുക്കളുമൊക്കെ ചേർന്ന് പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവന്ന മൂല്യങ്ങൾ, അതിന്റെ പകുതി പകിട്ടോടെയെങ്കിലും ഉയർത്തിപ്പിടിക്കാൻ നമുക്കാകുന്നുണ്ടോ എന്ന ചിന്തയും അസ്വസ്തതയും പുസ്തകം ബാക്കിവെച്ചിട്ടുപോകുന്നു.

മാദ്ധ്യമങ്ങൾ ഇക്കാലത്ത് വളരെയധികമായി കാണപ്പെടുന്ന ശിശുപീഡനം അടക്കമുള്ള ലൈംഗിക അരാജകത്വങ്ങൾ മുൻപും ഉണ്ടായിട്ടുള്ളത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഹിപ്നോട്ടിസം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അത്തരം സംഭവങ്ങൾക്ക് അന്നും കുറവൊന്നുമില്ല. പക്ഷെ അത്തരക്കാരെ ചികിത്സിക്കാൻ പ്രാപ്തരായ ജോൺസൺ ഐരൂരിനെപ്പോലെയുള്ളവർക്കാണ് അന്നും ഇന്നും സമൂഹത്തിൽ ക്ഷാമം.

മാന്ത്രികൻ മലയത്തിനൊപ്പം ജോൺസൺ ഐരൂർ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിപ്പോന്ന മെന്റാരമ എന്ന സ്റ്റേജ് ഹിപ്നോട്ടിസം പരിപാടിക്ക് അക്കാലത്തേക്കാൾ സാദ്ധ്യതയുണ്ടാവുക ഇക്കാലത്തല്ലേ ? കേസന്വേഷണങ്ങളിൽ ഹിപ്നോട്ടിസത്തിനുള്ള സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പറ്റുന്നതും ഇക്കാലത്തല്ലേ ? ചേകന്നൂർ മൌലവി കേസിൽ ഹിപ്നോട്ടിസം വിജയകരമായിട്ട് പ്രയോജനപ്പെടുത്താമെങ്കിൽ, സംസ്ഥാനത്തെ പിടിച്ചുലച്ചുകളയുന്ന മറ്റ് കേസുകളിലും എന്തുകൊണ്ടായിക്കൂടാ? മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങൾക്കെതിരെ എന്തുകൊണ്ട് ഹിപ്നോട്ടിസം വ്യാപകമായി പ്രയോജനപ്പെടുത്തുന്നില്ല? എന്നിങ്ങനെ ഒരുപാട് ചിന്തകൾക്കാണ് ഹിപ്നോട്ടിസിന്റെ അനുഭവ സാക്ഷ്യങ്ങൾ തിരികൊളുത്തുന്നത്.

ഒരു നാസ്തികന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ ഉണ്ടാകുക സ്വാഭാവികമാണല്ലോ ? പക്ഷെ മറ്റൊരാളുടെ വിശ്വാസങ്ങളെ ഹനിക്കാൻ അദ്ദേഹം ശ്രമിക്കുന്നതേയില്ല. അങ്ങനെ ചെയ്യണമെങ്കിൽ അത് വിശ്വാസികളായ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് തന്നെ മാത്രമേ അദ്ദേഹത്തിന് കഴിയൂ. വിശ്വാസങ്ങളും വിശ്വാസമില്ലായ്മയുമൊക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിനും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പരസ്പരമുള്ള കരുതലും സ്നേഹവും കൈമോശം വരുന്നില്ല. തുടക്കകാലത്ത് വീട് വിട്ട് പോകേണ്ടി വന്നെങ്കിലും എല്ലാവരും വീണ്ടും ഒരുമിക്കാൻ ഇടയായതും അതുകൊണ്ടുതന്നെയാണ്. ഈ കരുതൽ സമൂഹത്തോടും എതിരഭിപ്രായമുള്ളവരോടും ജീവിതത്തിൽ ഉടനീളം കാണിക്കുന്നുണ്ട് ഗ്രന്ഥകർത്താവ്.

നാസ്തികൻ സണ്ണി, ജമാൽ കടവത്ത്, എം.ടി. കാമ്പിശ്ശേരി, സിദ്ധാർത്ഥൻ മാങ്കുഴി, എം.എ.ജോൺ, ഡോ:എ.ടി.കോവൂർ, വർഗ്ഗീസ് കൊരട്ടി, കൃഷ്ണസ്വാമി റെഡ്ഡ്യാർ, കാക്കനാടൻ ബ്രദേർസ്, രാമദാസ് വൈദ്യർ, സഖി കുര്യാക്കോസ്, നാലകത്ത് ബീരാൻ ഹാജി, എം.സി.വർഗ്ഗീസ്, സിവിൿ ചന്ദ്രൻ, പി.ആർ.നാഥൻ, മുണ്ടൂർ കൃഷ്ണൻ‌കുട്ടി എന്നിങ്ങനെ പുതുതലമുറയ്ക്ക് അറിയാൻ സാദ്ധ്യതയില്ലാത്തതും സാദ്ധ്യതയുള്ളതുമായ ഒട്ടനവധി പ്രമുഖരുമായിട്ടുള്ള ഇടപഴകലുകളുടെ നേർച്ചിത്രങ്ങൾ ഇതിലുണ്ട്. എന്നിരുന്നാലും കെ.ടി.മുഹമ്മദ്, ബഷീർ, മലയത്ത്, കാക്കനാടൻ സഹോദരങ്ങൾ എന്നിവരുമായുള്ള സൌഹൃദത്തിന്റെ ഇഴയടുപ്പം വരികളിൽ കൂടുതലായി കാണാനാവും. ബഷീറ് എന്ന മഹാനായ എഴുത്തുകാരന്റെ അധികം ആരും കാണാത്ത മാന്ത്രികന്റെ മുഖവും മതവിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും നാസ്തികനായ ഐരൂരിനോട് കാണിക്കുന്ന താൽ‌പ്പര്യവുമെല്ലാം ബേപ്പൂർ സുൽത്താനെ കൂടുതൽ അടുത്തറിയാൻ പ്രാപ്തമായ കാര്യങ്ങളാണ്.

നിലംബൂരിലെ ആറാം വാർഡിന്റെ പ്രത്യേകതയെന്തായിരുന്നു ? ‘മോഡി വെപ്പും എടുപ്പും‘ എന്നാൽ എന്തായിരുന്നു ? എന്നുതുടങ്ങി ഈ കാലഘട്ടത്തിൽ ജീവിച്ചിട്ടുപോലും പലരും കേട്ടിട്ടില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ അനാവരണം ചെയ്യുന്നു. എട്ട് പേജുകളിലായി അപൂർവ്വമായ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. അതിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്,  ഗ്രന്ഥകർത്താവിന്റെ പുത്രനായ ശ്രീ.നിഖിൽ ഐരൂർ തന്റെ ബാല്യകാലത്ത്, മാങ്കോസ്റ്റിന്റെ ചുവട്ടിലിരിക്കുന്ന ബഷീറിന്റെ കഷണ്ടിത്തല തലോടുന്ന ചിത്രം തന്നെയാണ്.

നാസ്തികൻ, യുക്തിപ്രഭ, യുക്തിവിചാരം, എന്നീ പ്രസിദ്ധീകരണങ്ങളും കെ.ടി.മുഹമ്മദിന്റെ മാംസപുഷപ്പങ്ങൾ, ‘ഭക്തിയും കാമവും‘ എന്ന ഐരൂരിന്റെ വിഖ്യാതമായ പുസ്തകവുമൊക്കെ വായിക്കാത്തവർക്ക് സംഘടിപ്പിച്ച് വായിക്കണമെന്നോ മുൻപ് വായിച്ചിട്ടുള്ളവർക്ക് ഒന്നുകൂടെ വായിക്കണമെന്നോ തോന്നലുണ്ടാക്കിയായിരിക്കും ഈ ഗ്രന്ഥവായന അവസാനിക്കുക. പുസ്തകത്തിന്റെ പേര് വായിച്ചാൽ തോന്നുന്നത് പോലെയുള്ള ഹിപ്നോട്ടിസം അനുഭവങ്ങൾ മാത്രമല്ല, മറിച്ച് ഓർമ്മ വെച്ച കാലം മുതൽക്കുള്ള ചിന്തകളും പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഇതിലുള്ളത്. ചെയ്ത് പോന്ന ജോലികൾ, കുടുംബം, കൂടപ്പിറപ്പുകൾ, സുഹൃത്തുക്കൾ, ചികിത്സിച്ച് ഭേദമാക്കിയ കേസുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലൂടെയും കടന്ന് പോകുന്ന ഒരു ആത്മകഥതന്നെയാണിത്. പല സംഭവങ്ങളും അക്കാലത്ത് വന്ന പത്രവാർത്തകളുടെ അകമ്പടിയോടെയാണ് വിവരിച്ചിരിക്കുന്നത്.

ഇനിയെത്ര നാളുണ്ടാകും എന്നറിയില്ല അതുകൊണ്ട് എഴുതിക്കളഞ്ഞേക്കാം എന്ന് ആമുഖത്തിൽ വിനീത വിധേയനായി പറയുന്നത് പോലെയല്ല കാര്യങ്ങളെന്നും, ഈ പുസ്തകം പിശുക്കിപ്പിശുക്കിയാണ് എഴുതിയിരിക്കുന്നതെന്നും ആത്മകഥാപരമായ ഒരുപാട് അനുഭവസ്മരണകളുമായി ഇനിയും പുസ്തകങ്ങൾ അദ്ദേഹത്തിന് എഴുതാനുണ്ടാകുമെന്നും തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.