രാവിലെ തന്നെ രൺധംബോറിൽ നിന്ന് ബാരയിലേക്ക് യാത്ര തിരിച്ചു. കോട്ട ഹബ്ബിന് ശേഷം ബാര (Baran) കഴിഞ്ഞിട്ടാണ് രൺധംബോറിലേക്ക് പോകേണ്ടിയിരുന്നത്. ഹബ്ബുകൾ ശ്രദ്ധിക്കാതെ പോയതുകൊണ്ടും കോട്ട ഹബ്ബിൽ ഞാൻ തങ്ങിയിരുന്ന ‘പ്രേം ദ ധാബ’ യുടെ ഉടമസ്ഥൻ രഘുവീർ, എൻ്റെ ചുറ്റിയടിക്കലിൽ നടത്തിപ്പോന്ന അനാവശ്യ ഇടപെടലും കാരണം തിരക്കിട്ട് അവിടന്ന് ഇറങ്ങിയത് കൊണ്ടുമാണ് അങ്ങനെ ഒരു അബദ്ധം പറ്റിയത്.
മാത്രമല്ല, രഘുവീർ അനധികൃതമായി മദ്യ വില്പന നടത്തുന്നുണ്ടായിരുന്നു. കോട്ട നഗരത്തിലേക്ക് പോകാതെ തന്നെ ഗ്രാമവാസികൾക്ക് 10 രൂപ അധികം ചിലവാക്കിയാൽ രഘുവീറിന്റെ ധാബയിൽ നിന്ന് മദ്യം കിട്ടും. ഒരു വൈകുന്നേരം മാത്രം 50 ക്വാർട്ടർ കുപ്പികൾ രഘുവീർ വിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു മുഴുവൻ ദിവസം അതിന്റെ എത്രയോ മടങ്ങ് വിൽപ്പന അവിടെ നടക്കുന്നുണ്ടാകാം. പാതിരാത്രിയും കൊച്ചുവെളുപ്പാൻ കാലത്തുമൊക്കെ മദ്യം ചോദിച്ച് വരുന്നവരുടെ തിരക്കാണ് ആ ധാബയിൽ. രഘുവീർ രാവിലെ എഴുന്നേൽക്കുന്നത് തന്നെ, ഒരു ഗ്രാമവാസി മദ്യം അന്വേഷിച്ച് വരുമ്പോഴാണ്.
ലൈസൻസ് ഇല്ലാതെ മദ്യം വിറ്റതിന് പൊലീസ് പിടിച്ച കഥയും പിന്നീട് വെറുതെ വിട്ട കഥയുമൊക്കെ വീരസ്യമായി രഘുവീർ ഇടയ്ക്കിടെ പറയുന്നുണ്ട്.
എനിക്ക് പക്ഷേ അവിടെ പ്രശ്നമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, മദ്യം വാങ്ങാൻ വരുന്നവരിൽ ചിലർ “നമസ്തേ ബാബുജി” എന്ന് പറഞ്ഞ് എൻ്റെ മുട്ടുകാൽ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ആ സന്ദർഭങ്ങളിൽ എനിക്ക് ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാറും എഴുത്തുകാരൻ സക്കറിയയും കൂടി കുംഭമേളയ്ക്ക് പോയ സംഭവമാണ് ഓർമ്മ വരിക. മേള പരിസരങ്ങളിൽ ഒന്ന് ചുറ്റിക്കറങ്ങി വരുമ്പോഴേക്കും ശശികുമാറിൻ്റെ കയ്യിൽ നിറയെ പൈസ ഉണ്ടാകും. അദ്ദേഹത്തിൻ്റെ താടിയും രൂപവും എല്ലാം കണ്ടിട്ട് ഏതോ വലിയ സ്വാമിജി ആണെന്ന് കരുതി ഭക്തർ നൽകുന്ന ദക്ഷിണയാണ് ആ പണം. സക്കറിയക്ക് താടിയില്ലാത്തത് കാരണം, പണം ഒന്നും കിട്ടാറില്ല. സക്കറിയയുടെ ‘ബംബം ഹര ബോൽ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. നല്ലൊരു നരച്ച താടി ഉണ്ടെങ്കിൽ, വടക്കേ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത്, ഒന്നാന്തരം ഒരു സ്വാമിജിയായി വിരാജിക്കാം എന്ന കാര്യത്തിൽ എനിക്കിപ്പോൾ സംശയമേ ഇല്ല.
ബാര നഗരത്തിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ ദൂരമുണ്ട് കേൽവാര കോട്ടയിലേക്ക്. ദേശീയപാതയിലൂടെയുള്ള യാത്ര ആയതുകൊണ്ട്, പെട്ടെന്ന് തന്നെ കോട്ടയിൽ എത്തി. ഗ്രാമത്തിന് വെളിയിൽ ഭാഗിയെ ഒതുക്കി കോട്ടയിലേക്ക് ഞാൻ നടക്കുകയായിരുന്നു. അന്യദേശക്കാരനായ എന്നെ ഗ്രാമവാസികൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.
* ജീർണ്ണാവസ്ഥയിലായ കോട്ട സമതലത്തിലാണ് നിലകൊള്ളുന്നത്. കവാടം തുറന്ന് തന്നെ കിടപ്പുണ്ട്. പരിസരത്തെങ്ങും ആരെയും കണ്ടില്ല.
* ചെറിയൊരു കോട്ടയാണ് ഇത്. കൂടിവന്നാൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം കാണും.
* പ്രധാന കവാടത്തിന് വെളിയിലും പ്രധാന കവാടം കയറി അകത്ത് ചെന്നാൽ, കൊട്ടാര ഭാഗങ്ങൾ ഉള്ള ഇടത്തുമായി 2 കിടങ്ങുകൾ ഈ കോട്ടയെ സംരക്ഷിക്കുന്നു.
* കോട്ടയുടെ വലത്തും ഇടത്തും കാണുന്ന 2 വലിയ കൊത്തളങ്ങളിൽ ഒന്നിൽ ക്ഷേത്രവും മറ്റൊന്നിൽ മസ്ജിദും ആണ് ഇപ്പോൾ ഉള്ളത്. ഓറഞ്ചും പച്ചയും കൊടികൾ അവിടെ പാറി കളിക്കുന്നുണ്ട്.
* കോട്ടയ്ക്കുള്ളിൽ ഒരു ഖബർ ഉണ്ട്. ആള് കൂടുതൽ വന്നാൽ ഒരു ദർഗ്ഗയാക്കി മാറ്റാൻ പറ്റുന്ന ഒന്ന്.
* ഇത്രയും ഭംഗിയും ഘടകങ്ങളും ഉള്ള ഒരു കോട്ടയുടെ കാര്യമായ ചരിത്രമൊന്നും ആ പരിസരത്ത് നിന്നോ ഇൻ്റർനെറ്റിൽ നിന്നോ ലഭിക്കുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.
രാവിലെ ബാരയിലേക്കുള്ള മാർഗ്ഗമദ്ധ്യേ 10 രൂപയ്ക്ക് ഒരു കച്ചോരി കഴിച്ചതാണ് പ്രാതൽ. കേൽവാര പട്ടണത്തിൽ മുഴുവൻ കറങ്ങി നടന്നിട്ട് ഒരു ബേക്കറിയാണ് ആകെ കാണാൻ കിട്ടിയത്. അവിടുന്ന് 20 രൂപയ്ക്ക് വേറൊരു കച്ചോരി കഴിച്ചു. എത്ര ലളിത സുന്ദരമായ ജീവിതം. രാത്രി നേരെ ചൊവ്വേ വല്ലതും കിട്ടിയില്ലെങ്കിൽ ഭാഗിയുടെ അടുക്കളയിൽ ഞാൻ വെച്ചുണ്ടാക്കും.
മദ്ധ്യപ്രദേശിന്റെ അതിർത്തി ജില്ലയാണ് ബാര. ഭൂപ്രകൃതിയൊക്കെ മാറി വരുന്നുണ്ട്. ആളനക്കം കുറയുന്നു; ധാബകളും കുറവാണ്. കൃഷിയിടങ്ങളാണ് കൂടുതലും.
വളരെ കഷ്ടപ്പെട്ട് ‘സുമൻ’ എന്നൊരു ധാബ കണ്ടുപിടിച്ചു. ലോറിക്കാരുടെ താവളം ആണത്. മറ്റൊരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രമേ ഞാൻ ലോറിക്കാരുടെ താവളത്തെ ആശ്രയിക്കാറുള്ളൂ. ഒച്ചയും ബഹളവും കൂടുതലായിരിക്കും; മദ്യപാനികളും കൂടുതലായിരിക്കും. നമ്മളെ ഏതോ അത്ഭുത ജീവിയെ കണ്ടത് പോലെ നോക്കിക്കൊണ്ടിരിക്കും. അങ്ങനെ പല പ്രശ്നങ്ങളുണ്ട്.
ഇന്നെന്തായാലും സുമൻ ധാബയിൽ തന്നെ കൂടുന്നു. നാളെ ഗുഗോർ എന്ന കോട്ടയിലേക്കാണ് യാത്ര. ആ വഴിയിൽ ഭേദപ്പെട്ട ഏതെങ്കിലും ഒരു സ്ഥലം കണ്ടുപിടിച്ച് അങ്ങോട്ട് താവളം മാറ്റണം.
ശുഭരാത്രി.