നവംബർ 15ന്, തലമുടി കറുപ്പിക്കാതിരിക്കാനുള്ള 13 കാരണങ്ങൾ ആരിഫ് എഴുതിയത് ഞാൻ ഷെയർ ചെയ്തിരുന്നു. അത് വായിച്ച ദിപിൻ എന്ന സുഹൃത്ത് ആവശ്യപ്പെട്ടത്, ഇതേ ഗണത്തിൽ കഷണ്ടിയെപ്പറ്റിയും ഒരു ലേഖനം വേണമെന്നാണ്. എനിക്ക് കാര്യമായ കഷണ്ടിയൊന്നും ഇല്ലെങ്കിലും കഷണ്ടിയുടെ പിന്നാലെ പോയി തയ്യാറാക്കിയ കുറിപ്പാണ് താഴെ.
കഷണ്ടി മറയ്ക്കാതിരിക്കാനുള്ള 13 ന്യായങ്ങൾ !
1. കഷണ്ടി വളരെ സ്വാഭാവികവും പ്രകൃത്യാ ഉണ്ടാകുന്നതുമായ ഒരു ശാരീരിക പ്രതിഭാസമാണ്. അതിൽ വ്യസനിക്കേണ്ട കാര്യമെന്തിരിക്കുന്നു?
2. കഷണ്ടി നമ്മുടെ കുറ്റമല്ല. അത് നമ്മുടെ കുഴപ്പം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ കഷണ്ടി മറക്കാൻ ബദ്ധപ്പെടേണ്ട കാര്യവുമില്ല.
3. സാധാരണ ഗതിയിൽ, കഷണ്ടി ജനിച്ചപ്പോൾ മുതൽ ഉണ്ടാകുന്ന ഒന്നല്ല. പ്രായമാകുന്നതോടെയാണ് കഷണ്ടിക്ക് തുടക്കമാകുന്നത്. ഉദാ:- പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നിങ്ങളുടെ ക്ലാസ്സിൽ എത്ര കഷണ്ടിക്കാരുണ്ടായിരുന്നു ? പ്രായമാകുന്നതോടെ പല്ലുകൾ പൊഴിയാൻ തുടങ്ങുന്നത് പോലെയുള്ള ഒരു പ്രകൃതി പ്രതിഭാസം മാത്രമാണ് കഷണ്ടി. ചിലരുടെ പാരമ്പര്യം അതിലേക്ക് എണ്ണയൊഴിക്കുന്നു എന്ന് മാത്രം.
4. പാരമ്പര്യമായി കഷണ്ടി ഉണ്ടാകാറുണ്ട്. എന്നുവെച്ച് അച്ഛനേയോ അമ്മയേയോ മാറ്റാൻ നമുക്കാവില്ലല്ലോ ? അവരിൽ നിന്ന് കിട്ടിയ ഒന്നിനെ അഭിമാനത്തോട് കൂടെ കൊണ്ടുനടക്കുകയല്ലേ വേണ്ടത് ?
5. കഷണ്ടി മറക്കാൻ വിഗ്ഗ് വെക്കുന്നവരുണ്ട്. രണ്ടായിരം രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ വിലയുള്ള വിഗ്ഗുകൾ മാർക്കറ്റിലുണ്ട്. അത്രയും പണം കൊണ്ട് നിങ്ങൾക്കോ കുടുംബത്തിനോ പ്രയോജനമുള്ള മറ്റെന്തെല്ലാം കാര്യങ്ങൾ നടത്താമെന്ന് ചിന്തിച്ചിട്ടുണ്ടോ ? എത്ര ചക്ക വാങ്ങിത്തിന്നാം എന്നാലോചിച്ചിട്ടുണ്ടോ ?
6. നല്ലൊരു കാറ്റടിക്കുമ്പോൾ വിഗ്ഗ് പറന്ന് പോയാൽ പൊതുജനമദ്ധ്യത്തിൽ നിങ്ങളുണർത്തുന്ന ചിരിയോളം പ്രശ്നമില്ല നിങ്ങളുടെ മനോഹരമായ കഷണ്ടിക്ക്.
7. കഷണ്ടി മറക്കാൻ വിഗ്ഗ് ഉപയോഗിച്ചിരുന്ന കാലത്തിൽ നിന്നും, തലയിൽ മുടി തുന്നിപ്പിടിപ്പിക്കുന്ന കാലത്തേക്ക് ശാസ്ത്രം വളർന്നിരിക്കുന്നു. സത്യത്തിൽ അതൊരു വളർച്ചയല്ലല്ലോ, തളർച്ചയല്ലേ? എന്തെല്ലാം തരം ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം മുടിപിടിപ്പിക്കലുകാർ നേരിടുന്നതെന്ന് വല്ല പിടിയുമുണ്ടോ ? അതിനായി നഷ്ടപ്പെടുത്തുന്ന പണവും സമയവും വേറെയും.
8. ഒരുവിധപ്പെട്ട വിഗ്ഗുകളൊക്കെ ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകും. സിനിമാ സൂപ്പർ താരങ്ങളെപ്പോലെ ധാരാളം പണമുള്ള ചുരുക്കം ചിലർ മാത്രമാണ് നിലവാരവും വൈവിദ്ധ്യവുമുള്ള വിഗ്ഗുകൾ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു പങ്ക് വിഗ്ഗും പാഴ് വേലയും പണച്ചിലവും മാത്രമാണ്.
9. കഴിഞ്ഞ ദിവസം വൈറലായ, ആരിഫിൻ്റെ ‘നര‘ പോസ്റ്റിലെ ഒൻപതാമത്തെ കാരണം, കഷണ്ടിയുടെ കാര്യത്തിലും പ്രസക്തമാണ്. അതിങ്ങനെയാണ്. നിങ്ങൾ സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് ആ കൂട്ടപ്പൊരിച്ചിലിനിടയ്ക്ക് നിങ്ങളുടെ വിഗ്ഗ് നഷ്ടപ്പെട്ടെന്ന് കരുതുക. നിങ്ങളുടെ ചിത്രം നോക്കി തിരച്ചിലാരംഭിക്കുന്ന റെസ്ക്യൂ ടീമിന്, എന്തിന് നിങ്ങളുടെ ചങ്കുകൾക്ക് പോലും നിങ്ങളെ കണ്ടാൽ തിരിച്ചറിയാനാവില്ല.
10. ‘ഏറ്റവും ഭംഗിയുള്ള തലകളാണ് കഷണ്ടിയാൽ അനുഗൃഹീതമാകുന്നത്. കുണ്ടും കുഴിയും മോശം ഷേയ്പ്പുള്ളതുമായ തലകളെയാണ്, മുടി ഉപയോഗിച്ച് പ്രകൃതി മറച്ചിരിക്കുന്നത്.‘ ഇത് ഞാൻ പറഞ്ഞതല്ല. ഏറ്റവും മനോഹരമായ കഷണ്ടിത്തലയുടെ ഉടമ എന്ന് പറയാവുന്ന ബോളിവുഡ്ഡ് താരം അനുപം ഖേർ പറഞ്ഞതാണ്.
11. സൂര്യകിരണങ്ങൾ ഏൽക്കാൻ ത്രാണിയില്ലാത്തവരുടെ തലകളാണ് മുടികളാൽ സമൃദ്ധമാകുന്നത്. നിങ്ങളുടെ ആ ഒരു കഴിവിൽ അഭിമാനിക്കുകയല്ലേ വേണ്ടത് ? എന്തിന് ആ കഴിവിനെ അസ്വാഭാവിക മാർഗ്ഗങ്ങളിലൂടെ മറച്ച് വെക്കാൻ ശ്രമിക്കണം?
12. തെന്നിന്ത്യയിലെ യഥാർത്ഥ സൂപ്പർ സ്റ്റാറായ രജനീകാന്ത് എത്ര ആത്മവിശ്വാസത്തോടെയാണ് സാധാരണ ജീവിതത്തിൽ അദ്ദേഹത്തിൻ്റെ കഷണ്ടിത്തല പ്രദർശിപ്പിച്ച് നടക്കുന്നത്? സിനിമയിൽ കഥാപാത്രത്തിൻ്റെ പൂർണ്ണതയ്ക്കായി വിഗ്ഗ് വെക്കുന്നത് അദ്ദേഹത്തിൻ്റെ ജീവിതമാർഗ്ഗം അതായതുകൊണ്ടാണ്. എന്നിട്ടും ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത് ‘സ്റ്റൈൽ മന്നൻ’ എന്നാണ്. ലോകമെമ്പാടും അറിയപ്പെടുന്ന രജനീകാന്തിനില്ലാത്ത ജാള്യതയും അപകർഷതാ ബോധവും കഷണ്ടിയുടെ പേരിൽ നിങ്ങൾക്കെന്തിനാണ് ? ഏതൊരാൾ നിങ്ങളുടെ കഷണ്ടിയെ പരിഹസിച്ചാലും രജനീകാന്തിൻ്റെ ഉദാഹരണത്തിനപ്പുറം മറ്റെന്തെങ്കിലും വേണോ നിങ്ങൾക്ക് തിരിച്ചടിക്കാൻ?!
13. വിഗ്ഗ് നിർമ്മാണ കമ്പനികൾ, അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ, അവരുടെ കുടുംബം, എന്നിവരെയെല്ലാം പട്ടിണിക്കിടാനാവില്ല എന്ന മാനുഷിക പരിഗണനയുടെ പുറത്താണ് നിങ്ങൾ വിഗ്ഗ് വെക്കുന്നതെങ്കിൽ, ആ വിഗ്ഗ് തുക കമ്പനി ജീവനക്കാർക്ക് സംഭാവന ചെയ്താൽ പോരേ? എന്തിന് നിങ്ങളുടെ ശരീരത്തിൻ്റെ ഭാഗമല്ലാത്ത ഒരു സാധനം കഷ്ടപ്പെട്ട് ചുമന്ന് വിയർത്ത് പരിപാലിച്ച് നടക്കണം?
ചിത്രങ്ങൾ:- സ്ഥിരമായി മൊട്ടയടിച്ച് തങ്ങളുടെ കഷണ്ടി ആഘോഷമാക്കുന്ന, എൻ്റെ സഹപാഠി ശ്യാം കുറുപ്പും ഫേസ്ബുക്ക് സുഹൃത്ത് വിനോദും.