ധംധമാ തടാകം, പട്ടോടി പാലസ്, സുൽത്താൻപൂർ നാഷണൽ പാർക്ക് എന്നീ മൂന്നിടങ്ങളിലേക്കാണ് ഇന്ന് ബ്രിട്ടോയുടെ കൂടെ പോകാൻ തീരുമാനിച്ചിരുന്നത്.
രാവിലെ 8 ഡിഗ്രിയായിരുന്നു താപമാനം. പത്തുമണിയോടെ ധംധമാ തടാകത്തിൽ എത്തി. ഒരു ചെറിയ തടാകമാണ് അത്. ഹരിയാന ടൂറിസം വകുപ്പിന്റെ കീഴിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഉണ്ട്. ചെറിയൊരു ദൂരം ബോട്ടിൽ ചുറ്റിവരാൻ ₹200 ഈടാക്കുന്നു. തുഴക്കാരനുള്ള ബോട്ടും പെഡൽ ബോട്ടും ഉണ്ട്. രണ്ടിനും ഒരേ നിരക്ക് തന്നെ.
തടാകത്തിൽ നിന്ന് പോയത് പട്ടോടി പാലസിലേക്കാണ്.
വഴിയിൽ ഒരു ടോൾ പ്ലാസയിൽ എത്തിയപ്പോൾ ഭാഗിയെ ട്രാഫിക് പോലീസ് പിടിച്ചു. മലിനീകരണ സർട്ടിഫിക്കറ്റ് കാണണമെന്ന് പറഞ്ഞു. അത് കാണിച്ചപ്പോൾ, ഭാഗിയുടെ രജിസ്ട്രേഷൻ 2005 ലേത് ആണെന്നും, NCR (National Capital Region) പ്രദേശത്ത് 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതലുള്ള പെട്രോൾ വാഹനങ്ങൾക്കും നിരോധനം ഉണ്ടെന്നും, അത് ലംഘിച്ച നിലക്ക് ₹20,000 ഫൈൻ അടക്കണമെന്നും പറഞ്ഞു.
ഞാൻ കേരളത്തിൽ നിന്നാണ് വരുന്നതെന്നും ഇത്തരം കാര്യങ്ങൾ അറിയില്ലെന്നും, വെറുതെ വിടണമെന്നും അപേക്ഷിച്ചു. നിവൃത്തിയില്ലെങ്കിൽ ₹500 ഫൈൻ അടക്കാമെന്നും ഞാൻ അറിയിച്ചു. ആദ്യം പോലീസുകാർ അല്പം ബലം പിടിച്ചെങ്കിലും, പിന്നീട് എന്നെ നിരുപാധികം പോകാൻ അനുവദിച്ചു. സഞ്ചാരി ആയതിനാൽ ഇളവ് തന്നതാകാം. തൽക്കാലം രക്ഷപ്പെട്ടു.
ഞങ്ങൾ പട്ടോളി കൊട്ടാരത്തിലേക്കുള്ള യാത്ര തുടർന്നു. മൻസൂർ അലി ഖാൻ പട്ടോടിയുടേയും, മകനും ഹിന്ദി സിനിമാ നടനുമായ സെയ്ഫ് അലി ഖാൻ പട്ടോടിയുടേയും കൊട്ടാരത്തിലേക്ക് പക്ഷേ, സന്ദർശകർക്ക് പ്രവേശനമില്ല. കഷ്ടകാലത്തിന് ഞങ്ങൾ അതറിയുന്നത് അവിടെ ചെന്നതിന് ശേഷം മാത്രം. ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ കൊട്ടാരം തുറന്ന് കൊടുക്കുന്നുള്ളൂ. ഞങ്ങൾ നിരാശരായി മടങ്ങി.
ലിസ്റ്റിൽ ബാക്കിയുള്ളത് സുൽത്താൻപൂർ നാഷണൽ പാർക്കാണ്. അതൊരു പക്ഷി സങ്കേതം ആണ്. അങ്ങോട്ട് എത്താൻ 6 കിലോമീറ്ററോളം ബാക്കിയുള്ളപ്പോൾ മറ്റൊരു ടോൾ ബൂത്തിൽ വീണ്ടും ട്രാഫിക് പോലീസ് പിടിച്ചു. ഇപ്രാവശ്യം കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് സമയത്തെ കെഞ്ചലുകൾക്കും തർക്കങ്ങൾക്കും ശേഷം 2000 രൂപ ഫൈൻ അടിച്ചു. ഫൈൻ എന്ന് പറഞ്ഞാൽ ശരിയാവില്ല. അത്രയും രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചു. വാഹനം പിടിച്ചു വെക്കും കോടതിയിൽ ചെന്ന് ലൈസൻസ് വാങ്ങിക്കാം എന്നൊക്കെയാണ് പൊലീസുകാർ ആദ്യം പറഞ്ഞത്.
പക്ഷേ വാങ്ങിയ കാശിനുള്ള സഹായം അവർ പിന്നീട് ചെയ്തു തന്നു. ഇന്ന് നഗരത്തിന് ചുറ്റും എല്ലായിടത്തും പരിശോധന നടക്കുന്നുണ്ടെന്നും, അതിൽ നിന്ന് രക്ഷപ്പെടാൻ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞു തന്നു. നഗരത്തിലേക്ക് ചെന്ന് കയറുന്നത് ഇരുട്ട് വീണതിന് ശേഷം മാത്രം ആയിരിക്കണമെന്ന് പ്രത്യേകം നിഷ്ക്കർഷിച്ചു.
2000 രൂപ പോയതിനേക്കാൾ ഉപരി എന്നെ ഭയപ്പെടുത്തിയത്, നാളെ മുതലുള്ള ഹരിയാന സഞ്ചാരത്തിനിടയിൽ, അറിയാതെ ഏതെങ്കിലും NCR പ്രദേശങ്ങളിൽ ചെന്ന് കയറുമോ എന്നതാണ്. മടങ്ങിയെത്തിയശേഷം, ഇനിയുള്ള യാത്രാ പദ്ധതിയിൽ അഴിച്ചുപണികൾ നടത്തി NCRൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കണം.
സുൽത്താൻപൂർ നാഷണൽ പാർക്കിലേക്കുള്ള യാത്ര തുടർന്നു. വഴിയിൽ ഒരു ധാബയിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു.
ഭരത്പൂരിലെ പക്ഷിസങ്കേതത്തിന്റെ അത്രയ്ക്ക് വലുതല്ലെങ്കിലും, അത്യാവശ്യം ദേശാടന പക്ഷികളുടെ കൂട്ടങ്ങളെ ഇവിടെയും കാണാൻ കഴിയും. ചെറിയ പാർക്ക് ആയതുകൊണ്ട് തന്നെ, എല്ലായിടത്തും നടന്ന് സഞ്ചരിക്കാം.
പാർക്ക് സന്ദർശനം കഴിഞ്ഞെങ്കിലും ഇരുട്ട് വീണിട്ടില്ല. ഞങ്ങൾ ഒരു ചെറിയ ചായക്കടയിൽ കയറി അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു, അഞ്ചര മണി വരെ. അപ്പോഴേക്കും ചെറുതായി മഴ പെയ്തു. മഴകൊണ്ട് നിന്ന് പോലീസുകാർ പരിശോധന നടത്തുമെന്ന് കരുതുകയേ വേണ്ട. കൂടുതൽ ട്രാഫിക് പോലീസുകാർക്ക് പിടികൊടുക്കാതെ ഞങ്ങൾ സുരക്ഷിതമായി ബ്രിട്ടോയുടെ ഫ്ലാറ്റിൽ എത്തി.
5 ഹബ്ബുകൾ കൂടിയാണ് ഇനി ബാക്കിയുള്ളത്. ഡൽഹിയുടെയോ ഗുഡ്ഗാവിൻ്റെയോ പരിസരത്ത് കൂടെ കടന്ന് പോകാതെ ആ ഹബുകളിലേക്ക് പോകാനും അതിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കാനുമുള്ള പദ്ധതി ബ്രിട്ടോയുടെ Britto Zacharias കൂടെയിരുന്ന് തയ്യാറാക്കി.
എന്തായാലും ഒരു കാര്യം ഉറപ്പായി. ഭാഗിയുമായി ഡൽഹിയുടെ പരിസരത്തേക്ക് പോകാൻ ആവില്ല. ഒറ്റനോട്ടത്തിൽ വാഹനം കണ്ട്, ഏത് വർഷത്തെ രജിസ്ട്രേഷൻ ആണെന്ന് ട്രാഫിക്ക് പൊലീസുകാർ മനസ്സിലാക്കുന്നുണ്ട്. ഭാഗിയെ ഡുണ്ട്ലോഡ് കൊട്ടാരത്തിലേക്ക് കെട്ടിച്ച് അയച്ചശേഷം, പുതിയ ഭാഗിയെ തയ്യാറാക്കണം. എന്നാലേ അടുത്തവർഷം ഈ യാത്ര തുടരാൻ കഴിയൂ.
നാളെ നേരം വെളുക്കുന്നതിന് മുന്നേ, പോലീസുകാരുടെ കണ്ണിൽപ്പെടാതെ ഗുഡ്ഗാവ് വിട്ട് സഫിഡോൺ ഭാഗത്തേക്ക് കടക്കാനാണ് പദ്ധതി.
ശുഭരാത്രി.