വീർ തേജാജി ധാബയിൽ നിന്ന് 34 കിലോമീറ്റർ ദൂരമാണ് കിഷൻഗഡിലേക്ക്. കഷ്ടി ഒരു മണിക്കൂർ ഡ്രൈവ്.
അവിടെ ചെന്നപ്പോളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, അത് ഒരു സ്വകാര്യ ഹോട്ടൽ ആണെന്നും ഇപ്പോൾ സഞ്ചാരികൾക്ക് അകത്ത് പ്രവേശനം നൽകുന്നില്ല എന്നും. ഫൂൽ മഹൽ പാലസ് എന്ന ഒരു കൊട്ടാരം എൻ്റെ സന്ദർശന ലിസ്റ്റിൽ ഉണ്ടായിരുന്നു. കോട്ടയുടെ അകത്താണ് ഇപ്പറഞ്ഞ കൊട്ടാരം എന്നതും അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. അതോടെ ആ സന്ദർശനത്തിന്റെ കാര്യത്തിലും തീരുമാനമായി.
ഇതിന്റെ രണ്ടിന്റെയും ഉടമസ്ഥനായ ബ്രിഡ്ജ് രാജ് സിംഗ് വിദേശത്ത് സ്ഥിരതാമസക്കാരനാണ്. കോട്ടയുടെ മാനേജരെ വിളിച്ച് സംസാരിച്ചെങ്കിലും ഒരു തരത്തിലും പ്രവേശനം സാദ്ധ്യമായില്ല. പുറത്ത് നിന്ന് ചില ചിത്രങ്ങൾ എടുത്ത ശേഷം, ഞാൻ കിഷൻഗഡിൽ നിന്ന് അജ്മീറിലേക്ക് മടങ്ങി.
ഭാഗിയെ മിത്തൽ മാളിന്റെ പാർക്കിങ്ങിൽ ഇട്ടശേഷം അവിടുന്ന് ഉച്ച ഭക്ഷണവും കഴിച്ച് ഓട്ടോറിക്ഷ പിടിച്ച് വീണ്ടും ദർഗ്ഗയിലേക്ക് പോയി. ഇപ്രാവശ്യം ദർഗ്ഗയുടെ അകത്ത് കയറണം എന്നതുകൊണ്ട് ബാഗ് എടുക്കാതെയാണ് പോയത്. ഒരു പൂക്കടയിൽ ഷൂ ഊരി വെച്ച് 100 രൂപയുടെ പൂക്കൾ വാങ്ങി ദർഗ്ഗയുടെ ഉള്ളിലേക്ക് കടന്നു.
കഷ്ടി 10 വയസ്സുള്ള ഒരു പയ്യൻ, പെട്ടെന്ന് എന്നെ ഏറ്റെടുത്ത് ഉള്ളിലേക്ക് നയിച്ചു. പുഷ്ക്കറിൽ എനിക്കുണ്ടായ ദുരനുഭവം, ഈ ചെറിയ പയ്യനിൽ നിന്ന് ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൻ എന്നെ നേരെ ഒരു ഉസ്താദിന്റെ മുന്നിൽ കൊണ്ടിരുത്തി. ഉസ്താദ് മയിൽപീലിയുടെ ഒരു നീളൻ കുറ്റി വെച്ച് എൻ്റെ തലയിൽ തലോടി അനുഗ്രഹിച്ച ശേഷം പേര് ചോദിച്ചു.
“പേര് പറയുന്നതിന് മുൻപ് ഈ സേവനത്തിന് എത്രയാണ് ഈടാക്കുന്നതെന്ന് പറയൂ.” ഞാൻ അങ്ങോട്ട് ചോദ്യമെറിഞ്ഞു.
“ചാർജ്ജ് ഒന്നുമില്ല. ഇത് സേവനമാണ്.” എന്നായിരുന്നു മറുപടി.
അടുത്ത സെക്കൻഡിൽ അയാൾ ഒരു രസീത് കുറ്റിയിൽ എഴുതാൻ തുടങ്ങി. നിങ്ങൾ എഴുതുന്ന തുകയൊന്നും ഞാൻ തരില്ല. അതുകൊണ്ടാണ് ആദ്യമേ സേവനത്തിന് എത്രയാണ് ചാർജ്ജ് എന്ന് ചോദിച്ചത്.
കഷ്ടകാലത്തിന് എൻ്റെ കയ്യിൽ ആ സമയത്ത് ചില്ലറ നോട്ടുകൾ ഒന്നുമില്ല. 100 രൂപ കൊടുത്തപ്പോൾ അത് 200 ആക്കിക്കൂടെ എന്ന് ചോദ്യം. പറ്റില്ല എന്ന് ഞാൻ. അതോടെ ഉസ്താദിന്റെ സേവനം തീർന്നു. ആ പയ്യനെ മഷിയിട്ട് നോക്കിയിട്ട് പിന്നെ കണ്ടതുമില്ല.
ദർഗ്ഗയുടെ പ്രധാന വാതിൽ അടഞ്ഞാണ് കിടന്നിരുന്നത്. അത് തുറന്നതും പുറത്തിരുന്നവർ എല്ലാവരും അകത്തേക്ക് കടന്നു. കൂട്ടത്തിൽ ഞാനും അകത്തേക്ക്.
“നിങ്ങളുടെ പഴ്സ്, മൊബൈൽ എന്നിവ സൂക്ഷിക്കുക. തിരക്കിൽ എല്ലാത്തരത്തിലുള്ള ആൾക്കാരും ഉള്ളതാണ്.”… എന്ന് ഒരു സുരക്ഷാ ജീവനക്കാരൻ തുടരെത്തുടരെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഒരു ആരാധനാലയത്തിന്റെ ഒത്ത നടുക്ക് അങ്ങനെ പറയേണ്ടി വരുന്നത് എന്തൊരു മോശം അവസ്ഥയാണെന്ന് നോക്കൂ.
അകത്ത് കയറുന്നവർ ആരും പെട്ടെന്ന് പുറത്തേക്ക് വരുന്നില്ല. എല്ലാവരും വാതിലിലും ചുമരിലുമെല്ലാം മുത്തിക്കൊണ്ട് നിൽക്കുന്നു. എനിക്ക് ആ തിരക്കിൽ ശ്വാസംമുട്ടി. എങ്ങനെയെങ്കിലും പുറത്ത് കടന്നാൽ മതി എന്നായി. എന്റെ പൂത്തട്ട് ഏതോ ഒരു ഉസ്താദ് വാങ്ങി ഖബറിന് മുകളിൽ ഇട്ടു. പണം നൽകാൻ എന്നോടയാൾ ആവശ്യപ്പെട്ടു. പണമില്ല എന്ന് ഞാൻ തലകൊണ്ട് നിഷേധിച്ച്, തിക്കിത്തിരക്കി പുറത്ത് കടന്നു.
എനിക്ക് വല്ലാത്ത വിഷമം തോന്നി. ചെറിയ കുട്ടികളെ പോലും ഉപയോഗിച്ച് പണം പിടിച്ച് പറിക്കുന്നു. ഉസ്താദുമാർ പണം ചോദിച്ചു വാങ്ങുന്നു. ദർഗ്ഗയിലേക്കുള്ള വഴി മുഴുവൻ ഭിന്നശേഷിക്കാരായ ഭിക്ഷാടകരാണ്. സക്കാത്ത് കൊടുക്കുകയും മറ്റും ചെയ്യുന്ന ഒരു മതത്തിൽ ഈ ഭിക്ഷാംദേഹികളെ എല്ലാവരേയും സഹായിച്ച് പുനരുദ്ധരിച്ച് റോഡിൽ നിന്നും മാറ്റിക്കൂടെ? ദൈവത്തിന്റെ പേരിൽ അകത്തും പുറത്തും നടക്കുന്ന പിടിച്ചുപറികൾ അവസാനിപ്പിക്കാൻ എന്താണ് ബുദ്ധിമുട്ട്?
പുഷ്ക്കറിൽ ബ്രഹ്മാവിന്റെ പേരിൽ പിടിച്ച് പറിക്കുമ്പോൾ, അജ്മീറിൽ അത് ഒരു ബാബയുടെ പേരിൽ നടക്കുന്നു. അത്രേയുള്ളൂ വ്യത്യാസം.
ദർഗ്ഗയിൽ നിന്ന് പുറത്തിറങ്ങി, വഴിയോര കച്ചവടക്കാർക്ക് ഇടയിലൂടെ വഴിയുണ്ടാക്കി ഇടത്തേക്ക് നടന്നാൽ അധായ് ദിൻ കാ ഛോൻപ്ര എന്ന, ഇന്ത്യയിലെ തന്നെ വളരെ പുരാതനമായ മോസ്ക്കിൽ എത്താം. CE 1192ൽ ഖുത്തബ്ബുദ്ദീൻ ഐബക് ആണ്, ഇന്തോ ഇസ്ലാമിക് വാസ്തുശില്പ കലയുടെ മകുടോദാഹരണം എന്ന് വിശേഷിപ്പിക്കാൻ പോന്ന ഈ പള്ളി ഉണ്ടാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ മോസ്ക്ക് ആയ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി CE 629ൽ ഉണ്ടാക്കിയതാണെന്ന് കൂടെ ഈ അവസരത്തിൽ ഓർമ്മ വേണം. പക്ഷേ, ഈ മോസ്ക്കിൽ, ശിലയിൽ ചെയ്തിരിക്കുന്ന വേലകൾ വെച്ച് നോക്കിയാൽ ചേരമാൻ പള്ളിയിൽ ഒന്നുമില്ല. വളരെ മോശം സംരക്ഷണമാണ് ഇക്കണ്ട ജനങ്ങൾ വന്ന് പോകുകയും നിസ്ക്കരിക്കുകയും ചെയ്യുന്ന ഈ ആരാധനാലയത്തിന് ഉള്ളത്.
നഗരത്തിൽ ഇനി കാണാൻ ബാക്കിയുള്ളത് സോൺജി കി നസിയാൻ എന്ന ജൈന ക്ഷേത്രമാണ്.
ആദ്യത്തെ 24 ജൈന തീർത്ഥങ്കരന്മാരിൽ ഒരാളായ റിഷഭ ദേവൻ്റെ പേരിലാണ് ഈ ക്ഷേത്രം. 1865ൽ റായ് ബഹാദൂർ മുൾചന്ത് സോണി ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. റിഷഭ ദേവന്റെ ജീവിതത്തിലുണ്ടായ അഞ്ച് പ്രധാന സംഭവങ്ങളാണ് ഈ ക്ഷേത്രത്തിന്റെ മ്യൂസിയത്തിൽ പുനർജനിച്ചിരിക്കുന്നത്.
അയോദ്ധ്യാപുരം, ഹസ്തിനപുരം, സുമേരു പർവ്വതം, കൈലാസ പർവ്വതം, എന്നീ പുരാണ ഇടങ്ങളുടെ മോഡലുകൾ ഉണ്ടാക്കാൻ 25 വർഷമാണ് എടുത്തത്. മഹാവീർ ജയന്തി ദിവസങ്ങളിലും മറ്റ് ജൈൻ വിശേഷങ്ങൾക്കും എഴുന്നള്ളിക്കുന്ന രഥങ്ങൾ അടക്കം എല്ലാ മ്യൂസിയ നിർമ്മിതികളും സ്വർണ്ണം പൂശിയതാണ്. മൂന്ന് നിലകളിലായി കണ്ട് കണ്ണ് മഞ്ഞച്ചു നിൽക്കാൻ പാകത്തിനുള്ള കലാസൃഷ്ടികളാണ് അതെല്ലാം.
ജൈന പുരാണത്തിൽ, ഭൂമി പരന്നതായാണ് സങ്കൽപ്പിച്ചിരിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നത്, ഇന്ന് ഈ സൃഷ്ടികളിൽ നിന്നാണ്.
മിത്തൽ മാളിൽ ചെന്ന് അത്താഴം കഴിച്ച് വീർ തേജാജി ധാബയിലേക്ക് മടങ്ങി. നഗരം ദീപാവലിയുടെ ആഘോഷത്തിമിർപ്പിലാണ്. ഗോപാൽജിയുടെ ആശ്രമത്തിലെ ഭജനകൾക്കും അതുകൊണ്ട് തന്നെ അല്പം കൊഴുപ്പ് കൂടുതലാണെന്ന് തോന്നുന്നു.
ഓണം പോലും വകവെക്കാതെ കേരളം വിട്ട് ഇറങ്ങിയവന്, ദസറയും ദീപാവലിയുമൊക്കെ ഈ യാത്ര തന്നെ.
ശുഭരാത്രി.