സാഹിത്യചോരണം

സ്വദേശാഭിമാനി കോപ്പിയടിച്ചെന്ന് വിമർശിക്കപ്പെടുമ്പോൾ !


66 (2)

സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ എന്ന വിഷയത്തിൽ 7 ആഗസ്റ്റ് 2018 ന് ഞാനൊരു ലേഖനം ബ്ലോഗിൽ എഴുതിയിട്ടിരുന്നു. ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളി രൂക്ഷമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്ത്, അവശ്യം ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ മാർക്സ് ജീവചരിത്രം ലാലാ ഹർദയാലിന്റെ മാക്സ് ചരിതം കോപ്പിയടിച്ചുണ്ടാക്കിയതാണെന്നുള്ള ശ്രീ.രാമചന്ദ്രന്റെ പഠനവും പരിഭാഷയും. രേഖകളും വസ്തുതകളും നിരത്തിയാണ് ഗ്രന്ഥാലോകം മാസികയുടെ ജനുവരി 2018 ലക്കത്തിൽ മുതിർന്ന പത്രപ്രവർത്തകനായ രാമചന്ദ്രൻ ഇക്കാര്യം സമർത്ഥിക്കുന്നത്. ആ വിഷയം ചെന്നവസാനിച്ചത് ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായിരുന്ന എസ്.രമേശന്റെ രാജിയിലാണ്.

ഈ വിഷയം പൊതുസമൂഹത്തിലും വായനക്കാർക്കിടയിലും കാര്യമായ ചലനങ്ങളോ ചർച്ചകളോ ഉണ്ടാക്കിയില്ല എന്ന തോന്നലുളവായതുകൊണ്ടാണ്, എന്തിനും ഏതിനും ചർച്ചയും വാഗ്വാദങ്ങളുമൊക്കെ നടക്കാറുള്ള സൈബറിടങ്ങളിൽ ഒരു ചർച്ചയ്ക്കുള്ള സാദ്ധ്യത ബാക്കിയുണ്ടെന്ന് എനിക്ക് തോന്നിയത്. 100 കൊല്ലം മുൻപ് സംഭവിച്ച അബദ്ധമായിരുന്നെങ്കിലും തെറ്റ് തെറ്റ് തന്നെയാണ്. അത് തിരുത്തപ്പെടേണ്ടതുമാണ്. രാമകൃഷ്ണപ്പിള്ള വിമർശനങ്ങൾക്ക് അതീതനൊന്നുമല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര വലിയവനായാലും വിമർശനത്തിന്റെ പരിധിയിൽ പെടുകതന്നെ ചെയ്യും.

ഏത് രേഖകളും എവിടന്ന് വേണമെങ്കിലും അനായാസം സംഘടിപ്പിക്കാമെന്നും പരിശോധിക്കാമെന്നും പഠനവിഷയമാക്കാമെന്നുമുള്ള സാഹചര്യം നിലവിലുള്ള ഈ ഡിജിറ്റൽ യുഗത്തിൽ, 100 കൊല്ലം പിന്നിൽ സംഭവിച്ച് പോയ തെറ്റുകൾ കണ്ടുപിടിക്കപ്പെടുമ്പോൾ എന്തിനത് മൂടിവെക്കാനോ ന്യായീകരിക്കാനോ വ്യഗ്രത കാണിക്കണം ? ഈ.എം.എസ്.അടക്കമുള്ള പല പ്രമുഖരും രാമകൃഷ്ണപ്പിള്ളയുടെ കാൾ മാക്സ് ജീവചരിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ മാക്സ് ജീവചരിത്രമെന്ന് രേഖപ്പെടുത്തിയത് തിരുത്തപ്പെടേണ്ടി വരുമല്ലോ എന്ന ജാള്യതയാണോ നേരിന്റെ ചരിത്രം കണ്ടെത്താനും അംഗീകരിക്കാനും ചെയ്യാതെ ചിലരെയെങ്കിലും പിന്നോട്ടടിപ്പിക്കുന്നത്?

ഓൺലൈനിൽ ഞാൻ എഴുതുന്ന വിഷയങ്ങൾ പലപ്പോഴും ഏറ്റെടുക്കാറുള്ള വായനക്കാരിൽ ഒരാളൊഴികെ ആരും ഈ വിഷയം കണ്ട ഭാവം പോലും നടിച്ചില്ല. ഹരീഷിന്റെ മീശ വിവാദത്തോളം സെൻസേഷണലായതോ പൈങ്കിത്തമുള്ളതോ അല്ല രാമകൃഷ്ണപ്പിള്ള വിഷയം എന്നതുകൊണ്ടാണോ, അതോ ഇത്രയൊക്കെ ഗഹനമായി വായിക്കാനും പഠിക്കാനും അഭിപ്രായം പറയാനുമുള്ള സമയവും സാഹചര്യവും ഇല്ലെന്നുള്ളതുകൊണ്ടാണോ അതുമല്ലെങ്കിൽ ചരിത്രത്തിനോടും വിവാദങ്ങളോടും താൽ‌പ്പര്യമില്ല എന്നതുകൊണ്ടാണോ എന്നറിയില്ല, 2007 മുതൽ ഓൺലൈനിൽ എഴുതുന്ന എനിക്ക് ഇത്രയും ശുഷ്ക്കമായ പ്രതികരണം ലഭിച്ച മറ്റൊരു ലേഖനമില്ല. തികച്ചും നിരാശനായ എനിക്ക് ആകെ ലഭിച്ച ആശ്വാസം ശ്രീ രാമചന്ദ്രൻ എന്റെ കുറിപ്പ് വായിക്കുകയും തന്റെ അഭിപ്രായം അതിന് കീഴെ രേഖപ്പെടുത്തുകയും ചെയ്തു എന്നതുമാണ്.

മലയാളി വായനാ സമൂഹവും പ്രസാധകരും വാരികകളുമൊക്കെ പൂർണ്ണമായും ഈ വിഷയം തിരസ്ക്കരിച്ചു എന്ന് പറഞ്ഞാൽ സത്യവിരുദ്ധമായിപ്പോകും. കലാകൌമുദിയുടെ 05 ആഗസ്റ്റ് 2018 ലക്കത്തിൽ ദിപിൻ മാനന്തവാടി ഈ വിഷയത്തെപ്പറ്റി അഞ്ച് പേജുള്ള ഒരു ലേഖനം എഴുതിയിട്ടുണ്ട്. സ്വദേശാഭിമാനി എന്നെ ബിംബത്തെ കൃത്യമായ പഠനങ്ങളിലൂടെ വിമർശിക്കുന്ന ചെറായി രാംദാസിന്റെ ലേഖനങ്ങൾ കൂടെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ദിപിന്റെ കലാകൌമുദി ലേഖനം. ഈ വിഷയം ഇനിയെങ്കിലും കാര്യമായി ചർച്ച ചെയ്യപ്പെടാനുള്ള സാദ്ധ്യത നിലനിർത്തിയ കലാകൌമുദിക്കും ദിപിനും അഭിനന്ദനങ്ങൾ !!

ഞാൻ രാമകൃഷ്ണപ്പിള്ളയെ കരിവാരിത്തേക്കാൻ ഇറങ്ങിയിട്ടുള്ള ഒരുവനല്ല. 100 വർഷം മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോഴും പഠിക്കാൻ ശ്രമിക്കുന്ന, ചരിത്രത്തോട് താൽ‌പ്പര്യമുള്ള ഒരു വ്യക്തി മാത്രമാണ്. ചരിത്രത്തിൽ പിഴവുകൾ സംഭവിച്ച് പോയിട്ടുണ്ടെങ്കിൽ എത്ര വൈകിയാലും അത് തിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. പിള്ള ശരിക്കും പഠിക്കപ്പെട്ടിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതുണ്ടാകണമെന്ന് ആഗ്രഹമുണ്ട്. അതിനിടയ്ക്ക് പണ്ടേ പടിയിറങ്ങിയെന്ന് നാം വിശ്വസിക്കുന്ന ജാതിമതക്കോമരങ്ങൾ വീണ്ടും കയറിവരാൻ ഇടയാവരുത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ രാമചന്ദ്രനും ചെറായി രാംദാസുമൊക്കെ ചെയ്യുന്നത് ശ്ലാഖനീയ കാര്യങ്ങളാണെന്ന് കരുതുന്നു. ഇത്തരമൊരു വിഷയത്തിന്റെ പേരിൽ (അങ്ങനെയാണെങ്കിൽ) ഏതെങ്കിലുമൊരു പത്രാധിപർക്ക് പടിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഇന്നെന്നല്ല ഇനിയൊരിക്കലും കേരളത്തിൽ ഉണ്ടാകരുതെന്നും ആഗ്രഹിക്കുന്നു.

ആയതിനാൽ ആരൊക്കെ വായിച്ചാലും ഇല്ലെങ്കിലും ഓൺലൈനിൽ എനിക്ക് സ്വന്തമായി കിട്ടിയിരിക്കുന്ന ഈ ചെറിയ ഇടത്തിൽ എന്റെ അഭിപ്രായം ശക്തമായി രേഖപ്പെടുത്തുന്നു. ഒരു പ്രളയത്തിലും ഇത് കുതിർന്ന് പോവുകയോ ഒലിച്ചുപോവുകയോ ഇല്ലല്ലോ. ഭാവിയിൽ ഏതെങ്കിലും ചരിത്രവിദ്യാർത്ഥികളോ കുതുകികളോ ഇങ്ങനെയൊരു വിഷയത്തെപ്പറ്റി അറിയാൻ ഓൺലൈനിൽ പരതുമ്പോൾ അവർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന കരുതലോടെ പങ്കുവെക്കുന്നു. കൂട്ടത്തിൽ കലാകൌമുദിയുടെ അനുവാദത്തോടെ (വിഷയം കോപ്പിയടിയും കോപ്പിറൈറ്റ് ആക്റ്റും ഞാനതിന്റെ ദുരവസ്ഥ അനുഭവിക്കുന്ന ആളായതുകൊണ്ടും) അവരുടെ ലേഖനത്തിന്റെ എല്ലാ പേജുകളും ചേർക്കുന്നു.

1

2

3

4

5