Yearly Archives: 2007

11

റെസല്യൂഷന്‍ – 2008


ത് ചില ഓയല്‍ഫീല്‍ഡ് ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെടുത്തത് ഞാനല്ല.

ഓയല്‍ഫീല്‍‌ഡില്‍ ക്യാമറ നിഷിദ്ധമാണ്. വളരെ ചുരുക്കം ഉന്നത ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ജോലിസംബദ്ധമായ ആവശ്യങ്ങള്‍‌ക്കുവേണ്ടിമാത്രമേ ക്യാ‍മറ ഉണ്ടാകൂ . അതും വളരെയധികം നൂലാമാലകള്‍ക്ക് ശേഷം മാത്രമേ എണ്ണപ്പാടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കൂ‍.

അത്തരത്തിലൊരു ക്യാമറയില്‍ 2005 ജൂലൈ 27 വൈകീട്ട് 4:30 ന് എടുത്ത ചിത്രങ്ങളാണിത്.

ഈ കത്തിക്കൊണ്ടിരിക്കുന്നത് ബോംബെ ഹൈ ഓഫ്ഷോര്‍ എണ്ണപ്പാടത്തെ B.H.N. പ്ലാറ്റ്ഫോമാണ്.

കരയില്‍ നിന്നും ഈ പ്ലാറ്റ്ഫോമിലേക്കുള്ള ദൂരം “വെറും“ 160 കിലോമീറ്റര്‍ മാത്രമാണ് .

അപകടത്തില്‍, ദിനം‌പ്രതി 100,000 ബാരല്‍‌സ് ക്രൂഡ് ഓയല്‍ പ്രൊഡക്ഷന്‍ ഉണ്ടായിരുന്ന പ്ലാറ്റ്ഫോം മുഴുവനായി കത്തിയമര്‍ന്നു.


അപകടകാരണം:- “സമുദ്ര സുരക്ഷ“ എന്ന കൂറ്റന്‍ ബോട്ട്.

അപകടകാരണം വിശദമായി :- “സമുദ്ര സുരക്ഷ“ ബോ‍ട്ടിലെ കേറ്ററിങ്ങ് ക്രൂവിലെ ഒരാളുടെ കൈ പച്ചക്കറി മുറിക്കുന്നതിനിടയില്‍ മുറിയുന്നു. ബോട്ടില്‍ അവശ്യം ഉണ്ടാകേണ്ട മരുന്നിന്റെ അഭാവമുണ്ടായിരുന്നതുകൊണ്ട്, പ്ലാറ്റ്ഫോമില്‍ നിന്നും മരുന്നുവാങ്ങാന്‍ വേണ്ടിയോ, പരുക്കേറ്റയാളെ പ്ലാറ്റ്ഫോമിലേക്ക് മാറ്റാന്‍ വേണ്ടിയോ, ബോട്ട് B.H.N. പ്ലാറ്റ്ഫോമിലേക്കടുപ്പിക്കുന്നു.


പക്ഷെ നിയന്ത്രണം വിട്ട ബോട്ട് പലപ്രാവശ്യം പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് തീ പിടുത്തമുണ്ടാകുന്നു.


മൊത്തം 385 പേര്‍ ഉണ്ടായിരുന്ന ഈ കൂറ്റന്‍ പ്ലാറ്റ്ഫോമിലെ, 22 പേരുടെ ജീവന്‍ ഈ‍ അപകടത്തില്‍ ഹോമിക്കപ്പെട്ടു.


പ്ലാറ്റ്ഫോ‍മിലേക്ക് പറന്നടുക്കുന്ന ഹെലിക്കോപ്റ്റര്‍ കാണുന്നില്ലേ?

തൊട്ടടുത്തുള്ള ഒരു റിഗ്ഗില്‍നിന്നോ മറ്റോ അപകടമുന്നറിയിപ്പുകളെ അവഗണിച്ച് , രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി പറന്നുവന്ന ആ ഹെലിക്കോപ്റ്ററിലെ പൈലറ്റിന് തന്റെ ജോലിയാണ് അതിന് വിലയായി കൊടുക്കേണ്ടിവന്നത് . പക്ഷെ കുറെയധികം വിലപിടിച്ച ജീവനുകള്‍‌‍ രക്ഷിക്കാന്‍ മനുഷ്യസ്നേഹിയായ ആ പൈലറ്റിന് കഴിഞ്ഞു.


തീയണയ്കാന്‍ വേണ്ടി വിഫലശ്രമം നടത്തുന്ന മറ്റൊരു ബോട്ടിനെ താഴെ കാണാം .

ചിത്രങ്ങള്‍‌ കണ്ടില്ലെ ? ഇനിയൊരു ചിന്തയ്ക്ക് സമയമുണ്ടോ ??
നമ്മളെല്ലാവരും ആവശ്യത്തിനും, അനാവശ്യത്തിനും കത്തിച്ചുകളയുന്ന, ഡീസലും, പെട്രോളുമെല്ലാം,
ഞങ്ങളെപ്പോലുള്ള ഒരുപാട് പേരുടെ ജീ‍വന്‍ പണയം വെച്ചുള്ള പ്രയത്നത്തിന്റെ ഫലമായി, നമ്മളുടെ തൊട്ടടുത്ത ഗ്യാസ് സ്റ്റേഷനുകളിലെത്തുന്ന ഇന്ധനങ്ങളാണ്.
പക്ഷെ, വരാനിരിക്കുന്ന നാളുകള്‍‌ ഇന്ധനക്ഷാ‍മത്തിന്റേതാണ്. അതുകൊണ്ട് ഓരോ തുള്ളി പെട്രോളിയം ഇന്ധനങ്ങളും വളരെ സൂക്ഷിച്ച് ചിലവാക്കാന്‍ നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം .
അതുതന്നെയാവട്ടെ ഈ വരുന്ന പുതുവര്‍ഷത്തെ, 2008-ലെ നമ്മുടെ എല്ലാവരുടേയും റെസല്യൂഷന്‍.

എല്ലാ ബൂലോകര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍‌.