നോഹയുടെ പെട്ടകവും അർമേനിയൻ വെള്ളിനാണയവും


334
ഴ കടുത്ത് പല ലോകരാജ്യങ്ങളും വെള്ളത്തിൽ മുങ്ങിയ സമയത്ത് പറയാൻ പറ്റുന്നത്, അഥവാ സ്മരിക്കാൻ പറ്റുന്നത് നോഹയുടെ പെട്ടകത്തിൻ്റെ കഥയല്ലെങ്കിൽ മറ്റെന്താണ് ?

600 വയസ്സുള്ളപ്പോളാണത്രേ യഹോവയുടെ നിർദ്ദേശപ്രകാരം, വരാൻ പോകുന്ന ഒരു പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ നോഹ തൻ്റെ പെട്ടകം പണികഴിക്കുന്നത് ! അണക്കെട്ട് തുറന്ന് വിട്ടതുകൊണ്ടോ മനുഷ്യൻ്റേതായ മറ്റ് ഇടപെടലുകൾ കൊണ്ടോ അല്ല മേൽപ്പടി പ്രളയം ഉണ്ടായത്. അസന്മാർഗ്ഗിക ജീവിതം (മനുഷ്യൻ്റേത് മാത്രമാകാനാണ് സാദ്ധ്യത) കണ്ടുമടുത്ത യഹോവ സകല ചരാചരങ്ങളേയും നശിപ്പിക്കാനും അതേ സമയം ശുദ്ധിയുള്ള സകല മൃഗങ്ങളിൽ നിന്ന് ആണും പെണ്ണുമായി ഏഴും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽ (ഈ ശുദ്ധിയുടെ കണക്ക് എന്തരോ എന്തോ) ആണും പെണ്ണുമായി ഈരണ്ടും വീതം സംരക്ഷിക്കാനും തീരുമാനിച്ചതിൻ്റെ ഭാഗമായാണ് നോഹയ്ക്ക് പെട്ടകം പണിയാനുള്ള ടെൻഡർ നൽകിയത്.

നോഹയും കുടുംബവും ജീവജാലങ്ങളും 450 അടി നീളവും 75 അടി വീതിയും 45 അടി ഉയരവുമുള്ള പെട്ടിയുടെ ആകൃതിയും മൂന്ന് നിലകളുമുള്ള ഗോഫർ മരം കൊണ്ടുണ്ടാക്കിയ പെട്ടകത്തിനകത്ത് കയറിക്കൂടി ഏഴാം നാൾ കൊടിയ മഴ ആരംഭിച്ചു. നാൽപ്പത് നാൾ അത് നീണ്ടുനിന്നു. വലിയ പർവ്വതങ്ങൾ പോലും മുങ്ങിപോയ ആ മഴയിൽ നോഹയുടെ പെട്ടകത്തിനകത്തുള്ള ജീവജാലങ്ങൾ ഒഴികെ ബാക്കിയെല്ലാം നശിച്ചു. 150 ദിവസം കഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോൾ പെട്ടകം ചെന്നുറച്ചത് അർമേനിയയിലുള്ള അരാരാത്ത് പർവ്വതത്തിൻ്റെ മുകളിലാണ്.

പുറത്ത് സ്ഥിതിഗതികൾ ശാന്തമായോ എന്നറിയാൻ നോഹ ഒരു പ്രാവിനെ തുറന്ന് വിട്ടു. അത് ഒരു ഒലിവ് ഇലയുമായി മടങ്ങിവന്നു. പ്രളയം അവസാനിച്ചെന്ന നിഗമനത്തിൽ നോഹയും കൂട്ടരും പുറത്ത് വന്ന് ജീവിതം തുടർന്നെന്നാണ് കഥ അഥവാ ബൈബിൾ വചനം.

ഏതാണ്ട് 5500 അധികം വർഷങ്ങൾക്ക് മുൻപ് നടന്നെന്ന് പറയുന്ന ഇക്കഥ വെറും കഥയല്ലെന്ന് തെളിയിക്കേണ്ടത് വിശ്വാസികളുടെ ദൗത്യമാണല്ലോ. അവരതിനുള്ള നടപടികൾ കാലാകാലങ്ങളായി നടത്തിപ്പോരുന്നു. ഏറ്റവും അവസാനം അവരുടെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളുടെ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ ഈ ലിങ്ക് വഴി പോകാം. നോഹയുടെ പെട്ടകം ദീർഘചതുരത്തിലല്ല വൃത്തത്തിലാണെന്ന ‘കണ്ടുപിടുത്തവും‘ ഇതിനിടയ്ക്ക് വന്നിട്ടുണ്ട്. ഈ കണ്ടുപിടുത്തം സ്ഥിരീകരിക്കാനായി വട്ടത്തിൽ പെട്ടകമുണ്ടാക്കി പുന്നമടക്കായലിൽ പരീക്ഷണം നടത്തുക പോലും ചെയ്തിട്ടുണ്ട് ചിലർ.

പ്രളയശേഷം ദൈവം നോഹയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരു പ്രളയം ഉണ്ടാകില്ലെന്ന് സമ്മതിക്കുകയും മേൽപ്പടി ഉടമ്പടിയുടെ അടയാളമായി മേഘങ്ങളിൽ മഴവില്ല് സൃഷ്ടിക്കുകയും ചെയ്തു.

ഈ ബൈബിൾക്കഥയിൽ നിന്ന് നമുക്കിനി യഥാർത്ഥ ലോകത്തേക്ക് വരാം. അർമേനിയയിലെ അരാരാത്ത് മലമുകളിലാണ് നോഹയുടെ പെട്ടകം ഉറച്ചത് എന്ന വിശ്വാസത്തിലൂന്നി അർമേനിയക്കാർ പുറത്തിറക്കുന്ന ഒരു വെള്ളിനാണയമാണ്‌ ചിത്രത്തിലുള്ളത്. ഒരു ഔൺസ് ആണ്‌ (ഏകദേശം 32 ഗ്രാം) അതിൻ്റെ ഭാരം. ഒരുവശത്ത് നോഹയുടെ പെട്ടകവും വെള്ളപ്പൊക്കവും മലയുടെ മുകൾഭാഗവും ഉദിച്ചുയരുന്ന സൂര്യനും ഒലിവില കൊത്തിപ്പറക്കുന്ന പ്രാവുമെല്ലാം മനോഹരമായി ആലേഖനം ചെയ്തിരിക്കുന്ന നാണയത്തിൻ്റെ മറുവശത്ത് 500അർമേനിയൻ ഡ്രാം, ദേശീയ പക്ഷിയായ കഴുകൻ, ഒരു ഔൺസ്, എന്നിവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഒരു അർമേനിയൻ ഡ്രാം എന്നാൽ 15 ഇന്ത്യൻ പൈസയാണ്‌. എന്നുവെച്ചാൽ ഈ നാണയത്തിൻ്റെ കേവല വില 75 രൂപ മാത്രം. പക്ഷേ ഒരു ഗ്രാം വെള്ളിക്ക് 70 രൂപയ്ക്കടുത്ത് വിലയുണ്ട്. അങ്ങനെ നോക്കിയാൽ ഈ നാണയത്തിൻ്റെ വില 2240 രൂപയോളമാണ്‌. പക്ഷേ എനിക്കിതിൻ്റെ യഥാർത്ഥ മൂല്യം അതിലൊന്നും നിൽക്കുന്നില്ല. അത് പിന്നാലെ പറയാം.

നോഹയുടെ പെട്ടകത്തിൽ നിന്ന് തുടങ്ങി അർമേനിയൻ വെള്ളിനാണയം വരെയുള്ള ഈ വിശേഷങ്ങൾ കേവലം മുഖവുര മാത്രമായിരുന്നു.

ഇനി ഇത്രയും വലിയ മുഖവുര പറഞ്ഞത് എന്തിനാണെന്ന് വിശദമാക്കാം. മേൽപ്പറഞ്ഞ 32 ഗ്രാം (ഒരു ഔൺസ്) വെള്ളിനാണയവുമായി ഒരു തികഞ്ഞ വിശ്വാസി എന്നെത്തേടി വന്നു ഇക്കഴിഞ്ഞ ദിവസങ്ങളൊന്നിൽ. ഞാൻ ആക്രിശേഖരണം നടത്തുന്ന അക്ഷരാഭ്യാസമില്ലാത്ത ഒരുവനാണെന്നും വെള്ളിനാണയം മാത്രമല്ല, വെള്ളിമൂങ്ങ, നക്ഷത്ര ആമ, ഇരുതലമൂരി എന്ന് തുടങ്ങി എല്ലാത്തരം ഉടായിപ്പുകളുടേയും മൊത്തക്കച്ചവടക്കാരനാണെന്നും കേട്ടറിഞ്ഞാണ്‌ അദ്ദേഹം വന്നിരിക്കുന്നത്.

പക്ഷേ, അതിശയമെന്ന് പറയട്ടെ, അദ്ദേഹം ഇതെനിക്ക് വിൽക്കാനല്ല, സമ്മാനമായി നൽകാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്. നിരക്ഷരനായ ആക്രിപെറുക്കിയുടെ കണ്ണ് തള്ളി, മുഖം ചുവന്ന് തുടുത്തു.

എന്നുവെച്ച് നാണയം സമ്മാനമായി കൈപ്പറ്റുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. നിരക്ഷരന് ബൈബിളിൽ കേവലജ്ഞാനമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നാണയം സ്വന്തമാക്കാൻ പറ്റൂ. ഒന്ന് രണ്ട് ബൈബിൾ കഥകൾ പറയാൻ മേൽപ്പടിയാൻ നിരക്ഷരനോട് ആവശ്യപ്പെട്ടു. പപ്പേട്ടനെ മനസ്സിൽ ധ്യാനിച്ച് ശലമോൻ്റെ മുന്തിരിത്തോട്ടത്തിൻ്റെ കാര്യവും പുലർകാലത്ത് അവിടെ വെച്ച് പ്രേമം നൽകാമെന്ന് പ്രേയസിയോട് അങ്ങേര് പറഞ്ഞ കാര്യവുമൊക്കെ തട്ടിവിട്ടു.

രണ്ടാമത് എന്ത് കഥ പറയുമെന്ന് ആലോചിച്ചപ്പോഴാണ്‌ നോഹയുടെ പെട്ടകത്തിൻ്റെ കഥ ഓർമ്മ വന്നത്. അത് പറഞ്ഞ് തീർക്കുന്നതിന് മുന്നേ വിശ്വാസി ഫ്ലാറ്റ് ! അക്കഥയാണ് നാണയത്തിലുള്ളതെന്ന് അതുവരെ എനിക്കറിയില്ല എന്നതാണ് സത്യം. നിലവിലുള്ള കുഞ്ഞാടുകൾക്ക് സമ്മാനമായി നൽകുന്നതിലും അദ്ദേഹത്തിന് താൽപ്പര്യം കുഞ്ഞാടല്ലെങ്കിലും ഇത്തരം ഐറ്റംസിൽ താൽപ്പര്യമുള്ളവനും അതേ സമയം ബൈബിൾ കഥകൾ അറിയുന്നതുമായ ഒരാൾക്കിത് സമ്മാനമായി നൽകാനാണത്രേ ! അതിൻ്റെ ഗുട്ടൻസ് ആലോചിച്ച് തലപുണ്ണാക്കാൻ നിൽക്കാതെ കിട്ടിയ വെള്ളിക്കാശ് കൈക്കലാക്കി കടന്നുകളയാമെന്ന് ഞാനും തീരുമാനിച്ചു.

പക്ഷേ തടസ്സങ്ങൾ അതുകൊണ്ടും തീരുന്നില്ല. നിബന്ധനകൾ ഇനിയും പലതുണ്ട്. 32 ഗ്രാം വെള്ളിയാണ്‌ ഐറ്റം. സ്വർണ്ണത്തിൻ്റെ അത്രേം വരില്ലെങ്കിലും വെള്ളി ആഭരണങ്ങളിട്ട് പെണ്ണുങ്ങൾ വിലസുന്ന കാലമാണ്‌. മുഴങ്ങോടിക്കാരിയും പുത്രി നേഹയും (ഈ രണ്ട് പേരുകൾ ഇടയ്ക്കിടയ്ക്ക് ചേർക്കുന്നത് വാട്ടർമാർക്കിൻ്റെ ഗുണം ചെയ്യും) വെള്ളിനാണയം ഉരുക്കി ആഭരണമാക്കില്ലെന്ന ഉറപ്പ് ഞാൻ വിശ്വാസിക്ക് നൽകണം. ഉറപ്പ് നൽകിയാലും അവരങ്ങനെ വല്ല കടുംകൈ ചെയ്താൽ എനിക്കെങ്ങനെ തടുക്കാനാകും എന്ന ചോദ്യം തൊടുക്കുന്നതിന് മുന്നേ എൻ്റെ മനസ്സറിഞ്ഞിട്ടെന്ന വണ്ണം വിശ്വാസിയുടെ അരുളപ്പാടുണ്ടായി.

“ അങ്ങനെ വല്ല കോപ്രായവും മുഴങ്ങോടിക്കാരിയും നേഹയും കാണിച്ചാൽ, എൻ്റെ ദിവ്യശക്തികൊണ്ട് ഞാനതറിയും. അതിൻ്റെ പ്രത്യാഘാതം (അതെ ഘാതകൻ്റെ ഘ തന്നെ) നിങ്ങളെല്ലാവരും അറിയും. അക്കാര്യം അവരോടൊന്ന് പറഞ്ഞാൽ മാത്രം മതി. പിന്നീടവർ അങ്ങനെയൊരു അതിമോഹത്തിന് മുതിരില്ല. പക്ഷേ ചക്ക വാങ്ങാൻ കാശില്ലാതാകുമ്പോൾ നീയിതെങ്ങാനും രണ്ട് ചക്കയ്ക്ക് പകരം കൈമാറിയാലോ മറ്റേതെങ്കിലും പരട്ട വിശ്വാസികൾക്ക് വിറ്റ് കൊള്ളലാഭം ഉണ്ടാക്കുകയോ ചെയ്താൽ, എൻ്റെ ദിവ്യശക്തി ഉപയോഗിച്ച് ഭൂമുഖത്തെ സകല പ്ലാവുകളേയും ഞാൻ തുടച്ച് നീക്കും. അതോർമ്മയിരിക്കട്ടെ. ഇത് നിനക്ക് നൽകുന്നത് നീയൊരു നല്ല ആക്രിപെറുക്കിയാണെന്നുള്ള ഒറ്റക്കാരണം കൊണ്ടാണ്‌.“

സമ്മതിക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ല. ചക്കയും ആക്രികളും ത്രാസിലിട്ട് തൂക്കിയാൽ അൽപ്പം തൂക്കക്കൂടുതൽ ചക്കയ്ക്ക് തന്നെ ആണെങ്കിലും ഭൂലോകത്തെ മുഴുവൻ പ്ലാവുകളും ഇല്ലാതായിപ്പോകുന്നതിലും ഭേദം ഒരൗൺസ് വെള്ളി സൂക്ഷിക്കുന്നതല്ലേ ?!

പക്ഷേ അവിടം കൊണ്ടൊന്നും വെള്ളിനാണയം കൈയിൽ വരുന്നില്ല. നാണയമെടുക്കാൻ ഒരു കെട്ടിടത്തിൽ നിന്ന് കണ്ണ് കെട്ടി മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി. ഏതാണ്ട് വെള്ളിമൂങ്ങയെ കൈമാറാൻ പോകുന്ന അതേ സ്റ്റൈലിൽത്തന്നെ. അവിടച്ചെന്നപ്പോൾ മുറികളിൽ പെയിൻ്റടി നടക്കുകയാണ്‌. വെള്ളിനാണയം ഇരിക്കുന്ന കൂറ്റൻ ഇരുമ്പലമാര ചുമരോട് ചേർത്ത് തലതിരിച്ച് വെച്ചിരിക്കുന്നു പെയിൻ്റടിക്കാർ. അത് തുറക്കണമെങ്കിൽ അരമാര തിരിച്ച് വെക്കണം. വല്ലവിധേനയും ആ കർമ്മം പൂർത്തിയാക്കിയപ്പോൾ അതിലുള്ളത് മറ്റൊരു വെള്ളിനാണയം !!

ഉടനെ മറ്റ് പല സ്ഥലങ്ങളിലേക്കും ഫോൺ വിളികൾ പറക്കുന്നു. കേരളത്തിൽത്തന്നെ മറ്റെവിടെയോ ഒരിടത്ത് അർമേനിയൻ വെള്ളിനാണയം ലൊക്കേറ്റ് ചെയ്യപ്പെടുന്നു. ‘പോയിട്ട് പിന്നെ വാ’ എന്ന് പറഞ്ഞ് അക്ഷരാഭ്യാസമില്ലാത്തവനെ വിശ്വാസി പിരിച്ച് വിടുന്നു. അല്ലെങ്കിലും വെള്ളിമൂങ്ങ, നക്ഷത്ര ആമക്കാരുടെ ഒരു ലൈൻ ഇങ്ങനെ തന്നെയാണ്‌. കിട്ടിയാൽ കിട്ടി എന്ന് പറയാം. ചിലപ്പോൾ അതിനിടയ്ക്ക് പൊലീസ് പിടികൂടാനും മതി. ആക്രിപെറുക്കികളുടെ ബുദ്ധിമുട്ട് ഇക്കൂട്ടർക്ക് ആർക്കും അറിയണ്ടല്ലോ.

രണ്ടാം ദിവസം പക്ഷേ 32 ഗ്രാം അർമേനിയൻ വെള്ളിനാണയം പരിക്കും ചുളിവും ഒന്നുമില്ലാതെ കൈപ്പറ്റി. എൻ്റെ ആക്രിശേഖരങ്ങളിൽ അമൂല്യമായതെന്ന് വിശേഷിപ്പിക്കാൻ പോന്ന ഒന്ന്. 500 ഡ്രാമിൻ്റെ മൂല്യത്തേക്കാൾ, 32 ഗ്രാം വെള്ളിയുടെ വിലയേക്കാളൊക്കെ വിലപിടിപ്പുള്ള ഒന്ന്. 32 ഗ്രാം സ്വർണ്ണത്തിനോ പ്ലാറ്റിനത്തിനോ ഉള്ള വിലയേക്കാൾ മതിപ്പുള്ള ഒന്ന്. ആക്രിശേഖരിക്കുന്ന ഒരുവന് കണ്ടറിഞ്ഞും കേട്ടറിഞ്ഞും വിശ്വാസികളും അല്ലാത്തവരും കൊണ്ടുത്തരുന്നതാണ്‌ ഇതൊക്കെ എന്നത് തന്നെയാണ്‌ അതിൻ്റെ മൂല്യം പലമടങ്ങാക്കുന്നത്. ഒരുപാട് നന്ദി പ്രിയപ്പെട്ട വിശ്വാസീ. ഈ ഉപകാരം മറന്നാലും ഞാൻ മരിക്കില്ല

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>