Temple

കോടനാട്


കോടനാട് എന്ന സ്ഥലം ഏത് ജില്ലയിലാണ് ? “

“ ഒരു ക്ലൂ തരുമോ ?”
(ഇക്കാലത്ത് ചോദ്യത്തേക്കാള്‍ പ്രാധാന്യം ക്ലൂവിനാണല്ലോ!!)

“ ക്ലൂ….., ഈ സ്ഥലം ആനപിടുത്തത്തിനും, പരിശീലനത്തിനും പേരുകേട്ടതാണ്.“

ഏഷ്യാനെറ്റില്‍ ഒരു ‘ഫോണ്‍ ഇന്‍ ക്വിസ്സ് ‘ പരിപാടിയിലെ രംഗമാണ് മുകളില്‍ വിവരിച്ചത്. ഫോണ്‍ വിളിച്ച കക്ഷിക്ക് എന്നിട്ടും ഉത്തരമില്ല. ടീവി കണ്ടുനിന്ന എനിക്കും ഉത്തരമില്ല. കോടനാട്, ആനപിടുത്തവുമായി ബന്ധപ്പെട്ട സ്ഥലമാണെന്ന് നേരത്തേ കേട്ടിട്ടുണ്ട്. പക്ഷെ, അത് കോട്ടയത്താണോ, ഇടുക്കിയിലാണോ, ഇനി മറ്റേതെങ്കിലും കിഴക്കന്‍ ജില്ലകളിലാണോ എന്നാ‍ലോചിച്ചാണ് ഞാന്‍ വശക്കേടായത്‍. സ്വന്തം ജില്ലയായ എറണാകുളത്താണ് കോടനാട് എന്നത് ഒരു പുതിയ അറിവായിരുന്നു. നാലഞ്ച് വര്‍ഷം മുന്‍‌പാണ് മേല്‍പ്പറഞ്ഞ ടീ.വി. പരിപാടി കാണുന്നത്. അന്ന് തീരുമാനിച്ചതാണ് കോടനാട് പോകണമെന്ന്. എന്നിട്ട് പോയതോ, ഇക്കഴിഞ്ഞ കൊല്ലം.

റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരും, ടൂറിസം-റിസോര്‍ട്ട് പരിപാടിക്കാരും കാരണം ഒരു സെന്റ് ഭൂമി പോലും കിട്ടാനില്ല. കേറിക്കിടക്കാനൊരു കൂര ഉണ്ടാക്കാന്‍ വേണ്ടി സ്ഥലം അന്വേഷിച്ച് ചെന്നുചെന്ന് അവസാനം എത്തിയത് കോടനാടാണ്. അല്ലാതെ അറിഞ്ഞുകൊണ്ട് ഒരു യാത്ര പോയതൊന്നുമല്ല. എവിടെപ്പോയാലും, പടമെടുക്കാനൊന്നും അറിയില്ലെങ്കിലും പൂണൂല് പോലെ ഒരു ക്യാമറ തോളില്‍ തൂങ്ങുന്നുണ്ടാകും. അതുകൊണ്ട് കുറച്ച് പ്രകൃതി സൌന്ദര്യം അന്നും ക്യാമറയില്‍ പതിഞ്ഞു.

സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ വന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റുമായി കോടനാട് ചെന്നപ്പോള്‍, അഞ്ച് വര്‍ഷം മുന്നേ അവിടെ പോകാതിരുന്നതില്‍ കുണ്ഠിതം തോന്നി. പ്രധാനകാരണങ്ങളില്‍ ഒന്ന് പ്രകൃതി സൌന്ദര്യം തന്നെ. പിന്നത്തെ കാരണം കൈപ്പിടിയിലൊതുങ്ങാത്ത സ്ഥലത്തിന്റെ വില. അതെങ്ങിനെയെങ്കിലും ഉണ്ടാക്കാമെന്ന് വെച്ചാലും സ്ഥലമൊന്നും കിട്ടാനില്ല എന്നത് വേറൊരു വിഷയം.

എന്തായാലും അവിടെ വരെ ചെന്ന സ്ഥിതിക്ക് പുരയിടമൊന്നും വാങ്ങിയില്ലെങ്കിലും, നന്നായൊന്ന് കറങ്ങി മൊത്തത്തില്‍ പ്രകൃതിസൌന്ദര്യമൊക്കെ ആസ്വദിച്ചശേഷം മടങ്ങാമെന്ന് തീരുമാനിച്ചു.

മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് കോടനാട്. 1977 ല്‍ ആനപിടുത്തം നിരോധിച്ചതിനുശേഷം, ഇവിടെയിപ്പോള്‍ ആനപരിശീലനം‍ മാത്രമേ ഉള്ളൂ.

ആനപിടുത്തം നിരോധിച്ചെങ്കില്‍പ്പിന്നെ പരിശീലനത്തിന് ആനകള്‍ എവിടന്ന് വരുന്നു ? എന്നൊരു ചോദ്യം ഈയവസരത്തില്‍ ന്യായമായും ഉണ്ടായേക്കാം.

കാട്ടിലിപ്പോഴും, പണ്ട് ആനപിടുത്തത്തിന് ഉപയോഗിച്ചിരുന്ന വലിയ വാരിക്കുഴികള്‍ അതുപോലെ തന്നെ കിടപ്പുണ്ട്. അബദ്ധത്തില്‍ അതില്‍ വീണ് പരിക്ക് പറ്റുന്ന കുട്ടിയാനകളേയും, തള്ളയാനയുടെ കണ്ണുതെറ്റി വഴിയറിയാതെ കറങ്ങിനടക്കുന്ന കുറുമ്പന്മാരേയും ഫോറസ്റ്റുകാര്‍‍ താപ്പാനകളുടെ സഹായത്തോടെ ഇവിടെ കൊണ്ടുവന്ന് ചികിത്സിച്ച്, പരിശീലിപ്പിച്ച് സംരക്ഷിക്കുകയാണ് പതിവ്.

ആനക്കൊട്ടിലിന്റെ ഗേറ്റിലെത്തുന്നതിന് മുന്‍പായി വലത്തുവശത്ത് ഒരു മഹാദേവക്ഷേത്രം ഉണ്ട്. വളരെ പുരാതനമായ ഈ ക്ഷേത്രത്തില്‍ കാട്ടാളന്റെ വേഷത്തിലുള്ള ശിവനാണ് കുടിയിരിക്കുന്നത്. ഇത് പ്രതിഷ്ഠയല്ലെന്നും സ്വയംഭൂവാണെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ പരിസരത്തും മുറ്റത്തുമൊക്കെയുള്ള കാടും പടലും വെട്ടിനീക്കി വെടിപ്പാക്കാന്‍ ഒരിക്കലും പറ്റാറില്ലെന്നും കാട്ടാളരൂപം പ്രാപിച്ച ശിവന് കാട്പിടിച്ച് കിടക്കുന്ന ക്ഷേത്രപരിസരമാണ് ഇഷ്ടമെന്നും മറ്റൊരു വിശ്വാസമുണ്ടിവിടെ. എത്ര വെട്ടിയൊതുക്കിയാലും കാടെല്ലാം വളരെപ്പെട്ടെന്ന് തന്നെ പഴയതുപോലെ തിരിച്ചുവരും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കുഴപ്പങ്ങള്‍ ക്ഷേത്രസംബന്ധിയായി ഉണ്ടാകും. ഇതൊക്കെ അവിടത്തെ വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. ചിത്രത്തില്‍ കാണുന്ന ക്ഷേത്രത്തിന്റെ പുറം മോടികളൊക്കെ 1990 കാലങ്ങളില്‍ ഉണ്ടായതാണ്.

നല്ലൊരു അമ്പലത്തില്‍ രാവിലെ തന്നെ പോകണമെന്നുള്ളവര്‍ക്ക് മഹാദേവനെ തൊഴുതിറങ്ങിയശേഷമാകാം ബാക്കിയുള്ള കാഴ്ച്ചകളൊക്കെ. ദൈവങ്ങളുമായി അത്ര വലിയ അടുപ്പമൊന്നും ഇല്ലാത്തതുകൊണ്ടും ഭഗവാന്‍ ശിവനുമായി, അദ്ദേഹത്തിന്റെ ഒരു പ്രസാദത്തിന്റെ പേരില്‍ ചെറിയൊരു സൌന്ദര്യപ്പിണക്കം ഉള്ളതുകൊണ്ടും ഈയുള്ളവന്‍ അങ്ങോട്ട് കയറാനൊന്നും നിന്നില്ല. ഭഗവാന്‍ പൊറുക്കണം.

ആനക്കൊട്ടിലിന്റെ ഗേറ്റില്‍ ഫോറസ്റ്റിന്റെ ഉദ്യോഗസ്ഥര്‍ ഉണ്ട്. വാഹനം അകത്തേക്ക് കയറ്റി പാര്‍ക്ക് ചെയ്തു. വലത്തുവശത്ത് കാണുന്ന മതില്‍ക്കെട്ട് ഒരു ചെറിയ കാഴ്ച്ചബംഗ്ലാവാണ്. കുട്ടികള്‍ക്ക് നേരം പോക്കിനുള്ളതൊക്കെ അവിടെയുണ്ട്. മാന്‍,കുരങ്ങ്, മലമ്പാമ്പ്, പ്രാവ്, മയില്‍, ചീങ്കണി അങ്ങിനെ കുറച്ച് ജന്തുക്കള്‍ മാത്രമുള്ള ഒരു കൊച്ചു മൃഗശാല. അതില്‍ ചില കുരങ്ങന്മാര്‍ ‘പോക്കറ്റടിക്കാരാണ് ശ്രദ്ധിക്കണം‘ എന്ന് മുന്നറിയിപ്പ് കിട്ടിയപ്പോള്‍ കൌതുകം തോന്നി. പോക്കറ്റടി എന്ന കലാപരിപാടി അപ്പൂപ്പന്മാരായിട്ട് തന്നെ ഉള്ളതാണെന്ന് അന്നാണ് പിടികിട്ടിയത്.


വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ആനക്കൂട് കണ്ടു. ആനക്കൊട്ടിലിന്റെ ചരിത്രമൊക്കെ എഴുതി തൂക്കിയിരിക്കുന്നത് കണ്ടു. 1965 ഉണ്ടാക്കിയ ഈ ആനക്കൊട്ടിലിന് ചിലവായത് 40,346 രൂപ.

ഒരു ആനക്കുട്ടി‍ അതിനകത്തുണ്ട്. ഒന്നോ രണ്ടോ വയസ്സ് കാണുമായിരിക്കും അല്ലേ ? ഓടിക്കളിച്ച് നടക്കേണ്ട ചെറുപ്രായത്തില്‍ത്തന്നെ അഴികള്‍ക്ക് പിന്നിലായ അവന്റെ ബാല്യത്തെപ്പറ്റിയോര്‍ത്തപ്പോള്‍ സങ്കടം തോന്നി.

വേറൊരു വികൃതിയെ പുറത്തുള്ള മതില്‍ക്കെട്ടിലില്‍ കണ്ടു. അവന്‍ മുഴുവന്‍ സമയവും, ഇളയരാജയുടെ ഒരു നല്ല മെലഡി കേട്ട നിര്‍വൃതിയിലെന്നപോലെ തല ആട്ടിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് തുമ്പികൊണ്ട് മണ്ണ് വാരി പുറത്തുകൂടെ ഇടുന്നുമുണ്ട്.

അവന്റെ ചര്‍മ്മം ശ്രദ്ധിച്ചോ ? നല്ല കറുത്ത സുന്ദരനല്ലേ? ഇതുപോലുള്ള സുന്ദരന്‍ ആനകളാണ് തടിപിടുത്തത്തിനും, ഉത്സവങ്ങള്‍ക്കുമൊക്കെ പോകാന്‍ തുടങ്ങുന്നതോടെ കള്ളുകുടിയന്മാരായ പാപ്പാന്മാരുടെ തോട്ടിവെച്ചുള്ള കുത്തലും, പീഡനവുമൊക്കെ കാരണം ഗ്ലാമറെല്ലാം പോയി, കാലില്‍ ചങ്ങലവൃണമൊക്കെ വന്ന് പരിതാപകരമായ അവസ്ഥയിലാകുന്നത്. പാവം ആനകള്‍.
തൊട്ടടുത്ത മതില്‍ക്കെട്ട് ഒരു ചെറിയ പാര്‍ക്കാണ്. ഇടയ്ക്ക് ഒന്ന് വിശ്രമിക്കണമെങ്കില്‍ അവിടെയുള്ള സിമന്റ് ബെഞ്ചിലോ മുളകൊണ്ടുണ്ടാക്കിയ ബെഞ്ചിലോ ഇരിക്കാം.
പാര്‍ക്കിന്റെ അരികിലൂടെ താഴേക്ക് നടന്ന് പുഴക്കരകില്‍ എത്തി. പെരിയാറിന്റെ തീരത്താണ് ആനക്കൊട്ടില്‍. മുകളില്‍ കാണുന്ന പടവിലാണ് ഈ കുട്ടിക്കൊമ്പന്മാരുടെ നീരാട്ട്. അപ്പുറത്തൊരു കടവില്‍ ടൂറിസ്റ്റുകളും കുളിക്കുന്നുണ്ടായിരുന്നു . ആ തെളിവെള്ളം കണ്ടാല്‍, ഇറങ്ങിക്കുളിക്കണമെന്ന് ഏത് കുളിക്കാത്തവനും തോന്നിപ്പോകും. ‘പര്‍വ്വതനിരയുടെ പനിനീരേ‘ എന്ന് കവി പാടിയത് ഈ പെരിയാറിനെപ്പറ്റിത്തന്നെ, യാതൊരു സംശയവും വേണ്ട.

കുളി കഴിഞ്ഞ് മടങ്ങി വരുന്ന കുട്ടിക്കൊമ്പന്മാരെ, കുട്ടികളും മറ്റ് ടൂറിസ്റ്റുകളും ചേര്‍ന്ന് വളഞ്ഞുവെച്ച് താലോലിക്കുന്നതുകണ്ടു. കുട്ടികളുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെ. ആനക്കുട്ടന്മാരും തുമ്പിവെച്ച് എല്ലാരേം തൊട്ടുനോക്കുന്നൊക്കെയുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ആനപ്പുറത്ത് സവാരി നടത്താനുള്ള സൌകര്യവും കോടനാടുണ്ട്.

അതിന്റെ ചിത്രങ്ങളൊന്നും ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. നേരിട്ട് പോകുമ്പോള്‍ കണ്ടാസ്വദിച്ചോ‍ളൂ.

ആലുവയില്‍ നിന്ന് കിഴക്കോട്ട് പെരുമ്പാവൂര്‍ വഴിയും, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍‍ നിന്ന് കാലടിവഴിയും കോടനാട് എത്തിച്ചേരാം. പെരുമ്പാവൂരോ, കാലടിയിലോ ചെന്നിട്ട് കോടനാട് ആനക്കൊട്ടിലിലേക്കുള്ള വഴി, ആരോട് ചോദിച്ചാലും പറഞ്ഞുതരും.

താമസിയാതെ തന്നെ ഈ ആനക്കൊട്ടില്‍ കോടനാടുതന്നെയുള്ള വടക്കാം‌പള്ളിയിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടുതല്‍ സ്ഥലസൌകര്യവും കാടുമൊക്കെയുള്ളത് വടക്കാം‌പള്ളിയിലാണത്രേ.

പുഴയുടെ അക്കരയിലേക്ക് നോക്കിയാല്‍ കാണുന്നതാണ് മലയാറ്റൂര്‍ പള്ളി. കുരിശുചുമന്ന് മലകയറി മുകളിലെത്തുമ്പോഴുള്ള പള്ളിയല്ല ഇത്. പൊന്നുംകുരിശുമുത്തപ്പന്റെ ആ പള്ളി, അപ്പുറത്ത് മലമുകളിലാണ് ഇവിടന്ന് കാണാന്‍ പറ്റില്ല.

പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും നല്ല ഒഴുക്കുണ്ടായിരുന്നു.പള്ളിപ്പെരുന്നാള് കാലത്ത് ജനങ്ങള്‍ക്ക് പെരിയാര്‍ കുറുകെ കടക്കാന്‍ മരവും മുളയുമൊക്കെ ഉപയോഗിച്ച് താല്‍ക്കാലികമായി ഒരു പാലം ഉണ്ടാക്കും. ഒരു മാസത്തോളം ആ പാലം അവിടെ കാണും. അതിലൂടെ അക്കരയിക്കരെ കടക്കാന്‍ ചെറിയ തുകയുടെ ഒരു ടിക്കറ്റ് എടുക്കണം. പെരുന്നാള് കഴിയുന്നതോടെ പാലം പോളിച്ച് കളയും. ശ്രദ്ധിച്ചുനോക്കിയാല്‍ താഴത്തെ ചിത്രത്തില്‍ ആ പാ‍ലത്തിന്റെ മുളങ്കുറ്റികള്‍ വെള്ളത്തിലുറപ്പിച്ചിരിക്കുന്നത് കാണാം. കോടനാട്-മലയാറ്റൂര്‍ സ്ഥിരം പാലത്തിന്റെ കരടുപണികള്‍ തുടങ്ങിക്കഴിഞ്ഞു. ഉടനെ തന്നെ ഈ കരകള്‍ക്കിടയില്‍ ഒരു കോണ്‍ക്രീറ്റ് പാലം ഉയര്‍ന്നുവരും.

ടിക്കറ്റെടുത്ത് പാലത്തിലൂടെ അക്കരയ്ക്ക് നടന്നു. അപ്പുറം എത്താനായപ്പോള്‍ ക്ലോറിനും, മലമൂത്രവിസര്‍ജ്ജ്യവും കൂടിക്കലര്‍ന്ന മനം‌പുരട്ടുന്ന നാറ്റമടിച്ചു. നദിക്കരയില്‍ കാര്യം സാധിച്ച് പോയിരിക്കുന്നു പെരുന്നാള് കൂടാന്‍ വന്ന ജനം. പ്ലാസ്റ്റിക്കിന്റെ കൂമ്പാരവും നല്ലവണ്ണം ഉണ്ട്. ഇത്രയും മനോഹരമായ സ്ഥലത്ത് വന്നിട്ട് ഈ വക പരിപാടി കാട്ടുന്ന സംസ്ക്കാര ശൂന്യരായ മുഴുവന്‍ ജനങ്ങളേയും മനസ്സറിഞ്ഞ് പ്രാകിക്കൊണ്ട് പാലത്തിലൂടെ തിരിച്ച് നടന്നു.


വീണ്ടും ഇക്കരയില്‍ വന്നുനിന്ന് നദിയുടേയും മറുകരയിലെ പച്ചപ്പിന്റേയും മനോഹാരിത ആസ്വദിച്ചുനിന്നു. അക്കാണുന്നതുമുഴുവന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീ‍ഴിലുള്ള റിസര്‍വ്വ് വനമാണ്. തേക്ക് മരങ്ങളാണത് മുഴുവന്‍. സ്വകാര്യ വ്യക്തികളുടെ സ്ഥലം അപ്പുറത്തില്ലാത്തതുകൊണ്ടാകണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളൊന്നും അക്കരയില്‍ ഇല്ല.

എത്രനേരം ആ കാഴ്ച്ചയും കണ്ട് അവിടെ നിന്നെന്ന് അറിയില്ല. പുഴക്കരയില്‍ ഇത്തിരി സ്ഥലം വാങ്ങിയിടാനുള്ള ബാങ്ക് ബാലന്‍സൊന്നും ഈയുള്ളവനില്ല. അതുമാത്രമല്ല, എന്നും കണ്ടാല്‍ ഈ കാഴ്ച്ചയ്ക്ക് ഒരു രസമില്ലാതാകും.(കിട്ടാത്ത മുന്തിരി പുളിക്കും!!)

എറണാകുളത്തുനിന്ന് അധികം ദൂരമൊന്നുമില്ലല്ലോ. കുട്ടിക്കൊമ്പന്മാരെ കാണണമെന്നും, പുഴക്കരയില്‍ വന്ന് അവന്മാരെ കുളിപ്പിക്കുന്നത് കാണണമെന്നും, പെരിയാറില്‍ ഇറങ്ങി ഒന്ന് നനയണമെന്നും തോന്നുമ്പോള്‍ ഇനിയും വരാമല്ലോ ?

കൂടെ വന്ന ബ്രോക്കര്‍ക്ക് ഒരു സ്ഥലത്തിന്റെ രജിസ്ട്രേഷനുണ്ടുപോലും! അയാള്‍ പോകാന്‍ തിരക്കാക്കിക്കൊണ്ടേയിരുന്നു. സ്ഥലം വാങ്ങാതെ, കാഴ്ച്ച കാണാന്‍ വേണ്ടി മാത്രം വന്ന എന്നെ മനസ്സാ‍ ശപിച്ചുകൊണ്ട് അയാള്‍ നീട്ടിവലിച്ച് മുന്നില്‍ നടന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പെരിയാറിന്റെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് അയാള്‍ക്ക് പുറകെ പതുക്കെപ്പതുക്കെ ഞാനും.

Comments

comments

36 thoughts on “ കോടനാട്

 1. കൊടനാടിനെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും അതു ഏതു ജില്ലയിലാണെന്ന് ഇപ്പൊഴാ അറിഞ്ഞത്. നല്ല വിവരണവും ചിത്രങ്ങളും. യാത്രാ വിവരണങ്ങള്‍ മാത്രമല്ല നല്ല ഒന്നാന്തരം ഹാസ്യവും വഴങ്ങുമെന്ന് ഭാങിന്റെ വഴിയിലൂടെ പോയപ്പോള്‍ മനസ്സിലായി. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടാലും അറക്കും അല്ലേ? ഏതായാലും ആ ശിവക്ഷേത്രത്തിന്റെ മുന്നില്‍ തന്നെ തേങ്ങ
  ……ഠേ……….

 2. നിരച്ചരോ.. 1997 ഇല്‍ കോടനാടു ഒരു 7 ദിവസം എന്‍എസ്‌എസ്‌ ക്യാമ്പെന്നു പറഞ്ഞു പോയിക്കെടക്കാന്‍ ഫാഗ്യം ഉണ്ടായി. ഒന്നൊന്നര സ്ഥലം തന്നെ. പെരിയാറിലെ കുളിയും ആറു കടന്ന്‌ മലയാറ്റൂര്‍ മലകയറാന്‍ പോയതും ഒക്കെ ഇപ്പഴും മനസ്സില്‌ പച്ച പിടിച്ചു കിടക്കുന്നു. പിന്നെ നല്ല ഒന്നാം ക്ളാസ്‌ കള്ളു ഷാപ്പുകള്‌.. പിന്നെ പറയണ്ടല്ലോ.. ക്യാമ്പൊക്കെ പാരലല്‍ ആയിട്ടു നടന്നു.. ഞങ്ങളു കള്ളുഷാപ്പും പുഴയിലെ കുളിയും ഒക്കെ ആയിട്ടു അര്‍മ്മാദിച്ചു.

  ആ ഓര്‍മ്മകളൊക്കെ തെകട്ടി വന്നു നിങ്ങടെ പടങ്ങള്‍ കണ്ടപ്പം. കിണ്ണന്‍ പടങ്ങള്‍. നന്ദി.

 3. എന്റെ അമ്മ വീട് ഇവിടെയാണ്; ഞാന്‍ ജനിച്ചതും. കോടനാടിന് അടുത്തുള്ള തോട്ടുവയാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ സ്ഥലം. മലയാറ്റൂര്‍ പുഴയ്ക്കക്കരെ ആണെങ്കിലും അത് കൂടുതല്‍ അറിയപ്പെടുന്ന സ്ഥലമായതുകൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം തന്റെ പേരിന്റെ കൂടെ ചേര്‍ത്തത്. അദ്ദേഹത്തിന്റെ ‘ദൈവം’ എന്ന കഥയിലെ പോലീസ് സ്റ്റേഷന്‍ ഇരിക്കുന്ന കുറിച്ചിലക്കോട് കവലയാണ് എന്റെ ബാല്യത്തില്‍ നിന്ന് ഓര്‍മ്മിച്ചെടുക്കാന്‍ പറ്റുന്ന ആദ്യത്തെ “സ്ഥലം“.

  കോടനാടിന്നെക്കുറിച്ച് എഴുതിയതിന് നന്ദി!

 4. നിരക്ഷരന്‍ ചേട്ടാ…
  നല്ല വിവരണം. കോടനാട് എറണാകുളം ജില്ലയില്‍ ആണെന്ന് ഞാനും ഇപ്പഴാണ് അറിഞ്ഞത്. സമയം പോലെ ഒരിയ്ക്കല്‍ പോകണം. :)

 5. പതിവുപോലെത്തന്നെ ഒരു ലൈവ് പോസ്റ്റ് ! പൂണൂലു പോലെ തൂങ്ങുന്ന ക്യാമറ.

  ഇളയരാജയുടെ മെലഡി കേട്ടെന്ന പോലെ നില്‍ക്കുന്ന ആനക്കുട്ടി – നിക്ക് ക്ഷ പിടിച്ചു.. :)

 6. ദൈവമേ..(നിരുവിനെയല്ല) ഈ സ്ഥലം എന്റെ വീട്ടില്‍നിന്നും ഏതാനും കിലോമീറ്ററിനുള്ളില്‍..എന്നിട്ടും ഒരു തവണ മാത്രം, പക്ഷെ ഈ ചരിത്രങ്ങളൊന്നും അറിയില്ലായിരുന്നു അല്ലെങ്കില്‍ അറിയേണ്ടാന്ന് നടിക്കുകയായിരുന്നു. എന്നാല്‍ ഊട്ടി, കോടൈക്കനാല്‍ പോലെ കേരളത്തിനു വെളിയിലുള്ള സ്ഥലങ്ങളെപറ്റി കൂടുതള്‍ അറിയാന്‍ നെട്ടോട്ടമോടുന്നു ഈ ഞാന്‍

 7. എന്റെ വളരെക്കലത്തെ ഒരു മോഹമാണു കോടനാട്‌ ആനക്കൊട്ടില്‍‌ കാണണം എന്നതു. ഇതു വരെ അതു നടന്നിട്ടില്ല. ഇപ്പൊ ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ വീണ്ടും ഒരു മോഹം ഒന്നു അവിടെവരെപ്പോവാന്‍‌. കുറിച്ചിലക്കോടു പോലീസ്റ്റേഷന്‍‌ വരെ പലവട്ടം പോയിട്ടുണ്ടു. എന്നാലും കോടനാട്ടേയ്ക്കു എത്തിയില്ല. ചിത്രങ്ങളും വിവരണവും വളരെനന്നയിട്ടുണ്ടു. പിന്നെ ഭാംഗിന്റെ കാര്യവും….ഉത്തരേന്ത്യക്കാരന്‍ ചെയ്ത തെറ്റിനു എല്ലാ ശിവന്‍മാരോടും പിണങ്ങണോ ചേട്ടാ.

 8. ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു.
  ഹിന്ദി കവി സമ്മേളനങ്ങളില്‍‍ പറയും പോലെ വാഹു് വാഹു്.:)

 9. കോടനാടിനെകുറിച്ച് ഒരുപ്പാട് കേട്ടിട്ടുണ്ട്.
  മലയാറ്റൂരില്‍ വന്നപ്പോഴൊക്കെ പോകണമെന്ന്
  അലോചിക്കും
  പക്ഷെ എന്തു കൊണ്ടോ സാധിക്കാറില്ല
  ഏതായാലും
  നീ‍രുവിന്റെ പോസ്റ്റ് വായിച്ചിട്ട് ഒന്നുറപ്പിച്ചു
  പോകുക തന്നെ

 10. കഴിഞ്ഞ മാസം ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ ഞാന്‍ പോയിരുന്നു കോടനാടു്‌… നല്ല സ്ഥലാണു്‌ …

  ആനകളുടെ കുളിസീന്‍ ഒക്കെ കണ്ടു ;)

  കരിങ്കല്ലു്‌

 11. അഭിനന്ദന്നങ്ങള്‍ !
  നല്ല ചിത്രം
  നല്ല വിവരണം.
  വായിച്ചു കഴിഞ്ഞപ്പോള്‍
  കോടനാട്
  പോയി വന്നതു പോലെ.
  അവന്റെ ചര്‍മ്മം ശ്രദ്ധിച്ചോ ?
  ശ്രദ്ധിച്ചു
  ആ ശ്രദ്ധക്ഷണിക്കല്‍
  വളരെ അര്‍ത്ഥവത്തായി…

  നല്ലൊരു അവധിക്കാലം ആശംസിക്കുന്നു…

 12. “ഈയാത്രയെപ്പറ്റി എന്തുതോന്നിയാലും ഇവിടെ കോറിയിട്ടോളൂ.”

  എനിക്കും അവിടെ ഒന്നു പോയേ മതിയാകു എന്ന് തോന്നി :)

 13. കോടനാട് മുന്‍പൊരിക്കല്‍ പോയി വിശദമായി കണ്ടിട്ടുള്ളതാണു …അന്നുമുണ്ടായിരുന്നു ഇതുപോലെ ഒരു കുഞ്ഞനാന…..നല്ല രസായിരുന്നു ആ ആനക്കുട്ടന്റെ കളികള്‍..:)..വിശദമായ ഈ പോസ്റ്റിലൂടെ വീണ്ടും ഒന്നൂടെ പോയി വന്നപോലെ……..

 14. മനോജേ,
  നല്ല സൂപ്പര്‍ വിവരണവും പടങ്ങളും.
  ആ ബ്രോക്കറുടെ ചീത്ത സഹിച്ചിട്ടായാലും ബൂലോകര്‍ക്ക് വേണ്ടി നല്ലൊരു യാത്രാവിവരണം എഴുതിയതിനു വളരെ നന്ദി. പിന്നെ ആ ചര്‍മ്മ കാന്തിക്ക് എന്തരവാ ഉപയോഗിക്കുന്നെന്നു പറഞ്ഞേ, സന്തൂര്‍ സോപ്പോ ?.. ആ അനൂപിനു ഒന്നു പറഞ്ഞു കൊടുത്തേരെ.. അനൂപേ, ഞാന്‍ ഓടി. :)

 15. മനോജേട്ടാ,
  ഈ പോസ്റ്റ് അഗ്രു കാണിക്കാഞ്ഞതിനാല്‍ എത്താന്‍ വൈകിപ്പോയി.
  സംഭവം കലക്കി. അവതരണവും വ്യത്യസ്തമായിരിക്കുന്നു.
  മൊത്തം യാത്രകളുടെ ഒരു കോപ്പി എടുത്തുവെക്കുന്നുണ്ട്. ഇതില്‍ പറഞ്ഞ എവിടെയെങ്കിലും സമയം പോലെ പോകാല്ലോ…

 16. ഏഷ്യാനെറ്റില്‍ ലേബര്‍ ഇന്ത്യയുടെ “സഞ്ചാരം” കണ്ട ഇഫക്റ്റ്‌…വിവരണം നന്നായിരിക്കുന്നു …

 17. കോടനാട് എന്റെ നാടാണ്..ഈ നാടിനെ കുറിച്ചുള്ള പോസ്റ്റ് കാണാന്‍ വൈകിപ്പോയി..കോടനാടിനു ഇത്രെം സൌന്ദര്യം ഉണ്ടോ എന്നു തോന്നിപ്പോയി ഈ വിവരണം കണ്ടപ്പോള്‍…ഞങ്ങള്‍ എന്നും കാണുന്നതു കൊണ്ടായിരിക്കും ഈ മനോഹാരിത കണ്ണില്‍ പിടിക്കാത്തത്..ഇതിനടുത്തു തന്നെ ഒരു ധന്വന്തരീ ക്ഷേത്രം ഉണ്ട്.തോട്ടുവാ എന്ന സ്ഥലത്ത്..അവിടെ പോയിരുന്നുവോ ??ഉത്സവം വരുംബോള്‍ അവിടെ ദശാവതാരം ചന്ദനം ചാര്‍ത്തല്‍ ഒക്കെ ഉണ്ട്
  നല്ല പോസ്റ്റ് ..ഒത്തിരി സന്തൊഷമായി ഈ പടങ്ങള്‍ കണ്ടപ്പോള്‍..

 18. കാന്താരിക്കുട്ടീ കോടനാട്ടുകാരീ..

  ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്റെ കടുത്ത ഒരു ആരാധകനായ ഞാന്‍ തോട്ടുവാ ധന്വന്തരി ക്ഷേത്രത്തില്‍ പോകാതിരിക്കുമെന്ന് തോന്നുന്നുണ്ടോ ? ദശാവതാരം ചന്ദനം ചാര്‍ത്തലിനെപ്പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല.
  മണ്ഡലമാസത്തെ ആദ്യത്തെ പത്ത് ദിവസമാണ് അത് എന്നാണ് ഞാനറിഞ്ഞത്. നാട്ടിലുള്ള ഒരു മണ്ഡലമാസക്കാലത്ത് ഒരു ദിവസമെങ്കിലും ആ ചടങ്ങ് കാണണമെന്നുണ്ട്. അതിനുശേഷം, രോഗശാന്തിക്കായി ധന്വന്തരിയുടെ രൂപത്തില്‍ കൃഷ്ണന്‍ അവതരിച്ചിട്ടുള്ള ആ ക്ഷേത്രത്തെപ്പറ്റി ഒരു പോസ്റ്റ് ഞാന്‍ തയ്യാറാക്കുന്നുണ്ട്. പടങ്ങളെല്ലാം എന്റെ കയ്യില്‍ എപ്പോഴേ തയ്യാര്‍.

  നിങ്ങളുടെ നാട്ടില്‍ ഐതിഹ്യങ്ങളുറങ്ങുന്ന അത്തരത്തിലുള്ള ഒരുപാട് ക്ഷേത്രങ്ങളും കൃസ്ത്യന്‍ പള്ളികളും ഉണ്ട്. അതിലൊന്നാണ് ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രം. 62 ഏക്കര്‍ സ്ഥലത്ത് കൊടും കാട്ടിനുള്ളില്‍ ഒരു ക്ഷേത്രം. അതും എറണാകുളത്ത് നിന്ന് 40 കിലോമീറ്ററിന് താഴെ ദൂരത്ത്. പക്ഷെ അങ്ങിനെയൊരു അമ്പലത്തെപ്പറ്റി കേട്ടിട്ടുള്ളവര്‍ പോലും വളരെ ചുരുക്കം.

  പിന്നെ കല്ലില്‍ ഭഗവതി ക്ഷേത്രം, നായത്തോട് ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂര്‍ പള്ളി,…അങ്ങിനെ ഒരുപാട് ഒരുപാട്.

  ടിപ്പുവിന്റെ പടയോട്ടം ആലുവയിലെത്തിയപ്പോള്‍ അവസാനിച്ചെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് നിങ്ങളുടെ നാട്ടിലുള്ള പല ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടില്ല. ടിപ്പുവിനാല്‍ നശിപ്പിക്കപ്പെട്ട തിരുനെല്ലി എന്നൊരു മനോഹരമായ ക്ഷേത്രമുണ്ട് വയനാട്ടില്‍. അതിന്റെ ലൊക്കേഷന്‍ ഒന്ന് കാണേണ്ടതുതന്നെയാണ്.അതും ഞാനൊരിക്കല്‍ പോസ്റ്റാക്കി ഇടാം.

  ക്ഷേത്രങ്ങളെപ്പറ്റി മാത്രം ഒരു ബ്ലോഗുതന്നെ തുടങ്ങാനുള്ള വിവരങ്ങള്‍ നേരിട്ട് പല ക്ഷേത്രങ്ങളിലും പോയി കണ്ട് ശേഖരിച്ചുവച്ചിട്ടുണ്ടെങ്കിലും, ഞാനൊരു വലിയ വിശ്വാസിയല്ല എന്നുള്ളത് വിരോധാഭാസമായിരിക്കാം. എന്തുചെയ്യാം…ഇങ്ങനെയൊരു ജന്മം.
  :) :)

 19. വീണ്ടുമൊരു നല്ല യാത്ര!
  ഇനി അടുത്ത യാത്രയില്‍ കാണാം.

  മനോജ്, വായനക്കാര്‍ക്ക് സീസണ്‍ റ്റിക്കറ്റ് കൊടൂക്കുമോ? വണ്ടിക്കൂലി ലാഭിക്കാനാ.

 20. ഈ നിരൂനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി മനുഷ്യനെ കൊതിപ്പിക്കുന്ന പോസ്റ്റുമായി വരരുതെന്ന്. കാരണം വേറെ ഒന്നുമല്ല. സഹിക്കാന്‍ കഴിയാത്ത അസൂയ തന്നെ. :)

 21. നിരന്‍..,ഇത് കാണാന്‍ കുറച്ച് വൈകി. വളരെ നല്ല ചിത്രങ്ങളും വിവരണവും..

  ഭാഗ്യവാന്‍.. ഇതിനൊക്കെ എവിടൂന്നാ സമയം കിട്ടുന്നത്..!!??(ഈ യാത്രകളുടെ കാര്യമാണ് ഉദ്ദേശിച്ചത്)

 22. ഈ പരിപാ‍ടി നടക്കില്ല നിരക്ഷരന്‍ ഭായി. എന്തു കോപ്പി റൈറ്റ് ആണെലും എനിക്കിഷ്ടെപെട്ട ഫോട്ടൊ ഉണ്ടെങ്കില്‍ ഞാന്‍ അടിച്ചു മാറ്റിയിരിക്കും. വേണമെങ്കില്‍ തര്‍ക്കം നമുക്ക് ബ്ലോഗോടതിയില്‍ പറഞ്ഞു തീര്‍ക്കാം..അതു പറ്റില്ലെങ്കില്‍ നമുക്കു ബ്ലോഗക്കാദമിയിലു ഒരു പരാതികൊടൂക്കാം..;)

  നല്ല വിവരണവും, നല്ല ഫോട്ടൊകളും, എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ സ്ഥലം കൂടെയാണ് ഈ കോടനാട്. പേരു കേട്ടതു കൊണ്ട് ഓടി വന്നതാ..:)

 23. ഇതു വായിച്ചപ്പോള്‍ ആസ്ഥലത്തു പോകണമെന്നു തോ‍ന്നിപ്പോയി.
  വശ്യമായ വിവരണം.
  ഇനിയും കൂടുതല്‍ യാത്രാവിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു..!

 24. ലക്ഷ്മീ – തേങ്ങായ്ക്ക് പെരുത്ത് നന്ദി.

  പാമരാ – ക്യാമ്പ് എന്ന് പറഞ്ഞ് പോയിട്ട് ഒരാഴ്ച്ച കള്ളുകുടിയും, പെരിയാരില്‍ കുളിയുമായിരുന്നല്ലേ ?

  തൊമ്മന്‍ – കുറിച്ചിലക്കോട് കവലയും, തോട്ടുവയുമെല്ലാം ഞാന്‍ പോയിട്ടുണ്ട്. നിങ്ങള്‍ ഭാഗ്യവാനാ. ചെറുപ്പത്തിലേ അവിടെയൊക്കെ കറങ്ങാന്‍ പറ്റീല്ലോ.

  ശ്രീ – മറക്കാതെ പോകണേ.

  ആഷ – ഇപ്പോള്‍ കേട്ടല്ലോ ? നാട്ടില്‍ പോകുമ്പോള്‍ അതിലെയൊക്കെ ഒന്ന് കറങ്ങൂന്നേ.

  കുഞ്ഞന്‍ – മുറ്റത്തെ മുല്ലയ്ക്ക് മണമില്ല മാഷേ.

  മണികണ്ഠാ – കുറിച്ചിലക്കോട് പോലീസ് സ്റ്റേഷനില്‍ നിന്ന് 2 കിലോമീറ്ററേ കോടനാടേയ്ക്ക് ഉള്ളൂ. ഈ വരുന്ന ശനിയാഴ്ച്ച തന്നെ പോയ്ക്കോളൂ. എല്ലാ ശിവന്മാരോടും പിണക്കമൊന്നുമില്ല. ചുമ്മാ എഴുതിയെന്ന് മാത്രം :)

  ഗോപന്‍ – ചര്‍മ്മകാന്തി കൂട്ടാനുള്ള രഹസ്യം ഞാന്‍ അനൂപിന് നേരിട്ട് അയച്ച് കൊടുക്കുന്നുണ്ട്.

  കുറ്റ്യാടിക്കാരാ – ഈ വിവരണത്തില്‍ താങ്കള്‍ മുന്‍പ് പറഞ്ഞതുപോലെ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഫലപ്രദമായി എന്ന് കരുതുന്നു.

  വ്യൂ സ്നാപ്പ്‌സ് – സഞ്ചാരവുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഒരു അവാര്‍ഡ് കിട്ടിയ സുഖം, അനുഭൂതി, അഹങ്കാരം. നന്ദിട്ടോ :)

  റീനി – സീസണ്‍ ടിക്കറ്റ് ഫ്രീയായിട്ട് തന്നെ കൊടുക്കാം. അത് പോരേ ?

  ഷാരൂ – ചുമ്മാ അസൂയ അസൂയ എന്ന് പറഞ്ഞോണ്ടിരുന്നോ. നാട്ടില്‍ ലീവിന് പോകുമ്പോള്‍ ഒന്ന് കറങ്ങി നോക്കിക്കൂടെ ഇതിലെയൊക്കെ?

  പൊറാടത്തേ – യാത്രകള്‍ എന്നും ഒരു ഹരമാണ്. അതുകൊണ്ടുതന്നെ യാത്രകള്‍ക്ക് വേണ്ടി മിനക്കെട്ടുതന്നെ സമയം ഉണ്ടാക്കും. ഒന്ന് ശ്രമിച്ചാല്‍ എല്ലാവര്‍ക്കും സാധിക്കാവുന്ന കാര്യമാണിതൊക്കെ. എന്നുവെച്ചാല്‍, ഭാഗ്യവാനാവാന്‍ എല്ലാവര്‍ക്കും എളുപ്പം സാധിക്കുമെന്ന് :)

  യാരിദ് – അടിച്ചുമാറ്റല്‍ തുടര്‍ക്കഥയാക്കുന്നതൊക്കെ കൊള്ളാം. എനിക്ക് പരാതിയൊന്നുമില്ല. പക്ഷെ, മറ്റുള്ളവരുടെ പടം വല്ലതും എടുക്കുമ്പോള്‍ അനുവാദം ചോദിച്ചേക്കണേ. എല്ലാവരും എന്നെപ്പോലെ ആകണമെന്നില്ലല്ലോ ? അവസാനം ബ്ലോഗോടതി വരാന്ത കയറി ഇറങ്ങാനേ സമയം കാണൂ.

  ബഹുവ്രീഹി , കാപ്പിലാന്‍, ശ്രീലാല്‍, സുനില്‍ കോടതി, വേണുജീ, അനൂപ് എസ്.നായര്‍ കോതനെല്ലൂര്‍, കരിങ്കല്ല്, മാണിക്യേച്ചീ, പ്രിയ, റെയര്‍ റോസ്, പി.ആര്‍, കാന്താരിക്കുട്ടീ, ഹരീഷ് തൊടുപുഴ, ജിഹേഷ്, ഡോ:ജെയിംസ് ബ്രൈറ്റ്….

  കോടയുള്ള നാടായ കോടനാട്ടിലെ ആനക്കൊട്ടിലും, കുട്ടിയാനകളേം, പെരിയാറും കാണാനെത്തിയ എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

 25. നീരൂ, ഇങ്ങനത്തെ യാത്രാ വിവരണങ്ങള്‍ എത്ര പ്രയോജനപ്രദമാണ്. ഞാനിതു വായിച്ച്പ്പോഴാ അറിയുന്നേ കോടനാട് കേരളത്തിലാണെന്ന്‌ (എന്തൊരു വിവരം എനിക്ക്) തമിഴ് നാട്ടിലാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്. ഇനി ഒന്നു പോകണം അവിടെ. ഇനിയും ഇതുപോലെ ധാരാളം യാത്രാ വിവരണങ്ങള്‍ എഴുതണേ.

 26. പാണിയേലി പോരിന്റെ പൊസ്റ്റ് വായിക്കന്‍ വന്നപ്പൊഴാ ഈ പോസ്റ്റ് കാണാണെ… എന്റെ നാടിനെക്കുറിച്ചു വായിച്ചപ്പോ പറഞ്ഞറിയിക്കനാനാവാത്ത ഒരു സുഖം. നന്ദി. :) ഇനി പോകുവാണല്‍ വടക്കമ്പള്ളിയും,പനംകുരുത്തോട്ടവും ഒക്കെ സന്ദര്‍ശിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>