മൂന്നാറിൽ നിന്ന് ഗവിയിലേക്കുള്ള പാത എനിക്ക് തികച്ചും പുതുമയുള്ളതായിരുന്നു. കുമളിയും കട്ടപ്പനയും മാത്രമായിരുന്നു എനിക്കാ വഴിയിൽ നന്നായി പരിചയമുള്ള പട്ടണങ്ങൾ. ഗൂഗിൾ മാപ്പ് കണക്ക് കൂട്ടിയ സമയത്തിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് 115 കിലോമീറ്റർ ദൂരം മറികടന്ന് ഞാൻ വള്ളക്കടവ് ചെക്ക് പോസ്റ്റ് അടക്കുന്നതിന് മുൻപേ തന്നെ അവിടെ എത്തി. KFDC ഓഫീസിൽ നിന്നും ഗിരീഷ് സാർ എനിക്കുള്ള പാസ് വള്ളക്കടവിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. ആയതിനാൽ കാട്ട് പാതയിലേക്കുള്ള പ്രവേശനം പെട്ടെന്ന് തന്നെ സാദ്ധ്യമായി.
വനത്തിനകത്തുള്ള മറ്റേതൊരു KFDC കോട്ടേജുകളെപ്പറ്റിയോ റിസോർട്ടുകളെപ്പറ്റിയോ പറയുന്നതിനേക്കാൾ പതിന്മടങ്ങ് കാര്യങ്ങൾ ഗവിയേപ്പറ്റി പറയാനുണ്ട്. അത് വിശദമാക്കുന്നതിന് മുന്നേ ഒറ്റ വാചകത്തിൽ ഗവിയെ പറ്റി ഒരു കാര്യം പറയാം. ഗവി എന്നാൽ KFDC ആണ്; KFDC മാത്രമാണ്. മറ്റൊരു സ്വകാര്യ സ്ഥാപനങ്ങളും റിസോർട്ടുകളും ഈ വനത്തിനുള്ളിൽ ഇല്ല. ഗവിയിൽ തങ്ങി ഗവിയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ KFDCയെ ആശ്രയിച്ചേ പറ്റൂ.
ഇനി എന്തൊക്കെ സൗകര്യങ്ങളാണ് ഗവിയിൽ ഉള്ളതെന്ന് വ്യക്തമാക്കാം.
1. കോട്ടേജുകളിലും ഡോർമെറ്ററികളിലുമായി ധാരാളം പേർക്ക് താമസിക്കാനുള്ള സൗകര്യം.
2. വിവിധയിനം മൃഗങ്ങളുടെ തലയോട്ടികളും കൊമ്പുകളും അസ്ഥികൂടങ്ങളും പ്രദർശിപ്പിച്ചിടുള്ള മ്യൂസിയം. ഒരു ആനയുടെ അസ്ഥികൂടമാണ് ഇതിലെ പ്രധാന ആകർഷണം.
3. ചെറുതും വലുതുമായി അഞ്ച് ഗംഭീര ട്രക്കിങ്ങ് പാതകൾ.
4. ഗവി അണക്കെട്ടിലൂടെ ബോട്ടിംഗ് സൗകര്യം.
5. ഒരു മിനി ബസ്സിൽ അതിരാവിലെ ജംഗിൾ സഫാരി.
6. വെള്ളത്തിലൂടെ തുഴഞ്ഞ് നീർവീഴ്ച്ചാൽ എന്ന വെള്ളച്ചാട്ടത്തിൽ എത്തി, അതിൽ കുളിക്കാനുള്ള സൗകര്യം. (ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനെയൊരു അനുഭവം. ഏകനായി ആ വെള്ളച്ചാട്ടത്തിൽ കുളിക്കാനായത് മധുരതരമായ അനുഭവമായി.)
7. കടുവ, പുള്ളിപ്പുലി, കരടി, മാൻ, കലമാൻ, ആന, മയിൽ, സിംഹവാലൻ കുരങ്ങ്, പാമ്പ്, കീരി, കാട്ടുപന്നി, കാട്ടുപോത്ത് എന്നീ മൃഗങ്ങളെ ഭാഗ്യമുണ്ടെങ്കിൽ കാണാം. ആദ്യം പറഞ്ഞ 3 മൃഗങ്ങൾ ഒഴികെ എല്ലാവരേയും കണ്ടെന്ന് മാത്രമല്ല, തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് കീഴെ ഒരു ചെറിയ കടുവയുടെ കാൽപ്പാടുകൾ കാണാനും എനിക്ക് ഭാഗ്യമുണ്ടായി.
8. 1977ന് ശേഷം ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ശ്രീലങ്കയിൽ നിന്ന് എത്തിയ തമിഴ് വംശജരാണ് ഇവിടത്തെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും. പുതിയ തലമുറയിൽ ഉള്ളവർ ഉന്നത വിദ്യാഭ്യാസം നേടി കാടിന് പുറത്ത് കടന്നതോടെ തോട്ടം തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.
9. ജംഗിൾ സഫാരിയിൽ ഞങ്ങളുടെ ഡ്രൈവറായി വന്ന രാജശ്വരൻ മൂന്നാം ക്ലാസിൽ വരെ ശ്രീലങ്കയിൽ പഠിച്ചിട്ടുള്ള വ്യക്തിയാണ്. പിന്നീടാണ് കേരളത്തിലേക്ക് എത്തുന്നത്.
10. 32ൽപ്പരം ഗൈഡുകളാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
11. ഗവിയിൽ തങ്ങി കാഴ്ചകൾ കണ്ടും ആസ്വദിച്ചും മടങ്ങാം എന്നതുപോലെ തന്നെ, Day trip സൗകര്യവും ഉണ്ട്. രാവിലെ വന്നാൽ നമുക്ക് തന്നെ ഏതെങ്കിലും ഒരു പാക്കേജ് ഫിക്സ് ചെയ്ത് അതിന്റെ തുക അടച്ച്, ചുറ്റിക്കറങ്ങി, വൈകീട്ട് മടങ്ങാം. ഉച്ചഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ അവർക്കും കിട്ടും.
12. അട്ടകൾ ധാരാളമുള്ള കാടാണ് ഗവി. അതുകൊണ്ടുതന്നെ സഞ്ചാരികൾക്കെല്ലാം leach socks നൽകുന്നുണ്ട്.
13. KFDC മറ്റ് കേന്ദ്രങ്ങളിൽ എന്നതുപോലെ തന്നെ ഗവിയിലും തോട്ടം തൊഴിലാളികളും ഗൈഡുകളും തന്നെയാണ് സഞ്ചാരികൾക്ക് വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കുന്നത്. പഠിക്കുകയും അതിന്റേതായ സാങ്കേതികത്വം അറിവുള്ളവരും ചെയ്യുന്നതിനേക്കാൾ ഭംഗിയായി അവർ ഇത് ചെയ്തു പോരുന്നു എന്നതാണ് KFDCയുടെ എല്ലാ കേന്ദ്രങ്ങളുടേയും എടുത്ത് പറയേണ്ട ഒരു മേന്മ.
14. വനോപഹാർ എന്ന പേരിൽ തേൻ മുതൽ കുന്തിരിക്കം വരെയും, മുള ഉൽപന്നങ്ങൾ മുതൽ രുദ്രാക്ഷ മാലകൾ വരെയും ഇവിടന്ന് വാങ്ങാം.
15. ലോഗ് ഹൗസുകൾ, ഡോം ഹൗസുകൾ, ക്യാൻവാസ് ഹൗസുകൾ എന്നിവയിലും താമസിക്കാം ഇവിടെ.
16. ഇതേ സൗകര്യങ്ങൾ കൊച്ചു പമ്പയിലും KFDCയ്ക്ക് ഉണ്ട്. കുറേക്കൂടെ തിരക്കൊഴിഞ്ഞ ഭാഗങ്ങൾ അതാണ്. അവിടെ സാമാന്യം വലിയ ടെൻ്റ് സൗകര്യങ്ങളാണ് കൂടുതലും.
17. വിദേശികൾ കൂടിയ തോതിൽ പ്രയോജനപ്പെടുത്തിയിരുന്ന ഗവിയിലെ സൗകര്യങ്ങൾ മലയാളികളിലേക്ക് എത്തിയത് ഓർഡിനറി എന്ന സിനിമയിലൂടെയാണ്. പിന്നെ ഗവിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ഭൂപാലൻ എന്ന ഗൈഡിന്റെ സേവനമാണ് എനിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ മുൻഗാമികളും ശ്രീലങ്കൻ തമിഴ് വംശജരാണ്. അദ്ദേഹം വിശദമായിത്തന്നെ ഗവിയുടെ കാട് എനിക്ക് കാണിച്ചു തന്നു. ഞങ്ങൾ ചെറുതും വലുതുമായി രണ്ട് ട്രക്കിങ്ങുകൾ. നടത്തി. ഈ യാത്രയിൽ വേഴാമ്പലുകളെ കാണാൻ ഇതുവരെ പറ്റിയില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കാടിനകത്ത് പ്രത്യേക ഒരിടത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു മരത്തിൽ വേഴാമ്പലുകൾ ഉണ്ടാകാറുണ്ടത്രേ! പക്ഷേ, ഭാഗ്യം എന്നോട് കനിഞ്ഞില്ല.
ട്രക്കിങ്ങിന് ഇടയ്ക്ക് പുൽമേട്, ശബരിമല ക്ഷേത്ര കോംപ്ലക്സ്, മകരജ്യോതി തെളിയിക്കുന്ന പൊന്നമ്പലമേട് എന്നീ സ്ഥലങ്ങൾ ദൂരെ മലമുകളിലും മലകൾക്ക് ഇടയിലുമായി കണ്ടു. ആനത്താരികളിലൂടെയാണ് സഞ്ചാരം. മരങ്ങളിൽ പുലിയുടെ നഖങ്ങൾ കൊണ്ടുള്ള അടയാളങ്ങളും കണ്ടു. മരത്തിൻ്റെ ചാറുണങ്ങി കുന്തിരിക്കമായി കട്ടപിടിച്ചിരിക്കുന്നത് അടർത്തിയെടുത്തു. ഏലക്ക പ്രോസസ്സ് ചെയ്യുന്ന ഫാക്ടറി സന്ദർശിച്ച് അതിന്റെ രീതികൾ മനസ്സിലാക്കി. എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഡിവിഷൻ മാനേജർ വിഷ്ണു സാറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു കണ്ട് നന്ദി അറിയിച്ചു.
സത്യത്തിൽ ഒരു ദിവസത്തെ പരിപാടി പദ്ധതിയിട്ട് ഗവിയിലേക്ക് വന്ന എനിക്ക് രണ്ട് ദിവസം അവിടെ തങ്ങേണ്ടി വന്നു. പക്ഷേ, ഗവി മുഴുവനും കണ്ട് തീർന്നിട്ടില്ല. മുൻപ് രണ്ട് വട്ടം വന്നപ്പോൾ കണ്ട കാഴ്ചകൾ എല്ലാം ഇപ്രാവശ്യം ഞാൻ കണ്ടത്. എല്ലായിടത്തും എന്നതുപോലെ മഴക്കാലത്ത് ഗവിയുടെ സൗന്ദര്യവും ഒരുപാട് വർദ്ധിച്ചിരിക്കുന്നു.
എയർടെല്ലിന് ഗവി കാടുകളിൽ സിഗ്നൽ ഇല്ല. പുറംലോകവുമായുള്ള ബന്ധങ്ങൾ വിച്ഛേദിച്ച് സ്വച്ഛമായി വന്നിരിക്കാൻ പറ്റിയ കാട്. മൂന്നുദിവസമായി സിഗ്നൽ ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് എന്റെ സഞ്ചാരം. അതിന്റെ സുഖം ഒന്ന് വേറെയാണ്. അന്നന്ന് എഴുതി ഓൺലൈനിൽ പബ്ലിഷ് ചെയ്യേണ്ട കാര്യങ്ങൾക്ക് അതൊരു തടസ്സമാകുന്നുണ്ട് എന്നത് മാത്രമാണ് ഒരു പ്രശ്നം.
രണ്ട് ദിവസങ്ങളിലും ഗവിയിൽ മഴ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ യാത്ര തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് മഴ മാറി നിൽക്കുന്നത്. മഴ നിന്നതുകൊണ്ടും ലീച്ച് സോക്സുകൾ ഉപയോഗിച്ചതുകൊണ്ടും ആകാം അട്ടകൾ കടിച്ചതുമില്ല. പക്ഷേ ഇതുവരെയുള്ള ദിവസങ്ങളിൽ കടിച്ച അട്ടകൾ നല്ല മുട്ടൻ പണി തന്നിരിക്കുന്നു. വലത് കാലിൻ്റെ പാദം നീരുവെച്ച് വീർത്തിരിക്കുന്നു. നടക്കുമ്പോൾ ചെറുതായി വേദനയും ഉണ്ട്. ഇനിയിപ്പോൾ ഈ യാത്ര അവസാനിച്ചിട്ടാകാം അതിനുള്ള മരുന്ന് തേടിപ്പോകൽ. രണ്ടാം ദിവസം രാവിലെ 7 മണിക്ക് ഞാൻ ഗവിയോട് വിടപറഞ്ഞു. അടുത്ത ലക്ഷ്യം അരിപ്പയാണ്.
വാൽക്കഷണം:- ഗവിയിലെ സഞ്ചാരങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യം, www.kfdcecotourism.com ൽ ഉണ്ട്.
തുടരും….











