മുസ്‌രീസ് എന്ന് കണക്കാക്കപ്പെടുന്ന ഇടങ്ങളിലൂടെ പലപ്പോഴായി നടത്തിയ യാത്രകളിൽ കാണാനായ കല്ലറകൾ മിക്കവാറുമെല്ലാം ജൂതന്മാരുടേതായിരുന്നു. കല്ലറകളിൽ ചരിത്രമുറങ്ങുണ്ട്. അതിനുള്ളിൽ ഉറങ്ങുന്നവർ ആർക്കും ഉപദ്രവമൊന്നും ചെയ്യുകയുമില്ല. ഈ കാരണങ്ങൾ കൊണ്ടാകാം കല്ലറകളോട് എന്നും വലിയ താൽപ്പര്യമാണെനിക്ക്.
പറവൂർ ലക്ഷ്മി കോളേജിന്റെ പരിസരത്ത് പറവൂർ ജൂതന്മാരുടെ സെമിത്തേരി തിരക്കിച്ചെന്ന എന്നെ വല്ലാതെ നിരാശപ്പെടുത്തുന്ന കാഴ്ച്ചയാണ് കാത്തിരുന്നത്. മൂന്ന് കല്ലറകൾ മാത്രമാണ് ഇനിയവിടെ ബാക്കിയുള്ളത്. ചുറ്റും പാരലൽ കോളേജുകൾ, കൊച്ചുകൊച്ച് വ്യവസായ സംരംഭങ്ങൾ, വീടുകൾ. കല്ലറകളാകട്ടെ കാട് കയറിക്കിടക്കുന്നു. എത്രകാലം ഇനിയതെല്ലാം അവിടെ കാണുമെന്ന് നിശ്ചയമില്ല. കയ്യേറ്റങ്ങളുടെ കാലമല്ലേ ? ചോദിക്കാനും പറയാനും കല്ലറകളിൽ ഉറങ്ങുന്ന ജൂതന്മാരുടെ പിൻതലമുറക്കാർ ആരും ഇവിടെയില്ലല്ലോ!
ചേന്ദമംഗലത്തെ(കോട്ടയിൽ കോവിലകം) ജൂത സെമിത്തേരി പരിതാപകരമായ അവസ്ഥയിലായിരുന്നു. ഈയിടയ്ക്ക് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ശ്മശാനം വെട്ടിത്തെളിക്കുകയുണ്ടായി. 53ൽപ്പരം കല്ലറകളാണ് അന്നവിടെ കണ്ടെത്തിയത്. പലതിനും നാശം സംഭവിച്ച് കഴിഞ്ഞിരുന്നു. എന്നിരുന്നാലും കാടെല്ലാം വെട്ടിത്തെളിച്ച് സഞ്ചാരികൾക്ക് കയറിയിറങ്ങാനും കാണാനും പാകത്തിൽ സൌകര്യമൊരുക്കാൻ തുടങ്ങിയപ്പോൾ പ്രശ്നങ്ങൾ തലപൊക്കി.
ചേന്ദമംഗലം സെമിത്തേരി വൃത്തിയാക്കുന്നു.
ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ചെരുവിലാണ് സെമിത്തേരി തുടങ്ങുന്നത്. സെമിത്തേരി ഇരിക്കുന്ന സ്ഥലം ഞങ്ങളുടേതാണെന്ന് പറഞ്ഞുകൊണ്ട് ഒരു കൂട്ടർ രംഗത്തെത്തി, കൊടിനാട്ടി, പണികൾ തടസ്സപ്പെടുത്തി. സെമിത്തേരി വീണ്ടും കാടുകയറി. ഇക്കഴിഞ്ഞ ആഴ്ച്ച വീണ്ടും സെമിത്തേരിയിൽ എത്തിയ എനിക്ക്, കല്ലറകളിൽ കഴിഞ്ഞ പ്രാവശ്യം ഞാൻ ലോഹ്യം പറഞ്ഞ് പോന്നവരെ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. ഇനിയെന്താകും അവരുടെ അവസ്ഥയെന്ന് പറയാനുമാവില്ല.
ചേന്ദമംഗലത്തെ ജൂത സെമിത്തേരിയിൽ.
ജൂതന്മാരുടെ പള്ളിയും ശ്മശാനവും ഒഴികെ ചേന്ദമംഗലത്തെ സ്ഥലങ്ങൾ മുഴുവൻ പാലിയം വകയായിരുന്നു എന്നാണ് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെയായാലും അല്ലെങ്കിലും നൂറ്റാണ്ടുകളായി ജൂതരുടെ ശ്മശാനമായിരുന്ന സ്ഥലം ഇപ്പോഴെങ്ങിനെ മറ്റുള്ളവരുടേതാകും ? നഗ്നമായി കയ്യേറ്റ ശ്രമങ്ങൾ എന്ന് തന്നെ വിലയിരുത്തേണ്ടി വരും.
മാളയിലെ ജൂത ശ്മശാനത്തെപ്പറ്റി പറയാൻ തുടങ്ങിയാൽ കരച്ചിൽ വരും. ആയിരത്തിലധികം ജൂത കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥലമാണ് മാള. അതുകൊണ്ടുതന്നെ ഏക്കറ് കണക്കിന് സ്ഥലമുള്ള സെമിത്തേരിയിൽ നിറയെ കല്ലറകൾ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. അതിൽ പല കല്ലറകളും ഹോം ഗാർഡിസിന് വെടിവെച്ച് പരിശീലിക്കാനുള്ള ലക്ഷ്യസ്ഥാനമായി ഉപയോഗപ്പെടുത്തി. മൂന്ന് കല്ലറകൾ മാത്രമാണ് ഇനിയവിടെ ബാക്കിയുള്ളത്. ഈയാഴ്ച്ച വീണ്ടും മാളയിൽച്ചെന്നപ്പോൾ സെമിത്തേരിയുടെ ബോർഡ് അപ്രത്യക്ഷമായിരിക്കുന്നു. ബോർഡ് സ്ഥാപിച്ചിരുന്ന ഗേറ്റും അതിന്റെ തൂണും ഒരു വശത്തെ മതിലും പൂർണ്ണമായും ഇടിച്ച് നിരത്തിയിരിക്കുന്നു. തൊട്ടപ്പുറത്തുള്ള ഇടവഴി വീതികൂട്ടാനാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഔദ്യോഗികമായ കൈയ്യേറ്റം തുടരുന്നെന്ന് വ്യക്തം.
മാള സെമിത്തേരിയിലെ കല്ലറകളിൽ ഒന്ന്.
കേരളത്തിൽ ഇനി അധികം ജൂതന്മാർ ബാക്കിയില്ല. അധികം ജൂതക്കല്ലറകളും ബാക്കിയില്ല. പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണ് ജൂതന്മാർ. അതുകൊണ്ടുതന്നെ കല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുന്നവരെ ശല്യം ചെയ്യരുതെന്നും ഉയിർത്തെഴെന്നേൽപ്പിന്റെ സമയത്ത് ഭൌതികശരീരം അവിടെത്തന്നെ വേണമെന്നതും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ആ വിശ്വാസം ഇവിടെ, ഈ നാട്ടിൽ സംരക്ഷിക്കപ്പെടുന്നില്ല. ചരിത്രത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളോളം ഈ നാട്ടിലുണ്ടായിരുന്ന ഒരു ജനതയുടെ ചെറിയ ചില താൽപ്പര്യങ്ങൾ പോലും കാത്തുസൂക്ഷിക്കാൻ നമുക്കാവുന്നില്ല എന്നത് ശോചനീയമായ അവസ്ഥയാണ്.
സഞ്ചാരികളായി കേരളത്തിലെത്തുന്ന ജൂതന്മാർ, കേരളത്തിൽ ബാക്കിയുള്ള ജൂതപ്പള്ളികളും സെമിത്തേരികളും ഇന്നും സന്ദർശിച്ചുപോരുന്നു. അക്കൂട്ടത്തിൽ ഇവിടന്ന് ഇസ്രായിലേക്ക് മടങ്ങിയ യഹൂദരുടെ പിൻതലമുറക്കാരുമുണ്ട്. പൂർവ്വികരുടെ കല്ലറകളിൽ അവർ കത്തിച്ചു പോകുന്ന മെഴുകുതിരികൾ പ്രാർത്ഥനകളായി ഇപ്പോഴും കല്ലറകളിൽ കാണാം. ഇനിയെത്രനാൾ ബാക്കിയുള്ള ചുരുക്കം ഈ കല്ലറകൾ ഈ സെമിത്തേരികളിൽ ഉണ്ടാകുമെന്ന് കണ്ടറിയണം. ജൂതന്മാർ കേരളസമൂഹത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളിവായി ചില സിന്നഗോഗുകൾ മാത്രം ഇവിടെ കണ്ടെന്ന് വരാം. പക്ഷെ ശ്മശാനങ്ങൾ നാൾക്ക് നാൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇങ്ങനെയൊക്കെ ആകാം ചരിത്രത്തിലെ ഏടുകൾക്ക് മങ്ങലേൽക്കുന്നതും ചരിത്രം ഒരു കീറാമുട്ടിയായി മാറുന്നതും അല്ലേ ?