# കുട്ടനാട്ടുകാർക്കൊപ്പം


റമ്പിലും വീടിലുമൊക്കെ വെള്ളം കയറിയിട്ട് കുട്ടനാട്ടുകാർക്ക് ഇന്നേക്ക് ഒൻപതാം ദിവസം. ലക്ഷങ്ങൾ, പല ദുരിതാശ്വാസ ക്യാമ്പുകളിൽ ആടുമാടുകൾക്കൊപ്പം ദുസ്സഹമായ ജീവിതം തള്ളിനീക്കുന്നു. ക്യാമ്പുകളിലേക്ക് പോകാതെ സ്വന്തം വീടുകളിൽത്തന്നെ ഇപ്പോഴും തങ്ങുന്ന നൂറുകണക്കിന് ജനങ്ങളുണ്ടെന്ന് കുറേയൊക്കെ മാദ്ധ്യമങ്ങളിലൂടെ അറിയാനായി. പിന്നെ, അത്തരം ചില പ്രളയബാധിതരെ നേരിട്ട് കണ്ട് അവർക്കാവശ്യമായ സഹായങ്ങൾ  എത്തിക്കാൻ മുന്നിട്ടിറങ്ങിയ സുധ നമ്പൂതിരിയേയും അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഒപ്പം ചെന്ന ആലപ്പുഴക്കാരനായ രാജേട്ടനേയും പോലുള്ള മനുഷ്യസ്നേഹികളോടും സംസാരിച്ചറിഞ്ഞു. അവരിലേക്ക് എന്നെയെത്തിച്ച കെ.എ.ബീ നച്ചേച്ചിക്ക് ഒരുപാട് നന്ദി.

ദുരന്തങ്ങളുടെ മോശം വശങ്ങൾ കാര്യമായൊന്നും അനുഭവിച്ചറിയാത്തവരാണല്ലോ മലയാളികൾ. എനിക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല അങ്ങനെയെന്തെങ്കിലും പീഢകൾ. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്തെങ്കിലും ദുരന്തസഹായമെത്തിക്കേണ്ടി വരുമ്പോൾ അക്കൂട്ടത്തിൽ സഹകരിച്ചിട്ടുള്ളതിനപ്പുറം ദുരന്തബാധിത പ്രദേശങ്ങളൊന്നും നേരിൽ‌പ്പോലും കാണാത്ത സുഖജീവിതം നയിക്കുന്നവൻ.

444c
                                        ഇതൊരു പച്ചക്കറിത്തോട്ടമാണ്.

കുട്ടനാട്ടിലേക്ക് നേരിട്ട് ചെന്ന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അവിടത്തെ ദയനീയാവസ്ഥ പങ്കുവെച്ചുകൊണ്ട് രവിശങ്കർ എഴുതിയ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. അപ്പോഴേക്കും, എന്ത് ചെയ്യാനും സഹകരണമുണ്ടാകുമെന്നറിയിച്ച് മൂന്ന് പേർ സന്ദേശങ്ങളയച്ചു. സൌത്ത് ആഫ്രിക്കയിൽ നിന്ന് അംജിത്, ഡൽഹിയിൽ നിന്ന് ജയലക്ഷ്മി ഹരിഹരയ്യർ, കാക്കനാട് നിന്ന് സംഗീത ബാലകൃഷ്ണൻ.

കാക്കനാട് ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന സംഗീതയും സഹപ്രവർത്തകൻ അചതും ചേർന്ന് സഹപ്രവർത്തകരിൽ നിന്ന് പെട്ടെന്ന് തന്നെ ധനസമാഹരണം നടത്തി. 100 പേർക്കുള്ള ഭക്ഷണവും ബ്രഡ്ഡ്,ജാം, ബിസ്ക്കറ്റ്,) വെള്ളവും വാങ്ങാൻ പദ്ധതിയിട്ടു. മോഡേൺ ബ്രഡ്ഡിൽ ചെന്ന് കുട്ടനാട്ടിലേക്കുള്ള ആഹാരമാണെന്ന് പറഞ്ഞതും മറ്റൊന്നും ചോദിക്കാതെ അവർ വിലകുറച്ച് ബ്രഡ്ഡ് തന്നു. അതേ ആനുകൂല്യം 100 ഡബ്ബ ജാം വാങ്ങുമ്പോൾ ലുലുവിൽ നിന്ന് ലഭിക്കുന്നില്ല. ബഹുമാനപ്പെട്ട യൂസഫലി ശ്രദ്ധിക്കുമല്ലോ ? താങ്കളുടെ ഭാഗത്തുനിന്ന് അവർക്കുള്ള വലിയ സഹായങ്ങൾ ഉണ്ടാകുമെന്നറിയാം. കുറ്റപ്പെടുത്തിയതല്ല. എന്നാലും ഇത്തരം ആവശ്യങ്ങൾക്കായി ഒരുമിച്ച് ഭക്ഷണസാധനങ്ങൾ വാങ്ങാൻ ആരെങ്കിലും വരുമ്പോൾ വിലയിളവ് കൊടുക്കാനുള്ള സ്വാതന്ത്ര്യം സൂപ്പർവൈസർക്ക് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

444a
                               വഞ്ചികൾ ഭക്ഷണമേറ്റാൻ തയ്യാറാകുന്നു

ഭക്ഷണസാധനങ്ങളും വെള്ളവും കാറിൽ കയറ്റി സംഗീതയ്ക്കും അചതിനും ഒപ്പം ഇന്ന് രാവിലെ 8:30 ന് കാക്കനാട് നിന്ന് ആലപ്പുഴ, അമ്പലപ്പുഴ വഴി തകഴിയിലേക്ക്. വഴി തെറ്റുമ്പോൾ രാജേട്ടന്റെ കൃത്യമായ നിർദ്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു. പോകുന്ന വഴിക്ക്, ആലപ്പുഴയിൽ സംഗീത ഏർപ്പാട് ചെയ്തിരുന്ന ലൈഫ് ജാക്കറ്റുകൾ മൂന്നെണ്ണം എടുക്കാനും മറന്നില്ല. വെള്ളവും തീയും വെച്ചുള്ള കളികൾ സൂക്ഷിച്ച് വേണമെന്നാണല്ലോ. പ്രത്യേകിച്ച്, ഒരു പഴയ എണ്ണപ്പാട തൊഴിലാളിയായ ഞാൻ. ഇന്നലെ കുട്ടനാട്ടിൽ ജീവൻ നഷ്ടമായ രണ്ട് മാദ്ധ്യമസുഹൃത്തുക്കൾ, സുരക്ഷയുടെ ആ പാഠം ശ്രദ്ധിക്കാതെ പോയത് വ്യസനമുണ്ടാക്കുന്നു.

തകഴി സ്മൃതിമണ്ഠപത്തിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് നേരെ വിട്ടാൽ ചെന്നെത്തുന്നത് ചിറയകം കടവിലാണ്. ചൈനീസ് എഞ്ചിനുകൾ ഘടിപ്പിച്ച വള്ളപ്പോൾ എപ്പോഴുമുണ്ടാകും അവിടെ. അതിലൊന്നിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി കായലിലൂടെ നീങ്ങി ചമ്പക്കുളം ആശുപത്രിക്കടവിലിറങ്ങി. അവിടെ രാജേട്ടൻ ഏർപ്പാട് ചെയ്തിരുന്നത് പോലെ സ്ഥലവാസിയായ ഓമനക്കുട്ടനുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ ‘അമേരിക്ക‘ ക്യാമ്പിന്റെ മുന്നിൽ നിന്ന് ഓമനക്കുട്ടനും മൂന്ന് സഹായികളും ഞങ്ങൾ മൂന്ന് പേരും ചേർന്ന് മൂന്ന് കൊച്ചുവള്ളങ്ങളുമായി കായലേത് റോഡേത് പാടമേത് എന്നറിയാതെ പരന്ന് കിടക്കുന്ന കുട്ടനാടിന്റെ പരപ്പിലേക്കിറങ്ങിയപ്പോഴേക്കും സമയം ഒരു മണി.

444
                                 ലൈഫ് ജാക്കറ്റ് സുരക്ഷയുടെ ഭാഗമാണ്

‘അമേരിക്ക‘ ക്യാമ്പിൽ കുറച്ച് ബ്രഡ്ഡും വെള്ളവും കൊടുത്തു. ആശുപത്രിയിലെ സ്റ്റാഫിന് വെള്ളവും ഭക്ഷണവും ഇല്ലെന്ന് പറഞ്ഞതുകൊണ്ട് അവിടേയും കുറച്ച് ഭക്ഷണം കൊടുത്തിരുന്നു. കൊണ്ടുപോയതിൽ 30 ശതമാനം അങ്ങനെ കഴിഞ്ഞിരുന്നു. പിന്നെ നാലുമണിവരെ കൈയ്യിലുണ്ടായിരുന്നത് മുഴുവൻ വെള്ളത്തിൽ മുങ്ങിയ മുപ്പതിൽ‌പ്പരം വീടുകളിൽ വിതരണം ചെയ്തുതീർത്തു.

അവിടത്തെ ദുരിതം വർണ്ണിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന് താൽ‌പ്പര്യവുമില്ല. പക്ഷേ, ഒരിക്കലെങ്കിലും നേരിട്ട് പോയി കാണണമെന്ന് മാത്രം പറയുന്നു. നമ്മൾ ആസ്വദിക്കുന്ന സുഖജീവിതത്തിന് അപ്പോഴാണ് കൂടുതൽ മാറ്റുണ്ടാകുക.

ഇനിയുമുണ്ട് അൻപതിലധികം വീടുകൾ. രണ്ടോ മൂന്നോ പ്രാവശ്യം പോയാലും സഹായമെത്തിച്ച് തീരില്ല. അപ്പോഴേക്കും ആദ്യദിവസം സുധ നമ്പൂതിരിയും സംഘവും കൊടുത്ത ഭക്ഷണം തീർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാകും. വെള്ളം ഉടനെയൊന്നും ഇറങ്ങുന്ന മട്ടില്ല. പോരാത്തതിന് വീണ്ടും പെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. കുടിവെള്ളം അതാണ് ഏറ്റവും കൂടുതൽ വേണ്ടത്. പിന്നെ വിശപ്പടക്കാൻ പോന്ന എന്ത് ഭക്ഷണവും.

444b
                       വീട്ടുമുറ്റത്ത് ഭക്ഷണവഞ്ചികൾ

ക്യാമ്പുകൾ കേന്ദ്രീകരിച്ച് സർക്കാറിന്റെ പ്രവർത്തനങ്ങൾ നന്നായിത്തന്നെ നടക്കുന്നുണ്ടെന്ന് കരുതുന്നു. പക്ഷെ, ക്യാമ്പുകളിൽ ചെല്ലാത്തവരുടെ അവസ്ഥകൂടെ കാര്യമായി നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് അഭ്യർത്ഥനയുണ്ട്. കുറ്റപ്പെടുത്തി പറയുകയാണെന്ന് കരുതരുത്. അപേക്ഷ മാത്രമാണ്. സർക്കാരിന് മാത്രമല്ല പ്രതിപക്ഷത്തിനുമാകാം, മറ്റ് രാഷ്ട്രീയപ്പാർട്ടിക്കാർക്കുമാകാം. തിരഞ്ഞെടുപ്പ് വരുമ്പോൾ വീട് വീടാന്തിരം കയറിയിറങ്ങി പ്രവർത്തിക്കുന്നത് പോലെ ഈ അടിയന്തിരഘട്ടത്തിലും ചെയ്യണം. പ്രവർത്തകരെ കൊച്ചുവള്ളങ്ങളുമായി ഇറക്കണം. ഇപ്രാവശ്യം വോട്ട് നിലനിർത്താനുള്ള വ്യഗ്രതയിലോ വോട്ട് മറിക്കാനുള്ള ഉദ്ദേശത്തിലോ ആകരുത്. ദുരിതം പേറുന്നവരുടെ മനസ്സ് കീഴടക്കാനാവണം. സഹായദ്രവ്യങ്ങൾ ഒന്നും എത്തിക്കാനായില്ലെങ്കിലും സാന്ത്വനമെങ്കിലും കിട്ടുന്നുണ്ടെന്ന് അവർക്ക് സമാധാനിക്കാനാകണം.

20180724_153038
                                                             ടീം അംഗങ്ങൾ

പോയ വഴിയും പോകാൻ സഹായിച്ചവരെയുമെല്ലാം വിശദമായി പരിചയപ്പെടുത്തിയത് ആർക്ക് വേണമെങ്കിലും പോകാനുള്ള സൌകര്യത്തിന് വേണ്ടിയാണ്. (താൽ‌പ്പര്യമുള്ളവർക്ക് ഫോൺ നമ്പർ അടക്കമുള്ള വിശദവിവരങ്ങൾ ഇനിയും നൽകാം) നമുക്കൊരു ദുരിതമുണ്ടാകുമ്പോൾ ആരെങ്കിലും സഹായവുമായി വരണമെന്നുണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും പോകാനുള്ള പാലം തന്നെയിടണം. അല്ലെങ്കിലവസാനം തമ്മിലൂതിയണച്ചിടാൻ പോലും ആരുമുണ്ടായെന്ന് വരില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>