
അല്പം മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ കണ്ട ഒരു പോസ്റ്റർ ആണ് ചിത്രത്തിലുള്ളത്. ശ്രദ്ധേയമായ കാര്യം ആ പോസ്റ്ററിന് തന്തയില്ല എന്നതാണ്. ഏതെങ്കിലും ചാനലുകാരുടേയോ പത്രത്തിന്റെയോ ലേബൽ ആ പോസ്റ്ററിൽ ഇല്ല. 21.5.2026 എന്ന തീയതി മാത്രമാണ് അതിലുള്ളത്. അതിന് ശേഷം രണ്ടാമത്ത ദിവസമായിട്ടും അങ്ങനെയൊരു വിഷയത്തെപ്പറ്റി ഒരു പ്രമുഖ മാധ്യമവും ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.
അഥവാ അങ്ങനെ ഒരു പൊലീസ് / MVD നടപടി മാദ്ധ്യമങ്ങളോ പുതിയ സർക്കാരോ അറിയാതെ നടക്കുന്നുണ്ടോ? ഉണ്ടാകാം. ഉണ്ടെങ്കിൽ അത് ഇതുവരെ പൊലീസും MVDയും ചെയ്ത് പോന്നിരുന്നതിൻ്റെ തുടർ നടപടി മാത്രമാകാനാണ് സാദ്ധ്യത. പുതിയ മന്ത്രിസഭയ്ക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം അവർ ഭരണത്തിലേറിയിട്ട് ഒരാഴ്ച പോലും ആയില്ല, അവർ ഈ വിഷയത്തിൽ ഒരു തീരുമാനവും നടപടിയും എടുത്തിട്ടില്ല എന്നതുതന്നെ.
അല്പം മുമ്പ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി.ജോൺ CP John ഏഷ്യാനെറ്റിന് നൽകിയ ഒരു ചെറിയ അഭിമുഖം കാണുകയുണ്ടായി. (പോസ്റ്റ് സമയം ~10:30am 23.05.2026 https://www.facebook.com/share/v/1C6ydeE8dW/ )
ഇതേ വിഷയമാണ് ഏഷ്യാനെറ്റ് അദ്ദേഹത്തോട് ചോദിച്ചത്. ‘അതിന്റെ നടപടികൾ ഒന്നും ആയിട്ടില്ല. തീരുമാനം എടുത്ത ശേഷം പ്രസ്സ് മീറ്റ് വഴി അറിയിക്കുന്നതാണ്. നിലവിൽ ഞാൻ അത്തരം ഒരു മാദ്ധ്യമസമ്മേളനം നടത്തിയിട്ടില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ?’ എന്നൊക്കെയാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നുവെച്ചാൽ നിലവിലുള്ള നിയമ നടപടിക്ക് എതിരെയോ അനുകൂലമായോ ഒരു തീരുമാനവും പുതിയ സർക്കാർ എടുത്തിട്ടില്ല.
അതേസമയം ഈ ഒരൊറ്റ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് V D Satheesan കിട്ടിയ മൈലേജും അദ്ദേഹത്തിനെ പൂക്കി മുഖ്യമന്ത്രിയായി യുവ തലമുറ ഏറ്റെടുത്തതും സഹിക്കാൻ പറ്റാത്തവർ കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. ആടിനെ പട്ടിയാക്കാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ഒരു കൂട്ടർ കേരളത്തിൽ ഉണ്ടെന്നത് എനിക്ക് ബോദ്ധ്യമുള്ള കാര്യമാണ്. അത്തരക്കാരുടെ വ്യാജ പ്രചരണങ്ങളിൽ വീഴാതിരിക്കുക.
ഈ പോസ്റ്ററിൽ കാണുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ഇടപെട്ട് ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഗതാഗത വകുപ്പിന് നിർദ്ദേശം നൽകിയില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഉദ്യോഗസ്ഥ തലത്തിലും സർക്കാരിന് ശത്രുക്കൾ ഉണ്ടെന്ന കാര്യം അറിയാവുന്നതല്ലേ?
മറ്റ് പല വിഷയങ്ങളിലും തന്തയില്ലാത്ത ഇത്തരം പോസ്റ്ററുകൾ കറങ്ങി നടക്കുന്നുണ്ട്. അതിന്റെയെല്ലാം ഉറവിടം കണ്ടെത്തി അക്കൂട്ടർക്ക് കൃത്യമായ ശിക്ഷ നൽകാൻ അമാന്തം ഉണ്ടായാൽ വരുന്ന അഞ്ചുവർഷം ഭരണം മുന്നോട്ട് കൊണ്ടു പോകുന്നത് എളുപ്പമാകില്ല. ഭരണകൂടം വൈകുന്ന ഓരോ നിമിഷവും കള്ളങ്ങൾ ലോകം ചുറ്റി വന്ന് കഴിഞ്ഞിട്ടുണ്ടാവും. കുറച്ചെങ്കിലും ജാഗ്രത പുലർത്തിയാൽ ഗുണം ചെയ്യും.
ഏത് മാദ്ധ്യമത്തിൻ്റേത് എന്ന് ലേബലില്ലാത്ത ഒരു പോസ്റ്റർ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ആസ്തിയുടെ കണക്ക് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതും കണ്ടിരുന്നു. അതിൻ്റേയും ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കേണ്ടതാണ്.
വാൽക്കഷണം:- വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ സർക്കാരിന്റെ തീരുമാനം അറിയാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാനും. ആ വിഷയത്തിൽ, പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെപ്പറ്റി മുഖ്യമന്ത്രിക്ക് നല്ല ബോദ്ധ്യമുണ്ടാകുമെന്നും ഞാൻ വിശ്വസിക്കുന്നു.