
ഇന്നലെ രാത്രി വിശ്രമിച്ചത് ഒരു കാർ ഷെഡിൽ ആയതുകൊണ്ട് തണുപ്പ് അനുഭവപ്പെട്ടതേയില്ല.
കുളിച്ച് തയ്യാറായി 9 മണിയോടെ സന്ധ്യയുടെ Sandhya Benny Sandhya കേരള കിച്ചണിലേക്ക് പുറപ്പെട്ടു. സന്ധ്യ എത്തുന്ന സമയത്തിനിടയ്ക്ക് ഞാൻ പട്ടണത്തിലെ ചില കടകളിൽ കയറിയിറങ്ങി. അരുണാചലിലെ കൈത്തറി കൊണ്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാക്കുന്ന ഗാലോങ് എന്ന ഓവർ കോട്ട് വളരെ ആകർഷണീയമാണ്. ഒരു തയ്യൽ കടയിൽ കയറി അതേപ്പറ്റി കുറേ കാര്യങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കി. മറ്റൊരു കടയിൽ അരുണാചലിലെ വിവാഹ ആഭരണങ്ങളും പാത്രങ്ങളും തയ്യാറാക്കുന്ന ഒരു സ്ത്രീയെ പരിചയപ്പെട്ടു. അതിൽ ചില പാത്രങ്ങൾ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും അതിന്റെ ഉയർന്ന വില എന്നെ പിന്തിരിപ്പിച്ചു.
പ്രാതലിന് സന്ധ്യ വിളമ്പിയത് ഇഡ്ഡലിയാണ്. ജീവിതത്തിൽ ഇന്നുവരെ ഇത്രയും രുചികരവും പതുപതുത്തതുമായ ഇഡലി ഞാൻ കഴിച്ചിട്ടില്ല.10 ഇഡലി കഴിച്ചു എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ.
പ്രാതലിൻ്റെ സമയത്ത് അവിടെ വെച്ച് ശ്രീ.തപങ്ങ് ടാക്കിയെ പരിചയപ്പെട്ടു. അദ്ദേഹം DIET കോളേജിലെ പ്രിൻസിപ്പാൾ ആണ്. മലയാളികളോട് വലിയ ബഹുമാനമാണ് അദ്ദേഹത്തിന്. അദ്ദേഹത്തിൻ്റെ അദ്ധ്യാപകർ പലരും മലയാളികൾ ആയിരുന്നു എന്നതാണ് കാരണം.
അദ്ദേഹം അണുണാചലിനെപ്പറ്റി ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്നു. ആലോയിലേക്ക് പോകുന്ന വഴിക്ക് കാണേണ്ട ഇടങ്ങൾ സൂചിപ്പിച്ചു. ഞങ്ങളുടെ പ്രാതലിൻ്റെ പണം അദ്ദേഹം കൊടുക്കുമെന്ന് നിർബന്ധം പിടിച്ചു. പക്ഷേ അതെങ്ങനെ സാധിക്കാൻ? ഇന്നലെ മുതൽ ഞങ്ങളുടെ സ്പോൺസർ സന്ധ്യ ആണല്ലോ. അവസാനം എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രാതലും സന്ധ്യ തന്നെ സ്പോൺസർ ചെയ്തു.
പ്രാതലിന് പുറമേ ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും കറികളും പൊതികെട്ടി തന്നാണ് സന്ധ്യ ഞങ്ങളെ യാത്രയാക്കിയത്. കുറഞ്ഞ സമയം കൊണ്ട് പാസിഗഡിൽ ഒരു കുടുംബബന്ധം ഉണ്ടാക്കിയാണ് ഞങ്ങൾ നഗരം വിടുന്നത്. സന്ധ്യയ്ക്കും ബെന്നിക്കും കുട്ടികൾക്കും നല്ലത് മാത്രം വരട്ടെ.
രണ്ടര മണിക്കൂറോളം യാത്രയുണ്ട് പാസിഗഡിൽ നിന്ന് ആലോയിലേക്ക്. നല്ല വഴിയാണ്. ഇരുട്ടുന്നതിനു മുൻപ് അങ്ങെത്തുകയും ചെയ്യും. അതിനാൽ വഴിയിൽ കണ്ട കാഴ്ചകൾ ഒക്കെ പകർത്തിയാണ് ഞാൻ മുന്നോട്ട് നീങ്ങിയത്.
ആലോയിൽ എത്തിയതും, റൈഡേഴ്സ് ക്ലബ് അംഗമായ ഗെമോ Gemo Kamum ഞങ്ങളെ സ്വീകരിക്കാൻ എത്തി. അദ്ദേഹം ഞങ്ങളെ Guun റിസോർട്ടിലേക്ക് കൊണ്ടുപോയി. ലോഹിത് നദിയുടെ തീരത്തുള്ള അനവധി റിസോർട്ടുകളിൽ ഒന്നാണ് അത്. വളരെ മനോഹരമായ ഒരു ക്യാമ്പ് സൈറ്റ്. പല ക്യാമ്പുകളിലും ആട്ടവും പാട്ടുമൊക്കെ നടക്കുന്നുണ്ട്.
കുറച്ചുനേരം നദിക്കരയിലും ക്യാമ്പ് സൈറ്റിലും ചിലവഴിച്ച ശേഷം തീ കായാനുള്ള ഏർപ്പാടുകൾ ചെയ്തു. താപമാനം 8 ഡിഗ്രിയാണ്. അതിനിടയ്ക്ക് സന്ധ്യ തന്നുവിട്ട ഭക്ഷണം അത്താഴമായി കഴിച്ചു.
ഷഫീഖ് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. 11 മണിയോടെ ഷഫീക്ക് എത്തും. നാളെ മുതൽ നാല് ദിവസം ഞങ്ങൾ വീണ്ടും ഒരുമിച്ചാണ് യാത്ര.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#northeast
#Along
#aaloarunachal