മജുലി ദ്വീപ് (GIE 2025-26. Day#54 – Jan 21)


12
രാവിലെ എഴുന്നേറ്റ് ഗ്യാസ് സ്റ്റേഷനിൽ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച ശേഷം മജുലി ദ്വീപിലേക്ക് യാത്ര തുടർന്നു.

ഗതാഗതത്തിരക്ക് തുടങ്ങിയിട്ടില്ല. ഗ്രാമങ്ങൾ ഉണർന്ന് വരുന്നതേയുള്ളൂ. അവിടവിടെയായി മൂടൽമഞ്ഞ് ഉണ്ട്. ഞാൻ വളരെ പതുക്കെയാണ് ഭാഗിയെ നയിച്ചത്. ഏറെ ഉന്മേഷദായകമായ ഒരു പ്രഭാത സവാരി ആയിരുന്നു അത്. 32 കിലോമീറ്റർ ഒരു മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് എത്തി.

അയാങ്ങ് ഓക്കും എന്ന ബാംബു റിസോർട്ടിൽ സംസാരിച്ച് വാഹനം പാർക്ക് ചെയ്യാനും ടെന്റ് അടിക്കാനുമുള്ള ഏർപ്പാട് ഷൈനി ചെയ്തിരുന്നു. പക്ഷേ അവസാന നിമിഷം പാസിഗഡിൽ നിന്ന് മജുലിയിലേക്ക് വരാനുള്ള പദ്ധതി ഷൈനി ഉപേക്ഷിച്ചു. എന്നിരുന്നാലും റിസോർട്ട് ഉടമസ്ഥൻ എനിക്ക് ഭാഗിയെ പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തു തന്നു. ബ്രഹ്മപുത്രയുടെ കരയിൽ അത്രയും മനോഹരമായ മറ്റൊരു സ്ഥലത്ത് ഈ യാത്രയിൽ ഒരിക്കൽ പോലും ഭാഗി കിടന്നിട്ടില്ല എന്ന് തോന്നുന്നു.

റിസോർട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ദ്വീപിലെ പ്രധാന കാഴ്ചകൾ തേടി ഞാൻ ഇറങ്ങി.

മാസ്ക്കുകൾക്ക് പേരുകേട്ട ഇടമാണ് മജുലി ദ്വീപ്. ഞാനാകട്ടെ വീട്ടിലെ ഒരു ചുമര് നിറയെ മാസ്ക്കുകളെ പതിപ്പിച്ചിട്ടും പോരാഞ്ഞ് കൂടുതൽ വ്യത്യസ്തമായ മാസ്ക്കുകൾ തേടി നടക്കുന്നവനും. പോരേ പൂരം?!

ഇവിടത്തെ മാസ്ക്കുകളെപ്പറ്റി പറയണമെങ്കിൽ സത്രകളെപ്പറ്റി ആദ്യം പറയേണ്ടി വരും. വൈഷ്ണവിസത്തിൻ്റെ ഈറ്റില്ലവും പാഠശാലകളും ആണ് സത്രകൾ. മതപരമായ സന്ദേശം നൽകുന്ന ഭാവനോസ് എന്ന കലാരൂപത്തിന്റെ ഭാഗമാണ് മാസ്കുകൾ. കഥാപാത്രങ്ങളെ എളുപ്പം തിരിച്ചറിയാൻ ഈ മാസ്ക്കുകളും അതിന്റെ നിറങ്ങളും സഹായിക്കുന്നു. കഥാപാത്രങ്ങൾ ഏറെയും വൈഷ്ണവ പുരാണത്തിൽ നിന്നുള്ളതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ദ്വീപിൽ പലയിടത്തായി പല സത്രകൾ ഉണ്ട്. എല്ലാ സത്രകളും കണ്ടെത്തി സന്ദർശിക്കണമെങ്കിൽ ആഴ്ചകളോളം ഇവിടെ നിൽക്കേണ്ടി വരും. 880 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ വിസ്തീർണ്ണം എന്ന് പറയുമ്പോൾ വലിപ്പത്തിൻ്റെ കാര്യം പിടികിട്ടുമല്ലോ? പ്രധാനപ്പെട്ട രണ്ട് സത്രകൾ സാമഗുരിയിലും കമലാബാരിയിലും അണ് ഉള്ളത്.

രണ്ട് തരം സത്രകളുണ്ട്. ഒന്ന്, വിവാഹം കഴിക്കാൻ പറ്റുന്നവർ. രണ്ട്, അവിവാഹിതരായി സന്യാസ ജീവിതം നയിക്കുന്നവർ. പ്രധാനപ്പെട്ട ഒരു സത്ര എന്ന നിലക്ക് ഞാൻ നോട്ടമിട്ടിരുന്നത് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ള ഹേമ ചന്ദ്ര ഗോസ്വാമിയുടെ സാമഗുരി സത്രയാണ്. 1663-ൽ ശ്രീ ചക്രപാണിയാണ് സാമഗുരി സത്ര സ്ഥാപിച്ചത്.

ഞാനവിടെ ചെന്ന് കയറുമ്പോൾ രണ്ട് ബസ്സ് നിറയെ വന്നിറങ്ങിയ NCC പിള്ളേരുടെ തിരക്ക്. ആ തിരക്ക് കഴിഞ്ഞപ്പോൾ ഗുരുജി ഹേമ ചന്ദ്രയെ പരിചയപ്പെട്ടു, സംസാരിച്ചു, ഒന്നിച്ച് ചിത്രങ്ങൾ എടുത്തു. താൻ ചെയ്തിട്ടുള്ള മാസ്ക്കുകളെ അദ്ദേഹം പരിചയപ്പെടുത്തി. ലണ്ടൻ മ്യൂസിയത്തിൽ വരെ അദ്ദേഹത്തിന്റെ മാസ്ക്കുകൾ ഇടം പിടിച്ചിട്ടുണ്ട്. റിപ്പബ്ലിക് പരേഡിൽ അദ്ദേഹത്തിന്റെ മാസ്ക്കുകൾ അണിനിരന്നിട്ടുണ്ട്. അതിന്റെ തലത്തനമൊന്നും പേറാത്ത ലാളിത്യമുള്ള ഒരു മനുഷ്യൻ. അതാണ് ഗുരുജി ഹേമചന്ദ്ര.

കെട്ടിടത്തിന് പുറത്ത് അദ്ദേഹവും ശിഷ്യഗണങ്ങളും ചേർന്ന് മാസ്ക്കുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. മുള കൊണ്ടുണ്ടാക്കിയ അസ്ഥിപഞ്ചത്തിൽ ചെളിയും ചാണകവും ചേർത്ത് പിടിപ്പിച്ച് അതിനു മുകളിൽ നിറങ്ങൾ കൊടുത്താണ് മാസ്കുകൾ നിർമ്മിക്കുന്നത്. ₹500 വില വരുന്ന രണ്ട് മാസ്ക്കുകൾ അവിടെ നിന്ന് വാങ്ങി. ചെയ്യുന്ന ജോലി വച്ച് നോക്കിയാൽ തുച്ഛമായ വിലയാണ് ആ മാസ്ക്കുകൾക്കുള്ളത്.

ഒരു ക്ഷേത്രത്തിൽ എന്നപോലെ സത്രകളിൽ ജനങ്ങൾ വന്ന് വലിയ വൈഷ്ണവ രൂപങ്ങളെ വണങ്ങി, ദക്ഷിണയിട്ട് പോകുന്നുണ്ട്. വേഷം സന്യാസിയുടേത് അല്ലെങ്കിലും സന്യാസിവര്യൻ ആണെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുടെ ഭക്തി ഗീതം കേട്ട് സത്രയിൽ കുറെയധികം നേരം നിന്ന ശേഷം 12 കിലോമീറ്റർ മാറിയുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്നവരുടെ സൽമോറ എന്ന് പേരുള്ള ഗ്രാമത്തിലേക്ക് നീങ്ങി.

ആ തെരുവിൻ്റെ ഒരുവശത്ത് മുഴുവൻ അവരുടെ വീടുകളാണ്. റോഡിൻ്റെ എതിർവശത്ത് അവരുടെ ചൂളകളും. ‘പാത്രം നിർമ്മാണം കാണണോ’ എന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു. കൂട്ടത്തിൽ ഒരു കാര്യം സൂചിപ്പിക്കട്ടെ. അരുണാചലിൽ ഏതൊരാളോടും ഹിന്ദി സംസാരിച്ചാൽ കാര്യങ്ങൾ നടക്കും എന്നുണ്ടായിരുന്നു. ആസ്സാമിലേക്ക് കടന്നാൽ അതിൽ അല്പം വ്യത്യാസമുണ്ട്. ചിലർക്ക് ഹിന്ദി വഴങ്ങില്ല. നല്ല ഒന്നാന്തരം ആസാമീസ് ആണ് അവർ പറയുക. ഇന്നതായിരിക്കും അവർ പറഞ്ഞത് എന്ന് ഒരു ഊഹത്തിൽ കാര്യങ്ങൾ ഗണിക്കുകയാണ് ഇത്തരം ഘട്ടങ്ങളിൽ എന്റെ പതിവ്.

ഞാൻ ആ സ്ത്രീയുടെ പുരയിടത്തിലേക്ക് കടന്നു. അവർ പാത്ര നിർമാണത്തിന്റെ അഞ്ച് ഘട്ടങ്ങൾ എന്നെ പരിചയപ്പെടുത്തി. അഞ്ചാമത്തെ ഘട്ടം പാത്രം ചുട്ടെടുക്കലാണ്. അത് കാണിച്ചു തരാൻ നിർവാഹമില്ല. ചൂള നിറയെ പാത്രങ്ങൾ ആയതിന് ശേഷമേ അവർ അതിന് തീ ഇടൂ. അല്ലെങ്കിൽ ചിലവ് മുതലാകില്ല.

ഈ പാത്രം നിർമ്മാണത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കൽ പോലും അവർ ചക്രം ഉപയോഗിക്കുന്നില്ല എന്നതാണ്. കൈകൊണ്ട് തന്നെയാണ് മുഴുവൻ പണികളും ചെയ്യുന്നത്. ചുട്ടെടുക്കുന്നതിനു മുൻപ് പാത്രങ്ങൾ ചെറുതായി പൊട്ടിയിട്ടുണ്ടെങ്കിൽ പോലും അവർ അതിനെ ശരിപ്പെടുത്തിയെടുക്കും. അത്ര ശ്രമകരമായ ജോലി ചെയ്താലും ഒരു മൺകുടത്തിന് കിട്ടുന്നത് 70 രൂപ മാത്രമാണ്.

അതേ തെരുവിലുള്ള മറ്റൊരു ചൂളയിൽ പാത്രങ്ങൾ നിറച്ചു കൊണ്ടിരിക്കുന്നു മറ്റൊരു കുടുംബം. ഞാൻ ആകാംക്ഷയോടെ കാത്തുനിന്നു. പാത്രങ്ങൾ കൊണ്ട് ചൂള നിറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ അവർ നാളെ രാവിലെ മാത്രമേ ചൂള കത്തിക്കൂ.

ആ തെരുവിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും മൺപാത്രങ്ങൾ വാങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വലിപ്പം കുറവുള്ള പാത്രങ്ങൾ ഒന്നും ആ കൂട്ടത്തിൽ ഇല്ല. വലിയ പാത്രങ്ങൾ തട്ടാതെയും പൊട്ടാതെയും കേരളത്തിൽ എത്തുമോ എന്ന് ആശങ്കയുണ്ട്. ആയതിനാൽ, പുകയില നിറച്ച് സിഗരറ്റ് പോലെ വലിക്കാൻ ഉപയോഗിക്കുന്ന ചെറിയ രണ്ട് പൈപ്പുകൾ വാങ്ങി സോവനീറിന്റെ ആഗ്രഹം നിറവേറ്റി.

അടുത്ത ലക്ഷ്യം കമലാബാരി ഫെറി ഗാട്ട് ആണ്. ഇന്നലെ ബ്രഹ്മപുത്ര കടക്കാതെ ഞാൻ ഉപേക്ഷിച്ച ചെറിയ ബോട്ടുകൾക്ക് പകരം അല്പം വലിയ ജങ്കാർ സർവീസ് നടക്കുന്ന ജെട്ടിയാണ് ഇത്. അവിടെവിടെയായി ചെറിയ കടകളും കരയിൽ പണി നടക്കുന്ന ചില ബോട്ടുകളും ആ തീരത്ത് ഉണ്ട്. ഒരു ദിവസത്തെ പിക്നിക് എന്ന നിലയ്ക്ക് വന്ന് ഭക്ഷണം ഉണ്ടാക്കി കഴിച്ച് പോകുന്ന വലിയ സംഘങ്ങളും തീരത്ത് ഉണ്ട്. കുറേനേരം ആ തീരത്ത് ചിലവഴിച്ചു. അപ്പോഴേക്കും ഒരു കാര്യം ഞാൻ മനസ്സിലാക്കി. കമലാബാരി ജെട്ടിയിൽ നിന്ന് ഇപ്പോൾ ഫെറി സർവീസ് ഇല്ല. അതുവഴി ദ്വീപിൽ നിന്ന് പുറത്ത് കടക്കാം എന്ന എന്റെ ആഗ്രഹം അടഞ്ഞു.

ഇതുവഴി പുറത്ത് കടന്നാൽ ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന 68-കാരനായ ജാദവ് പായെങ്ങിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുക എന്നൊരു പദ്ധതിയും ഉണ്ട്.

അല്പം മാറി അഫൽമുഖ് എന്ന വേറൊരു ജെട്ടി ഉണ്ട്. അതുവഴിയും ദ്വീപിൽ നിന്ന് പുറത്ത് കടക്കാം എന്ന് മനസ്സിലാക്കി. പക്ഷേ അങ്ങനെ പോയാൽ ജാദവ് പായങ്ങിനെ കാണാൻ എത്ര ദൂരം കൂടുതൽ സഞ്ചരിക്കണമെന്ന് നിശ്ചയമില്ല.

അതെന്തായാലും, എന്റെ കണ്ണൂര് എഞ്ചിനീയറിങ് കോളേജ് സുഹൃത്ത് ഷാജിമോൻ വഴി ജാദവിൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ചു. മറ്റന്നാൾ ഞാൻ ദ്വീപിൽ നിന്ന് പുറത്ത് കടക്കുമ്പോഴേക്കും അദ്ദേഹം ഗോഹാട്ടിയിലേക്ക് പോകുമെന്നാണ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ ഗോഹാട്ടിയിൽ ചെന്നിട്ടായാലും അദ്ദേഹത്തിനെ കാണണമെന്നുണ്ട്. അതിനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കമലാഭാരി ഗാട്ടിന് തൊട്ടടുത്ത് തന്നെയാണ് മജുലി ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ. കോടികൾ ചിലവഴിച്ച് സർക്കാർ അവിടെ ലോഗ് ഹട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. പക്ഷേ ആൾതാമസം ഉള്ള ലക്ഷണമില്ല. പരിപാലനവും തീരെ കുറവ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. അവിടത്തെ കഫേയിൽ ഒരു കാപ്പി ഓർഡർ ചെയ്തപ്പോൾ, കാട്ടിലെ തടി തേവരുടെ ആന എന്ന സംവിധാനം ആണെന്ന് മനസ്സിലായി. കാപ്പി തരാനോ ഭക്ഷണം വിളമ്പാനോ അവർക്ക് വലിയ താല്പര്യമൊന്നും ഇല്ല. കമലാബാരിയിൽ ഫെറി സർവീസ് ഇല്ലെങ്കിൽ ഈ വഴി സഞ്ചാരികൾ വരുകയുമില്ല, ആരും ഇവിടെ താമസിക്കുകയുമില്ല.

ഇരുട്ട് വീഴുന്നതിന് മുൻപ് ഞാൻ റിസോർട്ടിൽ തിരികെയെത്തി. പൊടിപിടിച്ച് വൃത്തികേടായി കിടക്കുന്ന ഭാഗിയെ കുളിപ്പിച്ച് സുന്ദരിയാക്കി.

റിസോർട്ടിലെ മറ്റ് ഹട്ടുകളിൽ ധാരാളം സഞ്ചാരികൾ ഉണ്ട്. അവർ തീ കായാൻ തുടങ്ങിയെങ്കിലും എനിക്ക് ഇവിടുത്തെ തണുപ്പ് ഒരു വിഷയമേയല്ല എന്ന അവസ്ഥയാണ്.

പുഴയുടെ അക്കരെ കിളികൾ ചേക്കേറുന്നതിന്റെ ശബ്ദം കേൾക്കാം. റിസോർട്ടിലെ കഫേയിൽ ഭക്ഷണം പറഞ്ഞിട്ടുണ്ട്. അത് കഴിച്ചാലുടനെ ഭാഗിയിലേക്ക് ഞാനും ചേക്കേറും.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#majuliisland
#northeastindia
#motorhome
#northeast
#majuli
#assam
#masks

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>