Monthly Archives: January 2026

വീണ്ടും കൊഹീമയിൽ (GIE 2025-26. Day#64 – Jan 31)


12
അതിമനോഹരമായ ജംഗിൾ റിസോർട്ടിൽ ആയിരുന്നു ഇന്നലെ തങ്ങിയത് എന്ന് സൂചിപ്പിച്ചിരുന്നല്ലോ. കാടിനോട് ചേർന്നുള്ള സ്ഥലമായതുകൊണ്ട് തന്നെ കിളികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങൾ രാത്രിയും വെളുപ്പിനും കേൾക്കാമായിരുന്നു.

ഏഴ് മണിയോടെ റിസോർട്ടിലെ ജീവനക്കാരൻ തന്ന ലാൽ ചായയും കുടിച്ച് ഭാഗിയെ കഴുകി വൃത്തിയാക്കിയ ശേഷം അവിടന്ന് ഇറങ്ങി. ആസ്സാമിലെ ബോർഗാട്ട് എന്ന സ്ഥലത്തുള്ള അനുരാഗ് ധാബയിലേക്കാണ് യാത്ര. രണ്ടു മണിക്കൂർ സഞ്ചാരം ഉണ്ട്. 9 മണിയോടെ അജു, മിനി, ബീബിൾ എന്നീ സുഹൃത്തുക്കൾ അവിടെ എത്താമെന്നാണ് ഏറ്റിരിക്കുന്നത്. അവർ വരുന്നത് ഗോഹാട്ടിയിൽ നിന്നാണ്. ഇന്നലെ മൂന്ന് പേരും കേരളത്തിൽ നിന്ന് എത്തി ഗോഹാട്ടിയിൽ തങ്ങിയിരുന്നു.

അര മണിക്കൂർ സമയ വ്യത്യാസത്തിൽ ഞങ്ങൾ നാല് പേരും അവിടെ സമ്മേളിച്ചു. അവിടന്ന് പ്രാതൽ കഴിച്ചശേഷം നാഗാലാൻഡിലെ കൊഹീമയിലേക്ക് പുറപ്പെട്ടു. 5 മണിക്കൂർ യാത്രയുണ്ട്. മൂവർ സംഘം ഒരു ആസ്സാം രജിസ്ട്രേഷൻ ആൾട്ടോ കാറിൽ മുന്നിലും, പിന്നിൽ ഭാഗിയും നീങ്ങിക്കൊണ്ടിരുന്നു.

സത്യത്തിൽ കൊഹീമയല്ല, മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാൽ ആണ് ലക്ഷ്യം. ലോവർ ആസ്സാമിലെ സിലിച്ചർ വഴി മണിപ്പൂരിലേക്ക് ദൂരം കൂടുതലാണ്; ആ റോഡും മോശമാണ്. പിന്നെയുള്ളത് കൊഹീമ വഴിയുള്ള മണിപ്പൂർ പ്രവേശനമാണ്. അതുകൊണ്ടാണ് എനിക്ക് വീണ്ടും കൊഹീമയിലേക്ക് വരേണ്ടി വന്നത്.

ആസ്സാമിലേക്ക് കടന്നപ്പോൾ ചില പുതിയ വഴികളിലൂടെയാണ് അജു വാഹനം മുന്നോട്ട് നയിച്ചത്. ഇടയ്ക്ക് ഒരു വില്ലേജിൽ നിർത്തുകയും ചായ കുടിക്കാനുള്ള ഇടവേളകൾ കൃത്യമായി എടുക്കുകയും ചെയ്തു.

ടീസോ ബസ്തി എന്ന ഒരു വില്ലേജിലാണ് ഞങ്ങൾ കയറിയത്. ഒരു ബിഹ (0.625 ഏക്കർ) കൃഷിയിടം 1200 രൂപ വാർഷിക വാടക നിരക്കിൽ എടുത്ത് അവിടെ കൃഷി ചെയ്യുന്നത് ഒരു വെസ്റ്റ് ബംഗാൾ കുടുംബമാണ്.

മുളയും പുല്ലും വെച്ച് ഉണ്ടാക്കിയിരിക്കുന്ന ആ വീടിന് പല ഭാഗങ്ങളുണ്ട്. ഒന്നിൽ അവരുടെ കിടപ്പുമുറികൾ. മറ്റൊന്നിൽ അടുക്കള. അതിന് രണ്ടിനും ഇടയ്ക്ക് ഒരു ചെറിയ ക്ഷേത്രം. കൂടാതെ കരിമ്പിൻ നിന്ന് ശർക്കര ഉണ്ടാക്കുന്ന സംവിധാനം ഒരു കൂരയ്ക്ക് കീഴെയുണ്ട്. തൊഴുത്ത്, കോഴിക്കൂട് എന്നിവ വേറെ വേറെ കാണാം. മുറ്റത്ത് കരിമ്പിന്റെ ചണ്ടി ഉണങ്ങാൻ ഇട്ടിരിക്കുന്നു. അവരത് അടുപ്പ് കത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്.

തൂണൊന്നിൽ ഒരു കുരങ്ങനെ കെട്ടിയിട്ടിയിരിക്കുന്നത് ആശ്ചര്യപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമമൊന്നും ഇന്നാട്ടിൽ ബാധകമല്ലാത്തത് പോലെ. അതേപ്പറ്റി ചോദിച്ചപ്പോൾ വീട്ടുടമ പറഞ്ഞ കാര്യം ന്യായമാണെന്ന് തോന്നി.

ഈ കുരങ്ങൻ അടക്കം ധാരാളം കുരങ്ങന്മാർ അവിടെ വരുമായിരുന്നു. വന്നാൽ പോകാതായപ്പോൾ, വീട്ടുകാർ തന്നെ കുരങ്ങന്മാരെ കാട്ടിൽ കൊണ്ടുപോയി വിട്ടു. പക്ഷെ ഈ കുരങ്ങൻ പിന്നെയും വന്നു. വന്നാൽ അടുക്കളയിൽ കയറി ഭക്ഷണം എടുത്ത് കഴിക്കും. വീട്ടിൽ കയറി സാധനങ്ങൾ വലിച്ചുവാരി അലങ്കോലമാക്കും. അങ്ങനെ വന്നപ്പോൾ അതിനെ കെട്ടിയിട്ട് ഭക്ഷണം കൊടുത്ത് പോറ്റേണ്ട അവസ്ഥ സംജാതമായി. ഇതാണ് വിഷയത്തിൻ്റെ മറുവശം. കാടിനോട് ചേർന്ന് കൃഷി ചെയ്ത് ജീവിക്കുന്നവർക്ക് എന്തെല്ലാം പ്രശ്നങ്ങൾ ആണെന്ന് നോക്കൂ.

ഹോൺബിൽ ഫെസ്റ്റിവൽ സമയത്ത് ILP എടുക്കാതെ നാഗാലാൻ്റിൽ പ്രവേശിക്കാൻ ഇളവ് ഉണ്ടായിരുന്നു. ഇപ്രാവശ്യം അത് പറ്റില്ലല്ലോ. ആയതിനാൽ ഇന്നലെ മുഴുവൻ ഓൺലൈൻ പാസ്സ് എടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ കേരളത്തിൽ ഏത് ജില്ലക്കാരൻ, എന്ന കോളം പൂരിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. ഇന്ന് ചെക്ക് പോസ്റ്റിൽ ചെന്ന് നേരിട്ട് എടുക്കാം എന്നാണ് കണക്ക് കൂട്ടിയിരുന്നത്. പക്ഷേ, ഭാഗ്യവശാൽ ചെക്ക് പോസ്റ്റിൽ ആരും തടഞ്ഞില്ല, രേഖകൾ ഒന്നും ചോദിച്ചില്ല. അങ്ങനെ ആ തലവേദന ഒഴിവായി.

കൊഹീമയിൽ എത്തിയപ്പോളേക്കും ഇരുട്ട് വീണിരുന്നു. കിഗ്വാമ വില്ലേജിൽ വേൽസ് നെസ്റ്റ് എന്ന ഹോം സ്റ്റേയിൽ അജു മുറികളും ഭക്ഷണവും ഏർപ്പാടാക്കി. പുറത്ത് 4 ഡിഗ്രിയിൽ താഴെ തണുപ്പുണ്ട്. ആയതിനാൽ ഇന്ന് ഞാൻ മുറിയിൽ താമസിക്കുന്നു.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhome
#Nagaland
#kohima
#ILP
#northeast