ഭൂട്ടാനിൽ ഭാഗിയും ഞാനും (GIE 2025-26. Day#60 – Jan 27)


12
ഒരു മോശം അനുഭവത്തോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്.

ചെല്ലുന്ന ഇടങ്ങളിലെല്ലാം തെരുവ് നായ്ക്കൾക്ക് ബിസ്ക്കറ്റ് കൊടുത്ത് മയക്കി വരുതിയിൽ ആക്കുന്നത് എന്റെയൊരു പതിവാണ്. പിന്നെ നമ്മൾ അവിടം വിടുന്നത് വരെ നമ്മെ അവറ്റകൾ സംരക്ഷിച്ചു കൊള്ളും. ഈ വിഷയത്തിൽ വിശദമായി ഒരു ലേഖനം ഞാൻ യുവധാര മാസികയിൽ കഴിഞ്ഞ വർഷം എഴുതിയിരുന്നു.

ഇന്നലെയും അത്തരത്തിൽ ഒരു നായക്ക് ബിസ്ക്കറ്റ് കൊടുത്തിരുന്നു. അവൻ രാത്രി മുഴുവൻ ഭാഗിയുടെ പുറക് വശത്ത് കാവൽ കിടക്കുകയും ചെയ്തു. രാവിലെ ഞാൻ നോക്കുമ്പോൾ അവൻ ഉണ്ടായിരുന്നു. ഞാൻ എഴുന്നേറ്റെന്ന് മനസ്സിലാക്കിയപ്പോൾ അവൻ ഒന്ന് കറങ്ങാൻ പോയി. അല്പനേരം കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ മറ്റ് രണ്ട് നായ്ക്കൾ അവിടെ നിൽക്കുന്നു. ഞാൻ അവറ്റകൾക്കും ബിസ്ക്കറ്റ് കൊടുത്തു. പെട്ടെന്ന്, നായ ഒന്നാമൻ പ്രത്യക്ഷപ്പെട്ടു. അവന്റെ സ്ഥാനം ആരോ പിടിച്ചടക്കിയതിനുള്ള ദേഷ്യത്തിൽ മുരണ്ടു കൊണ്ടായിരുന്നു വരവ്. അവൻ ആ രണ്ട് നായ്ക്കൾക്കും നേരെ കുരച്ചു ചാടി. അവരും വിട്ടില്ല. രണ്ടുപേർ ചേർന്ന് ഒരാളെ ആക്രമിക്കുമ്പോൾ സംഭവിക്കുന്നത് തന്നെ ഇവിടെയും നടന്നു. അവന് ധാരാളം കടി കിട്ടി. ഒരു ഘട്ടത്തിൽ അവൻ വല്ലാതെ മോങ്ങുന്നുണ്ടായിരുന്നു. ആ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഞാൻ പകച്ചു നിന്നു. അപ്പോഴേക്കും റസ്റ്റോറന്റ് ഉടമ ഓടിവന്ന് കല്ലെടുത്ത് എറിഞ്ഞ് മൂന്നെണ്ണത്തിനേയും ഓടിച്ചു. എന്റെ സംരക്ഷകനായ നായ എന്റടുത്ത് വന്ന് പരാതി പറയുന്നതുപോലെ മോങ്ങിക്കൊണ്ട് നിന്നു. ഞാൻ കാരണമാണല്ലോ ഇങ്ങനെ സംഭവിച്ചതും അവന് കടി കിട്ടിയതും എന്ന് ആലോചിച്ചു വിഷമിച്ച് ഞാനും നിന്നു. എന്റെ ബിസ്ക്കറ്റുകൾ അപ്പോഴേക്കും തീർന്നിരുന്നു. അല്പം ദൂരെ മാറിയുള്ള ഒരു കടയിൽ ചെന്ന് ബിസ്ക്കറ്റ് വാങ്ങി വന്ന് ഞാൻ മൂന്ന് പേരെയും തീറ്റിച്ചു. എല്ലാവർക്കും ആവശ്യത്തിന് തീറ്റ കിട്ടിയതോടെ അവരുടെ പിണക്കവും തീർന്നു.

അതിന് ശേഷം മാനസിന്റെ പരിസരത്തുള്ള പലപല വഴികളിലൂടെ ചുറ്റിയടിച്ചു. നദി ഒഴുകുന്ന ഭാഗത്തെല്ലാം പിക്നിക് സ്പോട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് നാട്ടുകാർ. അവിടെ കറങ്ങി നടക്കുന്ന വാഹനങ്ങൾ പലതും ഭൂട്ടാനിൽ നിന്നുള്ളതാണ്.

9 മണിയോടെ മാനസ് വിട്ടു. ഇന്നലെ പോകണമെന്ന് ഉദ്ദേശിച്ചിരുന്ന ഭൈരവ്കുണ്ഡ് ആയിരുന്നു ലക്ഷ്യം. 160 കിലോമീറ്റർ ദൂരം, 4 മണിക്കൂർ ഡ്രൈവ്. രണ്ടു മണിയോടെ ഭൈരവ്കുണ്ഡിൽ എത്തി.

ഇങ്ങോട്ട് വന്നിരിക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. ഇത് ഭൂട്ടാൻ അതിർത്തിയാണ്. ഇവിടെയുള്ള ഇന്ത്യൻ ചെക്ക് പോസ്റ്റും ഭൂട്ടാൻ ചെക്ക് പോസ്റ്റും താണ്ടി ഒരു കിലോമീറ്ററോളം ഭൂട്ടാനിലേക്ക് യാത്ര ചെയ്യാൻ സഞ്ചാരികളെ അനുവദിക്കും. നടന്ന് പോവുകയാണെങ്കിൽ ആധാർ കാർഡ് മാത്രം നൽകിയാൽ മതി. വാഹനവുമായി പോകണമെങ്കിൽ ആധാർ കാർഡിന് പുറമേ വാഹനത്തിന്റെ RCയും ഡ്രൈവിംങ്ങ് ലൈസൻസും ഹാജരാക്കണം.

ഇന്ത്യൻ ചെക്ക് പോസ്റ്റിൽ ആധാർ കാർഡ് മാത്രം നൽകിയാൽ മതി. ഭൂട്ടാൻ ചെക്ക് പോസ്റ്റിൽ കാര്യങ്ങൾ കുറെക്കൂടെ ചിട്ടവട്ടത്തിലും കർശനത്തിലും ആണ്. ആ ചെക്ക് പോസ്റ്റിൽ അവർ പടങ്ങൾ ഒന്നും എടുക്കാൻ അനുവദിക്കുന്നില്ല. അരമണിക്കൂറോളം ക്യൂ നിന്നിട്ടാണ് എനിക്ക് പാസ് കിട്ടിയത്. ചെറുപ്പക്കാരായ ഭൂട്ടാൻ പൊലീസുകാർ വളരെ മാന്യമായിട്ടാണ് എല്ലാവരോടും പെരുമാറുന്നത്.

പാസ്സ് കിട്ടിയതും ഞാനും ഭാഗിയും ഭൂട്ടാനിലേക്ക് നീങ്ങി. ഭാഗിയുടെ ആദ്യത്തെ ഒഫീഷ്യൽ വിദേശയാത്ര എന്ന് വേണമെങ്കിൽ പറയാം. നാഗാലാൻഡിൽ വെച്ച്, റോഡിന്റെ ഒരുവശം മ്യാൺമാറും മറുവശം ഇന്ത്യയും എന്ന അവസ്ഥ വന്നപ്പോൾ ഭാഗിയുടെ ടയറുകൾ ഒരു വിദേശ രാജ്യത്ത് ഉരുണ്ടു എന്ന് ഞാൻ സന്തോഷിച്ചിരുന്നു. പക്ഷേ ചിലർ പറഞ്ഞു ഭാഗി കിടക്കുന്നത് മ്യാൺമാറിൽ അല്ല എന്ന്. എന്തായാലും ഇന്നത്തെ ദിവസം ഭാഗി ഒരു വിദേശയാത്ര ചെയ്തിരിക്കുന്നു. മോശം അനുഭവത്തോടെയാണ് ദിവസം തുടങ്ങിയതെങ്കിലും വളരെ നല്ല ഒരു അനുഭവത്തിലേക്ക് ഞാനിതാ കടന്നിരിക്കുന്നു.

ഭൂട്ടാൻ ചെക്ക് പോസ്റ്റ് കടന്നുചെന്നാൽ ഒരു ചെറിയ ബുദ്ധ ക്ഷേത്രം ഉണ്ട്. ബുദ്ധ വിശ്വാസികളുടെ പ്രാർത്ഥന മണികളാണ് അതിന്റെ ചുമരിൽ മുഴുവനും. വലിയൊരു മണി ആ കെട്ടിടത്തിന്റെ അകത്തും ഉണ്ട്. ആ തെരുവിലൂടെ മുന്നോട്ട് നീങ്ങി ഇടത്തേക്ക് തിരിഞ്ഞാൽ തൂക്കുപാലത്തിൽ എത്താം. ഇപ്പോൾ തൂക്കുപാലത്തിന് സമാന്തരമായി ഇരുമ്പ് പാലവും വന്നിട്ടുണ്ട്. അത്രയും ഭാഗത്ത് ഒരു കൊച്ചു ഗ്രാമമാണ്. ഇതുപോലെ വരുന്ന സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാനുള്ള റസ്റ്റോറന്റുകളും അത്യാവശ്യം പലചരക്ക് കടകളും അവിടെ ഉണ്ട്. ആ ചെറിയ സ്ഥലത്ത് മൂന്ന് മദ്യശാലകളും ഞാൻ കണ്ടു.

മറ്റൊരു രാജ്യത്തേക്ക് വന്നതാണല്ലോ. അല്പം വൈകിയാണെങ്കിലും ഉച്ച ഭക്ഷണം അവിടെ ഒരു റസ്റ്റോറന്റിൽ നിന്ന് കഴിച്ചു. 70 എൻഗോൽട്രം ആണ് ഒരു ‘ചിക്കൻ ചൗമീൻ തുപ്പ’യുടെ നിരക്ക്. ഏറെക്കുറെ ഇന്ത്യൻ കറൻസിക്ക് തത്തുല്യമാണ് ഭൂട്ടാൻ കറൻസിയായ എൻഗോൽട്രം. ഇന്ത്യൻ രൂപ അവർ സ്വീകരിക്കുകയും ചെയ്യും. അഥവാ സ്വീകരിച്ചില്ലെങ്കിൽ അവിടെ ചെല്ലുന്ന സഞ്ചാരികൾ കുഴയും. ബോർഡർ കടക്കുന്ന ആ നിമിഷം നെറ്റ്‌വർക്ക് ഇല്ലാതാകുന്നു എന്നത് തന്നെ കാരണം.

ആ റസ്റ്റോറന്റിൽ വെച്ച് അനുരാഗിനേയും ഭാര്യയേയും പരിചയപ്പെട്ടു. രണ്ടുപേരും ആസാമിൽ നിന്നുള്ളവരാണെങ്കിലും ആ സ്ത്രീയുടെ വേരുകൾ ബംഗാളിലാണ്. ഞാൻ കാറിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ടപ്പോൾത്തന്നെ എന്നെ നോക്കി അവർ പരസ്പരം പറഞ്ഞു പോലും! ഒന്നുകിൽ സൗത്ത് ഇന്ത്യൻ, അല്ലെങ്കിൽ ബംഗാളി.

ഗോഹാട്ടിലുള്ള അനുരാഗിന്റെ മുത്തച്ഛനെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി തരാമെന്ന് ഏറ്റിട്ടുണ്ട്. അദ്ദേഹം ഒരു ചരിത്രകാരനും ആർക്കിയോളജിസ്റ്റും ആണ്. നോർത്ത് ഈസ്റ്റിലെ കോട്ടകളുടെ കാര്യത്തിൽ എനിക്ക് അദ്ദേഹത്തിന്റെ സഹായം തീർച്ചയായും ആവശ്യം വരും.

ഒരുപാട് സമയം ആ തെരുവിൽ ചിലവഴിച്ചു. കുറെയേറെ നാളുകൾക്ക് ശേഷം ഇന്ത്യക്ക് പുറത്ത് കടന്നതാണ്. ഭൂട്ടാന്റെ ഓർമ്മയ്ക്ക് വേണ്ടി എന്തെങ്കിലും വാങ്ങണമെന്ന് വെച്ച് നോക്കിയപ്പോൾ കാര്യമായിട്ടൊന്നും ആ കടകളിൽ കിട്ടാനില്ല എങ്കിലും ഭൂട്ടാന്റെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ഒരു സാധനം സംഘടിപ്പിച്ചു. ബുദ്ധ മതക്കാരുടെ പ്രാർത്ഥനാ മണിയുടെ മറ്റൊരു രൂപമാണ് ആ സോവനീർ.

മൂന്ന് മണിക്കൂറിനകം തിരികെ ഇന്ത്യയിലേക്ക് കടന്നു. ഭൈരവി നദിക്ക് കുറുകെയുള്ള പാലത്തിന് എതിർവശം റൈനോ എന്ന പേരിലുള്ള റിസോർട്ടിൽ എനിക്കും ഭാഗിക്കും താങ്ങാനുള്ള സൗകര്യം ഒരുക്കാമെന്ന് അനുരാഗ് ഏറ്റിരുന്നു. അതുകൊണ്ടുതന്നെ ഇരുട്ട് വീഴുന്നത് വരെ ഭൈരവ്കുണ്ഡിലെ വഴികളിൽ ചുറ്റിയടിച്ചു.

ഭൈരവ ക്ഷേത്രമാണ് ഇവിടെ കാണാനുള്ളതിൽ ഒന്ന്. വളരെ ചെറിയ ക്ഷേത്രമാണ് അത്. ഭൈരവി ഇറിഗേഷൻ പദ്ധതിയുടെ തടയണകൾ നദിക്ക് കുറുകെ പണിതിട്ടുണ്ട്. ജലം കനാലുകളിലേക്ക് തിരിച്ചുവിടാൻ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയിൽ ഈ നദിയുടെ പേര് ഭൈരവി എന്നാണെങ്കിലും ഭൂട്ടാനിൽ അതിന്റെ പേര് ജമ്പാനി എന്നാണ്.

നദിക്കരയിൽ ഭൈരവ്കുണ്ഡിന്റെ പിക്നിക് സ്പോട്ട് ആണ്. ബസുകളിലും കാറുകളിലും ധാരാളം സഞ്ചാരികൾ അവിടെ വന്ന് ക്യാമ്പ് ചെയ്ത് പോകുന്നുണ്ട്. വാഷ് റൂം സൗകര്യം അവിടെ ലഭ്യമാണെങ്കിൽ ഞാൻ നദിക്കരയിൽ ക്യാമ്പ് ചെയ്യാൻ പദ്ധതിയിട്ടു. പക്ഷേ അവിടെ ചില നാട്ടുകാരോട് ചോദിച്ചപ്പോൾ രാത്രി അവിടെ ക്യാമ്പ് ചെയ്യുന്നത് അപകടമാണ് എന്നവർ പറഞ്ഞു. രാത്രിയാകുമ്പോൾ അവിടെ ആന ഇറങ്ങുമെത്രേ!

ഞാൻ നേരെ റൈനോ റിസോർട്ടിലേക്ക് ചെന്നു. പക്ഷേ അവിടെ വാഹനം പാർക്ക് ചെയ്ത് കിടക്കണമെങ്കിൽ അവർക്ക് 1000 രൂപ കൊടുക്കണം പോലും. ആന ഇറങ്ങുന്ന സ്ഥലമാണ് അത് എന്നാണ് അവരും പറഞ്ഞത്. എന്തായാലും അത്ര വലിയ തുക കൊടുത്ത് അവിടെ തങ്ങാൻ ഞാൻ തയ്യാറായിരുന്നില്ല. റോഡരുകിൽ ഒന്നുരണ്ട് പെട്രോൾ ബങ്കുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അതിലൊന്നിൽ ചെന്ന് ഭാഗിക്ക് ഫുൾ ടാങ്ക് പെട്രോൾ അടിച്ച് അവിടെത്തന്നെ കൂടാനുള്ള അനുമതി വാങ്ങി. തെരുവിന്റെ എതിർവശത്ത് ഒരു ചെറിയ റസ്റ്റോറന്റിൽ നിന്ന് അത്താഴവും കഴിച്ചു.

ഒരു വിദേശയാത്ര കഴിഞ്ഞ് വന്നതിൻ്റെ ക്ഷീണവും സന്തോഷവും ഉണ്ട്. ആനകൾ പെട്രോൾ ബങ്ക് വരെ എത്തില്ല എന്ന വിശ്വാസത്തിൽ ഉറങ്ങാൻ കിടക്കുന്നു.

ശുഭരാത്രി.
————
വാൽക്കഷണം:- ഈ കുറിപ്പുകൾ ഇന്ന് 2 മാസം തികയ്ക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് പക്ഷേ 77 ദിവസമായി. എന്റെ റഫറൻസിനും ഓർമ്മയ്ക്കും വേണ്ടി കുറിച്ചിടുന്നതാണ് ഇതത്രയും. അല്ലെങ്കിൽ ഞാൻ തന്നെ മറന്നു പോകും. ഇതുകൂടാതെ, പരസ്യമായി പറയാൻ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങൾ ഡയറിയിലും എഴുതി വെക്കുന്നുണ്ട്. ഇതൊക്കെ ആരെങ്കിലും വായിച്ചാലും ഇല്ലെങ്കിലും എനിക്ക് വ്യത്യാസമൊന്നുമില്ല. ആദ്യകാലത്ത് ഉണ്ടായിരുന്ന അത്രയും റെസ്പോൺസ് ഇപ്പോൾ കാണുന്നില്ല എന്നതുകൊണ്ട് ഇങ്ങനെ ഒരു വാൽക്കഷണം പറഞ്ഞെന്ന് മാത്രം. ആരും വെറുതെ സമയം പാഴാക്കേണ്ടതില്ല.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#bhootan
#motorhome

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>