പൊലീസിലെ കള്ളൻ അകത്ത്


12
പൊലീസിൽ കള്ളന്മാരും ക്രിമിനലുകളും ഉണ്ടെന്ന് നമുക്ക് ബോദ്ധ്യമുള്ള കാര്യം തന്നെയാണ്. വഴിയോര കച്ചവടക്കാരുടെ മാങ്ങക്കൂടയിൽ നിന്ന് മോഷണം നടത്തിയതിന് ജോലി നഷ്ടപ്പെട്ട പോലീസുകാർ പോലുമുള്ള സംസ്ഥാനമാണ് പ്രബുദ്ധ കേരളം.

അക്കൂട്ടത്തിലേക്ക് ദാ മറ്റൊരു നേട്ടം കൂടെ കൈവന്നിരിക്കുന്നു കേരള പൊലീസിന്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ടോമിൻ തച്ചങ്കരി എന്ന DGP റാങ്കുണ്ടായിരുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ജയിലേക്ക് പോകുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി. മഹത്തായ ഈ നേട്ടം കൈവരിച്ചതിന് തച്ചങ്കരിക്ക് അഭിനന്ദനങ്ങൾ!

സർവ്വീസിൽ ഉണ്ടായിരുന്ന കാലമത്രയും തച്ചങ്കരിയെപ്പറ്റി ഇത്തരം ധാരാളം ആരോപണങ്ങൾ കേട്ടിട്ടുണ്ട്. അധികാരത്തിൻ്റെ ബലത്തിൽ അതൊക്കെ തേച്ച്മാച്ച് കളയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാകാം. അധികാരത്തിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ പൊലീസുകാരനെ ആർക്കും വിലയില്ലാതാകുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചതാകാം ഈ ശിക്ഷ. അനുമതിയില്ലാത്ത വിദേശ യാത്രകൾ, ഫയൽ മുക്കൽ, എയർപ്പോർട്ട് വഴിയുള്ള കടത്തൽ, അനധികൃത സ്വത്ത് സമ്പാദനം എന്നിവയാണ് തച്ചങ്കരിയുടെ പൊൻതൂവലുകൾ.

അധികാരദുർവ്വിനിയോഗം നടത്തി സ്വത്ത് സമ്പാദനം നടത്തിയ ഒരുദ്യോഗസ്ഥൻ എന്നതിലുപരി തച്ചങ്കരി വെറും അൽപ്പനായ ഒരു മനുഷ്യൻ കൂടെയാണ്. എന്തുകൊണ്ട് ഇങ്ങനെ പറയുന്നെന്ന് വ്യക്തമാക്കാം.

IAS, IPS ഒക്കെ കിട്ടിക്കഴിയുന്നത് വരെയേ അതൊക്കെ വലിയ സംഭവങ്ങളായി സിവിൽ സർവ്വൻ്റുകൾ ആകാൻ നടക്കുന്നവർ പോലും കരുതാറുള്ളൂ; കരുതാൻ പാടുള്ളൂ. ഏത് സ്ഥാനമാനങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാകണം എന്നാണ് എൻ്റെ കാഴ്ച്ചപ്പാട്. ‘ഞാൻ ഐ.എ.എസ്സുകാരനാണ്, ഞാൻ ഡോക്ടറാണ്, ഞാൻ ഞാൻ ഡി.ജി.പി.യാണ് ‘ എന്നൊക്കെ ആ സ്ഥാനത്തിരിക്കുന്നവർ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നെങ്കിൽ രണ്ടിലൊന്ന് ഉറപ്പാണ്. ഒന്നുകിൽ ആ സ്ഥാനം അവർക്ക് അർഹതയില്ലാതെ ലഭിച്ചതാണ്. അല്ലെങ്കിൽ അവർ അൽപ്പന്മാരാണ്. (ഞാൻ IAS-കാരനാണ് എന്ന് ഇടയ്ക്കിടെ പറയുമായിരുന്ന ഒരുത്തനെ മണിച്ചിത്രത്താഴിട്ട് പൂട്ടിയപ്പോൾ അവൻ ബിരുദം കഷ്ടി പാസ്സായ കടവല്ലൂരുകാരനായ ഒരു അപ്പാവി മാത്രമായിരുന്നു എന്ന സംഭവവും ഓൺലൈൻ ലോകത്തിൻ്റെ അനുഭവത്തിലുള്ളതാണ്.)

തച്ചങ്കരിയുടെ കാര്യത്തിലും ഇങ്ങനെയുള്ള അൽപ്പത്തരം ഉണ്ടായിരുന്നു. സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം എത്രയോ കാലം തൻ്റെ കാറിൽ പൊലീസിൻ്റെ ഔദ്യോഗിക സ്ഥാനം കാണിക്കുന്ന ബോർഡ് വെച്ച് നടന്ന അൽപ്പനാണ് അയാൾ. അത് വാർത്തയായി മാദ്ധ്യമങ്ങളിൽ കത്തിപ്പടരുകയും അതേ വാഹനത്തിൽ ടിയാൻ വിചാരണ കോടതിയിൽ വരുകയും മോട്ടോർ വാഹനവകുപ്പ് പിടികൂടി പിഴയടിക്കുകയും ചെയ്തു എന്നതാണ് കഥാന്ത്യം. തച്ചങ്കരിയുടെ അൽപ്പത്തരത്തിൻ്റെ ആഴം ഏകദേശം പിടികിട്ടിയില്ലേ? അതിന് ശേഷം മാത്രമാണ് ആ ബോർഡ് കാറിൽ നിന്ന് അദ്ദേഹം നീക്കം ചെയ്തത്. എനിക്ക് മനസ്സിലാകാത്തത് ഇദ്ദേഹത്തിൻ്റെ വീട്ടിലുള്ള ആർക്കും ആ ചെയ്തത് തെറ്റാണെന്ന് ഉപദേശിക്കാനോ ഗുണദോഷിക്കാനോ പറ്റിയില്ലേ എന്നാണ്? മനുഷ്യർ കുടുംബത്തോടെ അൽപ്പന്മാരായി തീരുമോ?

തച്ചങ്കരിക്ക് 30.84 ലക്ഷം രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടെ അധികതടവ്) 4 വർഷം തടവും വിധിച്ചുകൊണ്ടുള്ള കോട്ടയം വിജിലൻസ് കോടതിയുടെ വിധി സ്വാഗതാർഹമാണ്. ഒരു പൊലീസുകാരൻ എന്ന നിലയ്ക്ക് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി എടുക്കാനുള്ള പല അടവുകളും പയറ്റിയ ശേഷമായിരിക്കും ഈ ശിക്ഷ എന്നുറപ്പാണ്. ഇത്രയെങ്കിലും സംഭവിച്ചല്ലോ എന്ന കാര്യത്തിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് കൈയടിക്കാം. രണ്ട് പതിറ്റാണ്ടോളം സമയമെടുത്തു ഈ വിധി വരാൻ എന്നതും ശ്രദ്ധേയമാണ്. 3 വർഷത്തിലധികമുള്ള ശിക്ഷയ്ക്ക്, വിചാരണ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കില്ല എന്നതുകൊണ്ട് കുറഞ്ഞ മാസങ്ങളെങ്കിലും തച്ചങ്കരി തിരുവനന്തപുരം സെൻട്രൻ ജയിലിൽ അഴിയെണ്ണേണ്ടി വരും.

ആരോഗ്യപ്രശ്നങ്ങളുണ്ട്, രണ്ട് പെണ്മക്കളാണുള്ളത് എന്നൊക്കെയുള്ള ‘പരാധീനതകൾ’ വിചാരണക്കോടതി പരിഗണിച്ചില്ല. പെണ്മക്കളുള്ള എല്ലാ ഏമാന്മാർക്കും ശിക്ഷ ഒഴിവാക്കി കൊടുക്കാൻ പറ്റില്ലല്ലോ? ശിക്ഷവരുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് ഓർഡ് ഫാഷൻ ആയതുകൊണ്ട് അതും കോടതി പരിഗണിച്ചില്ല.

തച്ചങ്കരി മേൽക്കോടതിയിൽ പോകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഡൽഹിയിലുള്ള അങ്ങേയറ്റത്തെ കോടതി വരെ പോകുക തന്നെ ചെയ്യും. കട്ടും മോഷ്ടിച്ചും കൈക്കൂലിയായും ഉണ്ടാക്കിയ ഈ സ്വത്ത് കൊണ്ട് അത്രയെങ്കിലും ചെയ്തില്ലെങ്കിൽപ്പിന്നെ അത് സമ്പാദിച്ചതെന്തിന്?

തച്ചങ്കരിക്കെതിരെ പരാതി കൊടുത്ത്, നിയമ വ്യവഹാരത്തിനായി കോടതിയിൽ ലക്ഷങ്ങൾ ചിലവഴിച്ച ബോബി കുരുവിള എന്നൊരു വ്യക്തിയുണ്ട്. മാതൃകാപരമായ ഇത്തരം ഒരു ശിക്ഷ കേരള പോലീസിലെ ഒരു ക്രിമിനലിന് നേടിക്കൊടുത്തതിന്, കുരുവിളയ്ക്ക് ചിലവായ മുഴുവൻ തുകയും കേരള സർക്കാർ വഹിച്ച് മാതൃക കാണിക്കേണ്ടതാണ്. സർക്കാരിന് അതിന് പറ്റില്ലെങ്കിൽ പൊതുജനം ബോബി കുരുവിളയ്ക്ക് വേണ്ടി ആ തുക സമാഹരിച്ച് നൽകേണ്ടതാണ്.

വാൽക്കഷണം:- ട്രീകട്ടർ ആൻ്റപ്പനും 14 ദിവസത്തേക്ക് റിമാൻഡിൽ ആയിട്ടുണ്ട് എന്ന പ്രത്യേകത ഈ ദിവസത്തിനുണ്ട്. . അധികാരികളുടെ സഹായത്തോടെ കാട് കട്ട് വിറ്റും അതല്ലാതെയുള്ള സകലമാന തട്ടിപ്പുകളും നടത്തി കാശുണ്ടാക്കിയും എല്ലാക്കാലത്തും ജനങ്ങളേയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ച് വിലസാമെന്ന് ഒരു കള്ളന്മാരും കൊള്ളക്കാരും കരുതുക വേണ്ട. അൽപ്പം വൈകിയാലും ഒരു തടവറ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ചിലരതിനെ ‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്ന് പറയും. ചിലരതിനെ കർമ്മ എന്ന് വിളിക്കും. എല്ലാം ഒന്നുതന്നെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>