
ഇന്നലെ രാത്രി, ഞങ്ങളെ അകത്താക്കി തമിഴ് സംഘത്തിന്റെ കെട്ടിടം പുറത്ത് പൂട്ടിയാണ് മുത്തു പോയത്. പ്രശ്നക്കാരായ കുട്ടികൾ ഉള്ള സ്ഥലം ആണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട് പരമാവധി സുരക്ഷ കൈക്കൊള്ളുന്നതാണ്. പുറത്തുനിന്ന് പൂട്ടിയ കെട്ടിടം ആയതുകൊണ്ട് ഞങ്ങൾ വാതിലുകളും ജനലുകളും തുറന്നിട്ട് കിടന്നു.
രാവിലെ 7 മണിക്ക് മുത്തു വന്ന് ഗേറ്റ് തുറന്നു. തെരുവിന്റെ അറ്റത്തുള്ള മാരിയമ്മൻ കോവിലിലേക്കാണ് ആദ്യം പോയത്. ക്ഷേത്രഗോപുരവും ഉപപ്രതിഷ്ഠകും എല്ലാം ഉള്ള വലിയൊരു ക്ഷേത്രമാണ് അത്. അതൊന്നും കൂടാതെ ബർമീസ് ശൈലിയിലുള്ള ക്ഷേത്രങ്ങളും അതിനകത്ത് ഉണ്ട്. മണിപ്പൂർകാർക്കും വേണമെങ്കിൽ പ്രാർത്ഥിക്കാനുള്ള സൗകര്യം ഉണ്ടെന്ന് സാരം. കോവിലിൻ്റെ ഒരു വശത്ത് തകര ഷീറ്റ് അടിച്ച വേലിയാണ്. അതിനപ്പുറം മ്യാൺമാർ ആണ്.
തെരുവിൽ തിരക്ക് തുടങ്ങിക്കഴിഞ്ഞു. വീതി കുറഞ്ഞ വഴിയിൽ വാഹനങ്ങൾ അങ്ങോട്ടു ഇങ്ങോട്ടും പോകാൻ ബുദ്ധിമുട്ടുന്നുണ്ട്.
ആ തെരുവിന്റെ ഒരു ഇടവഴി മുഴുവൻ ബർമ്മക്കാരുടെ മാർക്കറ്റ് ആയി മാറിയിരിക്കുകയാണ്. ഏഴ് ദിവസത്തേക്ക് പെർമിറ്റ് എടുത്ത് വന്ന അവർക്ക് ഇന്ത്യയിൽ കച്ചവടം ചെയ്യാം. അതേപോലെ ഇന്ത്യയിൽ നിന്ന് അങ്ങോട്ട് പോയി കച്ചവടം ചെയ്യാൻ വകുപ്പില്ല. അവരുടെ കച്ചവടം നമുക്ക് ആവശ്യമാണ്. ഇംഫാലിൽ നിന്ന് പലചരക്ക് സാധനങ്ങൾ വരുത്തുന്നത് എളുപ്പമല്ല. പഞ്ചസാര പോലും ദുർലഭമായതുകൊണ്ട് പലപ്പോഴും മിൽക്ക് മെയ്ഡ് ഇട്ട ചായയാണ് ഞങ്ങൾക്ക് കിട്ടിയത്.
തമിഴ് സംഘം സക്രട്ടറി മണിയുടെ വീട് സന്ദർശിച്ചു; അദ്ദേഹവുമായി ഒരുപാട് നേരം മോറെയുടെ ചരിത്രം സംസാരിച്ചു. അജു മുൻപ് ഇവിടെ വന്നപ്പോൾ സൗഹൃദം ഉണ്ടാക്കിയ രവി എന്ന ഒഡീഷക്കാരന്റെ വീട്ടിലേക്ക് അദ്ദേഹം ഞങ്ങളെ നിർബന്ധിച്ചു കൊണ്ടു പോയി, ചായ സൽക്കാരം നടത്തി. യാത്രയ്ക്ക് മുമ്പ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥന ചൊല്ലി.
മുത്തുവിനോട് വിട പറഞ്ഞ് തമിഴ് സംഘത്തിൽ നിന്ന് ഇറങ്ങിയശേഷം അതിർത്തിയിലേക്കാണ് ഞങ്ങൾ പോയത്. രണ്ട് അതിർത്തികൾ സന്ദർശിച്ച ചിത്രങ്ങൾ എടുത്ത് ശേഷം മോറെയോട് വിടപറഞ്ഞ് മല ഇറങ്ങി.
മടക്ക യാത്രയിൽ സുരക്ഷാ പരിശോധനകളുടെ വലിയ കടമ്പകളാണ് താണ്ടേണ്ടി വന്നത്. ആറിടങ്ങളിലെങ്കിലും പരിശോധന ഉണ്ട്. അതിൽ രണ്ടെണ്ണം കർക്കശമാണ്. വാഹനത്തിൽ നിന്ന് ബാഗുകളും സാമഗ്രികളും എടുത്ത് എയർപ്പോർട്ടിലേത് പോലെ സ്ക്രീൻ ചെയ്ത് പോകണം. സ്ക്രീനിങ്ങ് കൂടാതെയുള്ള നേരിട്ടുള്ള പരിശോധനയും ദേഹപരിശോധനയും അവിടെ നേരിടണം. സഞ്ചാരികൾ ആണെന്ന് പട്ടാളക്കാർക്ക് ബോധ്യമായതുകൊണ്ട് ഞങ്ങളുടെ പരിശോധന കുറഞ്ഞ നിരക്കിൽ അവസാനിച്ചു. എന്റെ കേരള രജിസ്ട്രേഷൻ വാഹനം അക്കാര്യത്തിൽ ചെറുതായെങ്കിലും സഹായിക്കുന്നുണ്ട്.
അടുത്ത യാത്ര മണിപ്പൂരിലെ ലോക്ടാക്ക് തടാകത്തിലേക്ക് ആണ്. തെങ്ങോപാലിൽ (tengnoupal) നിന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട്. പക്ഷേ വഴി വളരെ മോശം. പൊടിപടലങൾ മൂടി ഭാഗി വല്ലാതെ വൃത്തികേടായി.
ഇരുട്ട് വീണിരുന്നു തടാകക്കരയിൽ എത്തിയപ്പോൾ. ഇന്ന് രാത്രി തങ്ങുന്നത് തടാകത്തിന് നടുവിലുള്ള ഫ്ലോട്ടിംഗ് വീടുകളിൽ ഒന്നിലാണ്. മണിപ്പൂർ എത്തിയാൽ സഞ്ചാരികൾ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ലോക്ടാക് തടാക സന്ദർശനം. പറ്റുമെങ്കിൽ ഫ്ലോട്ടിങ്ങ് വീടുകളിൽ താമസിക്കുകയും വേണം.
* നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ഇത്.
* ലോകത്തിലെ തന്നെ ഒരേയൊരു ഫ്ലോട്ടിങ് തടാകമാണ് ഇത്.
* ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ഈ തടാകം മണിപ്പൂരിന്റെ പ്രധാന ജലസ്രോതസ്സ് ആണ്.
* ഫുംഡിസ് എന്ന സസ്യജാലമാണ് ജൈവവൈവിധ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്.
* കെയ്‌ബുൾ ലാംജാവോ (Keibul Lamjao National Park) എന്നാണ് ഈ തടാകത്തിലെ ഫ്ലോട്ടിങ്ങ് പാർക്കിൻ്റെ പേര്.
* സഞ്ചാരികൾക്ക് തന്നാനുള്ള ഹോം സ്റ്റേകൾ ഉള്ളത് സെൻട്ര എന്ന ദ്വീപിലാണ്.
* വംശനാശഭീഷണി നേരിടുന്ന ‘സാംഗായ്’ എന്ന മണിപ്പൂർ മാനുകളുടെ ആവാസകേന്ദ്രമാണിത്.
* ഏകദേശം 240 ചതുരശ്ര കിലോമീറ്ററാണ് ഈ തടാകത്തിന്റെ വ്യാപ്തി.
* ഈ തടാകത്തിന്റെ സംരക്ഷണത്തിനായി എല്ലാവർഷവും ഒക്ടോബർ 15 ന് ലോക്ടാക് ദിനമായി ആചരിക്കുന്നു.
ഞങ്ങളേയും കയറ്റി തടാകത്തിന് നടുവിലേക്ക് ഇരട്ടവഞ്ചി (രണ്ട് വഞ്ചികൾ കൂട്ടിക്കെട്ടിയത്) പുറപ്പെട്ടപ്പോഴേക്കും ഇരുട്ട് വീണിരുന്നു.
ചതുപ്പിൽ കെട്ടിപ്പൊക്കിയ പുല്ല് മേഞ്ഞ ഒരു ചെറിയ കുടിലിന് മുന്നിൽ വഞ്ചി അടുത്തു. മേശയും കസേരകളും ഇട്ട ചെറിയ ഒരു വരാന്തയുണ്ട് കുടിലിന്. അകത്ത് കൊതുകുവല ഇട്ട മൂന്ന് ടെൻ്റുകൾ അടിച്ചിരിക്കുന്നു. ആറ് പേർക്ക് അതിനകത്ത് കൂടാം.
പൊതുവേ മണിപ്പൂരിൽ അത്ര തണുപ്പ് ഇല്ല. പക്ഷേ തടാകത്തിന് നടുവിൽ ആയതുകൊണ്ടാകാം തണുപ്പ് കൂടുതലായിരുന്നു. 8 ഡിഗ്രി ആണ് രാത്രി താപമാനം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#Manipur
#loktaklake
#loktaklakemanipur
#floating
#floatinglake
#floatingloktak