
ബസലേൽ ഇല്ല്യാഹു എന്ന പേര് ഞാൻ ആദ്യമായി കേൾക്കുന്നത് സേതുവിന്റെ മറുപിറവി എന്ന പുസ്തകത്തിലൂടെയാണ്.
1950-കളിൽ ചേന്ദമംഗലത്തേയും കേരളത്തിലേയും ജൂതന്മാർ തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഇസ്രായേലിലേക്കുള്ള മടക്കയാത്ര ആരംഭിച്ചപ്പോൾ, അക്കൂട്ടത്തിൽ ബസലേൽ ഇല്ല്യാഹുവും ഉണ്ടായിരുന്നു. മറുപിറവിയിൽ അദ്ദേഹത്തെപ്പറ്റി ഏറെ പരാമർശങ്ങൾ ഉണ്ട്.
മുസിരീസിലൂടെയുള്ള എന്റെ യാത്രകളും പഠനവും പുസ്തക രചനവും ഒക്കെ പൊടിപൊടിച്ചിരുന്ന കാലം. എനിക്ക് അദ്ദേഹത്തെ നേരിൽ കാണണമെന്നുള്ള ആഗ്രഹം കലശലായി. സേതു സാറിനോട് അദ്ദേഹം പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ അറിയാനൊന്നും പറ്റിയില്ലെങ്കിലും കേരളത്തിൽ ജനിച്ച് ഇസ്രായേലിലേക്ക് കുടിയേറിയ ഒരു ജൂതനെയെങ്കിലും നേരിട്ട് കാണണമെന്നുള്ള ആഗ്രഹം വല്ലാതുണ്ടായിരുന്നു.
വർഷത്തിൽ ഒരു പ്രാവശ്യം അദ്ദേഹം ചേന്ദമംഗലത്തുള്ള വീട്ടിലെത്താറുണ്ട്. ആ വീടിന് മുന്നിൽ അദ്ദേഹത്തിന്റെ പേര് ഹീബ്രുവിൽ എഴുതി വെച്ചിട്ടുമുണ്ട്.
ഒരു പ്രാവശ്യം ഞാൻ ചെല്ലുമ്പോൾ അദ്ദേഹം എണ്ണത്തോണിയിൽ ഉഴിച്ചിലിൽ ആയിരുന്നു. അതുകൊണ്ട് കാണാനായില്ല. പിന്നീട് ഒരിക്കൽ ചെന്നപ്പോൾ നാട്ടിലുണ്ടെങ്കിലും വീട്ടിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. എങ്കിലും ‘മുസരീസിലൂടെ’ എന്ന എൻ്റെ ആദ്യ പുസ്തകത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും പടവും ഞാൻ ചേർത്തിരുന്നു.
ഇസ്രായേലിലെ പ്രധാന വരുമാനങ്ങളിൽ ഒന്നായ പുഷ്പ കൃഷിയിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് ബസലേൽ. ആ വിഷയത്തിൽ അദ്ദേഹം നൽകിയിട്ടുള്ള വലിയ സംഭാവനകൾ കാരണം, മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ അടക്കമുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ബസലേലിന്.
വാഗ്ദത്ത ഭൂമിയിലേക്ക് എത്തിയ ജൂതന്മാർക്കിടയിലും വംശീയ പ്രശ്നങ്ങളുണ്ട്. തൊലി കറുത്തവനും വെളുത്തവനും തമ്മിലുള്ള പ്രശ്നങ്ങൾ തന്നെ പ്രധാനം. കേരളത്തിൽനിന്ന് ചെന്ന ജൂതന്മാർ തൊലി കറുത്തവർ ആണെങ്കിലും, ബസലേലിൻ്റെ സ്വാധീനമുള്ളതുകൊണ്ട് കൊച്ചിയിൽ നിന്ന് ചെന്ന ജൂതന്മാർക്ക് അത്തരം പ്രശ്നങ്ങൾ കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.
പലവട്ടം ശ്രമിച്ചിട്ടും ബസലേലിനെ കാണാൻ എനിക്ക് കഴിഞ്ഞില്ല. മൂന്ന് ദിവസം മുൻപ് പത്രവാർത്തയിലൂടെയാണ് അദ്ദേഹം മരണപ്പെട്ടു എന്ന് മനസ്സിലാക്കിയത്. എവിടെ വെച്ച് മരണമടഞ്ഞു എന്ന് പോലും ആ വാർത്തയിൽ പറയുന്നില്ല.
ഞാൻ ജനിക്കുന്നതിന് മുന്നേ എന്റെ നാട്ടിൽ ജനിച്ച് ഇസ്രായേലിലേക്ക് പോവുകയും എനിക്ക് മുന്നിലൂടെ തന്നെ ഇഹലോകവാസം വെടിയുകയും ചെയ്തിരിക്കുന്നു അദ്ദേഹം. കാണാനൊത്തില്ല എന്നത് വലിയ സങ്കടവും നഷ്ടബോധവും ഉണ്ടാക്കുന്നുണ്ട്.
ഞാനിപ്പോഴും, ഹീബ്രുവിൽ പേര് എഴുതിയ, ചേന്ദമംഗലം സിന്നഗോഗിൻ്റെ വലത് വശത്തുള്ള താങ്കളുടെ വീടിന് പുറത്ത് നിൽക്കുകയാണ് ബസലേൽ. ഇനിയൊരിക്കലും താങ്കളെ കാണാൻ പറ്റില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ.
ആദരാഞ്ജലികൾ ബസലേൽ ഇല്ല്യാഹു. താങ്കളുടെ മതവിശ്വാസം പോലെ തന്നെ പുനർജനിക്കാൻ ഇടയാകട്ടെ. സമൂഹത്തിനും രാജ്യത്തിനും ഉതകുന്ന സംഭാവനകൾ ഇനിയും നൽകുമാറാകട്ടെ.
ലെഹിട്രഓട്ട്,
ശലോം,
അൽവിദ,
വിട.