താവു (കത്തി) തേടി ഒരു യാത്ര (GIE 2025-26. Day#47 – Jan 14)


12
രാവിലെ 8:30 ന് ഞാൻ ദേശി ചായ് റസ്റ്റോറന്റിൽ എത്തി. ആ റസ്റ്റോറന്റ് ഇരിക്കുന്ന കെട്ടിടത്തിന്റെ ഉടമ കെൻപി ജെനി എന്ന അരുണാചലുകാരി, 9 മണിയോടെ അവിടെ എത്താമെന്നും അതിനുശേഷം ആലോയുടെ ചുറ്റുവട്ടത്തുള്ള ചില സ്ഥലങ്ങളിൽ എന്നെ കൊണ്ടുപോകാം എന്നുമാണ് ഇന്നലെ ഏറ്റിരുന്നത്.

പറഞ്ഞ സമയത്ത് തന്നെ അവർ എത്തി. ഞാൻ പ്രാതൽ കഴിച്ചശേഷം ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. 25 കിലോമീറ്റർ മാറിയുള്ള ബെൻഗി ലൈൻ എന്ന സ്ഥലത്തെ ശിവക്ഷേത്രത്തിലേക്കാണ് ആദ്യം പോകാൻ തീരുമാനിച്ചിരുന്നത്. അതുകൊണ്ടു തന്നെ കെൻപി ഭക്ഷണം ഒന്നും കഴിച്ചില്ല.

മെച്ചുക്ക റൂട്ടിൽ 20 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം ഇടത്ത് തിരിഞ്ഞ് വീണ്ടും മല കയറി വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. വളഞ്ഞ് പുളഞ്ഞത് ആണെങ്കിലും നന്നായി ടാറിട്ട റോഡാണ്. പക്ഷേ വീതി തീരെയില്ല. എതിരെ ഒരു വാഹനം വന്നാൽ കുഴയും. പക്ഷേ എനിക്കിപ്പോൾ അത് ശീലമായി കഴിഞ്ഞിരിക്കുന്നു.

വളരെ ചെറിയ ഒരു ക്ഷേത്രമാണ് അത്. പൂജാരിയൊന്നും ഇല്ല. ആ കാടിന് നടുവിൽ വേറൊരു ക്ഷേത്രവുമില്ല. സ്വയംഭൂവായ ഈ ശിവലിംഗത്തിന് ഒരു ഐതിഹ്യം ഉണ്ട്.

കാട്ടിൽ പുല്ലു വെട്ടുന്ന ആരോ ഈ ശിവലിംഗം കാണുകയും അതെടുത്ത് മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ശിവലിംഗം അതേ സ്ഥാനത്തുതന്നെ ഇരിക്കുന്നത് കണ്ട് അയാൾ അതെടുത്ത് താഴെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടടുത്ത ദിവസം ശിവലിംഗം പഴയ സ്ഥാനത്ത് തിരിച്ചെത്തുകയും അത് എടുത്തെറിഞ്ഞ ആൾ മരണപ്പെടുകയും ചെയ്തു. ഇതാണ് ഐതിഹ്യം.

ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യം ഞാൻ കെൻപിയോട് ചോദിച്ചു. അവരുടെ മതം ഏതാണ്, വിശ്വാസം എന്താണ്? അതായിരുന്നു ചോദ്യം. താൻ ഡോൺയി പോളോ വിശ്വാസി ആണെന്ന് യാതൊരു ആലോഹ്യവുമില്ലാതെ കെൻപിയുടെ മറുപടി വന്നു. അതായത് സൂര്യനെ മാത്രം ആരാധിക്കുന്ന കൂട്ടർ.

പക്ഷേ ക്ഷേത്രത്തിൽ എത്തിയപ്പോൾ അവർ ഒരു ഹിന്ദു വിശ്വാസിയെപ്പോലെ എല്ലാ കർമ്മങ്ങളും ചെയ്യാൻ തുടങ്ങി. ചന്ദനത്തിരി കത്തിക്കുന്നു, വിളക്ക് കത്തിക്കുന്നു, തൊഴുത് നിൽക്കുന്നു, ഭസ്മം തൊടുന്നു, ഭണ്ഡാരത്തിൽ പൈസ ഇടുന്നു അങ്ങനെ എല്ലാമെല്ലാം ചെയ്യുന്നുണ്ട്.

“നിങ്ങൾ പൂജ ചെയ്യുന്നില്ലേ?”

കെൻപിയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.

“ശബരിമല മുരുഹാ. ഞാനിനി പൂജയും ചെയ്യണോ?” (ആത്മഗത്)

അത്രയും ദൂരം എന്നെ കൊണ്ടുവന്ന കെൻപിയെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി, ഞാൻ ചന്ദനത്തിരി കത്തിച്ചു, വിളക്ക് കത്തിച്ചു, നേർച്ചയിട്ടു.

അപ്പോഴേക്കും ഗദം എറ്റേ (Gadam Ete)യും കുടുംബവും അവിടെയെത്തി. അദ്ദേഹം
2004 മുതൽ 2013 വരെയുള്ള രണ്ട് തവണ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 30 വെസ്റ്റ് ആലോ എന്ന മണ്ഡലത്തിൽ MLA ആയിരുന്ന വ്യക്തി ആണ്. ആ ഭാഗത്ത് എവിടെയോ ഉള്ള ഒരു റോഡ് പണി ചെയ്തു കൊടുക്കാത്തതിന്റെ പേരിലാണ് മൂന്നാം തവണ അദ്ദേഹം തോറ്റു പോയത്. 2029ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കുറച്ചുനേരം അദ്ദേഹത്തോട് സംസാരിച്ചു നിന്ന് ഒപ്പം പടമെടുത്ത ശേഷം അമ്പലത്തിൽ നിന്ന് ഇറങ്ങി.

അടുത്തതായി പോകാൻ ഉദ്ദേശിക്കുന്നത് താവു (കത്തി) ഉണ്ടാക്കുന്ന വീടുകളിലേക്കാണ്. രക്സപ് എന്ന ആ ഗ്രാമത്തിൽ അത്തരം വീടുകൾ ഉണ്ട് എന്നാണ് കെൻപി പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മുളയുടെ കവചമുള്ള താവു അന്വേഷിച്ച് ഞാൻ വലയുന്നത് കെൻപിക്ക് അറിയാം.

ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ അന്വേഷിച്ചപ്പോൾ, 15 മിനിറ്റ് ഗ്രാമീണ പാതയിലൂടെ നടന്നാൽ ചെന്നെത്തുന്ന ബസ്തിയിലുള്ള ഗോക്കി എന്ന ഗ്രാമീണൻ മുളകൊണ്ടുള്ള ഉറ ഉണ്ടാക്കുന്നതായി വിവരം ലഭിച്ചു. 15 മിനിറ്റ് നടന്ന് കിഴുക്കാം തൂക്കായി ഇറങ്ങിച്ചെല്ലുന്നത്, തുരുമ്പിച്ച് ആടുന്ന ഒരു തൂക്കുപാലത്തിന് മുന്നിലാണ്. കെൻപി നീട്ടി വലിച്ച് പാലം കടന്നുപോയി. ജൈന്റ് വീലിലും ഇളകിയാടുന്ന തൂക്കുപാലത്തിലും കയറാൻ എനിക്കാവില്ല. എന്നിട്ടും വല്ല വിധേന ഞാൻ അപ്പുറത്ത് എത്തി.

ഇനിയങ്ങോട്ട് കാട്ടിലൂടെയാണ് നടത്തം. ഇടുങ്ങിയ വെട്ടുവഴിയിലൂടെ രണ്ടു കിലോമീറ്ററോളം നടന്നപ്പോൾ ഒരു വീട് കണ്ടെങ്കിലും അവിടെ ആളനക്കം ഏതുമില്ല. വീണ്ടും നടന്നു രണ്ടു കിലോമീറ്റർ. അത് ചെന്നെത്തിയത് ഗോക്കിയുടെ വീട്ടിലാണ്. പക്ഷേ അവിടെ ആരും ഇല്ല. ഗോക്കി കാട്ടിൽ മരം വെട്ടാൻ പോയിരിക്കുകയാണ് എന്ന് അയൽവാസി പറഞ്ഞു. ഞങ്ങൾ കാത്തിരുന്നു.

ഗോക്കിയെ കാത്തിരുന്ന് കാത്തിരുന്ന് ഞാൻ അവരുടെ വരാന്തയിൽ ഉറങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ഗോക്കിയുടെ മകൻ വന്നു. വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഗോക്കിയുടെ ഭാര്യ വന്നു. അവർ മുളകൊണ്ടുള്ള താവു കവചം എടുത്തു തന്നു. 1000 രൂപയാണ് അതിന്റെ വില. പക്ഷേ അതിൽ ഇടാനുള്ള താവു പട്ടണത്തിൽ നിന്ന് വാങ്ങണം.

ഇത്രയും കഷ്ടപ്പെട്ട് വന്നിട്ടാണെങ്കിലും താവുവിൻ്റെ കവചം കിട്ടിയതിൽ കെൻപിയും ഞാനും സന്തോഷിച്ചു. ഇത് ഇത്രയ്ക്ക് ഡിമാൻഡ് ഉള്ള സാധനമാണെന്ന് അപ്പോഴാണ് കെൻപി മനസ്സിലാക്കിയത്. ഞാനത് റോയിങ്ങിൽ എത്തിയപ്പോൾത്തന്നെ മനസ്സിലാക്കിയതാണ്.

ഇത്തരം താവു, കല്യാണ വീടുകളിലും ആഘോഷ സമയങ്ങളിലും സമ്മാനമായി നൽകാനാണ് ഇവിടെ കൂടുതലായും ആൾക്കാർ വാങ്ങുന്നത്.

താവുവിനെപ്പറ്റി പറയാനാണെങ്കിൽ വേറെയും ഉണ്ട് ഒരുപാട് കഥകൾ. അരുണാചലിൽ മിക്കവാറും ജില്ലകളിൽ അവരുടേതായ വ്യത്യസ്തമായ താവുകൾ ഉണ്ട്.

കഴുത്തിൽ തൂക്കിയിടുന്ന ചെറിയ താവു, ഗർഭിണികൾക്ക് അണിയിച്ചു കൊടുക്കുന്ന പതിവുണ്ട് ഇവിടെ. ആൺകുട്ടികൾ ഉണ്ടാകാനാണത്രെ അത് ചെയ്യുന്നത്.

സമയം മൂന്നു മണി ആയിരിക്കുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല വിശപ്പുണ്ടായിരുന്നു. കെൻപി ആകട്ടെ പ്രാതൽ പോലും കഴിച്ചിട്ടില്ല. പക്ഷേ അവർ വലിയ സന്തോഷത്തിൽ ആയിരുന്നു. റവന്യൂ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന അവർക്ക് ആ ജോലി ഒരു ബോറടി ആണെന്ന് ഇടക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു. വല്ലപ്പോഴും ഇതുപോലെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഒരു ആശ്വാസം കിട്ടുന്നതത്രെ! എന്നോട് അവർ പറഞ്ഞത് പ്രകാരം, രക്സപ് ഗ്രാമത്തിലേക്ക് കൊണ്ടുപോകാനും താവു കവചം വാങ്ങാനും ക്ഷേത്രം കാണിക്കാനും കഴിഞ്ഞതിൽ അവർക്ക് സന്തോഷമുണ്ട്. 15 വർഷം മുൻപാണത്രേ അവർ അവസാനമായി ഈ ക്ഷേത്രത്തിൽ വന്നത്. പക്ഷേ ഇന്നലെ യാദൃശ്ചികമായി കണ്ടുമുട്ടിയ എനിക്കൊപ്പം ഒരു ദിവസം മുഴുവൻ അവർ ചിലവഴിച്ചത് എന്തുകൊണ്ടെന്ന് എനിക്കിപ്പോഴും അത്ഭുതമാണ്. ദൂരെ നിന്ന് വന്ന ഒരാളെ സഹായിക്കണമെന്ന വലിയ മനസ്സാണ് അത് എന്ന് ഞാൻ നന്ദിയോടെ സ്മരിക്കുന്നു.

പട്ടണത്തിൽ തിരികെയെത്തിയ ഞങ്ങൾ ദേശി ചായ് റസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. കെൻപി എന്നെ അവരുടെ തെരുവിലേക്ക് കൊണ്ടുപോയി, കൂട്ടുകാരെ പരിചയപ്പെടുത്തി. ഉഴിച്ചിലും പിഴിച്ചിലും നടത്തുന്ന ഒരു സ്ത്രീ സുഹൃത്തിനേയും പരിചയപ്പെടുത്തി. കാണുന്നവരെല്ലാം എന്റെ നീല മാലയിൽ പിടിച്ച് നോക്കി സന്തോഷിക്കുന്നുണ്ട്, അതിന്റെ വില ചോദിക്കുന്നുണ്ട്.

ആ ഉഴിച്ചിൽ സുഹൃത്ത് നാളെ ഒരു താവു കവചം കൂടെ തരാമെന്ന് ഏറ്റിട്ടുണ്ട്. അത് കിട്ടിയാൽ, ഇത് വായിക്കുന്ന ആർക്കെങ്കിലും ഒരാൾക്ക് വേണമെന്നുണ്ടെങ്കിൽ ഞാനത് കൊണ്ടുവന്ന് തരാം. ആലോയിലെ താവു അത്ര എളുപ്പത്തിൽ സ്വന്തമാക്കാൻ പറ്റുന്ന ഒന്നല്ല എന്ന് ഇതിനകം മനസ്സിലായല്ലോ. ആ മൂല്യം തിരിച്ചറിയുന്ന ഒരാൾക്ക് അത് വില കൊടുത്ത് കൈപ്പറ്റാം. ഒരേയൊരാൾക്ക് മാത്രം.

ഷൈനിക്ക് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ട ആവശ്യം വന്നതുകൊണ്ട് ഇന്ന് ക്യാമ്പിൽ നിന്നും വേർപിരിഞ്ഞ് തവാങ്ങിലേക്ക് പുറപ്പെട്ടു. അധികം വൈകാതെ ഞാനും ഷഫീക്കും വേർപിരിയും. അപ്പോഴേക്കും അരുണാചൽ സന്ദർശനം പൂർത്തിയാകുമെന്ന് കരുതുന്നു.

ഇന്ന് തണുപ്പ് അല്പം കൂടുതലാണ്. 8 ഡിഗ്രിയാണ് കാണിക്കുന്നത്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#motorhome
#motorhomelife
#Along

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>