ഷേർഗാവ് (അരുണാചൽ) (GIE 2025-26. Day#61 – Jan 28)


12
ഭൈരവ്കുണ്ഡിൽ രാത്രി വലിയ തണുപ്പൊന്നും ഉണ്ടായിരുന്നില്ല. രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് വസ്ത്രങ്ങളെല്ലാം കഴുകി കഴിഞ്ഞിട്ടും പെട്രോൾ ബങ്ക്കാരൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. അയാളോട് യാത്ര പറയാൻ നിൽക്കാതെ, റോഡിൻ്റെ എതിർവശത്ത്, ഇന്നലെ അത്താഴം കഴിച്ച റസ്റ്റോറന്റിൽ നിന്ന് പ്രാതൽ കഴിച്ചശേഷം ഭൈരവ്കുണ്ഡിൽ നിന്ന് ഏതോ ഒരു ദിശയിലേക്ക് ലക്ഷ്യമില്ലാതെ ഭാഗിയെ നയിച്ചു.

അടുത്തതായി എങ്ങോട്ട് പോകണമെന്ന ആശങ്കയിലായിരുന്നു. സത്യത്തിൽ ഒരു ദിവസം കൂടെ ഭൈരവ്കുണ്ഡിൽ തങ്ങി, ഒന്നുകൂടെ ഭൂട്ടാനിൽ പോകണമെന്നുണ്ടായിരുന്നു. ജനുവരി 30 വരെ പലയിടങ്ങളിൽ കറങ്ങി നടന്ന് സമയം കൊല്ലണം. അപ്പോഴേക്കും അജു കൊച്ചിയിൽ നിന്ന് എത്തും. പിന്നീടുള്ള കറക്കം അജുവിന്റെ കൂടെയാണ്.

ഒരുപാട് സമയത്തെ ആലോചനയ്ക്ക് ശേഷം ഷേർഗാവിലേക്ക് പോകാൻ തീരുമാനിച്ചു. 95 കിലോമീറ്റർ പോകാൻ 03:15 മണിക്കൂർ എടുക്കുന്നത് റോഡ് മോശമായതുകൊണ്ടല്ല; വളഞ്ഞുപുളഞ്ഞുള്ള കയറ്റങ്ങൾ കാരണമാണ്.

ഭൈരവ്കുണ്ഡ് വിട്ട് 2 കിലോമീറ്റർ കഴിയുന്നതിന് മുന്നേ ചെക്ക് പോസ്റ്റ് ഉണ്ട്. ഇൻലൈൻ പെർമിറ്റ് (ILP) ചോദിച്ചു അവിടത്തെ പൊലീസുകാർ. അപ്പോഴാണ് ഞാൻ ഭൂമിശാസ്ത്രം കൃത്യമായി മനസ്സിലാക്കുന്നത്.

ഭൈരവ്കുണ്ഡിലെ പാലത്തിന്റെ പകുതി ആസാമിലാണ്. അടുത്ത പകുതി അരുണാചലിലും. ചുരുക്കിപ്പറഞ്ഞാൽ അരുണാചലും ആസാമും ഭൂട്ടാനും ചേർന്ന അതിർത്തി പ്രദേശമാണ് ഭൈരവ്കുണ്ഡ്.

ജനുവരി 30 വരെ ILP എടുത്തത് രക്ഷയായി. അങ്ങനെ ആസാമിൽ നിന്ന് വീണ്ടും അരുണാചൽ പ്രദേശിലേക്ക് കടന്നിരിക്കുന്നു. ഈ വഴി നേരെ പോയാൽ തവാങ്ങില്‍ എത്താം. പക്ഷേ അങ്ങോട്ട് ഇനി തീരെ പോകാൻ പറ്റില്ല. അവിടെ മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുന്നു.

ഷേർഗാവിലും നല്ല തണുപ്പാണ്. ഉച്ചഭക്ഷണത്തിനായി ഫുഡ് കോർട്ട് എന്ന റസ്റ്റോറന്റിൽ ഭാഗിയെ നിർത്തിയപ്പോൾ എനിക്കത് ബോദ്ധ്യമായി. അത്യാവശ്യം കമ്പിളി കുപ്പായങ്ങൾ അവിടെ വെച്ച് തന്നെ അണിഞ്ഞു.

ഷേർഗാവ് മനോഹരമായ ഒരു താഴ്വരയും ഗ്രാമവുമാണ്. താഴ്വര എന്നുവച്ചാൽ 7139 അടിക്ക് മുകളിൽ എത്തിയതിനുശേഷം ഉള്ള ഒരു സമതലം. രണ്ടുമൂന്ന് തട്ടുകളായി റോഡിന് ഇരുവശവും അടുക്കും ചിട്ടയുമുള്ള ധാരാളം കെട്ടിടങ്ങൾ ഉണ്ട്. നല്ല വീതിയുള്ള ഹൈവേ അതിനിടയിലൂടെ കടന്നുപോകുന്നു. പലയിടത്തും ഹോംസ്റ്റേ, ഫാംസ്റ്റേ, റിവർ സൈഡ് ക്യാമ്പ് സൈറ്റ് എന്നിങ്ങനെ ബോർഡുകൾ കാണാം. ഈ വഴിയിൽ ബുദ്ധ മതക്കാരുടെ ക്ഷേത്രങ്ങളും അടയാളങ്ങളും കൂടുതലായി കാണാം ലാമമാരേയും അവിടവിടെയായി വഴികളിൽ കാണാം.

അതിലൊരു ഹോം സ്റ്റൈൽ ഞാൻ ഭാഗിയെ പാർക്ക് ചെയ്യാനുള്ള സൗകര്യം തിരക്കി. 200 രൂപയ്ക്ക് അവരത് സമ്മതിച്ചു. കൂട്ടത്തിൽ മറ്റൊരു കാര്യം അവർ പറഞ്ഞു. ‘രാത്രി മഞ്ഞുവീഴ്ച ഉണ്ടാകും. കാറിലുള്ള കിടപ്പ് ശരിയാകുമെന്ന് തോന്നുന്നില്ല. 500 രൂപയ്ക്ക് ഒരു ഡോർമിറ്ററി ബെഡിൽ കിടക്കാം’.

അവർ കള്ളം പറയുന്നതല്ലെന്ന് എനിക്കറിയാം. ഇന്നലെ ഭൂട്ടാനിൽ വെച്ച് പരിചയപ്പെട്ട സുഹൃത്ത് അനുരാഗ് ഇതേ കാര്യം എന്നോട് സൂചിപ്പിച്ചിരുന്നു. അവർ തലേദിവസം ഷേർഗാവിൽ ആണ് തങ്ങിയത്. കൂടുതലൊന്നും ആലോചിക്കാതെ ഞാൻ ഡോർമിറ്ററി ബുക്ക് ചെയ്തു. ആ തീരുമാനം തെറ്റിയില്ല എന്ന് വൈകുന്നേരം ആയപ്പോഴേക്കും വെളിവായി. നിലവിൽ 7 ഡിഗ്രിയാണ് താപമാനം. വെളുപ്പിന് അത് 4 ഡിഗ്രിയായി കുറയുന്നുണ്ട്.

ഭാഗിയെ കഴുകിയ ശേഷം നദിയിലെ തണുത്ത വെള്ളത്തിൽ കാല് നനച്ച് കുറച്ചുനേരം ഇരുന്നു.

കാര്യമായ വിശപ്പില്ല ഇന്ന്. റോഡിന് എതിർവശത്തുള്ള റസ്റ്റോറന്റിൽ ചെന്ന് കുറച്ച് ചിക്കൻ പക്കോട കഴിച്ച് അത്താഴം ഒതുക്കി.

ഹോം സ്റ്റേയിൽ ചെറുപ്പക്കാരുടെ പാട്ടും മേളവും എല്ലാം നടക്കുന്നുണ്ട്. അല്പനേരം തീ കാഞ്ഞു. തണുപ്പ് 7 ഡിഗ്രിയേക്കാൾ അധികമായി കുത്തുന്നുണ്ട്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#NorthEastIndia
#motorhome
#northeast
#shergoan

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>