
മലയാളിയായ നിഖിൽ പരശുറാം കുണ്ഡിൽ നടത്തുന്ന ബിയോണ്ട് ബ്രഹ്മപുത്ര എന്ന ക്യാമ്പിംഗ് സൈറ്റിൽ ആയിരുന്നു ഇന്നലെ രാത്രി തങ്ങിയത്.
ആ പ്രദേശത്തിന് ഒരു പ്രത്യേകതയുണ്ട്. രാത്രി പത്ത് മണിയോടെ കാറ്റ് തുടങ്ങും. അതിരാവിലെ എട്ടര മണി വരെ അത് നീണ്ടുനിൽക്കും. മിക്കവാറും എല്ലാ ദിവസങ്ങളിലും ഇങ്ങനെയാണത്രേ!
രാത്രി കാറ്റത്ത് ഭാഗി ആടിയുലയുന്നത് എനിക്ക് അനുഭവപ്പെട്ടു. അവിടെ ടെൻ്റ് അടിച്ച് കിടക്കുന്നവർ ശരിക്കും ഭയപ്പെടും. ഇതേപ്പറ്റി എനിക്കൊരു തമാശ കലർന്ന നിഗമനം ഐതിഹ്യ രൂപേണ പറയാനുണ്ട്. അതിനു മുൻപ് പരശുറാം കുണ്ഡിന്റെ ഐതിഹ്യം പറയാം.
ധാരാളം ഭക്തർ വന്നുപോകുന്ന ഇടമാണ് ഇത്. അതിനു കാരണം പരശുരാമനുമായി ചേർത്തുള്ള ഐതിഹ്യമാണ്.
പിതാവായ ജമദഗ്നി മഹർഷിയുടെ ആജ്ഞ പ്രകാരം അമ്മ രേണുകയെ മഴുകൊണ്ട് വധിക്കുന്നു പരശുരാമൻ. നദിയിൽ കുളിക്കാൻ പോയ രേണുക, ഗന്ധർവ്വ രാജാവായ ചിത്രരഥനെ കണ്ട് അൽപനേരത്തെക്കെങ്കിലും മോഹിച്ചു നിന്നുപോയി എന്നതാണ് കുറ്റം. സ്വന്തം അമ്മയെ വധിച്ചതിന്റെ കുറ്റബോധവും പാപഭാരവും പേറി പരശുരാമൻ ഒരുപാട് അലഞ്ഞു. പല പുണ്യ നദികളിലും കുളിച്ചു. പക്ഷേ കൈയിൽ ഇരുന്നിരുന്ന മഴു കൈവിട്ടു പോകുന്നില്ല. അവസാനം ലോഹിത് നദിയുടെ ഈ ഭാഗത്ത് വന്ന് കുളിക്കുമ്പോഴാണ് മഴു കയ്യിൽ നിന്ന് വേർപെടുത്താൻ ആയത്. അങ്ങനെയാണ് ഇത് പരശുറാം കുണ്ഡ് ആയത്. നദിയുടെ മദ്ധ്യത്തിൽ നല്ല കുത്തൊഴുക്കുള്ള ഭാഗത്ത് ഉയർന്നു നിൽക്കുന്ന ഒരു പാറ പരശുരാമന്റെ മഴു ആണെന്നാണ് സങ്കല്പം.
അച്ഛനും അമ്മയും മരിച്ചു പോയവർക്ക് ഈ വെള്ളത്തിൽ ഇറങ്ങി പൂർവികർക്ക് വേണ്ടിയുള്ള ക്രിയകൾ ചെയ്യാം. 250 ഓളം പടികൾ ഇറങ്ങി താഴേക്ക് ചെന്നാൽ ആണ് നദീതീരത്ത് എത്തുക. മഴക്കാലത്ത് ജലനിരപ്പ് നന്നായി ഉയരും. മഴയില്ലാത്ത ഈ സമയത്ത് പോലും നദിയിലേക്ക് ഇറങ്ങി കുളിക്കാൻ അനുവാദമില്ല. കമ്പിവേലി വളച്ചുകെട്ടി അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.
കുറച്ചുനേരം അവിടെ നിന്നു. അച്ഛനേയും അമ്മയേയും ഓർത്തുകൊണ്ട് തന്നെ. മരണ ശേഷം ഹിന്ദു ആചാരപ്രകാരം അവർക്കുവേണ്ടിയുള്ള ക്രിയകൾ കൃത്യമായി ചെയ്യാത്ത ഒരുവൻ ഇനി എന്തോന്ന് ചെയ്യാൻ?!
പരശുറാം കുണ്ഡിൽ രാത്രി മുതൽ രാവിലെ വരെ വീശിയടിക്കുന്ന സ്ഥിരം കാറ്റിനെ, നിലവിലുള്ള ഐതിഹ്യത്തിൻ്റെ ഭാഗമായി ചേർക്കണമെന്നാണ് എന്റെ പക്ഷം. അതിങ്ങനെ ആയാലോ?
ലോഹിത് നദിയിൽ വന്ന് കുളിച്ച്, പരശുരാമൻ കയ്യിൽ നിന്നും മഴു വേർപെടുത്തിയെങ്കിലും, അദ്ദേഹം ചെയ്ത പാപത്തിന്റെ രൂക്ഷത പ്രകൃതിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല. അതുകൊണ്ടാണ് രാത്രികാലത്ത് സ്ഥിരമായി ഇത്രയും ശക്തയായി കാറ്റ് വീശിയടിക്കുന്നത്.
പരശുരാമന്റേതല്ലാത്ത ചില കഥകളും ഈ പ്രദേശത്തെപ്പറ്റി ഉണ്ട്. ആ കഥ ഇവിടത്തെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പരശുറാം കുണ്ഡിൽ ഇരുവശം മലകളും ഇടയിൽ ലോഹിത് നദിയും ആണ്. അവിടന്ന് റോയിങ്ങ് ഭാഗത്തേക്ക് നീങ്ങുന്നതോടെ ഈ മലകൾ അപ്രത്യക്ഷമാകുന്നുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് അടുത്ത കഥ.
നാട് വിറപ്പിച്ച ഒരു രാക്ഷസൻ ഉണ്ടായിരുന്നു ഈ പ്രദേശത്ത്. അയാൾ മലകൾ തല്ലിയുടച്ച് നിരപ്പാക്കി മുകളിലേക്ക് കയറിക്കയറി വരുകയായിരുന്നു. പെട്ടെന്ന് ചില കിളികൾ ചിലച്ചു. രാക്ഷസന്റെ അമ്മ ദീനം വന്ന് കിടപ്പിലായി എന്ന് അറിയിക്കുകയായിരുന്നു കിളികൾ. അത് കേട്ടതും രാക്ഷസൻ തിരികെ പോയി. അങ്ങനെയാണ് താഴെ ഭാഗം നിരപ്പായതും മുകളിൽ മലകൾ നില നിന്നതും.
അച്ചടിയോ പുസ്തകങ്ങളോ ഒന്നുമില്ലാത്ത കാലം മുതൽ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നവരേയും അതേറ്റ് പാടുന്നവരെയും സമ്മതിക്കണം.
കഥയിൽ ചോദ്യമില്ല എന്നറിയാം എന്നാലും ഒന്ന് രണ്ട് ചോദ്യങ്ങൾ എനിക്കുണ്ട്. ഇവിടെ വന്ന് മഴു കയ്യിൽ നിന്ന് വേർപെടുത്തിയതിന് ശേഷമാണോ അതോ അതിന് മുൻപേ ആണോ, പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചത്? മഴു സത്യത്തിൽ പരശുരാമന് എന്നും ഒരു ഭാരം ആയിരുന്നോ? ചുമ്മാ ചോദിച്ചെന്ന് മാത്രം. ഉത്തരം വേണമെന്നില്ല.
പരശുറാം കുണ്ഡിൽ വന്നതിന്റെ ഓർമ്മയ്ക്കായി ചില കല്ലുകൾ വാങ്ങി. പുഴയോരത്തു നിന്ന് ഒന്ന് രണ്ട് കല്ലുകൾ പെറുക്കുകയും ചെയ്തു. ഒരു പ്രാവ് പറന്ന് വന്ന് ആ സമയത്തൊക്കെയും എന്റെ തോളിലും കൈകളിലും ഇരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു.
പരശുരാമന്റെ ഒരു വലിയ പ്രതിമയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ് പടികൾ തുടങ്ങുന്ന ഭാഗത്ത്.
പരശുറാം കുണ്ഡിൽ നിന്ന് 73 കിലോമീറ്റർ ദൂരത്താണ് ഗോൾഡൻ പഗോഡ. ഒന്നര മണിക്കൂറോളം യാത്രയുണ്ട്. ഒരു ബുദ്ധക്ഷേത്രവും അതിനോട് അനുബന്ധ നിർമ്മിതികളുമാണ് ഗോൾഡൻ പഗോഡയിൽ ഉള്ളത്. മുള കൊണ്ട് നിർമ്മിച്ച ഏറ്റവും ഉയരമുള്ള ബുദ്ധ പ്രതിമ ഇരിക്കുന്നതും ഇവിടെയാണ്.
ബുദ്ധന് കീഴെയുള്ള തണുത്ത തറയിൽ കുറെയധികം സമയം ഇരുന്നു. നിശബ്ദത പാലിക്കണമെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ ആരും അത് അനുസരിക്കുന്നില്ല എന്നതാണ് കഷ്ടം.
ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുമ്പോൾ, സേനയിൽ ജോലി ചെയ്യുന്ന എറണാകുളത്തുകാരൻ ശ്രീജിത്തിനേയും കുടുംബത്തിനേയും പരിചയപ്പെട്ടു. ഈ യാത്രയ്ക്കിടയിൽ മലയാളികൾ കണ്ടുമുട്ടുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്.
ഡോങ്ങിൽ വെച്ച് പരിചയപ്പെട്ട നവ്നീനും ഭാര്യയും ഇന്നലെ ഞങ്ങൾക്കൊപ്പം നിഖിലിന്റെ ക്യാമ്പിൽ ഉണ്ടായിരുന്നു. നവ്നീതിന് റോയിങ്ങിൽ ഒരു ചെറിയ വീട് ഉണ്ട്. ആ വീടിന്റെ താക്കോൽ അയലത്തെ വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്. ഞങ്ങൾ റോയിങ്ങിലേക്കാണ് മടങ്ങുന്നത്. അയൽ വീട്ടിൽ നിന്ന് താക്കോൽ വാങ്ങി, അദ്ദേഹത്തിന്റെ വീട്ടിൽ തങ്ങാൻ നവ്നീത് ചട്ടം കെട്ടി.
അത് വലിയ അനുഗ്രഹമായി. രണ്ട് ദിവസമായി തുണി കഴുകിയിട്ടില്ല, കുളിച്ചിട്ടുമില്ല. മൈനസ് താപമാനത്തിൽ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത് വലിയ അപകടമാണ്. ഡോങ്ങില്‍ ചൂടുവെള്ളം കിട്ടാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.
അഞ്ച് മണിയോടെ നവ്നീതിന്റെ റോയിങ്ങിലെ വീട്ടിൽ എത്തി അലക്കും കുളിയും തേവാരവും ഒക്കെ നടത്തി. റോയിങ്ങ് പട്ടണം ഇപ്പോൾ കൈവെള്ളയിൽ എന്നതു പോലെ പരിചയമായിരിക്കുന്നു. അത്താഴത്തിന് ഇറങ്ങിയപ്പോൾ നഗരത്തിൽ ഒരു പ്രദക്ഷിണവും നടത്തി.
ഷൈനിയുടെ ബൈക്കിന് ചില്ലറ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് നാളെ വർക്ക് ഷോപ്പ് ദിവസമാണ്.
റോയിങ്ങിൽ കാര്യമായ തണുപ്പില്ല. 12 ഡിഗ്രി എന്നാൽ വലിയ തണുപ്പല്ല എന്ന് പറയുന്ന ഞാൻ കേരളത്തിൽ എത്തിയാൽ എന്താകും അവസ്ഥ?!
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#northeast
#goldenpagoda
#parasuramkund
#roing
#roing_arunachal_pradesh