മെയ്ഡം, കാരംങ്ങ്ഗർ, തലാത്തൽഗർ കോട്ട # 164 (GIE 2025-26. Day#23 – Dec 21)


12
നൗഷാദിന്റെ വീട്ടിൽ നിന്ന് കഷ്ടി ഒന്നര കിലോമീറ്റർ ദൂരത്താണ് ചരയ്ദേവ് മെയ്ഡം (charaideo maidam) എന്നറിയപ്പെടുന്ന അഹം രാജവംശത്തിന്റെ സ്മൃതി കുടീരങ്ങൾ. ആ വഴിയിലുള്ള ഒരു ചെറിയ റസ്റ്റോറന്റിൽ നിന്ന് പ്രാതൽ കഴിച്ച്, പത്ത് മണിയോടെ അവിടെയെത്തി.

സത്യത്തിൽ അതിനെ കുടീരങ്ങൾ എന്ന് പറഞ്ഞാൽ ശരിയാകില്ല. ചെറുകുന്നുകൾ ആണ് അത്. അതിനടിയിൽ അഹം രാജവംശക്കാർ അന്ത്യവിശ്രമം കൊള്ളുന്നു. ഏറെക്കുറെ പിരമിഡുകൾക്ക് സമാനമായ ഒന്ന്.

രണ്ടു ഭാഗത്തായി, ചെറുതും വലുതുമായി ഇത്തരം നൂറോളം മൺകൂനകൾ ഇവിടെയുണ്ട്. ഒന്ന് സർക്കാരിന്റെ കീഴിലും ഒന്ന് ASI-യുടെ കീഴിലുമാണ് ഉള്ളത്. 2023ൽ ഞാനിവിടെ വന്നിട്ടുണ്ട്. അന്ന്, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കാരണം സർക്കാരിന്റെ ഭാഗത്തുള്ള സ്മൃതി മണ്ഡപങ്ങളിലേക്ക് പോകാൻ പറ്റിയില്ല.

ആ ഭാഗത്തുള്ള ഒന്നിൽ, മൺകൂനയുടെ അടിയിലേക്ക് കയറിപ്പോകാനുള്ള സംവിധാനമുണ്ട്. ഇപ്രാവശ്യം എനിക്കത് സന്ദർശിക്കാനായി. രണ്ടിടത്തേക്ക് കയറാനും പ്രത്യേകം പ്രത്യേകം ടിക്കറ്റ് എടുക്കണം.

അടുത്തതായി പോയത്, 12 കിലോമീറ്റർ ദൂരത്തുള്ള അഹം രാജവംശത്തിൻ്റെ കാരംങ്ങ്ഗർ എന്ന പഴയ കൊട്ടാരത്തിലേക്കാണ്. ചുടുകട്ടയും കളിമണ്ണോ സുർക്കിയോ പോലുള്ള സംവിധാനവും ചേർന്നുള്ള നിർമ്മിതിയാണ് അത്. മൂന്നുനിലകളിലായി പടുത്തുയർത്തിയിരിക്കുന്ന ആ കെട്ടിടത്തിന്റെ മൂന്നാമത്തെ തട്ടിലേക്ക് ഇപ്പോൾ പ്രവേശനമില്ല. കുത്തനെയുള്ള കയറ്റമാണ് ഒന്നും രണ്ടും നിലകളിലേക്ക്.

കോട്ടകളുടെ വിക്കിപീഡിയ ലിസ്റ്റിൽ ഇതിന് ഒരു കോട്ടയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ASI അങ്ങനെ അവകാശപ്പെടുന്നില്ല. മാത്രമല്ല കോട്ടയുടേതായ ചുറ്റുവട്ട ലക്ഷണങ്ങളൊന്നും അവിടെ കാണാനുമില്ല. ഞാൻ ഏതായാലും ഇതിനെ ഒരു കോട്ടയായി കണക്കാക്കുന്നില്ല. അതൊരു കൊട്ടാരം മാത്രമായിരുന്നു എന്ന് വേണം മനസിലാക്കാൻ.

അടുത്തത് തലാത്തൽഗർ ആണ്. വീണ്ടും 12 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്. അതും ഒരു കൊട്ടാരം തന്നെയാണ്. പക്ഷേ കാരംങ്ഗർ കൊട്ടാരത്തേക്കാൾ നാല് ഇരട്ടിയെങ്കിലും വലുത്. നിർമ്മിതി മേൽപ്പറഞ്ഞ വസ്തുക്കൾ കൊണ്ട് തന്നെ.

ഇതും കോട്ടയായി തന്നെയാണ് വിക്കിപീഡിയയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പക്ഷേ ഒരു പട്ടാള ക്യാമ്പ് ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. അതിന്റെ ലക്ഷണമായി പഴയ കൂറ്റൻ ചില പീരങ്കികൾ ഇവിടെ കാണാം. രണ്ടു വലിയ ജലസംഭരണികളും കുതിരലായങ്ങൾ പോലുള്ള നിർമ്മിതികളും ഉണ്ട്. ഇത്തരം കാരണങ്ങളാൽ ഇതിനെ ഒരു കൊട്ടാരം കൂടെ ഉൾപ്പെടുന്ന കോട്ടയായി കണക്കിൽ ചേർക്കാം.

ഉച്ചയ്ക്ക് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. വൈകിട്ട് 7:00 മണിയോടെ, രാവിലെ പ്രാതൽ കഴിച്ച റസ്റ്റോറന്റിൽ തന്നെ എത്തി. അവർ അതിഗംഭീരമായ ഫിഷ് താലി ഉണ്ടാക്കിത്തന്നു. അതൊരു വീടിന്റെ മുൻവശത്ത് നടത്തുന്ന റസ്റ്റോറന്റാണ്. നമ്മൾ പറയുന്നതിന് അനുസരിച്ച് അപ്പപ്പോൾ ഉണ്ടാക്കിത്തരുന്നു. നാളെ രാവിലത്തേക്കുള്ള ഭക്ഷണവും അവരോട് തന്നെ പറഞ്ഞിട്ടുണ്ട്.

തണുപ്പ് ഇന്നലത്തേത് പോലെ തുടരുന്നു. കുറച്ച് നേരം തീ കാഞ്ഞു. നൗഷാദിൻ്റെ ബാപ്പയും കുറച്ചുനേരം എനിക്കൊപ്പം കൂടി. വിറക് തീർന്നുകൊണ്ടിരിക്കുന്നു. അതിന് മുൻപ് ഭാഗിക്ക് ഉള്ളിലേക്ക് കറണം.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#motorhomelife
#maidams
#charaideomaidms
#ahamdynasty
#palaces
#fortsofindia
#fortsofassam

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>