മയോദിയ പാസ്സ് & അനീനി (GIE 2025-26. Day#30 – Dec 28)


12
ഇന്നലെ രാത്രി റൈഡേഴ്സിന്റെ പാർട്ടി കഴിഞ്ഞ് വന്നപ്പോൾ വൈകിയത് കൊണ്ട് രാവിലെ എഴുന്നേൽക്കാനും വൈകി.

നേരത്തെ പുറപ്പെടണം എന്ന് കരുതിയ അനീനിയിലേക്ക് അല്പം വൈകി എട്ടര മണിക്കാണ് യാത്ര ആരംഭിച്ചത്. അനീനി അരുണാചലിലെ ഒരു ഹിൽ സ്റ്റേഷൻ ആണ്. ഒരു ദിവസം അനീനിയിൽ തങ്ങിയശേഷം റോയിങ്ങിലേക്ക് തിരികെ പോകാൻ ആണ് പദ്ധതി.

220 കിലോമീറ്റർ ദൂരം താണ്ടാൻ 7 മണിക്കൂർ വേണം എന്ന് കണ്ടപ്പോൾ തന്നെ പോകുന്ന വഴിയെപ്പറ്റി ഒരു ധാരണ കിട്ടി.

ആദ്യത്തെ പത്ത് കിലോമീറ്റർ രണ്ടുവരി പാതയാണെങ്കിലും പെട്ടെന്ന് അത് ഒറ്റവരിപ്പാതയായി മാറുന്നു. കഷ്ടി ഒരു ലോറിക്ക് കടന്നുപോകാനുള്ള വീതിയെ ഉള്ളൂ. മറ്റൊരു വാഹനം എതിരെ വന്നാൽ സൈഡ് കൊടുക്കാൻ പ്രത്യേക ഇടങ്ങളുണ്ട്. അതിനു മുൻപ് വാഹനങ്ങൾ കണ്ടുമുട്ടിയാൽ ഏതെങ്കിലും ഒരു വാഹനം പുറകോട്ട് നീങ്ങണം.

രാവിലെ 11 മണിക്ക് പോലും കോട വീഴുന്ന മലയിടുക്കുകൾ. ഒരു വശത്ത് അഗാധമായ കൊക്ക. മറുവശത്ത് മലനിരകൾ. താഴേക്ക് എങ്ങാനും വീണാൽ പിന്നെ ഒരു തിരിച്ചുവരവ് ഇല്ല.

8711 അടി ഉയരത്തിലുള്ള മയോദിയ പാസിലേക്കാണ് ഈ ചുരം ചെന്ന് കയറുന്നത്. അവിടന്നുള്ള താഴ്വരയുടെ കാഴ്ച അതിമനോഹരമാണ്. അത് കഴിഞ്ഞാൽ ഇറക്കമായി.

ചിലയിടങ്ങളിൽ മണ്ണും വെള്ളവും കൂടെ കുഴമ്പു രൂപത്തിലായി വാഹനത്തിന്റെ ടയറുകൾ തെന്നി പോകുന്ന അവസ്ഥ. പലയിടത്തും ലോഹപ്പാളികൾ ഇളകി കിടക്കുന്ന ഇരുമ്പു പാലങ്ങൾ. ഒരു പാലം ഇറങ്ങി ചെന്ന ശേഷം 45 ഡിഗ്രി കുത്തനെയുള്ള കയറ്റത്തിൽ പിടുത്തം കിട്ടാതെ ഭാഗി താഴേക്ക് ഊർന്ന് ഇറങ്ങിപ്പോന്നു. ആ കയറ്റത്തിൽ അടക്കം രണ്ടിടത്ത് ഷൈനി ബൈക്കിൽ നിന്ന് വീണു.

15 കിലോമീറ്ററോളം റോഡ് പണി നടക്കുന്നതിന്റെ ദുരിതം വേറെ. ആദ്യത്തെ 100 കിലോമീറ്റർ നീങ്ങാൻ 5 മണിക്കൂർ എടുത്തു എന്ന് പറയുമ്പോൾ ആ ദുരിതത്തിന്റെ കാഠിന്യം ആലോചിക്കാമല്ലോ. ഒരാളുടെ ഡ്രൈവിംങ്ങ് വൈദിഗ്ദ്ധ്യം പരിശോധിക്കാൻ പോന്ന ദുർഘട വഴി.
അത്യാവശ്യം നല്ല തോതിൽ അക്രോഫോബിയ (ഉയരപ്പേടി) ഉള്ള എനിക്ക് മുട്ടൻ പണി തന്നു ഈ റൂട്ട്.

നാലരമണിക്ക് ഇരുട്ടു വീണെങ്കിലും,
അവസാനത്തെ 100 കിലോമീറ്റർ രണ്ടുവരിപ്പാത ആയതുകൊണ്ട് വലിയ പ്രശ്നം ഒന്നും ഇല്ലാതെ ‘ലയേക്ക ഹട്ട്സ് ‘ എന്ന ക്യാമ്പിൽ എത്തിച്ചേർന്നു. റോയിങ്ങ് റൈഡർ ഹേത്തയാണ് ഈ ക്യാമ്പ് സംവിധാനം ഏർപ്പാടാക്കി തന്നിട്ടുള്ളത്.

അത്താഴം ക്യാമ്പിൽ നിന്ന് കിട്ടി. 6 ഡിഗ്രിയാണ് താപമാനം. അതുകൊണ്ടുതന്നെ തീ കായാതെ പറ്റില്ല. രാവിലെ 4 ഡിഗ്രിയാണ് തണുപ്പ് എന്ന് കാലാവസ്ഥ കാണിക്കുന്നു.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#anini
#ArunachalPradesh
#northeastindia
#northeast
#mayodiapass
#mayodiya

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>