
ഷൈനിയുടെ ആരോഗ്യസ്ഥിതി ഭേദമാകാത്തതുകൊണ്ട് ഇന്നൊരു ദിവസം കൂടെ ദീമാപൂരിൽ തുടരാൻ തീരുമാനിച്ചു.
എങ്കിലും മൂന്ന് നേരവും ഞങ്ങൾ പുറത്തു പോയി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. ഇതു പറയാൻ കാരണമുണ്ട്. ഞങ്ങൾ താമസിക്കുന്ന ക്യാമ്പ് ആസാമിലാണ്. ഭക്ഷണം കഴിക്കാൻ പോകുന്നത് അതിർത്തി കടന്ന് നാഗാലാൻഡിലേക്കാണ്. ആസാം അതിർത്തിയിലെ പൊലീസുകാർ ഭാഗിയുടെ രജിസ്ട്രെഷൻ നമ്പർ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. എന്തോ ഭാഗ്യത്തിന് ഇതുവരെ പിടി വീണിട്ടില്ല.
വൈകുന്നേരം 6 മണിയോടെ ഷഫീഖ് ക്യാമ്പിൽ എത്തി. അദ്ദേഹം ഒരു റൈഡറാണ്. ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത് കൊഹിമയിലെ യുദ്ധ സെമിത്തേരിയിൽ വെച്ചാണ്. അന്ന് ഞങ്ങൾ ഒരുമിച്ചുള്ള ചിത്രം ഞാൻ പങ്കുവെച്ചിരുന്നു.
ഞങ്ങൾ മൂന്നു പേരും നഗരത്തിലേക്ക് കടന്ന് KFCയിൽ പോയി അത്താഴം കഴിച്ചു. അതിനു മുന്നേ തന്നെ ക്യാമ്പിലെ നാഗന്മാരോട് വിട പറഞ്ഞു. നാളെ ഞങ്ങൾ ദീമപൂരിനോട് വിട പറഞ്ഞ്, ആസ്സാമിലെ ശിവസാഗറിലേക്ക് നീങ്ങുകയാണ്.
നാളെ രാവിലെ നാഗന്മാരെ കാണണമെന്നില്ല. ഇക്കഴിഞ്ഞ നാല് ദിവസം ഇവിടെ തങ്ങാനും ഒരുപാട് നല്ല മുഹൂർത്തങ്ങൾ അനുഭവിക്കാനും ഇടയാക്കിയതിന് അവരോട് ഒരുപാട് നന്ദിയുണ്ട്. എല്ലാവരേയും കൊച്ചിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവിടെ വന്നാൽ ഇതുപോലെ സൗകര്യങ്ങൾ നൽകി അവരോട് പ്രത്യുപകാരം ചെയ്തിരിക്കും.
നാളെ മുതൽ, അരുണാചൽ വരെ ഷഫീഖും ഞങ്ങൾക്കൊപ്പം ചേരുന്നുണ്ട്. ഒറ്റയ്ക്ക് തുടങ്ങിയ യാത്ര ഇപ്പോൾ മൂന്നു പേരുള്ള ഒരു സംഘമായി മാറിയിരിക്കുന്നു.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#dimapur