ഹോൺബിൽ ഫെസ്റ്റിവൽ സമാപിച്ചു (GIE 2025-26. Day#12 – Dec 10)


12
ഇന്ന് ഹോൺബിൽ ഫെസ്റ്റിവലിന്റെ അവസാന ദിവസമായിരുന്നു. 2024ലെ ഉത്സവത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ടെങ്കിലും സമാപന ദിവസങ്ങൾ കണ്ടിട്ടില്ല. കലാശക്കൊട്ട് ആയിരിക്കുമല്ലോ ഏതൊരു പരിപാടിയിലും ഗംഭീരം ആകുന്നത്.

പ്രതീക്ഷ തെറ്റിയില്ല. ഇന്നലത്തെക്കാൾ മികച്ചതായിരുന്നു ഇന്നത്തെ പരിപാടികൾ. രാവിലെ 11 മണിയോടെ ആരംഭിച്ച നാഗരുടെ പരിപാടികൾ ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞിട്ടും തുടർച്ചയായി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.

ഉച്ചയ്ക്ക് സൂര്യൻ വെളിയിൽ വന്നപ്പോൾ ഞാൻ ചെറുതായി വിയർത്തു. രണ്ട് മണിക്ക് സൂര്യൻ വലിഞ്ഞതും വീണ്ടും തണുപ്പ് വീണു.

അനന്തരം ഞാൻ നാഗാ വില്ലേജിൽ കാണാൻ ബാക്കിയുള്ള കാര്യങ്ങൾ നടന്നു കണ്ടു. ചില സോവനീറുകൾ വാങ്ങിച്ചു. അതിനിടയ്ക്ക് ഗംഗേട്ടനേയും Gangadharan Kizhakke Mundayadan അദ്ദേഹത്തിന്റെ സുഹൃത്തുക്കളേയും കണ്ടു, സൗഹൃദം പുതുക്കി. ഇക്കഴിഞ്ഞ കച്ച് ഫെസ്റ്റിവൽ സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്.

18 ഗോത്രവർഗ്ഗക്കാർ ചേർന്നുള്ള യൂണിറ്റി നൃത്തത്തോടെയാണ് സ്റ്റേജിന്റെ നടുത്തളത്തിലെ പരിപാടികൾ അവസാനിക്കുന്നത്. പിന്നീട് നാഗാലാൻഡിലേയും അരുണാചൽ പ്രദേശിലേയും മന്ത്രിമാരും വിദേശത്ത് നിന്നുള്ള പ്രമുഖരും എല്ലാം ചേർന്ന സമ്മാനദാന ചടങ്ങ് ആയിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരിക്കുകയായിരുന്നു ഈ സമയത്ത്. നാഗാലാൻ്റിലെ ടൂറിസം മന്ത്രിയുടെ പ്രസംഗം അതി ഗംഭീരമായിരുന്നു. ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുള്ളവരെ ഇനി മുതൽ Hornbillers എന്ന് സംബോധന ചെയ്യേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

നാല് മണിയോടെ ഓഡിറ്റോറിയത്തിന്റെ നടുത്തളത്തിൽ നിന്ന് സ്റ്റേജിലേക്ക് പരിപാടികൾ കടന്നു. നാഗന്മാരുടെ കൊട്ടിനും പാട്ടിനും ആട്ടത്തിനുമൊക്കെ എന്തൊരു ഗാംഭീര്യമാണെന്നോ! യുദ്ധം ചെയ്തിട്ടുള്ളവരും തലവെട്ടി എടുത്തിട്ടുള്ളവരും ഒക്കെ ആയതുകൊണ്ട് ആകാം അങ്ങനെ. മറ്റേതോ രാജ്യത്ത് ചെന്നത് പോലെ ഒരുവേള എനിക്ക് അനുഭവപ്പെട്ടു.

കേരളത്തിലെ എല്ലാത്തരം ആഘോഷങ്ങളും ചേർത്തൊരുക്കി ഇത്തരത്തിൽ ഒരു ഉത്സവം നടത്തിയാൽ അതിൽ എന്തൊക്കെ പരിപാടികൾ ആകും ഉണ്ടാക്കുക എന്ന് ഈ അവസരത്തിൽ വെറുതെ ആലോചിച്ചു പോയി.

ആറ് മണിയോടെ മൈതാനത്തിൻ്റെ നടുക്ക് ബോൺഫയർ കത്തുന്നതോടെ ഹോൺബില്ലിന്റെ ഔദ്യോഗിക സമാപനം ആകുന്നു. അപ്പോഴേക്കും ഇരുട്ട് വീണിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് ഡിജെ സംഗീത പരിപാടികളാണ്. ഫ്രാൻസിൽ നിന്നും റഷ്യയിൽ നിന്നുമൊക്കെ എത്തിയ പ്രമുഖ ഡിജെ മാരുടെ സംഗീത പരിപാടികൾ. ജനങ്ങൾ ബോൺഫയറിന് ചുറ്റും മാത്രമല്ല നടുത്തളത്തിൽ ഒട്ടാകെ ഡാൻസ് ചെയ്യാനിറങ്ങി. ഡീജെ സംഗീതം തന്നെ അത്തരത്തിൽ ഉള്ളതാണല്ലോ. ആരായാലും ഒന്നിളകിപ്പോകും.

ഹോൺബില്‍ ഫെസ്റ്റിവൽ സംബന്ധിയായി ഞാൻ ശ്രദ്ധിക്കാൻ ഇടയായ ഒന്ന് രണ്ട് കാര്യങ്ങൾ പറയാതെ വയ്യ.

1. കഴിഞ്ഞ 26 വർഷമായി ഈ ഉത്സവം നടന്നു പോരുന്നു. 2023ൽ ഞാനിതിൽ പങ്കെടുത്തിട്ടുണ്ട്. അതിനേക്കാൾ ഒരുപാട് പുരോഗതി കൈവരിച്ചിരിക്കുന്നു രണ്ട് വർഷത്തിനുള്ളിൽ.

2. വളരെ മികച്ച സംഘാടനമാണ് ഇവിടെ നടക്കുന്നത്.

3. പാർക്കിങ്ങും ട്രാഫിക് നിയന്ത്രണങ്ങളും എല്ലാം മികച്ചതാണ്.

4. പൊലീസുകാരും വളണ്ടിയേഴ്സും അടക്കമുള്ളവർ അധികാരത്തിന്റെയും ജാഡയുടെയും പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ ഈ പരിപാടി നിയന്ത്രിക്കുന്നു.

5. ധാരാളം മദ്യം ഒഴുകുന്ന ഇടമായിട്ട് പോലും ഒരു കച്ചറയോ കശപിശയോ എങ്ങും കാണാനിടയായില്ല. മിക്കവാറും എല്ലാ ഫുഡ് സ്റ്റോളുകളിലും മദ്യം വിൽക്കുന്നുണ്ട്.

6. കേരളത്തിൽ നിന്ന് കുറഞ്ഞത് അര ഡസണിലധികം ടൂർ പാക്കേജുകാർ ഹോൺബിൽ ട്രിപ്പ് സംഘടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് മലയാളികൾക്ക് ഇങ്ങോട്ട് എത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഞാൻ ഇനിയും Hornbiller ആകുമെന്ന് ഉറപ്പാണ്. അതുവരെ ഈ കഴിഞ്ഞ 3 ദിവസത്തെ ഓർമ്മകൾ അയവിറക്കാം.

നാളെ മുതൽ കൊഹീമയിലേയും ബാക്കിയുള്ള നാഗലാൻ്റിലേയും കറക്കങ്ങൾ ആരംഭിക്കുകയാണ്. പലയിടങ്ങളും 2023ലേയും 2024ലേയും സന്ദർശന സമയത്ത് ഞാൻ പോയിട്ടുള്ളതാണ്. എന്നാലും വീണ്ടും പോയെന്നിരിക്കും.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#hornbill
#motorhomelifestyle
#caravanlifestyle

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>